×
login
ആല്‍ഡ്രിന്‍ ദീപക്‍ : ഹിന്ദുവ്യക്തിത്വം തിരിച്ചുപിടിയ്ക്കുന്നു; ഒരു ദളിതന്റെ അമേരിക്കയിലെ പ്രയാണം

സഹോദര ഹിന്ദുക്കളോടൊപ്പം ജപം നടത്തുന്നതില്‍ ഞാന്‍ ആത്മീയമായ ശാന്തിയും ആനന്ദവും കണ്ടെത്തുന്നു

സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ ജീവിയ്ക്കുന്ന ഒരു ദളിത് ഹിന്ദുവാണ് ആല്‍ഡ്രിന്‍ ദീപക്. ഐടി പ്രൊഫഷണല്‍ ആയി ജോലി ചെയ്യുന്ന ദീപക് തന്റെ സ്വന്തം വാക്കുകളില്‍ പറഞ്ഞ അസാധാരണമായ കഥ. ദീപകിനെ സംബന്ധിച്ച് 'ജാതി' ഒരിയ്ക്കലും അദ്ദേഹത്തിന്റെ ഹിന്ദു അസ്മിതയുടെ ഭാഗമായിരുന്നില്ല.

നാനാത്വം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ക്രിസ്ത്യന്‍, ഹിന്ദു, തവിട്ട് നിറക്കാരന്‍, ഇന്ത്യന്‍, കുടിയേറിയ പൗരന്‍, ദളിത് എന്നിങ്ങനെയെല്ലാം ആയിരിയ്ക്കുന്നത് എന്താണെന്ന് എനിക്ക് അറിയാം. ഫാഗറ്റ് എന്ന് വിളിക്കപ്പെടുന്നത് എന്താണെന്ന് എനിയ്ക്കറിയാം. ഒരു കുട്ടിയായിരിയ്ക്കുമ്പോള്‍ തന്നെ വൃത്തികെട്ടവന്‍ എന്ന അര്‍ത്ഥത്തിലുള്ള കന്നഡ ജാതീയ അധിക്ഷേപം കേള്‍ക്കുന്നതിന്റെ തീക്ഷ്ണത അറിയാം. മുപ്പത്തഞ്ചു വര്‍ഷങ്ങളോളമായി ഞാന്‍ സാന്‍ഫ്രാന്‍സിസ്‌ക്കോ സിറ്റിയില്‍ ജീവിയ്ക്കുന്നു. അവിടെ ഞാന്‍ പരിചയപ്പെട്ടവരും, കൂടെ ജോലിചെയ്തവരും ഒക്കെയായി പലതരത്തിലുള്ള ജനങ്ങളോട് ഇടപഴകി. എല്ലാറ്റിനേയും ഉള്‍ക്കൊള്ളാനുള്ള അവിടത്തെ വിശാലത ഞാന്‍ ആസ്വദിച്ചു.

എങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അമേരിക്കന്‍ ഹിന്ദുക്കള്‍ക്കിടയിലെ ജാതിചിന്തയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പെട്ടെന്ന് ഉയര്‍ന്നു വരികയാണ്. കടുത്ത ജാതിചിന്തയുടെ ഭാഗമായി നിങ്ങള്‍ വെജിറ്റേറിയനാണോ എന്ന് ചോദിയ്ക്കുന്നു, പൂണൂല്‍ ഇട്ടിട്ടുണ്ടോ എന്നറിയാന്‍ പുറത്ത് തട്ടി നോക്കുന്നു, ഇങ്ങനെയെല്ലാം കഥകള്‍ വരുന്നു.

ജാതിയെ കുറിച്ച് ഇതിനോടകം ധാരാളം പറഞ്ഞു കഴിഞ്ഞു. എന്നാല്‍ ഈ പറഞ്ഞവര്‍ പ്രസിദ്ധീകരിച്ചതില്‍ ഒന്നുപോലും എന്റെ കഥപോലെ ആയിരുന്നില്ല. ഒരു ദളിത് ഹിന്ദുവായി ജീവിയ്ക്കുന്ന എന്റെ ശബ്ദം ഇതുവരേയും കേള്‍ക്കപ്പെട്ടില്ല.

