×
login
എസ്.ബി. കോളജ് ശതാബ്ദിയുടെ നിറവില്‍

ചങ്ങനാശ്ശേരിയില്‍ ബിഷപ്പായിരുന്ന മാര്‍ തോമസ് കുര്യാളശ്ശേരിയുടെ ഉത്സാഹത്തിലാണ് 1922 ജൂണ്‍ 19ന് സെന്റ് ബര്‍ക്ക്മാന്‍സ് കോളേജ് ആരംഭിച്ചത്. നൂറ്റിയിരുപത്തിയഞ്ച് വിദ്യാര്‍ത്ഥികളും ആറ് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. ചങ്ങനാശ്ശേരി രൂപതയിലെ ആദ്യ ബിരുദാനന്തരബിരുദധാരിയായ റവ.ഫാ. മാത്യു പുരയ്ക്കല്‍ ആദ്യ പ്രിന്‍സിപ്പലായി. ഇന്ന് എസ്.ബിയില്‍ മൂവായിരം വിദ്യാര്‍ത്ഥികളാണ് ഉള്ളത്.

സി.എന്‍. പുരുഷോത്തമന്‍

(എസ്.ബി. കോളേജ്, റിട്ട. പ്രൊഫസര്‍)

ഇന്ന്  ചങ്ങനാശ്ശേരി എസ്.ബി കോളേജിന് നൂറാം പിറന്നാള്‍. എസ്.ബി എന്ന ചുരുക്കപേരില്‍ പ്രസിദ്ധമായ സെന്റ് ബര്‍ക്ക്മാന്‍സ് കോളേജ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അഭിമാനമാണ്. അവിടെ ഏഴു വര്‍ഷം വിദ്യാര്‍ത്ഥിയായും ഇരുപത്തിയേഴു വര്‍ഷം മലയാളം  അദ്ധ്യാപകനായും കഴിഞ്ഞ എനിക്ക് ഇക്കാര്യത്തില്‍ ഒട്ടും സംശയമില്ല. പഠിച്ച കോളേജില്‍ പഠിപ്പിച്ച അദ്ധ്യാപകരോടൊപ്പം അദ്ധ്യാപകനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുക എന്ന അസുലഭമായ ഭാഗ്യമാണ് എനിക്കുണ്ടായത്. ഇന്ന് എസ്.ബി ശതാബ്ദിയില്‍ എത്തി നില്‍ക്കുമ്പോള്‍ അതില്‍ അത്യധികം ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ഞാനും. ഞങ്ങള്‍ സഹോദരന്മാര്‍ നാലു പേരും പഠിച്ച കോളേജ് ആയതിനാല്‍ ഒരു കുടുംബകോളേജ് എന്ന അടുപ്പവും എനിക്ക് എസ്.ബി.യോടുണ്ട്.

ചങ്ങനാശ്ശേരിയില്‍ ബിഷപ്പായിരുന്ന മാര്‍ തോമസ് കുര്യാളശ്ശേരിയുടെ ഉത്സാഹത്തിലാണ് 1922 ജൂണ്‍ 19ന് സെന്റ് ബര്‍ക്ക്മാന്‍സ് കോളേജ് ആരംഭിച്ചത്. നൂറ്റിയിരുപത്തിയഞ്ച് വിദ്യാര്‍ത്ഥികളും ആറ് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. ചങ്ങനാശ്ശേരി രൂപതയിലെ ആദ്യ ബിരുദാനന്തരബിരുദധാരിയായ റവ.ഫാ. മാത്യു പുരയ്ക്കല്‍ ആദ്യ പ്രിന്‍സിപ്പലായി. ഇന്ന് എസ്.ബിയില്‍ മൂവായിരം വിദ്യാര്‍ത്ഥികളാണ് ഉള്ളത്. നൂറില്‍പരം അദ്ധ്യാപകരും അതിനടുത്ത് അനദ്ധ്യാപകരും. പത്തൊന്‍പത് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദ ഡിഗ്രി കോഴ്‌സുകളും പതിനേഴു വിഷയങ്ങളില്‍ ഡിഗ്രി കോഴ്‌സുകളും മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റില്‍ എം.ഫില്‍. കോഴ്‌സും പത്തു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഗവേഷണ സൗകര്യങ്ങളും ഉള്ള സ്വയംഭരണ കോളേജാണ് ഇന്ന് എസ്.ബി. വിശാലമായ കാമ്പസ്, വിസ്തൃതമായ കളിസ്ഥലങ്ങള്‍, അതിമനോഹരമായ മന്ദിര സമുച്ചയങ്ങള്‍, എം.സി റോഡിന് അഭിമുഖമായി കോളേജിന്റെ ഉന്നതമായ ഗോപുരം ഇതെല്ലാം കോളേജിനെ ആകര്‍ഷകമാക്കുന്ന ഭൗതിക സൗകര്യങ്ങളാണ്. ശതാബ്ദി കൊണ്ടാടുമ്പോള്‍ കോളേജിലെ പ്രിന്‍സിപ്പലിന്റെയും വൈസ്പ്രിന്‍സിപ്പലിന്റെയും കസേരകളില്‍ എന്റെ ശിഷ്യന്മാരാണുള്ളത് എന്ന സന്തോഷവും പങ്കുവയ്ക്കട്ടെ.

