×
login
ഒട്ടനവധി കൗശലക്കാരായ സാമ്പത്തിക വിദഗ്ദ്ധരുള്ളതാണ് ഭാരതത്തിന്റെ പ്രശ്‌നം ; ആഭിജാതവര്‍ഗം തിരിച്ചടി നേരിടാന്‍ തുടങ്ങി

കുറച്ച് മിടുക്കന്മാര്‍ക്ക് നമ്മുടെയെല്ലാം ജീവിതത്തെ നമ്മളെക്കാള്‍ നന്നായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നാണ് രഘുറാം രാജനെപോലുള്ളവരുടെ ചിന്ത. പ്ലാനിങ് കമ്മീഷന്‍ ആരംഭിക്കുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മനസ്സിലും ഇതേ ആശയമായിരുന്നു. പക്ഷേ . അത്തരം ചിന്ത വെച്ചു പുലര്‍ത്തുന്ന ആഭിജാതവര്‍ഗം തിരിച്ചടി നേരിടാന്‍ തുടങ്ങിയിരിക്കുന്നു. വിഖ്യാത ടെക്‌നോക്രാറ്റും കോളമിസ്റ്റുമായ രാജീവ് ശ്രീനിവാസന്‍ വിലയിരുത്തുന്നു.

Reghuram Rajn

ലോകമെമ്പാടും പല വിപ്ലവങ്ങളും അരങ്ങേറുന്നുണ്ട്. ഏറെ പഴക്കമുള്ളതും കൊട്ടിഘോഷിക്കപ്പെട്ടതുമായ പലതും പൊള്ളയാണെന്നും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.  ബ്രെക്‌സിറ്റ്, രഘുറാം രാജന്റെ വിരമിക്കലിലേക്ക് നയിച്ച അഭിപ്രായപ്രകടനങ്ങള്‍, ഡൊണാള്‍ഡ് ട്രംപിന് ലഭിച്ച വര്‍ധിത പിന്തുണ, എന്തിന് നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ടതുപോലും മേല്‍ സൂചിപ്പിച്ച അഭിപ്രായത്തെ സാധൂകരിക്കുന്നു.

ഈ സംഭവങ്ങളെല്ലാം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇവയെല്ലാം പംക്തികാരന്‍മാര്‍ക്കും രാഷ്ട്രീയ പണ്ഡിതന്മാര്‍ക്കുമൊക്കെ ഞെട്ടലുണ്ടാക്കി. നല്ല ഉദാഹരണം പറയാം. പരക്കെ വായിക്കപ്പെടുന്ന ബ്രിട്ടീഷ് മാസികയായ 'ദി ഇക്കണോമിസ്റ്റ്', 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിക്കാണ് സാധ്യത കല്‍പ്പിച്ചത്. അതേ മാസിക ബ്രെക്‌സിറ്റിന് എതിരായ പ്രചാരണത്തിന് പിന്തുണ നല്‍കി. അവര്‍ ഹിലരി ക്ലിന്റനുള്ള ശക്തമായ പിന്തുണ നല്‍കി.  പ്രശ്‌നമെന്താണെന്നുവച്ചാല്‍ ഓരോ തവണയും അവര്‍ തോറ്റു.

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? അടിസ്ഥാപരമായി ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ ലോകത്തിന്റെ എല്ലാ ഭാഗത്തും, എക്കാലത്തും സംവാദങ്ങളില്‍ മുന്‍കൈ നേടിയിരുന്ന ആഭിജാതവര്‍ഗത്തോട് സാധാരണ പൗരന്‍ മുഖംതിരിച്ചു. ഈ ആഭിജാത വര്‍ഗ്ഗക്കാര്‍,  ഉന്നതവിദ്യാഭ്യാസം നേടിയവര്‍, സമ്പന്നര്‍ എന്നും മറ്റുള്ളവര്‍ ഏതുവഴിക്കേ ചിന്തിക്കാവൂവെന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ടേയിരുന്നു. പാവം പൊതുജനം ഇത്തരക്കാരുടെ ഉന്നത ബിരുദങ്ങളും യോഗ്യതാ പത്രങ്ങളും ഒക്കെകണ്ട് അവര്‍ പറയുന്നതുതന്നെ ശരിയെന്നു ധരിച്ച് അവര്‍ക്ക് പുറകെ പോയിരുന്നു. തങ്ങളുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും ആഭിജാതവര്‍ഗം പറയുന്നതുപോലെ ആക്കുകയും ചെയ്തു.

പക്ഷേ ആ കാലമൊക്കെ കഴിഞ്ഞു. ആഭിജാതവര്‍ഗം തിരിച്ചടി നേരിടാന്‍ തുടങ്ങിയിരിക്കുന്നു.

