×
login
നവഗ്രഹങ്ങളും ഉപഗ്രഹങ്ങളും

ഗ്രഹങ്ങളുടെ കാരകത്വവും ജ്യോതിഷത്തിലെ സുപ്രധാനവിഷയമാണ്. ഗ്രഹങ്ങളെക്കുറിച്ച് ഇപ്രകാരം എഴുതിയതൊക്കെ ഒരു ബാലപാഠം മാത്രമാണ്. പഠിക്കുന്നവര്‍ക്ക് ഒരു പ്രചോദനവും പിന്തുണയും. കൂടുതല്‍ മറ്റൊരു സന്ദര്‍ഭത്തില്‍.

എസ്. ശ്രീനിവാസ് അയ്യര്‍

ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നിവയെ പഞ്ചതാരാഗ്രഹങ്ങള്‍ എന്നു പറയുന്നു. സൂര്യചന്ദ്രന്മാരെ പ്രകാശഗ്രഹങ്ങള്‍ എന്നും രാഹുകേതുക്കളെ തമോഗ്രഹങ്ങളെന്നും പറയുന്നു. തമോഗ്രഹങ്ങളെ നിഴല്‍ഗ്രഹങ്ങള്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. ഇതോടെ നവഗ്രഹങ്ങളുടെ പട്ടിക പൂര്‍ത്തിയാവുന്നു.

ഉപഗ്രഹങ്ങളുമുണ്ട്, ഒമ്പത് ഗ്രഹങ്ങള്‍ക്കും. ഗുളികനാണ് ശനിയുടെ ഉപഗ്രഹം. ബുധന്റെ അര്‍ദ്ധ പ്രഹരന്‍; വ്യാഴത്തിന്റെ യമകണ്ടകനും. അവയില്‍ ഗുളികനാണ് ഏറെ പ്രശസ്തന്‍. ചിലരുടെ കാഴ്ചപ്പാടില്‍ കുപ്രശസ്തന്‍. നിഗ്രഹാനുഗ്രഹശക്തികള്‍ നിറഞ്ഞ ഉഗ്രമൂര്‍ത്തി. കേരളീയ ജ്യോതിഷത്തിന്റെ ശക്തിദുര്‍ഗ്ഗങ്ങളിലൊന്ന് എന്ന് നിസ്സംശയം ഗുളികനെ ഗുരുനാഥന്മാര്‍ വിശേഷിപ്പിക്കുന്നു. മന്ദന്‍ എന്നത് ശനിയുടെ നാമം. മന്ദന്റെ പുത്രന്‍ എന്നാണ് ഗുളികനെക്കുറിച്ചുള്ള സങ്കല്പം. അതിനാല്‍  'മാന്ദി' എന്നും പേരുണ്ട്. ഗ്രഹനിലകളില്‍ 'മാ'എന്ന അക്ഷരം ഗുളികനെ കുറിക്കുന്നു.  

ശുഭഗ്രഹങ്ങള്‍ എന്നും പാപഗ്രഹങ്ങള്‍ എന്നും ഉള്ള വിഭജനം ശക്തമാണ്. ശനി, ചൊവ്വ, രാഹു, കേതു, രവി എന്നിവ പാപഗ്രഹങ്ങള്‍. ബുധനും ശുക്രനും വ്യാഴവും ചന്ദ്രനും ശുഭഗ്രഹങ്ങള്‍. എന്നാല്‍ ഇത് ആപേക്ഷികമാണ്. ഗ്രഹനിലയനുസരിച്ച് (ലഗ്‌നവും മറ്റുമനുസരിച്ച്), ഗ്രഹങ്ങളുടെ ശുഭപാപത്വം മാറിമറിയും. ശനി ചില ഗ്രഹനിലകളില്‍, ചില ലഗ്നക്കാര്‍ക്ക് ശുഭനാകുന്നു; ചില ലഗ്നക്കാര്‍ക്ക് ഇതുപോലെ വ്യാഴം അശുഭനാകുന്നു. ചിലര്‍ക്ക് ചൊവ്വ ശുഭന്‍, ചിലര്‍ക്ക് ശുക്രന്‍ അശുഭന്‍. അതിനാല്‍ വ്യക്തികളുടെ ഗ്രഹനില പരിശോധിച്ച് മാത്രമേ ഗ്രഹങ്ങളുടെ ശുഭപാപത്വം നിര്‍ണയിക്കാനാവൂ! ഫലങ്ങള്‍ അതനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യും.    