നോക്കൂ, ഫാഗറ്റ് എന്നും വൃത്തികെട്ടവന്‍ എന്നുമുള്ള വിളികള്‍ ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും ചെയ്തത് ഹിന്ദുക്കള്‍ ആയിരുന്നില്ല.

ഈ ദളിതിന്റെ ജീവിതത്തില്‍ ഹിന്ദുമതം വേദനകളുടെ സ്രോതസ്സ് ആയിരുന്നില്ല, നേരെ മറിച്ചായിരുന്നു അനുഭവം. അത് എന്റെ പാരമ്പര്യത്തിന്റെ സ്രോതസ്സ് ആയിരുന്നു. ജന്മനാ ഹിന്ദുക്കളായ മറ്റു പലരില്‍ നിന്നും വ്യത്യസ്തമായി വളരെ എതിര്‍പ്പിനേയും അജ്ഞതയേയും നേരിട്ടു കൊണ്ട് ആ സ്രോതസ്സിലേക്കുള്ള വഴി എനിക്ക് കണ്ടെത്തേണ്ടതായി വന്നു.

ഞാന്‍ എന്റെ വേരുകള്‍ കണ്ടെത്താന്‍ തുടങ്ങിയപ്പോള്‍, പത്തു വയസ്സിന് താഴെയായിരുന്നു എനിക്കന്ന് പ്രായം. കൊല്ലേഗല്‍ എന്ന ചെറുപട്ടണത്തില്‍ കാര്‍ക്കശ്യത്തോടെ മതം പിന്തുടരുന്ന ഒരു ക്രിസ്ത്യന്‍ പ്രദേശത്താണ് ഞാന്‍ വളര്‍ന്നു വന്നത്. കുട്ടിക്കാലം ചെലവഴിച്ചത് ഏറെയും എന്റെ അമ്മ വഴിയ്ക്കുള്ള മുത്തച്ഛന്റെയും മുത്തശ്ശിയുടേയും വീട്ടിലായിരുന്നു. അവര്‍ എന്നെ വളരെ സ്‌നേഹിച്ചിരുന്നു. ഒപ്പം ചുറ്റുമുള്ള വിനാശകരമായ സാഹചര്യങ്ങളില്‍ നിന്ന് എന്നെ സംരക്ഷിയ്‌ക്കേണ്ടത് തങ്ങളുടെ ദൈവീകമായ കര്‍ത്തവ്യമാണെന്നും അവര്‍ കരുതി.

അതിന്റെ അനന്തര ഫലമായി എന്റെ അച്ഛന്റെ ഹിന്ദു കുടുംബവുമായി യാതൊരു ബന്ധവും എനിക്ക് കിട്ടിയിരുന്നില്ല. ഏതാണ്ട് അഞ്ചു വയസ്സുള്ളപ്പോള്‍ തന്നെ അടുത്തുള്ള ഹിന്ദു ക്ഷേത്രത്തിനു മുന്നില്‍ നിന്ന് വിഗ്രഹാരാധനയിലെ പാപത്തെ കുറിച്ചെല്ലാം ഞാന്‍ പറയാന്‍ തുടങ്ങിയിരുന്നു.

ഇന്ന് ദളിത് എന്നറിയപ്പെടുന്ന ഹോലേയ ജാതിയിലാണ് എന്റെ അച്ഛന്‍ ജനിച്ചത്. അദ്ദേഹം എന്റെ അമ്മയെ വിവാഹം കഴിയ്ക്കാന്‍ വേണ്ടി ക്രിസ്ത്യാനി ആവുകയായിരുന്നു. അമ്മയാകട്ടെ, പല തലമുറകള്‍ക്കു മുമ്പ് ക്രിസ്തുമതം സ്വീകരിച്ച ദളിത് കുടുംബത്തിലെ പിന്‍ തലമുറയില്‍ പെട്ട സ്ത്രീയായിരുന്നു.

