×
login
വിഴിഞ്ഞം സമരം വികസനത്തെ അട്ടിമറിക്കാന്‍

സമരം മൂലം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നില്ല എന്ന് നടത്തിപ്പിന്റെ ചുമതലയുള്ള അദാനി തുറമുഖ കമ്പനി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2005-ലെ പ്രത്യേക സാമ്പത്തിക മേഖല നിയമ പ്രകാരം വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖത്തിനു ഹൈക്കോടതി പോലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. തുറമുഖത്തിനു ചുറ്റും സമരം വ്യാപിപ്പിക്കുമ്പോള്‍ നിര്‍മ്മാണ സാമഗ്രികളും തൊഴിലാളികളെയും എഞ്ചിനീയര്‍മാരെയും മറ്റ് വിദഗ്ദ്ധരെയും തുറമുഖ നിര്‍മ്മാണത്തിനായി പ്രത്യേക സാമ്പത്തിക മേഖലയുടെ ഉള്ളിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല. അതിനാല്‍ കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സംരക്ഷണം നല്‍കിയാലും അവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുക സാധ്യമല്ല. അയതിനാല്‍ ഇപ്പോഴത്തെ സമരം ഒത്തുതീര്‍പ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനു മുന്‍കൈ എടുക്കേണ്ടത് കേരളസര്‍ക്കാര്‍ തന്നെയാണ്.

പ്രൊഫ. ഡി. അരവിന്ദാക്ഷന്‍

2015-ലാണ് വിഴിഞ്ഞം അന്തര്‍ദ്ദേശീയ തുറമുഖത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചത്. ആഗോളതലത്തില്‍ 12 വലിയ തുറമുഖങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ കമ്പനി അദാനി ഗ്രൂപ്പിന്റെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിന്റെയും നടത്തിപ്പിന്റെയും ചുമതല ലഭിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനു ശേഷം 40 വര്‍ഷക്കാലം ഈ വന്‍കിട തുറമുഖത്തിന്റെ നടത്തിപ്പിന്റെ ചുമതലയും അദാനിയുടെ കമ്പനിക്കാണ്. 40 വര്‍ഷത്തിനുശേഷം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ തുറമുഖത്തിന്റെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം അന്തര്‍ദ്ദേശീയ സീ പോര്‍ട്ട് എന്ന കമ്പനിക്ക് ലഭിക്കുന്ന തരത്തിലാണ് കരാര്‍ വ്യവസ്ഥകള്‍.

കൊളംബോ, സിംഗപ്പൂര്‍, ദുബായ് തുടങ്ങിയ അന്തര്‍ദ്ദേശീയതലത്തിലുള്ള വന്‍കിട തുറമുഖങ്ങളോട് കിടപിടിക്കാവുന്ന തരത്തില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തുറമുഖം വിഭാവനം ചെയ്തിട്ടുള്ളത്. കരാറില്‍ വ്യക്തമാക്കപ്പെട്ട പ്രകാരം 1000 ദിവസത്തിനുള്ളില്‍, 2019-ല്‍ പദ്ധതി പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ അദാനിയുടെ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട്  കേരളസര്‍ക്കാര്‍ നിയമനടപടികള്‍ ആരംഭിച്ചു. നിര്‍മ്മാണസാമഗ്രികള്‍ ലഭിക്കാത്തതുകൊണ്ടും കൊവിഡ് മൂലവുമാണ് പദ്ധതി വൈകിയെന്നുള്ള മറുപടി അദാനിയുടെ കമ്പനി നല്‍കി. ഈ വിഷയമിപ്പോള്‍ 1996-ലെ ആര്‍ബിട്രേഷന്‍ ആന്‍ഡ് കണ്‍സീലിയേഷന്‍ ആക്ട് പ്രകാരം തീരുമാനിക്കാന്‍ രണ്ടുകൂട്ടരും സമ്മതിച്ചിട്ടുള്ളതാണ്.  

ഇങ്ങനെയുള്ള സാഹചര്യത്തില്‍ അതിവേഗം പണി പൂര്‍ത്തീകരിച്ച് 2023-ല്‍ ഉദ്ഘാടനം നടത്താന്‍ കേരളസര്‍ക്കാരും അദാനി കമ്പനിയും ശ്രമിക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ സമരവുമായി ലത്തീന്‍ അതിരൂപത രംഗത്തുവന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് മതപുരോഹിതന്മാരുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികളുടെ പേരില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ശക്തിപ്പെടുത്തിയത്. സമരത്തില്‍ ഉന്നയിക്കപ്പെടുന്ന ഏഴ് ആവശ്യങ്ങളില്‍ ഒന്നാമത്തേത് തുറമുഖത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ച് ശരിയായ രീതിയിലുള്ള പാരിസ്ഥിതിക ആഘാതപഠനം  നടത്തണമെന്നാണ്. കടല്‍ത്തീരശോഷണം മൂലം വീടുകള്‍ നഷ്ടപ്പെട്ടവരെ പുനഃരധിവസിപ്പിക്കുക, കടല്‍ക്ഷോഭം മൂലമുണ്ടാകുന്ന തീരശോഷണം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുക, സൗജന്യനിരക്കില്‍ മണ്ണെണ്ണ നല്‍കുക, സമീപത്തുള്ള മുതലപ്പൊഴി മത്സ്യബന്ധനതുറമുഖം മണ്ണുനീക്കി കൂടുതല്‍ സൗകര്യപ്രദമാക്കുക തുടങ്ങിയവയാണ് സമരക്കാരുടെ മറ്റാവശ്യങ്ങള്‍. 300 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു എന്നും കുറച്ചുപേര്‍ ബന്ധുവീടുകളിലും വാടകകെട്ടിടങ്ങളിലും ദുരിതമനുഭവിച്ച് കഴിയുന്നുവെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന ലത്തീന്‍ കത്തോലിക്ക സഭ അവകാശപ്പെടുന്നു.


മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും നാളിതുവരെ പ്രശ്‌ന പരിഹാരം ഉണ്ടായില്ല. 7550 കോടിയുടെ പദ്ധതിയാണ് കേരളത്തിലെ ലത്തീന്‍ അതിരൂപത നേതൃത്വം നല്‍കുന്ന മത്സ്യതൊഴിലാളികളുടെ പേരിലുള്ള സമരം മൂലം അനിശ്ചിതത്വത്തിലായത്. 10000 കുടുംബാംഗങ്ങളിലുള്ള 50000 മത്സ്യത്തൊഴിലാളികളെ പദ്ധതി ദോഷകരമായി ബാധിക്കുമെന്നാണ് സമരക്കാര്‍ അവകാശപ്പെടുന്നത്. 200 തരം മത്സ്യങ്ങളുടെ പ്രജനന വ്യവസ്ഥയില്‍ മാറ്റംവരുമെന്നും സമരക്കാരെ അനുകൂലിക്കുന്ന പരിസ്ഥിതി വാദികള്‍ അവകാശപ്പെടുന്നു.  

എന്നാല്‍ 700 ഏക്കര്‍ സ്ഥലം മാത്രമാണ് വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖത്തിനായി ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ കൂടുതല്‍ സ്ഥലങ്ങളും കടല്‍ നികത്തിയെടുത്തതാണ്. തുറമുഖത്തിന്റെ കരയില്‍ വീതി 150 മീറ്റര്‍ മാത്രമാണ്. 2.75 കി.മീ. കടലിലേക്ക് തള്ളിയാണ് തുറമുഖത്തിന്റെ നിര്‍മ്മാണം വിഭാവന ചെയ്തിട്ടുള്ളത്. ഒന്നര കിലോമീറ്റര്‍ വീതിയിലും ആറ് കിലോമീറ്റര്‍ നീളത്തിലും 30 കപ്പലുകള്‍ അടുക്കാവുന്ന വാര്‍ഫ് നിര്‍മ്മിക്കപ്പെടുന്നു. ഇങ്ങനെ പരമാവധി 2.75 കി.മീ. മുതല്‍ 6 കിലോമീറ്റര്‍ ചുറ്റളവ് വരെയാണ് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. കൊളംബോ, സിംഗപ്പൂര്‍, ദുബായ് തുറമുഖങ്ങള്‍ക്കില്ലാത്ത പാരിസ്ഥിതിക ആഘാതം വിഴിഞ്ഞം തുറമുഖത്തിന് ഉണ്ടാകേണ്ട കാര്യമില്ല. അന്തര്‍ദേശീയ കപ്പല്‍ ഗതാഗത വഴിക്ക് അടുത്താണ് വിഴിഞ്ഞം തുറമുഖം നിലവില്‍ വരുന്നത്. കൊച്ചി, തൂത്തുക്കുടി, മംഗലാപുരം തുറമുഖങ്ങള്‍ക്കില്ലാത്ത പാരിസ്ഥിതിക ആഘാതം വിഴിഞ്ഞത്തുണ്ടാകേണ്ട കാര്യമില്ല. ഇനി സമരക്കാര്‍ പറയുന്നപോലെ 10000 മത്സ്യതൊഴിലാളി കുടുംബങ്ങളെ ബാധിക്കുന്ന കടലാക്രമണം മൂലമുള്ള തീരശോഷണമുണ്ടെങ്കില്‍ അതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടമയില്‍ നാഗ്പൂരിലുള്ള നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനെ(നീരി) കൊണ്ട് ഇതുസംബന്ധിച്ച് പഠനം നടത്താവുന്നതാണ്. കൊച്ചിയില്‍ കേരള സര്‍ക്കാര്‍ ഫിസാറ്റ് എന്ന പേരില്‍ ഒരു സര്‍വ്വകലാശാല തന്നെ തുടങ്ങിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉടമയിലുള്ള സമുദ്രഗവേഷണ കേന്ദ്രത്തിന്റെ ഇതു സംബന്ധിച്ച പഠനം തെറ്റാണെങ്കില്‍ നീരിക്ക് പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പദ്ധതി മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാവുന്നതാണ്.

