×
login
രാഷ്ട്രീയ സ്വയംസേവക സംഘം‍; ദേശീയ ദൗത്യം നിറവേറുകയാണ്

രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തനം തുടങ്ങിയിട്ട് വിജയദശമി ദിവസം 96 വര്‍ഷം പൂര്‍ത്തിയാകുന്നു. ലോകം ആഗോളഗ്രാമമായി മാറുമ്പോഴും ദേശീയത എന്ന വികാരം പല നാടുകളിലും തിരിച്ചുവരവ് നടത്തുകയാണ്. ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന സംഘവും ഇന്ന് ആഗോളപ്രസ്ഥാനമാണ്.

RSS Sanghachalak Dr. Mohan ji Bhagavat paid floral tributes to Dr Hedgever ji at Smrithi Mandir, Nagpur ahead of Vijayadashami Message .

മുതിര്‍ന്ന സംഘ പ്രചാരകനും പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകനും ചിന്തകനുമായ ജെ. നന്ദകുമാറുമായി എസ്. സന്ദീപ്  നടത്തിയ അഭിമുഖം

സംഘപ്രവര്‍ത്തനത്തെ ചരിത്രപരമായി എങ്ങനെ നോക്കിക്കാണുന്നു?

ഭാരത ചരിത്രത്തിന്റെ അനിവാര്യമായ പരിണാമമാണ് രാഷ്ട്രീയ സ്വയംസേവക സംഘം. സംഘത്തെ അങ്ങനെ നോക്കിക്കാണുന്നതാണ് കൂടുതല്‍ ശരി. സാധാരണ നിലയിലുള്ള മാമൂല്‍ സംഘടനകളെപ്പോലെ വിലയിരുത്തിയാല്‍ സംഘത്തെ തിരിച്ചറിയുക അസാധ്യമാണ്. ഭാരതീയ സമാജത്തെ മുഴുവനും സംഘടിപ്പിക്കുകയെന്ന ദൗത്യമാണ് സംഘം നിര്‍വഹിക്കുന്നത്. രാഷ്ട്രം നിലകൊള്ളുന്ന വിശിഷ്ടമായ മൂല്യങ്ങളിലേക്ക് സമാജത്തെ എത്തിക്കുകയും അടുപ്പിക്കുകയുമാണ് സംഘത്തിന്റെ ഉന്നതമായ ദൗത്യം. അത് നിലവിലുള്ള ഏതെങ്കിലും സാഹചര്യങ്ങളോടുള്ള പ്രതികരണമല്ല. രാഷ്ട്രത്തില്‍ സംഭവിക്കുന്ന അനിവാര്യമായ പരിണാമമാണ് സംഘമെന്ന് വിശേഷിപ്പിക്കാന്‍ കാരണം അതാണ്.  

