×
login
വിശുദ്ധഗ്രന്ഥങ്ങളുടെ ദൈവീകതയും ചെങ്കിസ്ഖാന് ലഭിച്ച പ്രവാചക വെളിപാടും

ഈശ്വരീയമായ വെളിപാടുകളുടെ സ്വഭാവം എന്തായിരിയ്ക്കും ? അവ എങ്ങനെ വേര്‍തിരിച്ചറിയാം ? പരമാത്മാവായ ദൈവത്തില്‍ നിന്ന് വരുന്ന പ്രബോധനങ്ങള്‍ സമഭാവന, നീതിബോധം, സമഷ്ടി സ്നേഹം, കാരുണ്യം, അഭയം തുടങ്ങിയ ഈശ്വരീയ ഗുണങ്ങള്‍ നിറഞ്ഞവയായിരിയ്ക്കും.

കേരളത്തിലെ അറിയപ്പെടുന്ന ഇസ്ലാം മതപ്രഭാഷകനും, ഒരു യുക്തിവാദിയും തമ്മില്‍ സംവാദം. എതിര്‍ വിഭാഗം ഒളിച്ചോടാന്‍ ശ്രമിയ്ക്കുകയാണ് എന്ന് പരസ്പരം ആരോപിച്ച് രണ്ടു കൂട്ടരും രംഗം കൊഴുപ്പിച്ചു. ദൈവത്തില്‍ നിന്ന് നേരിട്ട് വെളിപ്പെടുത്തപ്പെട്ടത് എന്ന് മുസ്ലീങ്ങള്‍ വിശ്വസിയ്ക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. അത് എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ്ണം ആണെന്നും അതില്‍ യുക്തിരഹിതമോ ശാസ്ത്ര വിരുദ്ധമോ ആയ യാതൊന്നും ഇല്ലെന്നും അവര്‍ വിശ്വസിയ്ക്കുന്നു. മാത്രമല്ല സര്‍വ്വജ്ഞനായ ദൈവത്തില്‍ നിന്നുള്ള വെളിപാടായതു കൊണ്ടു തന്നെ പില്‍ക്കാലത്ത് കണ്ടെത്തപ്പെട്ട പല ശാസ്ത്ര സത്യങ്ങളും അതിലുള്‍പ്പെട്ടിട്ടുണ്ട് എന്നും വാദിയ്ക്കുന്നു. മതപണ്ഡിതരുടെ ഈ അവകാശവാദത്തെയാണ് യുക്തിവാദിയായ ജബ്ബാര്‍ വെല്ലുവിളിച്ചത്. അദ്ദേഹം പറഞ്ഞത് മുഹമ്മദ് നബി ജീവിച്ചിരുന്ന കാലഘട്ടത്തിലെ സമൂഹത്തില്‍ നിന്നുള്ള അറിവുകളും വിശ്വാസങ്ങളും അല്ലാത്ത ഒന്നും ഖുറാനില്‍ ഇല്ല. ഖുറാന്‍ ഉണ്ടായ കാലത്തെ ജനങ്ങള്‍ക്ക് അറിവില്ലാതിരുന്നതും പില്‍ക്കാലത്ത് ശാസ്ത്രീയം എന്ന് കണ്ടെത്തി തെളിയിക്കപ്പെട്ടതുമായ ഒരു അറിവും ആ ഗ്രന്ഥത്തില്‍ ഇല്ല. അങ്ങനെ ഉണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ താന്‍ യുക്തിവാദം ഉപേക്ഷിച്ച് കലിമ ചൊല്ലി മുസ്ലീമായി മാറാം എന്നതായിരുന്നു ജബ്ബാര്‍ മാഷിന്റെ വെല്ലുവിളി.