ഗ്രഹങ്ങളില്‍ രാഹുകേതുക്കള്‍ അപ്രദക്ഷിണ ഗതിയാണ്. രാഹുവിനെ സര്‍പ്പി എന്നും കേതുവിനെ ശിഖി എന്നും പറയുന്നു. രാശികളില്‍ പരസ്പരം ഏഴാം രാശികളിലാണ് രാഹുകേതുക്കളുടെ ഗതി. അവയുടെ അകലം എപ്പോഴും 180 ഡിഗ്രി എന്നായിരിക്കും. വലിയപഞ്ചാംഗങ്ങളില്‍ നല്‍കപ്പെട്ടിട്ടുളള ഗ്രഹസ്ഫുടം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.  

ഗ്രഹങ്ങളില്‍ സ്ത്രീ പുരുഷന്മാരുണ്ട്. ചൊവ്വയും വ്യാഴവും രവിയും പുരുഷന്മാര്‍. ശുക്രനും ചന്ദ്രനും രാഹുവും സ്ത്രീഗ്രഹങ്ങള്‍. കേതുവും ശനിയും ബുധനും നപുംസകപ്രകൃതികളെന്നും ഗ്രന്ഥങ്ങളില്‍ നിന്നറിയാം. ഇത്തരം വിശേഷണങ്ങള്‍ ഗ്രഹങ്ങളുടെ ഫലദാന ശക്തിയെയും പ്രവര്‍ത്തന രീതികളെയും വിശദീകരിക്കുന്നതാണെന്നു വരാം.    

ആദിമകാലത്തെ ജ്യോതിഷത്തില്‍ സപ്തഗ്രഹങ്ങളെ മാത്രമാണ് പരാമര്‍ശിക്കുന്നത്. വരാഹമിഹിരന്റെ ബൃഹജ്ജാതകം ഒരുദാഹരണം. രാശികളുടെ അവകാശ ചിന്തയില്‍ സപ്തഗ്രഹങ്ങള്‍ക്കു മാത്രമേ സ്ഥാനം നല്‍കിക്കാണുന്നുള്ളൂ. പില്‍ക്കാലത്തെ ജ്യോതിഷമനീഷികള്‍ രാഹുകേതുക്കളെ ഉള്‍പ്പെടുത്തി ജ്യോതിഷശാഖയെ വിപുലീകരിച്ചു. പരാശരന്റെ നക്ഷത്രദശാസമ്പ്രദായം ഇന്ന് കേരളത്തില്‍ പ്രചുര പ്രചാരമാര്‍ന്നതാണ്. അതില്‍ രാഹുകേതുക്കള്‍ക്കും വലിയപങ്കുണ്ട്. മനുഷ്യായുസ്സ് 120 വര്‍ഷം എന്ന് സങ്കല്പിച്ചിരിക്കുകയാണ് രാഹുവിന്/രാഹുദശ 18 വര്‍ഷവും, കേതുവിന്/കേതുദശ 7 വര്‍ഷവും എന്നാണ് വിധി. ചൊവ്വ-വ്യാഴ ദശകള്‍ക്കു മധ്യേയായി രാഹുദശയും ബുധ-ശുക്ര ദശകള്‍ക്കു മധ്യേയായി കേതുദശയും വരുന്നു.    

ഗ്രഹങ്ങളുടെ കാരകത്വവും ജ്യോതിഷത്തിലെ സുപ്രധാനവിഷയമാണ്. ഗ്രഹങ്ങളെക്കുറിച്ച് ഇപ്രകാരം എഴുതിയതൊക്കെ ഒരു ബാലപാഠം മാത്രമാണ്. പഠിക്കുന്നവര്‍ക്ക് ഒരു പ്രചോദനവും പിന്തുണയും. കൂടുതല്‍ മറ്റൊരു സന്ദര്‍ഭത്തില്‍.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.