പൂര്‍വ്വകാലത്തില്‍ ഭാരതം ലോകത്തിന് മുഴുവന്‍ വെളിച്ചം പകരുന്ന നാടായിരുന്നു. വൈദിക കാലത്തുണ്ടായിരുന്ന നമ്മുടെ പൂര്‍വ്വികര്‍ എല്ലാ അര്‍ത്ഥത്തിലും ഈശ്വരതുല്യരായിരുന്നു. ആ ദൈവികതയിലേക്കും പരമമായ സ്വാത്വിക ഭാവത്തിലേക്കും സമാജത്തെ മുഴുവന്‍ ഉയര്‍ത്തുകയെന്നതാണ് സംഘത്തിന്റെ ലക്ഷ്യം. അത്തരത്തില്‍ സമാജം എത്തിച്ചേര്‍ന്നാല്‍ മാത്രമേ രാഷ്ട്രത്തിന്റെ മുക്തി സാധ്യമാകൂ. അത് വെറും ഭരണതലത്തിലെ മാറ്റംകൊണ്ടോ താല്‍ക്കാലികമായ ഏതെങ്കിലും നേട്ടംകൊണ്ടോ ഉണ്ടാകില്ല. സാധാരണക്കാരില്‍ സാധാരണക്കാരായ ഭാരതീയരുടെ മനസ്സില്‍പോലും ദേശീയബോധത്തിന്റെ നിലവാരം ഉയര്‍ത്തണം. വിദ്യാസമ്പന്നരിലും, സാമൂഹ്യവും സാമ്പത്തികവുമായി മുന്നോക്കം നില്‍ക്കുന്നവരിലും ഉണ്ടാകുന്ന മാറ്റംകൊണ്ട് രാഷ്ട്രത്തിന് ചിരസ്ഥായിയായ പരിവര്‍ത്തനം ഉണ്ടാകില്ല. അതുകൊണ്ട് സംഘം ലക്ഷ്യംവയ്ക്കുന്നത് സാധാരണക്കാരില്‍ സാധാരണക്കാരായ, വരിയിലെ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവരുടെ ഉള്ളില്‍പ്പോലും ദേശീയബോധം സൃഷ്ടിക്കാനാണ്. നമ്മുടെ മുന്നിലുള്ള മാതൃക അതിപൂര്‍വ്വ കാലത്തെ സമര്‍ത്ഥവും സമ്പന്നവും സംഘടിതവുമായ സമൂഹമാണ്. ആ സമൂഹത്തിന്റെ പുനഃസൃഷ്ടിക്കായി മുന്നോട്ടുപോവുകയെന്നതാണ് സംഘത്തിന്റെ ദൗത്യം.

വിവരസാങ്കേതിക വിദ്യ ആഗോള ഗ്രാമത്തെ തന്നെ സൃഷ്ടിച്ചിരിക്കുന്ന ഇക്കാലത്ത് ദേശീയത എന്ന ആശയത്തിന്റെ പ്രസക്തി എന്താണ്?

വിവരസാങ്കേതിക വിദ്യകൊണ്ടുമാത്രമല്ല, മുന്‍കാലത്തുണ്ടായ എല്ലാ ശാസ്ത്ര നേട്ടങ്ങളും, അത് ഭൗതിക ശാസ്ത്രത്തിന്റെ മേഖലയിലാണെങ്കിലും മറ്റ് ഏത് ശാസ്ത്ര മേഖലയിലാണെങ്കിലും പുരോഗതി ഉണ്ടാക്കിക്കൊണ്ടേയിരുന്നു. ഈ കാലഘട്ടത്തിന്റെ മുഖമായി മാത്രം വിവരസാങ്കേതിക വിദ്യയെ കണ്ടാല്‍ മതി. ലോകം ആഗോള ഗ്രാമമായി മാറുമ്പോഴും ദേശീയത എന്ന ആശയത്തിന് പ്രസക്തി നഷ്ടപ്പെടുന്നില്ല. ഇപ്പോഴത്തെ പല ആഗോള സംഭവവികാസങ്ങളിലൂടെയും അക്കാര്യം മനസ്സിലാകുന്നുമുണ്ട്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന് വേറിട്ട് പോരാന്‍ തോന്നിയത്, ഒരുപക്ഷേ ഭാരതം മുന്നോട്ടുവെയ്ക്കുന്ന ദേശീയതാ സങ്കല്‍പ്പത്തെ നൂറുശതമാനം പിന്തുണയ്ക്കുന്നതായിരിക്കില്ല. എന്നാല്‍ വിവര സാങ്കേതിക വിദ്യ ഏറ്റവും കൂടുതല്‍ സ്വായത്തമാക്കിയ നാടുകളിലൊന്നായ ബ്രിട്ടന്‍ അവരുടെ ദേശീയതയിലേക്ക് തിരിച്ചുപോവുകയാണ്. ഇത് ബ്രിട്ടന്റെ മാത്രം സ്ഥിതിയല്ല. മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളിലെല്ലാം ഈ ദേശീയതാബോധം ശക്തിപ്പെടുകയാണ്. 'ബാക് റ്റു റൂട്ട്‌സ്' എന്ന വിചാരത്തിന് ശാസ്ത്രം തടസ്സമല്ല. എന്റെ നോട്ടത്തില്‍ ശാസ്ത്രംകൂടി അതിനെ പിന്തുണയ്ക്കുകയാണ്. യത്രവിശ്വം ഭവത്യേക നീഡം-മുഴുവന്‍ വിശ്വവും, ലോകം മാത്രമല്ല സമ്പൂര്‍ണ്ണ പ്രപഞ്ചവും ഒരു കിളിക്കൂടുപോലെയാണ് എന്നുപറഞ്ഞ പാരമ്പര്യമാണ് നമുക്ക്.  