എന്റെ അമ്മയുടെ പൈതൃകം ദളിത് ആയിരുന്നെങ്കിലും, അത് അവരുടെ കുടുംബത്തില്‍ നിന്നു തന്നെയുള്ള ഹോലേയാ (വൃത്തിയില്ലാത്തവന്‍ എന്നതിനുള്ള കന്നട പദം) എന്ന സംബോധനയില്‍ നിന്ന് എനിക്ക് രക്ഷ നല്‍കിയില്ല. തമാശയെന്തെന്നാല്‍ ഒരു ഹിന്ദുവും ഒരിയ്ക്കലും എനിക്കെതിരെ ഈ വാക്ക് ഉപയോഗിച്ചിട്ടില്ല എന്നതാണ്. എന്റെ ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗങ്ങള്‍ മാത്രമാണ് അങ്ങനെ ചെയ്തിട്ടുള്ളത്.

ഈ ഒരു പ്രശ്‌നം ഇത്ര ശക്തമായിരുന്നതു കാരണം ഒടുവില്‍ ഞാന്‍ എന്റെ അച്ഛന്‍ വഴിയ്ക്കുള്ള അമ്മാവനോട് ഇക്കാര്യം സംസാരിയ്ക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് 'ആളുകള്‍ നിന്നെ ലോകത്തുള്ള പല പേരുകളും വിളിയ്ക്കും. എന്നാല്‍ നീ അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിയ്‌ക്കേണ്ടതില്ല' എന്നാണ്

അദ്ദേഹത്തിന്റെ ശാന്തതയും, തന്റെ വ്യക്തിത്വം നിര്‍വചിയ്ക്കാന്‍ മറ്റുള്ളവരെ അനുവദിയ്ക്കാതിരിയ്ക്കുന്ന ആര്‍ജ്ജവവും എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. വര്‍ഷങ്ങള്‍ക്കു ശേഷം, അമേരിക്കയില്‍ ജീവിയ്ക്കുമ്പോള്‍ ഫാഗറ്റ് എന്നും അതിനേക്കാള്‍ മോശമായും വിളിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ആ സ്വാധീനം എന്നെ സഹായിച്ചു.

ഞാന്‍ ഇപ്പോള്‍ ഇത് എഴുതുന്നതിന്റെ ഭാഗികമായ കാരണവും അതുതന്നെ. എന്റെ വ്യക്തിത്വവും ചരിത്രവും നിര്‍വചിയ്ക്കാനുള്ള ഒരു അന്യസ്ഥാപനത്തിന്റെ ശ്രമത്തിനെതിരെ ഉള്ള എന്റെ പ്രതിരോധമാണിത്.

എന്റെ അമ്മൂമ്മ എനിക്ക് പാറ പോലെയുള്ള ഒരു താങ്ങായിരുന്നു. എന്നാല്‍ അവര്‍ മരണപ്പെട്ടതോടെ, ഞാന്‍ അവരുടെ പുത്രന്മാരുടെ കനിവിന് വിധേയനായി ജീവിയ്‌ക്കേണ്ടി വന്നു. എന്റെ അമ്മ വഴിയ്ക്കുള്ള രണ്ട് അമ്മാവന്മാരും കുടിയന്മാരായിരുന്നു. അവരെന്നെ പതിവായി തല്ലുകയും ചീത്ത വിളിയ്ക്കുകയും ചെയ്യുമായിരുന്നു. ഈ സമയമായപ്പോഴേക്കും എന്റെ അമ്മ അമേരിക്കയിലേക്ക് കുടിയേറിയിരുന്നു. സഹായം യാചിച്ചുകൊണ്ട് ഞാനെഴുതിയ കത്തുകള്‍ക്കൊന്നും എന്റെ അച്ഛന്റെ പ്രതികരണം ഉണ്ടായില്ല.