നൂറു വര്‍ഷത്തിനിടയ്ക്ക് എസ്.ബി. കോളേജിന് ലഭിച്ച പുരസ്‌ക്കാരങ്ങളും അംഗീകാരങ്ങളും കുറച്ചൊന്നുമല്ല. കേരളത്തിലെ ഏറ്റവും മികച്ച പ്രൈവറ്റ് കോളേജിനുള്ള ആര്‍.ശങ്കര്‍ അവാര്‍ഡ് തുടര്‍ച്ചയായി രണ്ട് വര്‍ഷം ലഭിച്ചു. 'നാക് ' ന്റെ വിലയിരുത്തലില്‍ ഏറ്റവും ഉന്നതമായ ഗ്രേഡ് പലതവണ ലഭിച്ചു. മാമ്പഴത്തിന്റെ രുചികൊണ്ട് മാവിന്റെ മേന്മ വിലയിരുത്താം എന്നു പറയുന്നതുപോലെ, എസ്.ബി. കോളേജില്‍ പഠിച്ചിറങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്രചാര്‍ത്തിയവരെ ശ്രദ്ധിച്ചാല്‍ കോളേജിന്റെ മഹത്വം ബോദ്ധ്യപ്പെടും. പ്രേംനസീര്‍, മുട്ടത്തു വര്‍ക്കി, വിഷ്ണുനാരായണന്‍ നമ്പൂതിരി, ജസ്റ്റിസ് സിറിയക് തോമസ്, രാജു നാരായണസ്വാമി, സി.വി ആനന്ദബോസ്, ഡോ. ജാന്‍സി ജെയിംസ്, ഡോ. ബാബു സെബാസ്റ്റ്യന്‍, സിബി മാത്യൂസ്, ടോമിന്‍ തച്ചങ്കരി, മാര്‍ ജോസഫ് പൗവ്വത്തില്‍, മാര്‍ മാത്യു ആലഞ്ചേരി, മാര്‍ മാത്യു അറയ്ക്കല്‍, പി.പരമേശ്വരന്‍, പി.കെ നാരായണപ്പണിക്കര്‍, കെ.എം ജോര്‍ജ്, പി.ടി ചാക്കോ, ഉമ്മന്‍ ചാണ്ടി, പി.ജെ ജോസഫ്, സി.എഫ് തോമസ്, പി.സി തോമസ്, ജോബ് മൈക്കിള്‍ എന്നിവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലരാണ്. പ്രഗത്ഭരായ അദ്ധ്യാപകരുടെ പട്ടികയും ചെറുതല്ല. എം.പി പോള്‍, പി.ശങ്കരന്‍ നമ്പ്യാര്‍, സി.എ ഷെപ്പേര്‍ഡ്, പി.ആര്‍ കൃഷ്ണയ്യര്‍, പി.വി ഉലഹന്നാന്‍ മാപ്പിള, കെ.വി രാമചന്ദ്ര പൈ, കെ.പി ശങ്കരന്‍, ജോസഫ് അഞ്ചനാട്ട്, സി. ഇസഡ്. സ്‌കറിയ, എസ്.എല്‍. തോമസ് തുടങ്ങിയവര്‍ അദ്ധ്യാപകരില്‍ ചിലര്‍.