സമൂഹത്തില്‍ സ്വയം ഉന്നതരെന്നു ധരിക്കുന്ന ഇവര്‍ക്ക് പേരുകള്‍ പലതാണ്. അവര്‍ ധരിക്കുന്നതിനപ്പുറമുള്ളതെല്ലാം അവരെ സംബന്ധിച്ചിടത്തോളം  വെറും സങ്കുചിതമാണ്. അവര്‍ക്ക് കൂറ് അവരോടു മാത്രമാണുതാനും.

 'മതേതരവാദി', 'പുരോഗമനവാദി',  'ഉദാരമതി

അമേരിക്കയില്‍ ഇത്തരക്കാരുടെ സംഘത്തെ 'ഡീപ് സ്റ്റേറ്റ്' എന്നാണു വിളിക്കുന്നത്. വ്യവസായം, സൈന്യം, മാധ്യമം, പള്ളി, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരെല്ലാം ചേര്‍ന്നതാണ് ഈ ഡീപ് സ്റ്റേറ്റ്. ഭാരതത്തില്‍ ഇത്തരക്കാര്‍ 'മതേതരവാദി', 'പുരോഗമനവാദി',  'ഉദാരമതി' എന്നിങ്ങനെയുള്ള പട്ടങ്ങള്‍ സ്വയം എടുത്തണിയുന്നു. എന്നാലോ വസ്തുതയെന്താണ്? അവര്‍ മതേതരവാദികളല്ല. അവര്‍ പുരോഗമനവാദികളല്ല. അവര്‍ ലിബറലുകളുമല്ല. യൂറോപ്പിലെ ഒരു പഴയ ഫലിതമുണ്ട്-യൂറോപ്പിന്റെ പരിശുദ്ധ റോമന്‍ സാമ്രാജ്യം പരിശുദ്ധവുമല്ല റോമനുമല്ല, എന്തിന് സാമ്രാജ്യം പോലുമല്ല.

ലിബറല്‍ എന്നതിന്റെ നിഘണ്ടുവിലെ അര്‍ത്ഥം ഇങ്ങനെയാണ്. ''സ്വാഭിപ്രായങ്ങളില്‍ നിന്നും വ്യത്യസ്തമായതിനെയും സ്വീകരിക്കുവാനും ആദരിക്കുവാനുമുള്ള കഴിവ്,'' അതായത് ലിബറലുകള്‍ വളരെ തുറന്ന മനസ്സുള്ളവരും സൈദ്ധാന്തിക കെട്ടുപാടില്ലാത്തവരുമാണെന്നു പറയാം. മലയാളത്തില്‍ ഇവരെ ഉത്പതിഷ്ണു, ഉദാരമതി, മഹാമനസ്‌കന്‍, പുരോഗമനവാദി എന്നൊക്കെ വിളിക്കാം.

അതുപോലെ തന്നെയുള്ള വേറെയൊരു പദമാണ് 'നിയോ ലിബറല്‍'. ഇതുകൊണ്ടുദ്ദേശിക്കുന്നത് ഉല്‍പ്പാദനത്തിനുമേല്‍ സ്വകാര്യ മേഖലയ്ക്ക് മേല്‍കൈയുള്ള സാമ്പത്തിക വ്യവസ്ഥയെയാണ്. മെച്ചപ്പെട്ട സാധനങ്ങളും സേവനങ്ങളും നല്‍കുന്നതില്‍ പരാജയപ്പെടുന്ന പൊതുമേഖലയുള്ള ഭാരതത്തില്‍ ഈ പദവും ആകര്‍ഷകമായി അനുഭവപ്പെടാം. വാര്‍ത്താവിനിമയ സൗകര്യങ്ങളും, ആഭ്യന്തര വ്യോമയാന മേഖലയും സ്വകാര്യവത്ക്കരണത്തോടെ എത്രമാത്രം മെച്ചപ്പെട്ടു എന്നത് നാം കണ്‍മുന്നില്‍ കണ്ടതുമാണ്. നിയോ ലിബറലിസം കുറച്ചുകൂടി കടന്ന് ആഗോളവത്കരണത്തിനനുകൂലമായി അഭിപ്രായം രൂപീകരിക്കുകയും ചെയ്യുന്നു.