ഞാന്‍ എന്റെ മാതാപിതാക്കളോടൊപ്പം ജീവിച്ചിരുന്ന ഒരു വര്‍ഷക്കാലം എനിക്ക് അമ്മയെ പോലെയായിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. എന്റെ ജീവിതം എത്തിച്ചേര്‍ന്ന ദുസ്സഹമായ സാഹചര്യത്തില്‍ നിന്നും രക്ഷപ്പെടാനായി ആ സമയത്ത് ഞാന്‍ അവരുടെ സഹായം തേടി. അവരുടെ വീട്ടില്‍ വച്ച് ഞാന്‍ മഹാഭാരതവുമായി പരിചയപ്പെട്ടു. എന്റെ ആ സംഘര്‍ഷനിര്‍ഭരമായ ഇരുണ്ട ദിനങ്ങളില്‍ ആ കാവ്യത്തിലെ നിരവധി കഥാപാത്രങ്ങളുടെ വിജയങ്ങളും പരാജയങ്ങളും നിറഞ്ഞ ജീവിതങ്ങള്‍ പരിചയപ്പെട്ടത് എനിയ്ക്ക് വലിയ ആശ്വാസവും പ്രത്യാശയും നല്കിയിരുന്നു. വിശ്വാസത്തോടെ ഞാന്‍ ഒരിയ്ക്കല്‍ കൂടി മുന്നോട്ടു കുതിച്ചു. എന്റെ അടുത്ത കത്ത് അവര്‍ക്ക് എഴുതി. ഒടുവില്‍ എന്റെ കാര്യത്തില്‍ ഇടപെടാന്‍ അച്ഛനെ സമ്മതിപ്പിച്ചു കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ അവര്‍ എന്റെ ദേവിയായി മാറി

എന്റെ അപ്പൂപ്പന്റെ നിയന്ത്രണത്തിലെ കടുത്ത ചട്ടങ്ങളില്‍ നിന്നും വിടുതല്‍ നേടിക്കൊണ്ട് ഞാന്‍ ആശ്വാസത്തിന്റെയും കണ്ടെത്തലുകളുടെയും ഒരു പ്രയാണം തുടങ്ങി. അതുവരെ എനിക്ക് നിഷേധിയ്ക്കപ്പെട്ടിരുന്ന സമ്പന്നമായ എന്റെ ഹിന്ദു പൈതൃകത്തിലൂടെ ഒരു യാത്ര. അതിന്റെ കലയേയും രംഗവേദികളേയും ഞാന്‍ ആഘോഷിച്ചു. മഹാക്ഷേത്രങ്ങള്‍ കണ്ട് വാപൊളിച്ചു. അതിന്റെ വൈഷ്ണവ സമ്പ്രദായത്തില്‍ നിന്ന് ശക്തിയാര്‍ജ്ജിച്ചു.

ഞാന്‍ ഇതെല്ലാം ചെയ്തത് എന്റെ സുഹൃത്തുക്കളുടേയും, അപരിചിതരുടേയും, അയല്‍ക്കാരുടേയും, ക്ഷേത്ര പൂജകരുടേയും ഒക്കെ സഹായത്തോടെയായിരുന്നു. ഇക്കാര്യത്തില്‍ എന്റെ ദളിത് പശ്ചാത്തലം അവരെയൊന്നും ബുദ്ധിമുട്ടിച്ചില്ല. അമേരിക്കന്‍ വ്യവസ്ഥിതിയുടെ ആഖ്യാനം അനുസരിച്ചാണെങ്കില്‍ എന്റെ ദളിത് പശ്ചാത്തലമായിരിക്കണം എന്നോടുള്ള അവരുടെ ഇടപെടലുകളെ നിയന്ത്രിക്കേണ്ടിയിരുന്നത്. എന്നാല്‍ അതായിരുന്നില്ല അനുഭവം.