എസ്.ബി.യിലെ അദ്ധ്യാപകരില്‍ ഭൂരിഭാഗവും അവിടെത്തന്നെ പഠിച്ചവരാണ്. ആദ്യം വിദ്യാര്‍ത്ഥിയായി പിന്നീട് അദ്ധ്യാപകനായി അതേ കലാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് ആ സ്ഥാപനത്തോടുണ്ടാകുന്ന വൈകാരികമായ ബന്ധവും കോളേജിന്റെ മികവിലെ പ്രധാനപ്പെട്ട ഘടകമാണ്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും എസ്.ബി ഒരു വികാരമാണ്-സംസ്‌ക്കാരമാണ്. അദ്ധ്യാപക - വിദ്യാര്‍ത്ഥി ബന്ധത്തിലും ഈ വൈകാരികതയുടെ അംശം കാണാം. ഓരോ ഡിപ്പാര്‍ട്ട്‌മെന്റും ഓരോ കുടുംബം എന്നു പറയുന്നതാവും ശരി. ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളം വിഭാഗത്തില്‍ അദ്ധ്യാപകര്‍ എല്ലാവരും തന്നെ അവിടെ പഠിച്ചവരായിരുന്നു. ചങ്ങനാശ്ശേരി അരമനയുടെ കീഴിലാണു കോളജ് പ്രവര്‍ത്തിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് രക്ഷാധികാരിയും വികാരി ജനറല്‍ മാനേജരുമാണ്. മാനേജ്‌മെന്റിന്റെ വിശാലമായ കാഴ്ച്ചപ്പാടും തുറന്ന സമീപനവും കോളേജിന്റെ മികവിനു പ്രധാനഘടകമായതായി തോന്നുന്നു. അവിടെ അദ്ധ്യാപകനായതിനു ശേഷമാണ് ഞാന്‍ കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായത്.  പക്ഷേ അതിന്റെ പേരില്‍ കോളേജ് മാനേജ്‌മെന്റിനോ അദ്ധ്യാപകര്‍ക്കോ യാതൊരുതരത്തിലുള്ള അസ്വാരസ്യവും എന്നോടുണ്ടായിട്ടില്ല. ഈ ബന്ധം പ്രയോജനപ്പെടുത്തി കോളേജിലെ ചില സെമിനാറുകളില്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പി യുടേയും മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിക്കുകയാണ് കോളേജ് ചെയ്തത്. അങ്ങനെയാണ് കേന്ദ്രമന്ത്രിയായിരിക്കെ ഒ.രാജഗോപാലും  ബി.ജെ.പി യുടെ മുതിര്‍ന്ന നേതാവ് കെ രാമന്‍പിള്ളയും കോളേജില്‍ വന്നത്. ആര്‍.എസ്.എസിന്റെ പ്രചാരകനും ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ അദ്ധ്യക്ഷനും ആയിരുന്ന  പി. പരമേശ്വരന്‍ എസ്.ബി.യിലെ വിദ്യാര്‍ത്ഥിയായിരുന്നു എന്നുള്ളത് അധികം ആരും അറിഞ്ഞിട്ടുണ്ടാവില്ല. 1944-46 -ല്‍ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയായിരുന്നു. റവ.ഫാ വില്യം ആയിരുന്നു അന്നത്തെ പ്രിന്‍സിപ്പല്‍ എന്ന് പരമേശ്വര്‍ജി തന്നെ പറഞ്ഞിട്ടുണ്ട്. ആ രണ്ട് വര്‍ഷവും കോളേജ് മാഗസിനില്‍ കവിതയും എഴുതിയിട്ടുണ്ട്. 'കവിത ' എന്ന പേരില്‍ത്തന്നെയുള്ള ഒരു കവിത അദ്ദേഹത്തിന്റെ കവിതാസമാഹാരമായ 'യജ്ഞപ്രസാദ'ത്തില്‍ ചേര്‍ത്തിട്ടുണ്ട്.