മറ്റൊരു വശം, ഭാരതത്തിന്റെ ദേശീയതയും ദേശീയ കാഴ്ചപ്പാടുകളും ബലപ്പെടേണ്ടത് മുഴുവന്‍ ലോകത്തിനും വേണ്ടിയാണ്. കാരണം നമ്മള്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങള്‍ സമ്പൂര്‍ണ്ണ ജഗത്തിനെയും മുന്നില്‍കണ്ടുള്ളതാണ്. അത് നിലനില്‍ക്കുകയും വളരുകയും ചെയ്യണമെങ്കില്‍ ദേശീയത ശക്തിപ്പെടുകതന്നെ വേണം. ഇതു വേറെന്തെങ്കിലും ആയിത്തീര്‍ന്നാല്‍ തനത് മൂല്യങ്ങളും അക്കൂട്ടത്തില്‍ നഷ്ടമാകും. ദേശീയത അതേപടി നിലനിര്‍ത്തി, ആശയങ്ങളെയും മൂല്യങ്ങളെയും സംരക്ഷിച്ച് സമ്പൂര്‍ണ്ണ ലോകത്തിനും ഗുണകരമായ രീതിയില്‍ ഭാരതത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്.  

സംഘത്തെ സംബന്ധിക്കുന്ന യാഥാര്‍ത്ഥ്യവും പ്രതിച്ഛായയും തമ്മില്‍ വലിയ വിടവാണുള്ളത്. ഒരുവിഭാഗം മാധ്യമങ്ങളുടെ കുപ്രചാരണം അടക്കമുള്ള പ്രതികൂല അന്തരീക്ഷത്തെ എങ്ങനെ മറികടക്കും?  

ശരിയാണ്. കുറച്ചുകാലം മുമ്പുമുതല്‍ സംഘത്തിനെതിരായ പ്രചാരണം, ഔദ്യോഗികവും അനൗദ്യോഗികവുമായ പ്രചാരണ മാധ്യമങ്ങളും നിക്ഷിപ്ത താല്‍പ്പര്യങ്ങളുള്ള വ്യക്തികളും, സംഘത്തിന്റെ വളര്‍ച്ചയെ ഭയക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബോധപൂര്‍വ്വം നടത്തിയിട്ടുണ്ട്. ഏതു കള്ളവും നൂറുതവണ ആവര്‍ത്തിക്കുമ്പോള്‍ ശരിയെന്ന് തോന്നുന്ന ഒരു പ്രശ്‌നമുണ്ട്. അത് നമ്മുടെ നാട്ടിലെ ജനങ്ങളെയും ഒരുപരിധിവരെ ബാധിക്കുന്നുണ്ടാകാം. ജനങ്ങളെ ബോധവാന്മാരാക്കുക, സത്യമെന്തെന്ന് ബോധ്യപ്പെടുത്തുക. സംഘവും സംഘവുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളും അവരവരുടേതായ പ്രചാരണ, പ്രസിദ്ധീകരണ വിഭാഗങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടും സ്വന്തംനിലയ്ക്ക് മാധ്യമങ്ങളുമായുള്ള ബന്ധം വളര്‍ത്തിക്കൊണ്ടും ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുകയാണ്. വലിയൊരളവോളം ഫലം കണ്ടുതുടങ്ങിയിരിക്കുന്നു.  ജനങ്ങളുടെ ഇടയിലെ തെറ്റിദ്ധാരണ മാറിയിരിക്കുന്നു എന്നതിന് വളരെയേറെ തെളിവുകളുണ്ട്. സംഘത്തിലേക്ക് ഉന്നത സാങ്കേതിക വിദ്യാഭ്യാസമൊക്കെ നേടിയിട്ടുള്ള ചെറുപ്പക്കാരുടെ വലിയൊരു ഒഴുക്ക് ഇന്ന് കാണുന്നുണ്ട്. 'ജോയിന്‍ ആര്‍എസ്എസ്' പോലെ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രചാരണത്തിലൂടെ സംഘത്തില്‍ ചേരാനുള്ള ആളുകളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. ഇതു സൂചിപ്പിക്കുന്നത് ഉപരിപ്ലവമായ പ്രചാരണം രാഷ്ട്രീയക്കാരും മറ്റും നടത്തുന്നുണ്ടെങ്കിലും അടിത്തട്ടില്‍ ജനങ്ങള്‍ സത്യം തിരിച്ചറിയുന്നു എന്നുതന്നെയാണ്.