ഞാന്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു പ്രണയത്തിലേക്ക് കാലെടുത്തു വച്ചു. വിഷ്ണുസഹസ്രനാമം, ദേവീമാഹാത്മ്യം, ശ്രീസൂക്തം തുടങ്ങിയ പുണ്യഗ്രന്ഥങ്ങള്‍ പഠിയ്ക്കുന്നതും പാരായണം ചെയ്യുന്നതുമായിരുന്നു ആ പ്രണയം. വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രൂരന്മാരായ അമ്മാവന്മാരില്‍ നിന്നും അകന്നുമാറി എന്റെ ജീവിതം പുനര്‍നിര്‍മ്മിയ്ക്കാനും രക്ഷപ്പെടാനും ഞാന്‍ ശ്രമിച്ചിരുന്നപ്പോള്‍ എനിക്ക് ശക്തിയും ആശ്വാസവും പകര്‍ന്നിരുന്ന അതേപോലെ അവ ഇപ്പോഴും എനിക്ക് ശക്തിയേകുന്നു.

അമേരിക്കയിലെ ഇന്ത്യാക്കാരെ കുറിച്ചുള്ള എന്റെ അനുഭവവും വ്യത്യസ്ഥമായിരുന്നില്ല. ടെക്‌നോളജി മേഖലയിലെ മറ്റെല്ലാവരെയും പോലെ ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും വന്നവര്‍ ഉള്‍ക്കൊള്ളുന്ന ടീമുകളുടെ ഭാഗമായിരുന്നു ഞാനും. എന്റെ ദളിത് പദവി, ഒരിയ്ക്കലും ഞങ്ങളുടെ സഹവര്‍ത്തിത്വത്തിലോ തൊഴില്‍പരമായ സഹകരണത്തിലോ പ്രസക്തമായിരുന്നില്ല.

ദീപാവലി ആഘോഷങ്ങള്‍ക്ക് ആതിഥ്യം വഹിച്ചു കൊണ്ടും, അടുത്തുള്ള ക്ഷേത്രത്തിന്റെ ഭാഗമായിക്കൊണ്ടും എന്റെ പട്ടണത്തിന്റെ പ്രസിദ്ധമായ ബഹുസ്വരത ഞാന്‍ ആസ്വദിയ്ക്കുകയും, അതിലേക്ക് എന്റേതായ സംഭാവനകള്‍ അര്‍പ്പിയ്ക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും പവിത്രമായ ഒരു ചടങ്ങില്‍ സഹായിയായിക്കൊണ്ട് ഞാന്‍ ബഹുമാനിതനായി. ലിവര്‍മൂര്‍ ക്ഷേത്രത്തിലെ ഭഗവാന്‍ ഗണേശന്റെ പൂജയ്ക്കാവശ്യമായ വസ്തുക്കള്‍ സംഭരിയ്ക്കാനും, മൂര്‍ത്തി വിസര്‍ജ്ജനത്തിനുള്ള അലങ്കാരങ്ങള്‍ ചെയ്യാനും എനിക്ക് കഴിഞ്ഞു. എന്റെ സഹോദര ഹിന്ദുക്കളോടൊപ്പം ജപം നടത്തുന്നതില്‍ ഞാന്‍ ആത്മീയമായ ശാന്തിയും ആനന്ദവും കണ്ടെത്തുന്നു.

എന്റെ സഹജീവികളായ ഇന്ത്യാക്കാരോ, അമേരിക്കന്‍ ഹിന്ദുക്കളോ ഒരൊറ്റത്തവണ പോലും എന്റെ ജാതിയെ പറ്റിയോ, വര്‍ണ്ണത്തെപ്പറ്റിയോ അന്വേഷിച്ചിട്ടില്ല. ഞങ്ങള്‍ പാരായണം ചെയ്യുന്ന ശ്ലോകങ്ങളുടെ സൗന്ദര്യത്തില്‍ ലയിച്ച് എന്റെ സഹജീവികളായ വിഷ്ണുഭക്തരോട് ഞാന്‍ ഒന്നായിത്തീരുന്നു. അല്ലാതെ ഒരേ ജനന പശ്ചാത്തലത്തിന്റെ പേരിലല്ല ഞങ്ങളുടെ കൂട്ടായ്മ.