രണ്ട് തവണ വിദ്യാഭ്യാസസമ്മേളനങ്ങളില്‍ പങ്കെടുക്കാനായി പരമേശ്വര്‍ജി കോളേജില്‍ എത്തി. 1993-ല്‍ കോളേജില്‍ നടത്തിയ പ്രഭാഷണം ആ വര്‍ഷത്തെ കോളേജ് മാഗസിനില്‍ ' മൂല്യവിദ്യാഭ്യാസത്തിന്റെ പ്രസക്തിയും സാദ്ധ്യതയും ' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.എസ്.ബി. കോളേജില്‍ ഞാന്‍ അദ്ധ്യാപകനായിരിക്കെ ഉണ്ടായ ഒരു അനുഭവം കൂടി സൂചിപ്പിക്കട്ടെ. കോട്ടയം വിഭാഗിന്റെ പ്രചാരകനായിരുന്ന എം. നാരായണ്‍ജി ഒരു ദിവസം എന്നെ വിളിച്ച് ചോദിച്ചു, പരമേശ്വര്‍ജിക്ക് ചങ്ങനാശ്ശേരിയിലെ ബിഷപ്പുമായി ഒന്നു സംസാരിക്കണം അതിനുള്ള സൗകര്യം ഉണ്ടാക്കാമോ എന്ന്. ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റിലുണ്ടായിരുന്ന റവ.ഫാ. ഗ്രിഗറി പരുവപ്പറമ്പില്‍ ആയിരുന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന്റെ സെക്രട്ടറി. അദ്ദേഹവുമായി സംസാരിച്ച് കൂടിക്കാഴ്ച്ചയ്ക്കുള്ള  ദിവസം നിശ്ചയിച്ചു. നിശ്ചിത ദിവസം പരമേശ്വര്‍ജിയോടൊപ്പം നാരായണ്‍ജിയും ഞാനും കൂടി ചങ്ങനാശ്ശേരി അരമനയിലെത്തി. പരമേശ്വര്‍ജിയും പൗവ്വത്തില്‍ തിരുമേനിയും തമ്മിലുള്ള സംഭാഷണം ഏതാണ്ട് രണ്ട് മണിക്കൂര്‍ ഉണ്ടായിരുന്നു. മാര്‍ ജോസഫ് പൗവത്തിലിന്റെ മെത്രാഭിഷേക രജത ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'സത്യത്തിലും സ്‌നേഹത്തിലും ' എന്ന പുസ്തകം അദ്ദേഹം ഞങ്ങള്‍ക്കു മൂന്നു പേര്‍ക്കും ഉപഹാരമായി തന്നു. അന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രസക്തമായ കാര്യങ്ങള്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ഗൗരവപൂര്‍ണമായ അവരുടെ സംഭാഷണം കേള്‍ക്കാനിടയായത് എന്റെ കോളേജ് ജീവിതത്തിലെ സുപ്രധാന അനുഭവമായാണ് ഞാന്‍ കാണുന്നത്. ഞാന്‍ വിരമിക്കുന്ന സമയത്ത് യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പൗവ്വത്തില്‍ തിരുമേനി എത്തിയപ്പോള്‍ എന്നോട് പരമേശ്വര്‍ജിയുടെ ക്ഷേമം അന്വേഷിക്കാന്‍ മറന്നില്ല.നൂറാം പിറന്നാളിന്റെ ഈ ധന്യമുഹൂര്‍ത്തത്തില്‍, എസ്.ബി.യുടെ മുന്നേറ്റത്തിന് വഴിതെളിച്ച മാനേജ്‌മെന്റിനേയും പ്രിന്‍സിപ്പല്‍മാരെയും അദ്ധ്യാപകരെയും അനദ്ധ്യാപകരെയും അനുസ്മരിച്ചു കൊണ്ട്, അവരുടെ മുന്നില്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് കോളേജിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  comment
  • Tags:

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.