×
login
അമേരിക്കയിലെ പിഞ്ഞാണം ബഹുമതി; രാജ്യം നല്‍കുന്ന ആദരം അവമതി:കമ്മ്യൂണിസ്റ്റുകള്‍ക്ക് നാടിനോട് പുച്ഛം

സാമ്രാജ്യത്വ ഭീകരനായ അമേരിക്കയിലെ ഏതോ മൂരാച്ചി സർവ്വകലാശാല നൽകിയ പിഞ്ഞാണം ബഹുമതിയായി പൊക്കിപ്പിടിച്ച മുഖ്യമന്ത്രിയെ സൃഷ്ടിച്ച പാർട്ടിക്ക് സ്വന്തം രാഷ്ട്രം നൽകുന്ന ആദരം മാത്രമാണ് അവമതിപ്പായി തോന്നുന്നത്.

സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ പത്മഭൂഷണ്‍ നിരസിച്ച വാര്‍ത്ത പോരാളി ഷാജി മുതല്‍ സീതാറാം യെച്ചൂരി വരെയുള്ളവരെ വിജ്രംഭിപ്പിച്ചിരിക്കുകയാണ്. ചരിത്രം അറിയാത്ത അന്തംകമ്മികള്‍ നരേന്ദ്രമോദിയുടെ ആദരം സിപിഎം നേതാക്കള്‍ക്ക് വേണ്ട എന്ന തരത്തില്‍ ഉന്മാദ നൃത്തം ചവിട്ടുമ്പോള്‍ ഇഎംഎസിന്റെ ചരിത്രം ചൂണ്ടിക്കാട്ടി ചിലര്‍ താത്വിക അവലോകനം നടത്തുകയാണ്. രണ്ടായാലും വെളിപ്പെടുന്നത് കമ്മ്യൂണിസ്റ്റുകളുടെ രാഷ്ട്ര വിരുദ്ധ മനോഭാവമാണ്. രാഷ്ട്രത്തോട് ബഹുമാനം ഉണ്ടെങ്കില്‍ മാത്രമേരാഷ്ട്രം നല്‍കുന്ന ആദരത്തോട് മഹത്വം തോന്നുകയള്ളൂ. ഇവിടെയാണ് കമ്മ്യൂണിസ്റ്റുകള്‍ക്ക് പിഴയ്ക്കുന്നത്. രാഷ്ട്രം എന്ന സങ്കല്‍പ്പം പോലും അംഗീകരിക്കാത്തവര്‍ക്ക് രാജ്യം നല്‍കുന്ന ആദരത്തോട് പുച്ഛം തോന്നുക സ്വാഭാവികമാണ്.  

1940 കളിലെ അതേ മനോഭാവം ഇന്നും വെച്ചു പുലര്‍ത്തുകയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ എന്ന് വ്യക്തം. എത്ര തിരുത്തല്‍ രേഖകള്‍ അവതരിപ്പിച്ചാലും തെറ്റ് ഏറ്റുപറഞ്ഞാലും കമ്മ്യൂണിസ്റ്റുകളുടെ അടിസ്ഥാന മനോഭാവം മാറില്ലെന്ന് വേണം നാം മനസിലാക്കാന്‍. 1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റി കൊടുത്ത് ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്നവര്‍, നേതാജിയെ ചെറ്റയെന്ന് വിളിച്ചവര്‍, 1946 ല്‍ ഭാരതത്തെ പതിനാറായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടവര്‍, 47 ലെ സ്വാതന്ത്ര്യം വ്യാജമാണെന്ന് പ്രചരിപ്പിച്ചവര്‍, 1949 ല്‍ രണദിവേയിലൂടെ സായൂധ വിപ്ലവത്തിന് ആഹ്വാനം ചെയ്തവര്‍. ഇവരുടെ മനോഭാവത്തിന് 2022 ലും മാറ്റമുണ്ടായിട്ടില്ലെന്ന് ബുദ്ധദേബിലൂടെ നാടിന് മനസിലായി. കനല്‍ ഒരു തരിയായി അവശേഷിച്ചിട്ടും വരട്ട് തത്വവാദം മുറുകെ പിടിക്കുന്ന ഇവര്‍ ഇനി മാറാന്‍ പോകുന്നുമില്ല.