വിരുദ്ധപ്രചാരണത്തിന്റെ അപകടത്തെ സംഘം മനസ്സിലാക്കുന്നുണ്ട്. നിരന്തരമായ സംഘപ്രവര്‍ത്തനം അതിന്റെ തനിമയില്‍ നിന്നുകൊണ്ട് നടത്തുകവഴി വലിയൊരളവോളം ഈ തെറ്റിദ്ധാരണ മാറിവരുന്നുമുണ്ട്. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ സ്വന്തം മാധ്യമങ്ങളിലൂടെയും, മുഖ്യധാരാ മാധ്യമങ്ങളുമായുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതിലൂടെയും സംഘത്തിന്റെ പ്രയാണം തുടരുകയാണ്.

രാജ്യത്തെ കാമ്പസുകള്‍ പലതും ദേശവിരുദ്ധ ശക്തികള്‍ കയ്യടക്കി വെച്ചിരിക്കുകയാണല്ലോ. ചൈനയിലേതിന് സമാനമായ സാംസ്‌ക്കാരിക വിപ്ലവാന്തരീക്ഷം സൃഷ്ടിക്കലായി ഇതിനെ കാണുന്നുണ്ടോ?

രാജ്യത്തെ എല്ലാ കാമ്പസുകളും ദേശവിരുദ്ധ ശക്തികള്‍ കൈയടക്കിവെച്ചിരിക്കുകയാണെന്ന അഭിപ്രായത്തോട് യോജിപ്പില്ല. ശരിയാണ്, വളരെ കാലങ്ങളായി ആസൂത്രിതമായി ചില കൂട്ടര്‍ ഭാരതത്തെ തളര്‍ത്തണമെന്നും പിളര്‍ത്തണമെന്നും ആഗ്രഹിക്കുന്ന, രാഷ്ട്രം പലതാകണം എന്നാഗ്രഹിക്കുന്ന ചിലര്‍, ചില പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ കാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അേതാടൊപ്പം തന്നെ കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥി പരിഷത്ത് പോലുള്ള ദേശഭക്തരുടെ സംഘടനകളുടെ സ്വാധീനവും വര്‍ദ്ധിച്ചുവരുന്നു. മുന്നോട്ടുപോവുകതന്നെയാണ് നാം. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള മത്സരമുണ്ട്. എന്നാല്‍ പലപ്പോഴും സംഭവിക്കുന്നത് അത്രയൊന്നും ശക്തമല്ലെങ്കില്‍ക്കൂടി ദേശവിരുദ്ധ ശക്തികളുടെ ചെറിയ പരിപാടികള്‍പോലും മാധ്യമങ്ങള്‍ വലുതാക്കി ചിത്രീകരിച്ച് വാര്‍ത്താ പ്രാധാന്യം നല്‍കുകയാണ്. അത് പ്രചരിപ്പിക്കപ്പെടുമ്പോഴാണ് ജനങ്ങള്‍ക്ക് എന്തോ വലുത് സംഭവിക്കുകയാണെന്ന് തോന്നുന്നത്. അവകാശപ്പെടുന്നതുപോലുള്ള സ്വാധീനം ഇടതുപക്ഷ-മതതീവ്ര പ്രസ്ഥാനങ്ങള്‍ക്ക് ഭാരതത്തിലെ കാമ്പസുകളില്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുഖ്യധാരാ മാധ്യമങ്ങള്‍ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യംവച്ചുകൊണ്ടോ അല്ലെങ്കില്‍ ചിലരോടുള്ള രാഷ്ട്രീയ വിരോധംവച്ചോ ഈ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഇത് ചെയ്യാതിരുന്നാല്‍, അമിതമായി ഊതിവീര്‍പ്പിച്ച് കാണിക്കാതിരുന്നാല്‍ ചുരുങ്ങിയ സമയംകൊണ്ട് ഇല്ലാതാകുന്നതേയുള്ളൂ ചില കാമ്പസുകളിലെ കൊട്ടിഘോഷിക്കപ്പെട്ട 'സംസ്‌ക്കാരിക വിപ്ലവം.'-

