×
login
ജോര്‍ജ് അഞ്ചാമന്റെ സ്ഥാനത്ത് നേതാജി‍ വരുമ്പോള്‍

സ്വാതന്ത്ര്യം കിട്ടിയ ഉടന്‍, കൊളോണിയല്‍ അധികാരം പ്രതിഫലിപ്പിച്ച അടയാളങ്ങള്‍, പ്രത്യേകിച്ചു രാജാധികാരത്തിന്റെ ശേഷിപ്പുകള്‍ മായ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണകര്‍ത്താക്കള്‍ അനുകൂലമായിരുന്നില്ല. ബ്രീട്ടിഷുകാര്‍ നിര്‍മിച്ച കെട്ടിടങ്ങളും അതില്‍ പതിഞ്ഞ ബ്രിട്ടിഷ് പേരുകളും പ്രതിമകളുമൊന്നും മാറ്റേണ്ടതില്ലെന്നും പൈതൃകമന്ദിരങ്ങളും സ്മാരകങ്ങളുമായി, ഇന്ത്യയുടെ ഭൂതകാല ഓര്‍മകളായി നിലനില്‍ക്കട്ടെയെന്നും നെഹ്‌റു സര്‍ക്കാര്‍ തീരുമാനിച്ചു. 1965 ആഗസ്തില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഇന്ത്യാ ഗേറ്റിലെ ജോര്‍ജ് അഞ്ചാമന്റെ പ്രതിമയില്‍ ടാര്‍ ഒഴിക്കുകയും മൂക്കരിയുകയും ചെവി തകര്‍ക്കുകയും ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം അവിടെ ചാരിവച്ചിട്ടാണ് പ്രവര്‍ത്തകര്‍ പോയത്.

സപ്തംബര്‍ 8 നായിരുന്നു ഇത്തവണത്തെ തിരുവോണം. കൊവിഡിനു ശേഷം വന്ന ഓണം മലയാളികള്‍ കൊണ്ടാടിയപ്പോള്‍ രാജ്യതലസ്ഥാനം മറ്റൊരു ആഘോഷത്തിലായിരുന്നു. ബ്രിട്ടീഷ് രാജഭരണത്തിന്റെ പേരു പേറുന്ന “രാജ്പഥ്’ പേരുമാറി “കര്‍ത്തവ്യ പഥ്’ ആക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു ന്യൂദല്‍ഹിയില്‍. ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്റെ പ്രതിമ ഇരുന്ന സ്ഥലത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ സ്ഥാപനവും നടക്കുകയായിരുന്നു. തികച്ചും യാദൃശ്ചികമാകാം,  ബ്രിട്ടീഷ് രാജിന്റെ തുടര്‍ അവകാശിയും ജോര്‍ജ് അഞ്ചാമന്റെ കൊച്ചുമകളുമായ എലിസബത്ത് രാജ്ഞി ലോകത്തോട് വിടപറഞ്ഞതും അന്നു തന്നെ.  