ഒരു വിശുദ്ധഗ്രന്ഥത്തിന്റെ ദൈവീകതയെ കുറിച്ചുള്ള വിഷയം ആയതു കൊണ്ടു തന്നെ മുസ്ലീം സമൂഹം മാത്രമല്ല പൊതുവില്‍ എന്നെപ്പോലുള്ള മറ്റു ദൈവ വിശ്വാസികളും ഇക്കാര്യത്തില്‍ തല്‍പ്പരരായി. സംവാദം നടന്നു. കൊറോണക്കാലമായതു കൊണ്ട് നേരില്‍ കാണാന്‍ അധികം പേര്‍ക്ക് അവസരം ഉണ്ടായില്ല. രണ്ടു ദിവസം കഴിഞ്ഞ് അതിന്റെ വീഡിയോകള്‍ കിട്ടിത്തുടങ്ങി. ഞാന്‍ അവ സശ്രദ്ധം കേട്ടു. എം എം അക്ബര്‍ ഒരു സാധാരണ മതവിശ്വാസിയുടെ നിലവാരത്തില്‍ നിന്നുയര്‍ന്ന് അവധാനതയോടെ വിഷയം അവതരിപ്പിച്ചു. ഖുറാനില്‍ ശാസ്ത്ര രഹസ്യങ്ങള്‍ പറയപ്പെട്ടിട്ടുണ്ട് എന്ന് തെളിയിക്കാന്‍ അദ്ദേഹം ഉദാഹരിച്ചത് ആധുനിക സ​മു​ദ്ര വിജ്ഞാനവുമായി ബ​ന്ധ​പ്പെ​ട്ട നാ​ല​റി​വു​ക​ൾ ഒ​രു വ​ച​ന​ത്തി​ൽ ത​ന്നെ വ്യാഖ്യാനിച്ചെടുക്കാവുന്ന ഒരു ഭാഗമായിരുന്നു. ആ​ഴ​ക്ക​ട​ലി​ലെ ഇ​രു​ട്ട്, ഇ​രു​ട്ടി​നെ പൊ​തി​യു​ന്ന തി​ര​മാ​ല, ആ​ഴ​ക്ക​ട​ലി​ലെ തി​ര​മാ​ല​ക​ൾ, സ്വ​ന്തം കൈ​ക​ളെ​പ്പോ​ലും കാണാന്‍ കഴിയാത്ത ഇ​രുട്ട് എ​ന്നി​ങ്ങ​നെ നാ​ല്​ കാ​ര്യ​ങ്ങ​ളാണ് ആ വചനത്തില്‍ നിന്ന് അ​ക്​​ബ​ർ വി​ശ​ദീ​ക​രി​ച്ച​ത്. ആ​ഴ​ക്ക​ട​ലി​ൽ തി​ര​മാ​ല​ക​ളു​ണ്ടെ​ന്ന കാ​ര്യം ​മ​നു​ഷ്യ​ന്​ അ​ജ്ഞാ​ത​മാ​യി​രു​ന്നെ​ന്നും അ​ടു​ത്തി​ടെ ശാ​സ്​​ത്ര​ജ്ഞ​രാ​ണ്​ അ​ത്​ ക​ണ്ടെ​ത്തി​യ​തെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. 

ഈ പറയുന്ന കാര്യങ്ങളെ കുറിച്ച് ഏറ്റവും ആധുനികമായ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ എന്തുപറയുന്നു എന്നും വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍, ശാസ്ത്രകാരന്മാരുടെ പേരുകള്‍, വീഡിയോ റഫറന്‍സുകള്‍ തുടങ്ങിയവ സഹിതം അവതരിപ്പിച്ചു. ശരിയ്ക്കും അത്ഭുതമാണ് തോന്നിയത്. 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രായേണ ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്ന ഒരു വ്യക്തിയിലൂടെ, അന്നത്തെ ആര്‍ക്കും അറിയാന്‍ സാദ്ധ്യതയില്ലാത്ത ശാസ്ത്ര സത്യങ്ങള്‍ വെളിപ്പെടുക. മനുഷ്യന് ഈ ഇരുപതാം നൂറ്റാണ്ടില്‍ മാത്രം ചെന്നെത്താന്‍ കഴിഞ്ഞ കടലിന്റെ ആഴങ്ങളെ കുറിച്ചുള്ള അറിവുകള്‍ അതിലുണ്ടാവുക. അതിന് ദിവ്യം എന്നല്ലാതെ മറ്റെന്ത് കാരണം കണ്ടെത്താന്‍ കഴിയും ? വരട്ട് യുക്തിവാദിയല്ലാത്ത ഞാന്‍ വിശ്വസിയ്ക്കുന്നത് ഭൗതികമായ പരീക്ഷണ നിരീക്ഷണങ്ങളില്‍ കൂടി മാത്രമല്ല, അതീന്ദ്രിയ തലങ്ങളില്‍ നിന്നുള്ള വെളിപാടുകളില്‍ കൂടിയും മനുഷ്യന് ജ്ഞാനം കിട്ടിയിട്ടുണ്ട് എന്നാണ്. ഖുറാന്‍ പോലുള്ള മതഗ്രന്ഥങ്ങളില്‍ അത്തരം പ്രത്യേക അറിവുകള്‍ ഉണ്ടെങ്കില്‍ അവ അങ്ങനെ വന്നവയല്ലേ ? ഇതല്ലാതെ മറ്റൊരു വാദവും യുക്തിസഹമായി എനിക്ക് തോന്നിയില്ല.