ഭരണകൂടങ്ങളോ വ്യക്തികളോ നൽകുന്ന ഒരു ആദരവും കമ്മ്യൂണിസ്റ്റുകൾ സ്വീകരിക്കില്ല എന്ന തീരുമാനം സിപിഎം കൈക്കൊണ്ടിട്ടുണ്ടോയെന്ന് പാർട്ടി വ്യക്തമാക്കണം. സാമ്രാജ്യത്വ ഭീകരനായ അമേരിക്കയിലെ ഏതോ മൂരാച്ചി സർവ്വകലാശാല നൽകിയ പിഞ്ഞാണം ബഹുമതിയായി പൊക്കിപ്പിടിച്ച മുഖ്യമന്ത്രിയെ സൃഷ്ടിച്ച പാർട്ടിക്ക് സ്വന്തം രാഷ്ട്രം നൽകുന്ന ആദരം മാത്രമാണ് അവമതിപ്പായി തോന്നുന്നത്. സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസിന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം സെക്രട്ടറിയേറ്റ് അംഗവുമായ കെ കെ ശൈലജ അർഹയായി എന്ന് കേട്ടപ്പോഴും സഖാക്കൾക്ക് ചോര തിളച്ചില്ല. അതും പൊക്കിപ്പിടിച്ച് നാട് നീളെ വോട്ട് തെണ്ടാനും മന:സാക്ഷിക്കുത്ത് ഉണ്ടായില്ല. പക്ഷേ ഭാരതം നൽകുന്ന പരമോന്നത ബഹുമതി സ്വീകരിച്ചാൽ പാർട്ടി ലൈൻ തകർന്ന് തരിപ്പണമാകും.


എന്തുകൊണ്ടാണ് പത്മപുരസ്കാരം നിരസിക്കുന്നതെന്ന് ബുദ്ധദേബ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അവാർഡ് നിരസിക്കുന്ന കാര്യം പോലും ലോകത്തെ അറിയിച്ചത് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. പുരസ്കാരം നൽകുന്ന ബുദ്ധദേബിനെ നേരത്തെ അറിയിച്ചില്ല എന്നാണ് യെച്ചൂരി വിശദീകരിച്ചത്. എന്നാൽ ഇത് കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു. അവാർഡിനായി തിരഞ്ഞെടുക്കുന്ന എല്ലാവരേയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് നേരത്തെ തന്നെ ബന്ധപ്പെടുന്ന പതിവുണ്ട്. ബുദ്ധദേബിന്‍റെ കാര്യത്തിലും അത് സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യ മീരാ ഭട്ടാചാര്യയാണ് ഫോണിൽ സംസാരിച്ചത്. അപ്പോഴൊന്നും അവാർഡ് നിരസിക്കുന്നതായി അവർ പറഞ്ഞിട്ടില്ല. ഒരു ദിവസത്തിന് ശേഷമാണ് പുരസ്കാരം പ്രഖ്യാപനം ഉണ്ടായത്.

ഉദ്യേശശുദ്ധിയിൽ കളങ്കമില്ലായിരുന്നു എങ്കിൽ പ്രഖ്യാപനത്തിന് മുൻപ് ആഭ്യന്തര മന്ത്രാലയത്തെ വിവരങ്ങൾ ധരിപ്പിക്കാൻ അവസരമുണ്ടായിരുന്നു എന്ന് ചുരുക്കം. അത് ചെയ്യാത്തിടത്തോളം തിരസ്കരണത്തിന് ഒരേ ഒരു കാരണമേ ഉള്ളൂ. കമ്മ്യൂണിസ്റ്റുകള്‍ക്ക് ഈ നാടിനോടുള്ള  പുച്ഛം. അതാണ് പരമമായ സത്യം. അല്ലായെങ്കിൽ രാഷ്ട്രത്തിന്‍റെ ആദരം ഏറ്റുവാങ്ങാനുള്ള യോഗ്യത ഇല്ലെന്ന മന:സാക്ഷിക്കുത്ത്.

......................................

വാൽക്കഷണം; കമ്മ്യൂണിസ്റ്റ് നേതാവിനെ അവാർഡിന് പരിഗണിക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന് ചോദിക്കുന്ന ചിലരേയും സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടു. ജനാധിപത്യം എന്നത് എതിരാളികളേയും കൂടി ഉൾക്കൊളളുമ്പോഴാണ് സമ്പൂർണ്ണമാവുക എന്ന് മാത്രമേ അവരോട് പറയാനുള്ളൂ. കമ്മ്യൂണിസ്റ്റുകൾ രാജ്യം ഭരിച്ചിരുന്നുവെങ്കിൽ ബിജെപിക്കാരെ അവാർഡിന് പരിഗണിക്കുമായിരുന്നോ എന്നും ചിലർ സംശയമുന്നയിച്ചിരുന്നു. അവരോട് പറയാൻ ലൂസിഫറിലെ മഹേശ വർമ്മയോട് സ്റ്റീഫൻ നെടുമ്പള്ളി പറഞ്ഞ മറുപടിയേ ഉള്ളൂ.

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.