ഇന്ത്യയിലേക്കു കിരീടധാരിയായി എത്തിയ ഏക രാജാവാണ് ജോര്‍ജ് അഞ്ചാമന്‍. അദ്ദേഹത്തിന്റെ വരവിനോടനുബന്ധിച്ചു വന്‍ ദര്‍ബാര്‍ സംഘടിപ്പിക്കപ്പെട്ടു. ബ്രിട്ടിഷ് ഭരണത്തോടു വിധേയത്വം പുലര്‍ത്തുന്നവരുടെ പടുകൂറ്റന്‍ സമ്മേളനം. ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനം അന്നുവരെ കൊല്‍ക്കത്തയായിരുന്നു. 1911 ഡിസംബര്‍ 12നു നടന്ന ഡല്‍ഹി ദര്‍ബാറില്‍ രാജ്യതലസ്ഥാനമായി ഡല്‍ഹി വിളംബരം ചെയ്യപ്പെട്ടു. തുടര്‍ന്ന് ന്യൂദല്‍ഹി നഗരം പണിയാന്‍ തുടങ്ങിയപ്പോഴാണ് ഒന്നാം ലോക മഹായുദ്ധം ആരംഭിക്കുന്നത്. നിര്‍മാണം നിര്‍ത്തിവച്ചു. ബ്രിട്ടനുവേണ്ടി, അവരുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി യുദ്ധത്തില്‍ പോരാടി വീണത് ആയിരക്കണക്കിന് ഇന്ത്യക്കാരാണ്. ഇവര്‍ക്കായി ഉചിതമായ സ്മാരകം വേണമെന്ന ആവശ്യത്തിനൊടുവിലാണ് ഇന്ത്യാഗേറ്റ് നിര്‍മ്മിക്കുന്നത്. 1921ല്‍ നിര്‍മാണത്തിന് തുടക്കമായി. 1931ല്‍ ഉദ്ഘാടനം ചെയ്തു.  ഇന്ത്യാ ഗേറ്റിനു മുന്നില്‍ നിന്നു നോക്കിയാല്‍ കാണാവുന്ന വിധം, വലിയൊരു പീഠവും അതിനു ചന്തം നല്‍കി ഒരു കൂറ്റന്‍ മേലാപ്പും നിര്‍മിച്ചിരുന്നു. ജോര്‍ജ് അഞ്ചാമന്റെ മരണ ശേഷം 1936ല്‍ പിഠത്തില്‍ അദ്ദേഹത്തിന്റെ 70 അടി പൊക്കമുള്ള മാര്‍ബിള്‍ പ്രതിമ സ്ഥാപിച്ചു. ഇന്ത്യന്‍ ശക്തിയുടെ വീരസ്മരണകളുറങ്ങുന്ന സ്മാരകമായി ഇന്ത്യാ ഗേറ്റ്  തലയുയര്‍ത്തി നിന്നപ്പോള്‍ ജോര്‍ജ് അഞ്ചാമന്റെ പ്രതിമയും തലയെടുപ്പോടെ നിന്നു.  

സ്വാതന്ത്ര്യം കിട്ടിയ ഉടന്‍, കൊളോണിയല്‍ അധികാരം പ്രതിഫലിപ്പിച്ച അടയാളങ്ങള്‍, പ്രത്യേകിച്ചു രാജാധികാരത്തിന്റെ ശേഷിപ്പുകള്‍ മായ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണകര്‍ത്താക്കള്‍ അനുകൂലമായിരുന്നില്ല. ബ്രീട്ടിഷുകാര്‍ നിര്‍മിച്ച കെട്ടിടങ്ങളും അതില്‍ പതിഞ്ഞ ബ്രിട്ടിഷ് പേരുകളും പ്രതിമകളുമൊന്നും മാറ്റേണ്ടതില്ലെന്നും പൈതൃകമന്ദിരങ്ങളും സ്മാരകങ്ങളുമായി, ഇന്ത്യയുടെ ഭൂതകാല ഓര്‍മകളായി നിലനില്‍ക്കട്ടെയെന്നും നെഹ്‌റു സര്‍ക്കാര്‍ തീരുമാനിച്ചു.


1965 ആഗസ്തില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഇന്ത്യാ ഗേറ്റിലെ ജോര്‍ജ് അഞ്ചാമന്റെ പ്രതിമയില്‍ ടാര്‍ ഒഴിക്കുകയും മൂക്കരിയുകയും ചെവി തകര്‍ക്കുകയും ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം അവിടെ ചാരിവച്ചിട്ടാണ് പ്രവര്‍ത്തകര്‍ പോയത്. സോഷ്യലിസ്റ്റുകളുടെ പ്രതിഷേധത്തിന്റെ ശേഷിപ്പായി, ചെവിയും മൂക്കുമില്ലാതെ വികൃത മുഖവുമായുള്ള പ്രതിമ ഇന്ത്യാ ഗേറ്റ് പരിസരത്തു കൊറനേഷന്‍ പാര്‍ക്കിലേക്ക് മാറ്റി.  പ്രതിമ ഇരുന്ന പീഠവും മേലാപ്പും ശൂന്യമായി കിടന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് അവിടെ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായി. പ്രതിമയ്ക്കായി സര്‍ക്കാര്‍ ക്വട്ടേഷനും ക്ഷണിച്ചു. പലകാരണങ്ങളാല്‍ പ്രതിമാ സ്ഥാപനം നടന്നില്ല.