ഇത്രയും അനുഭവങ്ങളുടെ സത്യം മുന്നിലുള്ളപ്പോഴും അറിവില്ലാത്ത മാദ്ധ്യമ പ്രവര്‍ത്തകരും, അക്കാദമിക പണ്ഡിതരും എന്റെ ജാതിയും ജനനവും ഒക്കെ എടുത്ത് എന്റെ മുഖത്തേക്ക് എറിയുകയാണ്. എന്റെ അനുഭവങ്ങളുടെ ആകെത്തുകയെ അവഗണിയ്ക്കുകയോ, നിഷേധിയ്ക്കുകയോ ചെയ്തിട്ട് തങ്ങളുടെ ലോകവീക്ഷണത്തിന് ചേരുന്ന ഒരു പെട്ടിയ്ക്കുള്ളില്‍ എന്നെ തളയ്ക്കാനാണ് അവര്‍ ശ്രമിയ്ക്കുന്നത്. അസ്മിതയെ കുറിച്ചുള്ള എന്റെ ബോധത്തെ ചോദ്യം ചെയ്യുകയും, എന്റെ ജീവിതാനുഭവത്തെ നിഷേധിയ്ക്കുകയുമാണ് അക്ടീവിസ്റ്റുകള്‍ ചെയ്യുന്നത്. എന്നെ പ്രതിനിധീകരിയ്ക്കുന്നു എന്നും എനിയ്ക്കു വേണ്ടി സംസാരിയ്ക്കുന്നു എന്നും അവകാശപ്പെടുന്ന അവര്‍ ഒരിയ്ക്കലും അതിനായി എന്റെ അനുവാദം ചോദിച്ചിട്ടില്ല.

എന്നിട്ടും ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് കാലിഫോര്‍ണിയ സ്‌റ്റേറ്റില്‍ സംഭവിച്ചതുപോലെയുള്ള ഹിന്ദുവിരുദ്ധത എന്റെ പ്രതീക്ഷയ്ക്കപ്പുറമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ അമ്മാവന്മാര്‍ ചെയ്തിരുന്നതു പോലുള്ള ജാതി അധിക്ഷേപം ഇപ്പോള്‍ ഇവിടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നിരിയ്ക്കുന്നു. എന്നാല്‍ ഇപ്പോളത് ജാതി വിവേചനത്തിനെതിരെ എന്നെപ്പോലുള്ളവരെ സംരക്ഷിയ്ക്കാനാണെന്ന മുഖംമൂടിയണിഞ്ഞു കൊണ്ടാണെന്ന് മാത്രം. ഹിന്ദു ആചാരങ്ങളെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചുമുള്ള അവരുടെ പൊങ്ങച്ചപരമായ വിധിയെഴുത്തുകളും, ഹിന്ദു ക്ഷേത്രങ്ങളെ കുറിച്ചുള്ള ആഴം കുറഞ്ഞ വിമര്‍ശനങ്ങളും, ഹിന്ദു വിശ്വാസത്തിന്റെ അമ്പരപ്പിയ്ക്കുന്ന വൈവിദ്ധ്യങ്ങളെ മനസ്സിലാക്കുന്നതിലും ഉള്‍ക്കൊള്ളുന്നതിലുമുള്ള വൈമനസ്യവും എന്നെപ്പോലുള്ള ഹിന്ദുക്കളെ അങ്ങേയറ്റം മുറിപ്പെടുത്തുന്നുണ്ട്.