കാമ്പസുകളില്‍ രാഷ്ട്രവും ദേശീയതയും വളരെ ഗൗരവകരമായി, വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നു. വന്‍തോതില്‍ വിദ്യാര്‍ത്ഥികള്‍ ദേശീയതയെന്ന ആശയത്തെ മനസ്സിലാക്കുന്നുണ്ട്. ഭാരതത്തിലെ വിവിധ കാമ്പസുകളില്‍ ഉള്‍പ്പെടെ യാത്രചെയ്തതില്‍ നിന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത് അതാണ്.  

ഭരണകൂടം ശക്തമായ നടപടി സ്വീകരിച്ചിട്ടും മാവോയിസ്റ്റ് ഭീകരതയെ അടിച്ചമര്‍ത്താനായില്ല. ഈ  വിപത്തിനെ ഫലപ്രദമായി എങ്ങനെ നേരിടാനാകും?

മാവോയിസ്റ്റ് ഭീകരതയെപ്പറ്റിയുള്ള നിരീക്ഷണം ശരിയാണ്. വിദേശത്തുനിന്നടക്കം

അവര്‍ക്ക് സഹായം ലഭിക്കുന്നുണ്ട്. പല രാഷ്ട്രങ്ങളില്‍നിന്നും സ്വദേശത്തുനിന്നും ഇത്തരം വിധ്വംസക ശക്തികളെ പിന്തുണയ്ക്കുന്നവരുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ എന്തെന്ന് ആലോചിക്കുകപോലും ചെയ്യാതെയാണ് ഈ നടപടി. പുതിയ കേന്ദ്രസര്‍ക്കാര്‍ വന്നതിനുശേഷം മധ്യപ്രദേശിലായാലും ഛത്തീസ്ഗഢിലായാലും ഒറീസയിലെ പ്രദേശങ്ങളിലായാലും മാവോയിസ്റ്റ് ഭീകരത വളരെയധികം കുറഞ്ഞിട്ടുണ്ട്. ചില ജില്ലകളിലേക്ക് മാത്രമായി അത് ചുരുങ്ങുകയാണ്. അടിത്തട്ടില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പഴയതുപോലെ വനവാസി ഗ്രാമങ്ങളില്‍ പിന്തുണ ലഭിക്കുന്നില്ല. മാവോയിസ്റ്റുകള്‍ക്ക് സ്വീകരണവും അംഗീകാരവും ലഭിക്കാത്ത അവസ്ഥ പല ഗ്രാമങ്ങളിലുമുണ്ട്.  

അതുകൊണ്ട് പുതിയ തന്ത്രത്തിലേക്ക് മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ മാറുന്നതും കാണുന്നു. അവര്‍ കുറച്ചുകൂടി വ്യത്യസ്തമായ ശൈലിയിലേക്ക് എത്തുകയാണ്. നഗരവല്‍കൃത മുഖങ്ങളിലേക്ക് ഇടതുതീവ്ര പ്രസ്ഥാനങ്ങള്‍ അരാജകത്വം കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നു. ചില സുപ്രധാന നഗരങ്ങളില്‍ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമംപോലും നടത്തുന്നു. മാവോയിസത്തിന്റെ നഗരമുഖമാണ് പലയിടത്തും പലതരത്തില്‍ കാണുന്നത്.  