തുടര്‍ന്ന് ജബ്ബാര്‍ മാഷുടെ ഊഴമായിരുന്നു. അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ കഴിഞ്ഞതോടെ ഇത്രയേ ഉണ്ടായിരുന്നുള്ളോ ഈ സംഗതി എന്ന നിലയിലേക്ക് എന്റെ ചിന്ത വഴിമാറി. ഒരല്‍പ്പം മുമ്പു വരെ എന്നില്‍ വളരെ അത്ഭുതവും ആദരവും നിറച്ച ഖുറാന്‍ വ്യാഖ്യാനത്തെ വളരെ നിസ്സാരമായി ഏതാനും മിനുട്ടുകള്‍ കൊണ്ട് ജബ്ബാര്‍ മാഷ് ഖണ്ഡിച്ചു കാണിച്ചു. എന്തായിരുന്നു അത് ? ഉള്‍ക്കടല്‍ അഥവാ കരയില്‍ നിന്ന് കുറേയേറെ ഉള്ളിലുള്ള സമുദ്രഭാഗം എന്ന അര്‍ത്ഥം വരുന്ന അറബിവാക്കിന് അറിഞ്ഞോ അറിയാതെയോ അക്ബര്‍ അര്‍ത്ഥം കൊടുത്തത് ആഴക്കടല്‍ എന്നാണ്. അതോടെ കാറും കോളുമുള്ള ഉള്‍ക്കടലിലെ തിരമാലകളും, ഇരുട്ടും ഒക്കെ കടലിന്റെ അടിത്തട്ടിനെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ ആയി മാറി. പിന്നെ അതിനെ ഇന്നത്തെ ഓഷ്യനോഗ്രഫിയുമായി കൂട്ടിക്കെട്ടുക എളുപ്പമായിരുന്നു. അപ്പോള്‍ വെറുമൊരു അന്ധവിശ്വാസി അല്ലാതിരുന്നിട്ടു പോലും നേരത്തേ എന്തുകൊണ്ടാണ് ഇതൊക്കെ ശരിയാണല്ലോ എന്ന് എനിക്ക് തോന്നലുണ്ടായത് ? ജബ്ബാറിന് ഉള്ള ബുദ്ധിയൊക്കെ എനിക്കും ഉണ്ടല്ലോ ?

രണ്ട് കാര്യങ്ങളാണ്. ഒന്ന് അറബി പോലുള്ള ഒരു വിദേശ ഭാഷയിലെ പദങ്ങളുടെ ശരിയായ അര്‍ത്ഥം എനിക്കറിയില്ല. അതില്‍ ചെറിയൊരു വ്യാഖ്യാന വ്യത്യാസം പോലും മനസ്സിലാക്കാന്‍ എന്നെപ്പോലൊരാളിന് കഴിയില്ല. എന്നാല്‍ അതെല്ലാം കൃത്യമായി കണ്ടെത്താന്‍ ജബ്ബാര്‍ മാഷ് പ്രത്യേകമായ ശ്രമം നടത്തി. രണ്ട്, അതീന്ദ്രിയമായ ഒരു തലമുണ്ടെന്നും സാധാരണ നിലയ്ക്ക് അറിയാന്‍ കഴിയാത്ത പല അറിവുകളും അവിടെ നിന്ന് മനുഷ്യന് കിട്ടാം എന്നുമുള്ള എന്റെ വിശ്വാസം. പൊതുവേ എല്ലാ മതവിശ്വാസികള്‍ക്കും ഉള്ള ഇത്തരം മനോദൗര്‍ബല്യം അക്ബറിന്റെ വ്യാഖ്യാനത്തെ ഉള്‍ക്കൊള്ളാന്‍ എന്റെ മനസ്സിനെ മുന്നേ തന്നെ പാകപ്പെടുത്തിയിരുന്നു. എന്നാല്‍ മനുഷ്യന്റെ കേവല യുക്തിയ്ക്കും ബുദ്ധിയ്ക്കും അപ്പുറം അങ്ങനെ വെളിപാടിന്റെ ഒരുതലം ഉണ്ടാവാനേ സാദ്ധ്യമല്ല എന്ന ജബ്ബാര്‍ മാഷിന്റെ യുക്തിബോധം, അദ്ദേഹത്തെ കൊണ്ട് നിശിതമായി വിശകലനം ചെയ്യിച്ചു. ശരിയായ ഉത്തരത്തില്‍ എത്തിക്കുകയും ചെയ്തു.