പക്ഷേ ഒരു പ്രശ്‌നമുണ്ട്. ലിബറലുകള്‍ ആ വാക്കിന്റെ അര്‍ത്ഥത്തിന് കടകവിരുദ്ധമായാണ് മിക്ക രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നത്. അവര്‍ സങ്കുചിത മനസ്സുള്ളവരായി മാറിയിരിക്കുന്നു. തങ്ങളുടെ  അഭിപ്രായങ്ങള്‍ മാത്രം ശരിയെന്ന് വിശ്വസിക്കുന്ന അവര്‍ അങ്ങേയറ്റം മൗലികവാദികളായി മാറിയിരിക്കുന്നു. മിക്ക രാജ്യങ്ങളിലും സര്‍വകലാശാലകള്‍ ഇവരുടെ കരങ്ങളിലാണ്. അവരുടെതില്‍നിന്നും ഭിന്നമായ അഭിപ്രായമുള്ളവരെ ഒറ്റപ്പെടുത്തുകയും കൂട്ടത്തില്‍നിന്നും പുറത്താക്കുകയും ചെയ്യുക എന്നതാണവരുടെ നയം. ഈ വസ്തുത മാധ്യമരംഗത്തും ദൃശ്യമാണ്.

ഈ അസുഖം വളരെ പ്രകടമായി കാണപ്പെടുന്ന രാജ്യമാണ് ഭാരതം. ഇവിടെ ലിബറലുകള്‍ ലിബറലുകളല്ലാതായി മാറുന്നു. മതേതരവാദികള്‍ ചില പ്രത്യേക മതങ്ങളെ മാത്രം പിന്തുണക്കുന്നവരായി മാറുന്നു. പുരോഗമന വാദികള്‍ നേരെമറിച്ചുള്ള പ്രവര്‍ത്തനം ചെയ്യുന്നവരായി മാറുന്നു.

അക്കാദമിക് മേഖലയില്‍ കാര്യങ്ങള്‍ കുറെക്കൂടി രസകരമാണ്. ലിബറല്‍ മുഖംമൂടി അണിയാത്ത ഒരാള്‍ക്ക് അവിടെ പ്രൊഫസറാവാനേ കഴിയില്ല. ഞാന്‍ ഇത് നേരിട്ടനുഭവിച്ചിട്ടുണ്ട്. ഞാന്‍ കണ്ട ഒരുവിധം പ്രൊഫസര്‍മാരെല്ലാം 'ലിബറല്‍' ആണ്. ഊണുകഴിക്കുന്നയിടങ്ങളില്‍ പോലും എനിക്ക് നിശ്ശബ്ദനായി ഇരിക്കേണ്ടി വന്നിട്ടുണ്ട്. കാരണം പ്രതികൂല അഭിപ്രായങ്ങളെ അവരൊന്നും സ്വാഗതം ചെയ്യില്ല.  

ലിബറല്‍ വേഷധാരികള്‍  ഇടതുപക്ഷക്കാരാണ്. ഭാരതത്തില്‍ അവര്‍ ഫാസിസ്റ്റുകളുമാണ്

മിക്കയിടങ്ങളിലും ഈ ലിബറല്‍ വേഷധാരികള്‍ യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷക്കാരാണ്. ഭാരതത്തില്‍ അവര്‍ ഫാസിസ്റ്റുകളുമാണ്. നമുക്ക് അവരെ സ്റ്റാലിനിസ്റ്റുകളെന്നു വിളിക്കാം. അതായത് ഇന്ത്യന്‍ ലിബറലുകള്‍ സ്റ്റാലിനിസ്റ്റുകളാണ് എന്നര്‍ത്ഥം. ഞാന്‍ ഒരു ഉദാഹരണം പറയാം. 20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ  ഇന്ത്യന്‍ എഴുത്തുകാരനായിരുന്നു ഒ.വി. വിജയന്‍. ശരിക്കും ബുദ്ധിജീവി. പക്ഷേ അദ്ദേഹത്തിന് ജ്ഞാനപീഠം നിഷേധിക്കപ്പെട്ടു? കാരണം ജീവിതാരംഭത്തില്‍ ഇടതുപക്ഷ സഹയാത്രികനാകുകയും പിന്നീട് ഇടതുപക്ഷത്തോട് വിടപറയുകയും ചെയ്തതാണ് അദ്ദേഹം ചെയ്ത പാതകം!

എന്തുകൊണ്ടാണ് ലിബറലുകള്‍ ഇങ്ങനെ? ജോനാഥന്‍ ഹെയ്ത എന്ന അമേരിക്കന്‍ ചിന്തകന്‍ തന്റെ ഒരു പുസ്തകത്തില്‍ ആറ് മൂല്യങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്-സ്‌നേഹം, സുതാര്യത, അടിച്ചമര്‍ത്തലിനെതിരെ പൊരുതാനുള്ള അഭിവാഞ്ഛ, കൂറ,് അധികാരസ്ഥാനത്തോടുള്ള ആദരവ്, ശ്രേഷ്ഠമായ സങ്കല്‍പ്പം.