ഹിന്ദുമതം എന്നത് ചില പ്രത്യേക ഗ്രൂപ്പുകള്‍ക്ക് മാത്രമുള്ളതാണ് എന്ന് ആക്ടിവിസ്റ്റുകള്‍ പറഞ്ഞു വയ്ക്കുമ്പോള്‍, അതിനായി ഇന്ന് ദളിതുകള്‍ എന്നറിയപ്പെടുന്നവര്‍ ഉള്‍പ്പെടെ പല പശ്ചാത്തലത്തിലുമുള്ള ഹിന്ദുക്കള്‍ നൂറ്റാണ്ടുകളായി സമര്‍പ്പിച്ച രക്തവും വിയര്‍പ്പും പ്രയത്‌നവുമാണ് അവര്‍ തുടച്ചു നീക്കുന്നത്.

ഹിന്ദുമതത്തെ ബ്രാഹ്മണമതം എന്ന് മുദ്രകുത്തുമ്പോള്‍, ലോകത്തിലെ ഏറ്റവും മഹത്തായ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും രചിച്ച വാല്മീകിയുടേയും വ്യാസന്റെയും ഓര്‍മ്മകളാണ് നമ്മുടെ സമുദായത്തില്‍ നിന്ന് അവര്‍ തുടച്ചു നീക്കുന്നത്. നമ്മുടെ രാജ്യത്ത് അങ്ങോളമിങ്ങോളം കാണപ്പെടുന്ന ആയിരക്കണക്കിന് ചെറിയ ക്ഷേത്രങ്ങളെ നിഷേധിയ്ക്കുകയാണ് അതിലൂടെ ചെയ്യുന്നത്. നമ്മുടെ പവിത്ര ഇടങ്ങളെ തങ്ങളുടെ ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായ മുന്‍വിധികള്‍ക്ക് ഇണങ്ങും വിധം മാറ്റാന്‍ ശ്രമിയ്ക്കുകയാണ്. 

എന്റെ ഭീകരമായ കുട്ടിക്കാല മാനസിക സംഘര്‍ഷത്തിന്റെ ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നതു കൊണ്ട് കാലിഫോര്‍ണിയ 'ജാതി' വിഷയം, എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരം കൂടിയാണ്.

ഈയിടെ കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി സിസ്റ്റത്തില്‍ നടന്ന ഒരു പബ്ലിക് ഹിയറിങ്ങില്‍ ഇതേ അസത്യങ്ങളും ഊഹങ്ങളും വസ്തുതകള്‍ എന്ന മട്ടില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഞാന്‍ കണ്ടു. ഇതിനൊന്നും ഒരു തെളിവും ആവശ്യമില്ല. എതിര്‍ ശബ്ദങ്ങള്‍ കേള്‍ക്കപ്പെടുകയുമില്ല. യൂണിവേഴ്‌സിറ്റിയിലെ 'നന്മമരങ്ങള്‍', അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന തങ്ങളുടെ അമേരിക്കന്‍ ഹിന്ദു വിദ്യാര്‍ഥികളുടെ ആശങ്കകളെ പരിഗണിയ്ക്കുന്നതേയില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്ന ജനനത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹ്യ കൂട്ടായ്മകളെ കുറിച്ച് ആ വിദ്യാര്‍ഥികള്‍ക്ക് യാതൊരു അറിവുമില്ലെന്ന് ഓര്‍ക്കണം. വെറും ജീവിതശൈലീ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരാള്‍ സസ്യഭുക്കായി മാറുകയോ, സാംസ്‌കാരിക പരിപാടികളില്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിയ്ക്കുകയോ ചെയ്താല്‍ പോലും ഏതൊരു ഹിന്ദു അമേരിക്കനേയും ജാതിവെറിയനായി ആരോപിച്ച് സമൂഹത്തിലെ അയാളുടെ മാന്യതയെ തര്‍ക്കാന്‍ കഴിയും എന്നതാണ് ഇപ്പോഴത്തെ ആശങ്ക.