അടുത്ത റൗണ്ടില്‍ അക്ബര്‍ കുറെക്കൂടെ വ്യാഖ്യാനിയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും, ഖുറാനില്‍ ഇത് പറയുന്നത് ഒരു ഉപമയായിട്ടാണ് എന്ന കാര്യം കൂടി ജബ്ബാര്‍ മാഷ് ചൂണ്ടിക്കാണിച്ചതോടെ അതിനൊരു തീരുമാനമായി. ഏതെങ്കിലും ഒരു കാര്യം കൂടുതല്‍ വ്യക്തമാക്കാനാണല്ലോ ഉപമ പറയുന്നത് ? ഉപമയായി പറയപ്പെടുന്ന കാര്യം കേള്‍ക്കുന്നയാളിന് നേരത്തേ നല്ലവണ്ണം അറിയാവുന്നതായിരിയ്ക്കണം. അല്ലെങ്കില്‍ ഉപമയുടെ ലക്ഷ്യം തന്നെ പരാജയപ്പെടും. ഇക്കാര്യത്തില്‍ അക്ബറിന്റെ വാദങ്ങള്‍ എല്ലാം പരാജയപ്പെട്ടെങ്കിലും, ഖുറാന്റെ ശാസ്ത്രീയതയും ദിവ്യത്വവും തെളിയിക്കപ്പെട്ടു എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ അടുത്ത ഒരുമാസക്കാലം ആഘോഷിച്ചത്.

ഇനി ഇതിന്റെ മറുവശം. വരട്ട് യുക്തിവാദികള്‍ എന്തു പറഞ്ഞാലും അതീന്ദ്രിയ തലത്തില്‍ നിന്ന് അറിവുകളും വെളിപാടുകളും ഉണ്ടാകാം എന്നു തന്നെയാണ് എന്റെ അനുഭവം. ജ്യോത്സ്യന്മാരും, തുള്ളിപ്പറയുന്നവരും, ദേവതോപസകരും പലപ്പോഴും സാധാരണ ഊഹിച്ചു പറയാന്‍ കഴിയുന്നതിനപ്പുറമുള്ള കാര്യങ്ങള്‍ പറയുന്നത് നേരിട്ട് കേട്ടിട്ടുണ്ട്. എന്നാല്‍ അത്തരക്കാര്‍ പോലും പറയുന്നത് ഭാഗികമായി മാത്രം ശരിയാവുന്നതും കണ്ടിട്ടുണ്ട്. സാധാരണ മനുഷ്യര്‍ പൊതുവേ അതീന്ദ്രിയമായതിനെയെല്ലാം ഒന്നിച്ച് ദൈവീകം എന്ന വാക്കു കൊണ്ടാണ് വിവക്ഷിയ്ക്കുന്നത്. എന്നാല്‍ സര്‍വ്വജ്ഞനായ ദൈവത്തിന് ഒരിയ്ക്കലും തെറ്റു പറ്റാനും പാടില്ലല്ലോ ? അപ്പോള്‍ എന്താണിവിടെ സംഭവിയ്ക്കുന്നത് ?