ഹെയ്ത്തിന്റെ അഭിപ്രായത്തില്‍ 'ലിബറലു'കള്‍ക്ക് അവസാനത്തെ മൂന്നു കാര്യങ്ങള്‍ മനസ്സിലാകുകയേ ഇല്ല. എന്നാല്‍ യാഥാസ്ഥിതികള്‍ എന്നു നാം വിളിക്കുന്നവര്‍ക്ക് ആറ് വസ്തുതകളും ഉള്‍ക്കൊള്ളാന്‍ കഴിയും. ലിബറലുകള്‍ക്ക് വ്യക്തിപരമായ കാര്യങ്ങളോടെ താല്‍പ്പര്യമുള്ളൂ. ഒരു സംഘത്തിനുവേണ്ടി, അത് കുടുംബമാകട്ടെ സമൂഹമാകട്ടെ രാജ്യമാകട്ടെ വ്യക്തിപരമായത് എന്തെങ്കിലും ത്യജിക്കുക എന്നത് അവര്‍ക്ക് ചിന്തിക്കാനേ കഴിയാറില്ല. സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കുവേണ്ടി വ്യക്തിപരമായ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നത് അംഗീകരിക്കാനേ അവര്‍ക്ക് കഴിയില്ല. അവര്‍ മിക്കപ്പോഴും അരാജകവാദികളാകും. ഒന്നിനെയും പവിത്രമെന്നോ ഉദാത്തമെന്നോ കരുതാന്‍ അവര്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ ദേശീയത എന്നത് അവര്‍ക്ക് ഒട്ടും താല്‍പ്പര്യമില്ലാത്ത ഒന്നാണ്.

വ്യക്തിക്ക് അമിതപ്രാധാന്യം കല്‍പ്പിക്കുന്ന പടിഞ്ഞാറന്‍ സമൂഹങ്ങളിലാണ് ലിബറലിസം കൂടുതല്‍ പ്രസ്‌കതമാകുന്നത്. ഏഷ്യയില്‍ പ്രത്യേകിച്ചും പൂര്‍വഏഷ്യയില്‍ വ്യക്തിയും കുടുംബവും സമൂഹവുമായുള്ള നാഭീനാളബന്ധം കൂടുതല്‍ ശക്തമാണ്. ഇത്തരം സമൂഹങ്ങളില്‍ വ്യക്തി ഒരുപരിധിവരെ അടിച്ചമര്‍ത്തപ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ അതുകൊണ്ടുതന്നെ 'ലിബറലിസം' അനുയോജ്യമല്ല. കുറെക്കൂടി കടത്തിപ്പറഞ്ഞാല്‍ വ്യാവസായിക സമൂഹത്തിലേ 'ലിബറലു'കള്‍ അനുയോജ്യമാകൂ. വ്യാവസായമൊക്കെ പുഷ്ടിപ്പെട്ട് പുരോഗമിച്ച സമൂഹത്തില്‍ ആവശ്യം കുറെക്കൂടി തുറന്ന മനസ്സും ഉന്നത ചിന്തകളും ഉള്ളവരെയാണ്, ലിബറല്‍ കാഴ്ചപ്പാടാണ് ഇത്. വെറും സിദ്ധാന്തമല്ല.

നിയോ ലിബറലിസത്തിന്റെ പേരില്‍ പൊതുമുതല്‍ സ്വകാര്യമേഖലക്ക് കാഴ്ചവെക്കപ്പെടുന്നു. വിശേഷിച്ചും ബഹുരാഷ്ട്ര കമ്പനികള്‍ക്ക്. ഭാരതത്തില്‍ നാം കണ്ടതാണ്, സ്വകാര്യ വിമാനകമ്പനികളെ സഹായിക്കാന്‍ കോണ്‍ഗ്രസ് എയര്‍ ഇന്ത്യയെ എങ്ങനെയൊക്കെയാണ് നശിപ്പിക്കാന്‍ ശ്രമിച്ചതെന്ന്. 2ജി അഴിമതിയും നാം കണ്ടു. സ്‌പെക്ട്രം ചുളുവിലയ്ക്ക് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഏതറ്റംവരെപോയെന്നും നമുക്കറിയാം.


നിയോ ലിബറലുകളെയും സംശയത്തോടെ മാത്രമേ  കാണാനാകൂ.  