മാവോയിസ്റ്റുകള്‍ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും ഇടപെടലുകള്‍ നടത്തുന്നത് പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. ഇതുവഴി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളുടെ പിന്തുണ തേടാന്‍ ഇവര്‍ ശ്രമിക്കുന്നു. സംഘര്‍ഷമേഖലകളില്‍നിന്ന് തന്ത്രപരമായ ഒരു പിന്മാറ്റം മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ നടത്തുന്നുണ്ട്. ഒരുപക്ഷേ സമൂഹത്തിന്റെ അടിത്തട്ടിലെ ഭീകരാക്രമണങ്ങള്‍ കുറയാനുള്ള കാരണങ്ങളിലൊന്ന് ഇതാകാം. വലിയൊരളവോളം കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടേയും കര്‍ശന നടപടികള്‍മൂലം മാവോയിസ്റ്റ് ഭീകരപ്രസ്ഥാനങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. പ്രധാന നേതാക്കന്മാര്‍തന്നെ കലാ,സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലേക്ക് പിന്‍മാറിയതായി മനസ്സിലാക്കുന്നു.ഈ പിന്‍വാങ്ങല്‍ പുതിയ ശക്തി സമാഹരിച്ച് വീണ്ടും ആഞ്ഞടിക്കുന്നതിനാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇക്കാര്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായി വിലയിരുത്തണം.  

നമ്മുടെ രാജ്യത്ത് പിന്നോക്കാവസ്ഥയില്‍തന്നെ തുടരുന്ന നിരവധി ഗ്രാമങ്ങളുണ്ട്. ആ ഗ്രാമങ്ങളിലെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമവും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകണം. മാവോയിസ്റ്റ് ഭീകരപ്രസ്ഥാനങ്ങള്‍ സ്വാധീനം നേടിയിട്ടുള്ളത് പിന്നോക്ക മേഖലകളിലാണ്. തങ്ങള്‍ക്കുകൂടി അവകാശപ്പെട്ട വനവിഭവങ്ങള്‍ പരസ്യമായി കുത്തകകള്‍ കയ്യേറി സ്വന്തമാക്കി കൊണ്ടുപോകുമ്പോള്‍ അതിന്റെ യാതൊരു ഗുണവും തദ്ദേശീയരായ വനവാസികള്‍ക്കും പിന്നോക്കക്കാര്‍ക്കും കിട്ടാത്ത അവസ്ഥയുണ്ട്. അവിടെയൊക്കെ സമാനവും സന്തുലിതവുമായ ഒരു സാമ്പത്തിക സാമൂഹ്യ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ആ മേഖലകളില്‍ ശക്തിപ്പെടുത്തണം. അതുവഴി മാവോയിസത്തിന്റെ സ്വാധീനം ഇല്ലാതാക്കാന്‍ സാധിക്കും.

പാക്കിസ്ഥാന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന സവിശേഷ സാഹചര്യം ഉയര്‍ന്നുവരികയാണ്. ഭാരതത്തിനെതിരായ ഭീകരപ്രവര്‍ത്തനം പാക്കിസ്ഥാനും ശക്തിപ്പെടുത്തുന്നു. സമാധാനത്തിലേക്കുള്ള പാത ഏതാണ്?