മനുഷ്യരുടെ ഇടയില്‍ തന്നെ മാനസികവും, ബുദ്ധിപരവും, ശാരീരികവുമായ കഴിവുകളില്‍ വലിയ അന്തരമുള്ളവര്‍ കാണപ്പെടുന്നതു പോലെ, അതീന്ദ്രിയം എന്ന തലത്തില്‍ വിരാജിയ്ക്കുന്ന ശക്തികള്‍ക്കും പല തട്ടുകള്‍ ഉണ്ട്. പരിമിതമായ സിദ്ധിവിശേഷങ്ങള്‍ ഉള്ള പരലോക വ്യക്തിത്വങ്ങള്‍ മുതല്‍, സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ ഈശ്വരന്‍ വരെ മനുഷ്യര്‍ അതീന്ദ്രിയം എന്നു വിശേഷിപ്പിയ്ക്കുന്ന മേഖലയില്‍ വരുന്നു. അവിടെയാണ് പ്രശ്‌നം. അതായത് എല്ലാ വെളിപാടുകളുടേയും സ്രോതസ്സ് സര്‍വ്വജ്ഞനായ ഈശ്വരന്‍ അല്ല. മനുഷ്യനേക്കാള്‍ സ്വതന്ത്രവും എന്നാല്‍ സ്വന്തം നിലയ്ക്ക് പരിമിതികളും ഉള്ള ബോധതലങ്ങളും വെളിപാടുകളുടെ സ്രോതസ്സുകള്‍ ആവാം. അവയില്‍ നിന്നാണ് ഭാഗിക സത്യങ്ങളായ പ്രവചനങ്ങളും മറ്റും പുറപ്പെടുന്നത്. അവയുടെ കര്‍തൃത്വവും ഉത്തരവാദിത്വവും ഈശ്വരനില്ല. അപ്പോള്‍ ഇത്തരം വെളിപാടുകള്‍ തന്നത് ദൈവമാണ് എന്ന് അവതരിപ്പിക്കപ്പെടുന്നതോ ? അത്, നാട്ടിന്‍ പുറത്തെ കണ്ടത്തില്‍ കിടന്നോടുന്ന പയ്യനെ ഉസൈന്‍ ബോള്‍ട്ട് എന്ന് അന്നാട്ടുകാര്‍ വിളിയ്ക്കുന്നതു പോലെയേ ഉള്ളൂ.

മേല്‍പ്പറഞ്ഞ സംവാദം കണ്ടതിനു ശേഷം, എവിഎസ് പ്രസിദ്ധീകരിച്ച 'ഞാന്‍ ആതിര' എന്ന ഒരു പുസ്തകം വായിയ്ക്കാന്‍ ഇടയായി. എം എം അക്ബര്‍ ഉള്‍പ്പെടെയുള്ള മതപ്രഭാഷകരുടെ ആകര്‍ഷകമായ പ്രഭാഷണങ്ങള്‍ കേട്ട് ഖുറാന്‍ ദൈവീക വെളിപാടാണ് എന്നുറപ്പിച്ച് ഇസ്ലാം മതത്തിലേക്ക് മാറിയ കാസര്‍ഗോഡുകാരി ആതിര എന്ന പെണ്‍കുട്ടി എഴുതിയ സ്വാനുഭവമാണ് ആ പുസ്തകം. വസ്തുതകള്‍ സമര്‍ത്ഥമായി ഒളിപ്പിച്ചു വച്ചോ, ദുര്‍വ്യാഖ്യാനം ചെയ്‌തോ, സാമാന്യ യുക്തിയെ വഴിതിരിച്ചു വിട്ടോ തന്റെ മതത്തിന് ആകര്‍ഷണീയത വരുത്താനുള്ള മതപ്രഭാഷകന്റെ കഴിവ് ഒരല്‍പ്പ സമയത്തേക്ക് എന്നേയും സ്വാധീനിച്ചതിന് ഞാന്‍ തന്നെ അനുഭവസ്ഥനാണല്ലോ ? അപ്പോള്‍ വേണ്ടത്ര ലോകപരിചയമില്ലാത്ത യുവാക്കളുടെ കാര്യം എന്തു പറയാന്‍ ? ഏതായാലും തുടക്കത്തിലെ കണ്ണു മഞ്ഞളിപ്പ് മാറിക്കഴിഞ്ഞ്, സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ തുടങ്ങിയ ആതിരയ്ക്ക് താന്‍ അതുവരെ മനസ്സിലാക്കി വച്ചിരുന്നതിലെ വൈരുദ്ധ്യങ്ങളും, യുക്തിരാഹിത്യങ്ങളും ബോദ്ധ്യപ്പെട്ടു.