കേരളത്തിലും നാം കണ്ടു. പശ്ചിമഘട്ടത്തിലെ നിബിഡവനങ്ങള്‍, നെല്‍വയലുകള്‍, നീര്‍ത്തടങ്ങള്‍ എന്നിവ പിന്‍വാതിലിലൂടെ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. സ്വകാര്യമേഖലയിലെ സംരംഭകരെ ഇത്തരം നീക്കങ്ങള്‍ സമ്പന്നന്മാരാക്കിയിട്ടുണ്ടാകാം. പക്ഷേ പൊതുമുതലിനേറ്റത് തീരാനഷ്ടമാണ്. സാമ്പത്തിക തകര്‍ച്ചക്ക് ഇപ്പോഴുള്ള സര്‍ക്കാര്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റംപറയുന്നു. സത്യത്തില്‍ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും  കൈകള്‍ മലിനമാണ്. ശുദ്ധമായ ഹൈന്ദവ ബിംബങ്ങളെ, പ്രതീകങ്ങളെ തെറ്റായും അനധികൃതമായും അവതരിപ്പിക്കുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ക്ഷേത്ര കൊടിമരങ്ങള്‍, വിദ്യാരംഭചടങ്ങുകള്‍, ദക്ഷിണ, ശില്‍പ്പവിദ്യ, എന്തിന് കല്‍വിളക്കുപോലും സാംസ്‌കാരിക കൈയേറ്റത്തിനിരയാകുന്നു.

'ലിബറലു'കളുടെ മറ്റൊരു സംഭാവന അവകാശങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു സംസ്‌കാരം രൂപപ്പെടുത്തിയെടുത്തു എന്നതാണ്. എല്ലാവരും അവരവരുടെ അവകാശങ്ങളെക്കുറിച്ച് പൂര്‍ണബോധവാന്മാരാണ്. മാത്രവുമല്ല സര്‍ക്കാരില്‍നിന്ന് കൂടുതല്‍ കൂടുതല്‍ വീണ്ടും പ്രതീക്ഷിക്കുകയും ചെയ്യുന്നു. പക്ഷേ ഇവരൊന്നും കടമകളെക്കുറിച്ച് ചിന്തിക്കുന്നേയില്ല എന്നതാണ് രസം. അനിയന്ത്രിതമായ 'ലിബറലിസം' പിന്നാക്കാവസ്ഥയ്ക്കനുസരിച്ച് അവകാശങ്ങള്‍ നല്‍കണം എന്നു നിഷ്‌കര്‍ഷിക്കുന്നു. അതുകൊണ്ട് എല്ലാവരും തങ്ങള്‍ക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്ന് വാദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആരും സ്വയമേവ അധ്വാനിച്ച് പരിതസ്ഥിതി മെച്ചപ്പെടുത്താന്‍ തയ്യാറല്ലാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നു.

ഇന്ന് ശ്രീനാരായണഗുരു കേരളത്തില്‍ എത്തുകയാണെങ്കില്‍ അദ്ദേഹത്തെക്കുറിച്ച് വലിയ വായില്‍ പ്രസംഗിക്കുന്ന 'ലിബറലു'കള്‍ ചെയ്യുന്ന കാര്യങ്ങള്‍ കണ്ട് അദ്ദേഹം തീര്‍ച്ചയായും ഞെട്ടും. ഈയിടെ കേരള നിയമസഭയില്‍ നടന്ന ബജറ്റ് പ്രസംഗത്തില്‍ ചുരുങ്ങിയത് ആറ് ഗുരുവചനങ്ങളെങ്കിലും ഉദ്ധരിച്ചിട്ടുണ്ടാകും. ''വിദ്യകൊണ്ട് പ്രബുദ്ധരാകുക.  സംഘടിച്ച് ശക്തരാകുക'' എന്ന ഗുരുവിന്റെ ആഹ്വാനത്തെ അട്ടിമറിച്ചവരാണ് 'ലിബറലുകള്‍'. വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ നിലയിലാക്കി. സംഘടന കാര്യലാഭത്തിനുവേണ്ടിയുള്ളതാക്കി നോക്കുകൂലി പോലെയുള്ളവ ആവിഷ്‌കരിച്ചതും 'ലിബറലു'കളാണ്. കേരള നവോത്ഥാനത്തിനു നേതൃത്വം നല്‍കിയ മൂന്നു മഹാരഥന്മാരാണ് ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരു, മഹാത്മാ അയ്യങ്കാളി എന്നിവര്‍. 'ലിബറലു'-കള്‍ തങ്ങളുടെ നാടിനെ എവിടെയെത്തിച്ചു എന്നുകാണുമ്പോള്‍ ഇവര്‍ക്കു ഞെട്ടലുണ്ടാകും, തീര്‍ച്ച.

അതുകൊണ്ട്, ലിബറലുകളെയും നിയോ ലിബറലുകളെയും സംശയത്തോടെ മാത്രമേ നമുക്ക് കാണാനാകൂ. മനോഹരമായ ഒരു പദത്തെ ഇത്രമാത്രം വികൃതവത്കരിച്ചു എന്നത് തീര്‍ത്തും വേദനാജനകമാണ്.