പാക്കിസ്ഥാന്റെ നിലനില്‍പ്പുതന്നെ ഭാരത വിരുദ്ധതയാണ്. ആ പ്ലാറ്റ്‌ഫോമിനുമേലാണ് പാക്കിസ്ഥാനെന്ന രാജ്യത്തിന്റെ ഘടന. പരസ്പരം പോരടിക്കുന്ന നിരവധി ഗ്രൂപ്പുകളുടെ കൂട്ടമായി പാക്കിസ്ഥാന്‍ മാറിയിരിക്കുന്നു. അവരെ ഒരുമിച്ചുനിര്‍ത്താനാണ് പാക് ഭരണാധികാരികളായ പട്ടാള മേധാവികളും, തെരഞ്ഞെടുത്ത ഭരണാധികാരികളായാലും ശ്രമിച്ചിട്ടുള്ളത്. ഇതിന് ഭാരതവിരോധമല്ലാതെ മറ്റൊന്നും ഇവര്‍ക്ക് ആശ്രയിക്കാനില്ല. എന്നാല്‍ പുതിയ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ വന്നശേഷം പാക്കിസ്ഥാന്റെ ഈ പഴയ നയം വേണ്ടപോലെ വിലപ്പോകുന്നില്ല. ഭാരതത്തിനെതിരായി പാക്കധീന ജമ്മുകശ്മീരിലെയോ സിന്ധിലെയോ ബലൂചിസ്ഥാനിലേയോ ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാനിലെയോ ജനങ്ങളെ അണിനിരത്താന്‍ ഇന്ന് പാക്കിസ്ഥാന് സാധിക്കുന്നില്ല. അതിനു പ്രധാനകാരണം ഭാരതത്തിന്റെ ഭരണനേതൃത്വത്തിലേക്ക് കരുത്തരായ ഭരണാധികാരികള്‍ എത്തിപ്പെട്ടതാണ്. യാതൊരു തരത്തിലും ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ലാത്ത വ്യക്തികള്‍ ഭരണത്തിലുണ്ട്.  

പരസ്പരം പൊതുതുന്ന പാക്കിസ്ഥനിലെ സമൂഹങ്ങള്‍ ഇന്ന് ഭാരതത്തിനെതിരായല്ല, ഭാരതത്തിന്  അനുകൂലമായ മുദ്രാവാക്യമാണ് ഉയര്‍ത്തുന്നത്. അത് മുമ്പില്ലാത്തവിധം അന്തര്‍ദ്ദേശിയ വേദികളിലും ഉയരുന്നു. ഭാരതത്തിന്റെ യുക്തിപൂര്‍വ്വവും അങ്ങേയറ്റം പക്വവുമാര്‍ന്ന നയതന്ത്ര നീക്കങ്ങള്‍ കാരണം അതില്‍ പല പ്രദേശങ്ങളും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ വക്കത്ത് എത്തിനില്‍ക്കുകയാണ്. സൂക്ഷ്മമായി പാക്കിസ്ഥാനെ നിരീക്ഷിച്ചാല്‍ അവരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സ്‌ഫോടനാത്മകമായ സ്ഥിതിയെ എങ്ങനെ നേരിടണമെന്നുപോലും അറിയാത്ത അവസ്ഥയാണുള്ളത്.  

അതുകൊണ്ട് തദ്ദേശീയരുടെ ശ്രദ്ധ തിരിച്ചുവിടാന്‍ പാക്കിസ്ഥാനോട് യുദ്ധപ്രഖ്യാപനം നടത്തിയ പ്രദേശത്തെ ജനങ്ങളെ ഭാരതത്തിനെതിരെ യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് തങ്ങളോട് ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമമാണ് നുഴഞ്ഞുകയറ്റവും അതിര്‍ത്തി സംഘര്‍ഷങ്ങളുമെല്ലാം. എന്നാല്‍ അതെല്ലാം കെടാന്‍പോകുന്നതിന് മുമ്പുള്ള ആളിക്കത്തലാണ്. അത്രയ്ക്ക് ഭീകരമായ പ്രശ്‌നങ്ങളാണ് പാക്കിസ്ഥാന്‍ നേരിടുന്നത്. അതിനെ മൂടിവെയ്ക്കാനുള്ള ശ്രമം മാത്രമാണ് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റങ്ങളും മറ്റും. ഇതിലേക്ക് പാക്കിസ്ഥാനെ കൊണ്ടുചെന്നെത്തിച്ചത് കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ യുക്തിയും നയവും ശക്തിയും അടിസ്ഥാനമാക്കിയുള്ള ഭരണ തന്ത്രങ്ങള്‍ തന്നെയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതുതന്നെയാണ് ഭാരതത്തെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ സമാധാനത്തിലേക്കുള്ള പാത.  