ലോകത്തെ ഏറ്റവും ക്രൂരനായ അധിനിവേശ നായകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ചെങ്കിസ്ഖാന് പ്രവാചക രീതിയിലുള്ള വെളിപാടുകള്‍ കിട്ടുമായിരുന്നുവത്രേ. പതിമൂന്നാം നൂറ്റാണ്ടിലെ ചരിത്രകാരന്‍ മിന്‍ഹജൂസ് സിറാജ് തന്റെ കൃതിയായ തബ്കത്ത്-ഇ-നസിരിയില്‍ (Tabqat-i-Nasiri) ഇക്കാര്യം രേഖപ്പെടുത്തിയിരിയ്ക്കുന്നു. ഇടയ്ക്കിടയ്ക്ക് ചെങ്കിസ്ഖാന് തുള്ളല്‍ വരിക പതിവുണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹം ബോധരഹിതനാവുകയും പലതും വിളിച്ചു പറയുകയും ചെയ്തിരുന്നു. തെങ്രി (Tengiri) എന്ന ഒരു ദേവതയായിരുന്നു ഈ വെളിപാടുകള്‍ കൊടുത്തിരുന്നത്. അദ്ദേഹത്തിന്റെ പരിചാരകര്‍ അതെല്ലാം കുറിച്ചെടുത്ത് ഭദ്രമായി സീല്‍ ചെയ്ത് സൂക്ഷിയ്ക്കുമായിരുന്നു. പിന്നീട് ചെങ്കിസ്ഖാന്‍ ബോധം വീണ്ടെടുക്കുന്ന സമയത്ത് വായിച്ചു കേള്‍പ്പിയ്ക്കുകയും, അതിനനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിയ്ക്കുകയും പതിവുണ്ടായിരുന്നു. സ്വാഭാവികമായും അദ്ദേഹത്തിന് വലിയ വിജയങ്ങളും കൈവന്നു. ലോകത്തിലെ ഏറ്റവും വിസ്തൃതമായ സാമ്രാജ്യം പടുത്തുയര്‍ത്തിയ ചെങ്കിസ്ഖാന്‍ ഭീകരമായ കൂട്ടക്കൊലകളുടെ പേരിലും കൂടിയാണ് അറിയപ്പെടുന്നത്. 

അപ്പോള്‍ അടിസ്ഥാനപരമായ ഒരു ചോദ്യം വരുന്നു. ഈശ്വരീയമായ വെളിപാടുകളുടെ സ്വഭാവം എന്തായിരിയ്ക്കും ? അവ എങ്ങനെ വേര്‍തിരിച്ചറിയാം ?

പരമാത്മാവായ ദൈവത്തില്‍ നിന്ന് വരുന്ന പ്രബോധനങ്ങള്‍ സമഭാവന, നീതിബോധം, സമഷ്ടി സ്‌നേഹം, കാരുണ്യം, അഭയം തുടങ്ങിയ ഈശ്വരീയ ഗുണങ്ങള്‍ നിറഞ്ഞവയായിരിയ്ക്കും. പരസ്പര വൈരുദ്ധ്യം, അവാസ്തവികത, അശാസ്ത്രീയത, യുക്തിരാഹിത്യം, ഭീഷണി, പ്രതികാരം, മദം, അസൂയ തുടങ്ങിയ രാക്ഷസീയമോ പൈശാചികമോ ആയ വൈകല്യങ്ങളൊന്നും അവയ്ക്കുണ്ടാകില്ല.

രാമാനുജന്‍

  comment

  LATEST NEWS


  പാര്‍ട്ടിയുടെ തൊഴിലാളി ഗുണ്ടകളെ തള്ളി മുഖ്യമന്ത്രി; നോക്കുകൂലി അനുവദിക്കില്ല; നടന്നത് സാമൂഹിക വിരുദ്ധ നീക്കം; ശക്തമായ നടപടിയെന്ന് പിണറായി


  ശിവഗംഗയില്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം പങ്കെടുത്ത കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല്


  ആദ്യം സംരക്ഷിക്കാന്‍ നോക്കി; മാധ്യമങ്ങളില്‍ സ്ഥിതി വഷളായപ്പോള്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍


  ബാറുകളില്‍ ഇരുന്ന് കുടിക്കാം; സര്‍ട്ടിഫിക്കറ്റില്ലാതെ പുറത്തിറങ്ങാം; ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍ കുളങ്ങളും തുറക്കാം; കേരളം തുറക്കുന്നു


  അഫ്ഗാന്‍ ഭീകരരുടെ മണ്ണാക്കി മാറ്റാനാവില്ല; സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണം; ഭീകരവാദം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി; ആഞ്ഞടിച്ച് മോദി


  "തീവ്രവാദത്തെ ആയുധമാക്കുന്നവര്‍ക്കും അത് ഭീഷണിയായേക്കും": ചൈനയ്ക്കും പാകിസ്ഥാനും മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയില്‍ നരേന്ദ്രമോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.