രഘുറാം രാജന്‍  നിയോ ലിബറലുകളുടെ കൂട്ടത്തില്‍പ്പെട്ട ആളാണ്

ഇതുവരെ പറഞ്ഞതിനൊക്കെ ബ്രെക്‌സിറ്റ്, റെക്‌സിറ്റ്, ട്രംപ് എന്നതുമായി എന്തുബന്ധം എന്ന് ചോദിച്ചേക്കാം. ഉത്തരം വളരെ ലളിതമാണ്. സാധാരണക്കാരന്‍ ലിബറലിന്റെ കള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞു. ലിബറല്‍ നല്‍കുന്ന ഉപദേശങ്ങള്‍ക്ക് അവന്‍ പുല്ലുവില കല്‍പ്പിക്കാതെ ദൂരെയെറിഞ്ഞു. രഘുറാം രാജന്‍ കഴിവുള്ള ആളാണ്. പക്ഷേ, ഐഎംഎഫിന്റെ പഴയ സാമ്പത്തിക വിദഗ്ദ്ധന്‍ എന്ന നിലക്ക് അദ്ദേഹം നിയോ ലിബറലുകളുടെ കൂട്ടത്തില്‍പ്പെട്ട ആളുമാണ്. അദ്ദേഹത്തിന്റെ ലോകവീക്ഷണം അമേരിക്കന്‍ സാഹചര്യവുമായാണ് കൂടുതല്‍ ഇണങ്ങുന്നത്. 20 വര്‍ഷത്തോളം അമേരിക്കയില്‍ ജീവിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് പറയാനാകും, ഒരു കാര്യം ഉറപ്പിച്ചു പറയാനാകും. നിങ്ങള്‍ അവിടെ ഒരിക്കലെങ്കിലും ജീവിച്ചാല്‍  പിന്നെ അമേരിക്കന്‍ മാര്‍ഗം മാത്രമാണ് ശരി എന്നു നിങ്ങള്‍ തീര്‍ച്ചയാക്കും. 1989 ല്‍ അമേരിക്കന്‍ ചിന്തകനായ ഫ്രാന്‍സിസ് ഫുകുയാമ 'ചരിത്രത്തിന്റെ അന്ത്യം' എന്ന പുസ്തകം തന്നെ എഴുതി. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ജനാധിപത്യം, സ്വതന്ത്ര വിപണി, ആഗോളവത്കരണം എന്നിവ വലിയ വിജയം നേടിയെന്ന് അതില്‍ അദ്ദേഹം പറഞ്ഞു.

ഇതേ ചിന്താഗതിയൊക്കെ തന്നെയാണ് രഘുറാം രാജനെയും മുന്നോട്ടു നയിക്കുന്നത്. കുറച്ച് മിടുക്കന്മാര്‍ക്ക് നമ്മുടെയെല്ലാം ജീവിതത്തെ നമ്മളെക്കാള്‍ നന്നായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് അദ്ദേഹത്തെപ്പോലുള്ളവര്‍ കരുതുന്നു. പ്ലാനിങ് കമ്മീഷന്‍ സമാരംഭിക്കുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മനസ്സിലും ഇതേ ആശയമായിരുന്നു ഉണ്ടായിരുന്നത്. പ്ലാനിങ് കമ്മീഷന് മൊത്തം സമ്പദ്‌വ്യവസ്ഥയെയും നിയന്ത്രിക്കാനാകുമെന്ന് അദ്ദേഹം കരുതി. പക്ഷേ അതൊരു ഭീമാബദ്ധമായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക് അവരുടെ കുറിപ്പടികള്‍ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് അറിയാന്‍ വലിയ ധാരണയൊന്നുമില്ല. പ്രഗത്ഭ സാമ്പത്തിക ശാസ്ത്രജ്ഞനായ ജഗദീഷ് ഭഗവതി ഒരിക്കല്‍ പറഞ്ഞത് ഒട്ടനവധി കൗശലക്കാരായ സാമ്പത്തിക വിദഗ്ദ്ധരുള്ളതാണ് ഭാരതത്തിന്റെ പ്രശ്‌നം എന്നാണ്.