സാംസ്‌ക്കാരികമായ കടന്നാക്രമണവും സാമ്പത്തിക പരാശ്രയത്വവും സ്വാതന്ത്ര്യലബ്ധിക്ക് ഏഴുപതിറ്റാണ്ടുകള്‍ക്കിപ്പുറവും ഭാരതം നേരിടുകയാണ്. ഇതില്‍ നിന്നുള്ള മോചനത്തിന്റെ ദിശ ഏതാണ്?

കഴിഞ്ഞ ഏഴു പതിറ്റാണ്ടായി തുടരുന്ന പ്രശ്‌നമാണിത്. സാംസ്‌ക്കാരിക അധഃപതനവും നയരാഹിത്യവുംമൂലം സാമ്പത്തിക പരാശ്രയത്വത്തില്‍ ഉഴറുകയായിരുന്നു ഭാരതം. സ്വാതന്ത്ര്യശേഷം സ്വന്തം കാലില്‍നിന്ന് ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം മുന്നേറുന്നതിനു പകരം ഇതിനുള്ള തുടക്കംതന്നെ റഷ്യയ്ക്കും പിന്നെ അമേരിക്കയ്ക്കും അടിയറവയ്ക്കുകയാണ് സ്വതന്ത്രഭാരതത്തിലെ ഭരണാധികാരികള്‍ ചെയ്തത്. സാംസ്‌കാരിക കടന്നാക്രമണം നേരിടേണ്ടിവന്നതിന് പിന്നിലെ കാരണവും ഇതുതന്നെ. ഭൗതിക വികസനത്തിനൊപ്പം സാംസ്‌ക്കാരിക തനിമയുടെ ബലമുള്ള അടിത്തറയും നിലനിര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സ്വാതന്ത്ര്യത്തിനുശേഷവും വ്യക്തത ഉണ്ടാക്കാനായിട്ടില്ല. 

വിദ്യാഭ്യാസത്തിലൂടെയും ചരിത്രരചനയിലൂടെയും ഭാരതത്തനിമയെ വളര്‍ന്നുവരുന്ന തലമുറയില്‍ ഉറപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. മെക്കാളെയുടെ  വിദ്യാഭ്യാസ സമ്പ്രദായംമൂലം അകംകൊണ്ട് പാശ്ചാത്യനും നിറംകൊണ്ട് ഭാരതീയനുമായ ഒരു വര്‍ഗം ഇവിടെ സൃഷ്ടിക്കപ്പെട്ടു.  

ഏഴുപതിറ്റാണ്ടായി പാളംതെറ്റി മുന്നോട്ടുപോകുന്ന നാടിനെ നേര്‍പാതയിലേക്ക് കൊണ്ടുവരികയെന്നത് ഭഗീരഥപ്രയത്‌നം തന്നെയാണ്. ഇത് ഒരുദിവസം കൊണ്ടോ ഒരാണ്ടുകൊണ്ടോ പൂര്‍ത്തീകരിക്കാനാവില്ല. എങ്കിലും ഇന്ന് വിദ്യാഭ്യാസ മേഖലയിലും സാംസ്‌ക്കാരിക, ധനകാര്യ മേഖലകളിലും നടക്കുന്ന പരിവര്‍ത്തനങ്ങള്‍ ശുഭപ്രതീക്ഷ നല്‍കുന്നു. ഇതുവഴി ഭാരതത്തെ പരമമായ ഐശ്വര്യത്തിലേക്ക് എത്തിക്കാന്‍ സാധിക്കും

 

 

 

 

  comment

  LATEST NEWS


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു


  കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്'നാളെ പുറത്തിറങ്ങും; ഡിസംബര്‍ അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.