ആ പീഠത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയൊരു പ്രതിമ സ്ഥാപിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ പൂര്‍ണ്ണകായ പ്രതിമ. “”അടിമത്തകാലത്തെ ബ്രിട്ടീഷ് രാജിന്റെ പ്രതിനിധിയുടെ പ്രതിമയുടെ സ്ഥാനത്ത് നേതാജിയുടെ പ്രതിമ സ്ഥാപിച്ചതിലൂടെ രാജ്യം ആധുനികവും ശക്തവുമായ ഇന്ത്യയെ ജീവസ്സുറ്റതാക്കി. നേതാജിയുടെ പ്രതിമ ജോര്‍ജ് അഞ്ചാമന്റെ പ്രതിമയുടെ അടയാളം മാറ്റിയപ്പോള്‍, അടിമത്ത മനോഭാവം ഉപേക്ഷിക്കുന്നതിന്റെ ആദ്യ ഉദാഹരണമല്ല ഇത്. ഇതു തുടക്കമോ ഒടുക്കമോ അല്ല. മനസ്സിന്റെയും ആത്മാവിന്റെയും സ്വാതന്ത്ര്യം എന്ന ലക്ഷ്യം കൈവരിക്കുന്നതുവരെ നിശ്ചയദാര്‍ഢ്യത്തിന്റെ തുടര്‍ച്ചയായ യാത്രയാണിത്. ഇന്ത്യയുടെ ആദര്‍ശങ്ങളും മാനങ്ങളും സ്വയം ആര്‍ജിച്ചതും സൃഷ്ടിച്ചതുമാണ്. ഇന്ത്യയുടെ  ലക്ഷ്യങ്ങള്‍ ഇന്ത്യയുടേതു തന്നെയാണ്. നമ്മുടെ പാതകള്‍ നമ്മുടേതാണ്, നമ്മുടെ ചിഹ്നങ്ങള്‍ നമ്മുടേതാണ്.’’ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളില്‍ കേന്ദ്ര സര്‍ക്കാറിന്റെ നയം എന്തെന്ന് വ്യക്തമാണ്.

അടിമത്തത്തിന്റെ പ്രതീകങ്ങള്‍ തുടച്ചുമാറ്റുക എന്നത് ബിജെപി സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. ഔറംഗസീബ് റോഡിനെ അബ്ദുള്‍ കലാം റോഡാക്കി. പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിലൂടെയുള്ള റെസ്‌കോഴ്‌സ് റോഡിന്റെ പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്നാക്കി. സ്വാതന്ത്ര്യദിന ചടങ്ങുകളിലെ ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍, ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ് തുടങ്ങിയവും ആ വഴിക്കുള്ള മാറ്റങ്ങളാണ്. കൊളോണിയല്‍ രീതിയില്‍ നിന്ന് ഛത്രപതി ശിവജിയുടെ ചിഹ്നത്തിലേക്ക് ഇന്ത്യന്‍ നാവികസേനയുടെ ചിഹ്നം മാറ്റി. ഇന്ത്യന്‍ ബജറ്റിന്റെ സമയവും തീയതിയും മാറ്റി. സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപനത്തിനൊപ്പം ദല്‍ഹിയിലെ രാജവീഥി “രാജ്പഥ്’ മാറി “കര്‍ത്തവ്യ പഥ്’ ആക്കിയതും അടിമത്ത പ്രതീകത്തിന്റെ തുടച്ചു നീക്കലായിരുന്നു. ബ്രിട്ടീഷ് രാജാവിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു “രാജ്പഥി’ലെ രാജ്. അതുമാറ്റിയാണ് ഉത്തരവാദിത്വത്തെ ഓര്‍മ്മിപ്പിക്കുന്ന “കര്‍ത്തവ്യ പഥ്’.

സാമ്പത്തിക രംഗത്ത് ബ്രിട്ടനെ പിന്‍തള്ളി ഇന്ത്യ മുന്നിലെത്തി എന്ന വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെയുണ്ടായ ഈ സംഭവങ്ങള്‍ ചരിത്രത്തിന്റെ നീതീകരണമാകും. ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഭഗവത് ഗീതയും ഏന്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ കൂടി ചെയ്തിരുന്നെങ്കില്‍ വൃത്തം പൂര്‍ത്തിയായാനേ.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.