ആഭിജാതവര്‍ഗം തിരിച്ചടി നേരിടാന്‍ തുടങ്ങി

യൂറോപ്യന്‍ യൂണിയനിലെ ആഭിജാതരായ ഉദ്യോഗസ്ഥവര്‍ഗം തങ്ങളോട് എന്തുചെയ്യാനാണ് പ്രേരിപ്പിക്കുന്നത് എന്ന് സാധാരണക്കാരന് മനസ്സിലായി. യൂറോപ്പിന്റെ ഭാഗമായി നില്‍ക്കുന്നതുകൊണ്ട് അവര്‍ക്ക് ഒരുപാട് അനുഭവിക്കേണ്ടിവന്നിരുന്നു. ധാരാളം ഘടകങ്ങളുണ്ടായിരുന്നു. കുടിയേറ്റം, ആഗോളവത്കരണം, ഉദാരവത്കരണം, സ്ത്രീപക്ഷവാദം ഇങ്ങനെ പലതും. അനിയന്ത്രിതമായ കുടിയേറ്റം ജര്‍മനിയില്‍ മുസ്ലിം അഭയാര്‍ത്ഥികളുടെ കുടിയേറ്റം സൃഷ്ടിച്ചതുപോലെ തങ്ങളുടെ ദേശത്തും പ്രശ്‌നങ്ങളുണ്ടാക്കുമോ എന്ന് ആശങ്കയുണ്ടായി. അവകാശങ്ങളും ആനുകൂല്യങ്ങളും അപ്രത്യക്ഷമാക്കി. പ്രത്യേകിച്ച് നല്ല ശമ്പളം ലഭിച്ചിരുന്ന നിര്‍മാണ ജോലികള്‍. സ്വവര്‍ഗാനുരാഗികള്‍, സ്ത്രീകള്‍, ന്യൂനപക്ഷമതങ്ങളില്‍പ്പെട്ടവര്‍ എന്നിവരുടെയെല്ലാം അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ 'ലിബറലു'കളെ കാണാം. ഒരുതരത്തില്‍ ഇത് സ്വാഗതാര്‍ഹമാണ്. കാരണം ജൂത-ക്രിസ്ത്യന്‍ മൂല്യങ്ങള്‍ വച്ചുപുലര്‍ത്തുന്ന ബ്രിട്ടീഷുകാര്‍ സ്വവര്‍ഗാനുരാഗികളോടും ഭിന്നലിംഗക്കാരോടും അബ്രഹാമിക് മതത്തിനു പുറത്തുള്ളവരോടും വെള്ളക്കാരോടല്ലാത്തവരോടും വളരെ മോശമായാണ് പെരുമാറിയിരുന്നത്. നമുക്ക് ഇത് മനസ്സിലാക്കാന്‍ വിഷമമാണ്. കാരണം നമ്മുടെ സംസ്‌കൃതി മേല്‍പ്പറഞ്ഞ ഗണത്തിലുള്ളവരോടെല്ലാം എന്നും സഹിഷ്ണുതയുടെ ഭാഷയില്‍ മാത്രമേ ഇടപെട്ടിട്ടുള്ളൂ. പക്ഷേ ബ്രിട്ടനിലെ സാധാരണക്കാരിയെയോ സാധാരണക്കാരനെയോ സംബന്ധിച്ച് ഈ സാംസ്‌കാരിക യുദ്ധങ്ങള്‍ എതിര്‍ക്കപ്പെടേണ്ട ഒന്നാണ്.

ഡൊണാള്‍ഡ് ട്രംപിനു കിട്ടിക്കൊണ്ടിരിക്കുന്ന വര്‍ധിച്ചുവരുന്ന പിന്തുണയും ഇതൊക്കെതന്നെയാണ് സൂചിപ്പിക്കുന്നത്. ആഭിജാത വര്‍ഗത്തിന്റെ പ്രസംഗത്തിലെ പൊള്ളത്തരം ആളുകള്‍ക്ക് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും തങ്ങളുടെ നികുതിപ്പണത്തില്‍ കൈയിട്ടുവാരിയവരെ പൊതുജനം തിരിച്ചറിഞ്ഞിരിക്കുന്നു. സാമ്പത്തികസ്ഥിതിയിലുള്ള അന്തരം മാനംമുട്ടെ ഉയരുന്നതും അവര്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ദേശീയ സമ്പത്തിന്റെ സിംഹഭാഗവും ഒരുവിഭാഗം കൈയടക്കിവച്ചിരിക്കുന്നു. സാധാരണക്കാരന് വളരെ കുറഞ്ഞ വരുമാനം, റോഡുകളും പാലങ്ങളുമൊക്കെ തകര്‍ന്നിരിക്കുന്ന ഭൗതിക അവസ്ഥയും അവരെ നിരാശരാക്കിയിരിക്കുന്നു. ഇതേ ആഭിജാത വര്‍ഗം അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇറാഖിലുമൊക്കെ യുദ്ധം നടത്തേണ്ട ആവശ്യകതയെക്കുറിച്ചും അതിനുവരുന്ന ഭീമമായ ചെലവിനെക്കുറിച്ചും സാധാരണക്കാരോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ യുദ്ധം വിജയത്തോടടുക്കുകയാണെന്ന് അവര്‍ സാധാരണക്കാരനെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ സത്യമെന്താണ്? ഭീകരവാദം അമേരിക്കയെ തന്നെ വിഴുങ്ങാന്‍ പാകത്തില്‍ വളര്‍ന്നിരിക്കുന്നു.