എന്നാലും എന്റെ ശക്തിയോ പ്രണയമോ നഷ്ടപ്പെടുത്താന്‍ തയ്യാറല്ല. ഞാന്‍ ലക്ഷ്മീ മാതാവിനാല്‍ പ്രചോദിതനാണ്. ഇന്ന് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ജീവിതത്തില്‍ എന്നും അവള്‍ ഉണ്ടായിരുന്നു എന്ന് കാണുന്നു. എന്നെ പോഷിപ്പിച്ച ഓരോ സ്ത്രീയിലും, എനിക്ക് സ്വാഭിമാനവും ആത്മവിശ്വാസവും തന്ന ഓരോ വനിതയിലും, ഇന്ത്യയിലും, എന്റെ രണ്ടാം വീടായ സാന്‍ഫ്രാന്‍സിസ്‌കോയിലും അമ്മയുണ്ടായിരുന്നു. അവളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഞാന്‍ ഒരു നിലപാട് എടുത്തു. എന്റെ അസ്മിത ഞാന്‍ വീണ്ടും തിരികെ പിടിയ്ക്കും. അമേരിക്കന്‍ മാദ്ധ്യമ ലോകത്ത് എന്നെ കേള്‍ക്കും എന്നുള്ളവര്‍ക്കും ഇതുവരെ കേള്‍ക്കാന്‍ വിസമ്മതിച്ചവര്‍ക്കും വേണ്ടി ഞാന്‍ ഇത് വ്യക്തമായി പറയുന്നു: എന്റെ ഹിന്ദു അസ്മിതയുടെ ഭാഗമല്ല ജാതി. ഞാന്‍ ഒത്തിരി ഹൈന്ദവ ഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ട്. ഞാന്‍ പഠിച്ചിട്ടുള്ള ഒരൊറ്റ ഹിന്ദു ഗ്രന്ഥത്തിലും അതിനെപ്പറ്റി പറയുന്നില്ല.

  comment

  LATEST NEWS


  സുനില്‍ ഗവാസ്‌കറിന് എസ്‌ജെഎഫ്‌ഐ ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു; ജനമനസുകളില്‍ തന്നെ പ്രതിഷ്ഠിച്ചത് അച്ചടിമാധ്യമങ്ങളെന്ന് ഗവാസ്‌കര്‍


  ഒക്ടോബര്‍ മൂന്നു അവധി ദിവസമാക്കണം; പൂജവയ്പ്പ് ദിനത്തിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മാറ്റണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ബാലഗോകുലം


  വീഡിയോ പകര്‍ത്തിയ ജീവനക്കാരന് മര്യാദയില്ല; സഹപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തി; കെഎസ്ആര്‍ടിസി ക്രിമിനലുകള്‍ക്കായി വീണ്ടും ആനത്തലവട്ടം ആനന്ദന്‍


  ഗുജറാത്തിൽ നവരാത്രി ഉത്സവത്തിന് ഒരുങ്ങുന്ന സൂറത്തിലെ യുവതികൾ മുതുകിൽ വരയ്ക്കുന്ന ടാറ്റൂവില്‍ മോദിയും ചീറ്റയും...


  അമിത വില; കേരളത്തിന്റെ പരാതി പ്രധാനമന്ത്രി കേട്ടു; നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായക്കും കാപ്പിക്കും വില നിശ്ചയിച്ചു; കൊള്ളയ്ക്ക് കൂച്ചുവിലങ്ങ്


  സുഗമ്യ ഭാരത് അഭിയാന്‍: എട്ടു വര്‍ഷത്തില്‍ 1090 എസ്‌കലേറ്ററുകള്‍, 981ലിഫ്റ്റുകള്‍; രാജ്യത്തെ 497 റെയില്‍വേ സ്‌റ്റേഷനുകള്‍ ദിവ്യാംഗസൗഹൃദമാക്കി റെയില്‍വേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.