സമരം മൂലം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നില്ല എന്ന് നടത്തിപ്പിന്റെ ചുമതലയുള്ള അദാനി തുറമുഖ കമ്പനി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍  വ്യക്തമാക്കിയിട്ടുണ്ട്. 2005-ലെ പ്രത്യേക സാമ്പത്തിക മേഖല നിയമ പ്രകാരം വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖത്തിനു ഹൈക്കോടതി പോലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. തുറമുഖത്തിനു ചുറ്റും സമരം വ്യാപിപ്പിക്കുമ്പോള്‍ നിര്‍മ്മാണ സാമഗ്രികളും തൊഴിലാളികളെയും എഞ്ചിനീയര്‍മാരെയും മറ്റ് വിദഗ്ദ്ധരെയും തുറമുഖ നിര്‍മ്മാണത്തിനായി പ്രത്യേക സാമ്പത്തിക മേഖലയുടെ ഉള്ളിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല. അതിനാല്‍ കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സംരക്ഷണം നല്‍കിയാലും അവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുക സാധ്യമല്ല. അയതിനാല്‍ ഇപ്പോഴത്തെ സമരം ഒത്തുതീര്‍പ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനു മുന്‍കൈ എടുക്കേണ്ടത് കേരളസര്‍ക്കാര്‍ തന്നെയാണ്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് പുതിയ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെടുന്ന ലത്തീന്‍ അതിരൂപത തങ്ങള്‍ വികസനത്തിനെതിരല്ലെന്ന് ഊന്നിപ്പറയുന്നു. എന്നാല്‍ ചില പുരോഹിതന്മാര്‍ നടത്തുന്ന പ്രസംഗങ്ങളില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഹ്വാനം നടത്തി. മണ്ണെണ്ണയൊഴിച്ച് പോലീസ് സ്റ്റേഷന്‍ കത്തിക്കുമെന്നുപറഞ്ഞ പുരോഹിതനെതിരെ നാളിതുവരെ പോലീസ് കേസെടുത്തില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല. രാഷ്ട്രീയം മതത്തിലും. ഇപ്പോള്‍ ഈ സമരം രാഷ്ട്രീയപ്രേരിതമായി മാറിയിരിക്കുന്നു. ലത്തീന്‍ അതിരൂപതയുടെ കണക്കനുസരിച്ച് തന്നെ 7550 കോടിയില്‍ 5000 കോടി മുടക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ്. പ്രത്യേക സാമ്പത്തിക മേഖലാ പദ്ധതികള്‍ക്ക് 40% വരെ സഹായധനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നുണ്ട്. 2000 കോടി കേരള സര്‍ക്കാര്‍ അധികം നല്‍കുന്നത് 40 വര്‍ഷത്തിനുശേഷം സ്വന്തമായി ലഭിക്കും എന്നുള്ളതുകൊണ്ടാണ്. മൂന്ന് ദര്‍ഘാസുകള്‍ വഴി പദ്ധതിയ്ക്കുവേണ്ടി നടത്തിപ്പുകാരെ തേടിയപ്പോള്‍ അവസാനമായിട്ടാണ് ഇപ്പോഴത്തെ അദാനി ഗ്രൂപ്പിനെ ലഭിച്ചത്.  

ലോകത്തിലെ രണ്ടാമത്തെ വ്യവസായ ഗ്രൂപ്പായി വളര്‍ന്ന അദാനി വ്യവസായ ഗ്രൂപ്പിനോടുള്ള വിരോധം രാജ്യപുരോഗതിക്ക് അനുഗുണമല്ല. 25 ലക്ഷം കോടി ആസ്തിയുള്ള അദാനി കുടുംബത്തിനുള്ള മൂലധനം ഇപ്പോഴത്തെ കമ്പോളവില അനുസരിച്ച് 12.37 ലക്ഷം കോടിയാണ്. കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിന് ലഭിച്ച 33 ലക്ഷം കോടി നികുതി വരുമാനത്തില്‍ സിംഹഭാഗവും അടച്ചത് അദാനി ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകളാണ്. അതിനാല്‍ കോര്‍പ്പറേറ്റ് വിരോധം മൂലം അന്തര്‍ദേശീയ നിലവാരത്തിലുള്ള 7550 കോടിയുടെ വിഴിഞ്ഞം പോര്‍ട്ട് പദ്ധതി കേരളത്തിന് നഷ്ടമാകാതിരിക്കാനുള്ള ഇടപെടലുകളാണാവശ്യം. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അവ പരിഹരിക്കാനുള്ള ശാസ്ത്ര-സാങ്കേതിക വിദ്യ ലഭ്യമാണ്.  വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മ്മാണത്തിന്റെ ഭാഗമായി വീടുകളും തൊഴിലും നഷ്ടപ്പെട്ട മത്സ്യതൊഴിലാളികളെ പുനഃരധിവസിപ്പിക്കാതിരുന്നതിന്റെ ഉത്തരവാദിത്വം 2015 മുതല്‍ സംസ്ഥാനം ഭരിക്കുന്ന യുഡിഎഫിനും എല്‍ഡിഎഫിനുമാണ്.

  comment

  LATEST NEWS


  ഗുജറാത്തും ബിജെപിയും മോദിയുടെ ജൈത്രയാത്രയും


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.