ഹിലരി ക്ലിന്റണും അവരുടെ ഭര്‍ത്താവും മാതൃകാ ലിബറലുകളാണ്. ഇവര്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച ഡീപ് സ്റ്റേറ്റില്‍പ്പെടുന്നവരാണ്. ഇവരുടെ കള്ളങ്ങള്‍ ജനത്തിന് മടുത്തിരിക്കുന്നു. ഹിലരിക്കെതിരെയുള്ള ബെര്‍നി സാന്‍ഡേഴ്‌സിന്റെ കുതിപ്പിന് ചാലകശക്തിയായതും സാധാരണക്കാരന്റെ ലിബറലുകളോടുള്ള കോപമാണ്. യുവജനങ്ങള്‍ ഹിലാരിക്ക് പിന്തുണ നല്‍കാന്‍  തയ്യാറായില്ല .സാധാരണക്കാരന്റെ ആഭിജാത വര്‍ഗത്തിനെതിരെയുള്ള വികാരമാകും ഡൊണാള്‍ഡ് ട്രംപിനെ അധികാരസോപാനത്തിലേക്കെത്തിച്ചതും

നീ എന്റെ പുറം ചൊറിയൂ, ഞാന്‍ നിന്റെ പുറം ചൊറിയാം

ഭാരതത്തിലും ബിജെപിക്കനുകൂലമായ രാഷ്ട്രീയമാറ്റം സൃഷ്ടിച്ചത് സാധാരണക്കാരന്റെ ഇതേ വികാരമാണ്. ദല്‍ഹിയിലെ പഴയ ലുട്ട്യന്‍സ് സംസ്‌കാരത്തിനു പുറത്തുള്ള ആളായിട്ടാണ് സാധാരണക്കാരന്‍ നരേന്ദ്രമോദിയെ കാണുന്നത്. ''നീ എന്റെ പുറം ചൊറിയൂ, ഞാന്‍ നിന്റെ പുറം ചൊറിയാം'' എന്ന ദല്‍ഹി സംസ്‌കാരം ജനത്തിനുമടുത്തിരിക്കുന്നു. ബ്രിട്ടനിലേയും അമേരിക്കയിലെയും പോലെ  തങ്ങളെ അടിച്ചമര്‍ത്തിവച്ച ലിബറലുകളോടുള്ള രോഷം സമ്മതിദാനത്തിലൂടെ സാധാരണക്കാരന്‍ പ്രകടമാക്കിയിരിക്കുന്നു. മധ്യവര്‍ഗത്തെ സംബന്ധിച്ചിടത്തോളം ഇവിടത്തെ എല്ലാം സംവിധാനങ്ങളും- മാധ്യമം, സര്‍വകലാശാലകള്‍, സംഘടിത മതങ്ങള്‍, നീതിന്യായ സംവിധാനം എല്ലാം അവര്‍ക്കെതിരായിരുന്നു. അവര്‍ എല്ലാ രീതിയിലും കടുത്ത വിവേചനമനുഭവിക്കുകയായിരുന്നു. ഭരണഘടനതന്നെ വിവേചനത്തെ പ്രോത്സാഹിപ്പിക്കുകയാണോയെന്ന വികാരം പൊതുവെ ഉയര്‍ന്നിരുന്നു. കാരണം അനുഛേദം 25 മുതല്‍ 30 വരെയുള്ളവ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹിക്കുന്നതിലധികം ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പല ഭേദഗതികളും, ആര്‍ടിഇ (റൈറ്റ് ടു എഡ്യൂക്കേഷന്‍) അടക്കം ഹിന്ദുക്കള്‍ക്കെതിരായതുപോലെ തോന്നിയിരുന്നു.

ചുരുക്കത്തില്‍ 'ലിബറലുകളും', 'ഡീപ്പ് സ്റ്റേറ്റും' ഭാരതത്തില്‍ അപ്രസക്തമാകുകയാണ്. കാലത്തിന്റെ കുപ്പത്തൊട്ടിയിലേക്ക് സ്വയം വലിച്ചെറിയപ്പെടാതിരിക്കണമെങ്കില്‍ ഇനിയെങ്കിലും അവര്‍ 'നിസ്സാരന്മാരായ ജന'ത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങണം.

രാജീവ് ശ്രീനിവാസന്‍

(വിഖ്യാത ടെക്‌നോക്രാറ്റും കോളമിസ്റ്റുമാണ് ലേഖകന്‍)

 

  comment

  LATEST NEWS


  കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥി


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.