×
login
നക്ഷത്രപാദദോഷം...

നക്ഷത്രത്തിന് പാദദോഷമുണ്ടോ എന്നതറിയാന്‍, ജ്യോതിഷം വേണ്ടത്ര പരിചയമില്ലാത്തവര്‍ ദൈവജ്ഞന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അവലംബിക്കുന്നതാണ് അഭികാമ്യം. ദോഷശാന്തി കര്‍മ്മങ്ങളില്‍ ശിവഭജനമാണ് മുഖ്യം. മറ്റു പരിഹാരങ്ങള്‍ ഉണ്ടെങ്കില്‍ അതും ദൈവജ്ഞനില്‍ നിന്നുമറിഞ്ഞ് യഥാവിധി അനുഷ്ഠിക്കുക.

എസ്. ശ്രീനിവാസ് അയ്യര്‍

പൂയം, അത്തം, പൂരാടം എന്നീ മൂന്നു നക്ഷത്രങ്ങള്‍ക്ക് പാദദോഷമുണ്ട് എന്ന് ഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നു.  

ഒരു നക്ഷത്രത്തിന് നാല് പാദങ്ങള്‍ അഥവാ നാല് കാലുകളാണ് ഉള്ളത്. മുകളില്‍ പറഞ്ഞ മൂന്നുനക്ഷത്രങ്ങളുടെ ഓരോ പാദത്തിലും ജനിച്ചാല്‍ തനിക്കും (ജനിച്ചയാള്‍ക്കും) മാതാപിതാക്കള്‍ക്കും അമ്മാവനും ദോഷമാണെന്നാണ് നിയമം. അതിന് പ്രത്യേക ക്രമമുണ്ട്. ഒപ്പം മറ്റു ചില കാര്യങ്ങള്‍ ഒത്തുവരികയും വേണം.  

ഒരു നക്ഷത്രം 60 നാഴികയാണ്. അഥവാ 24 മണിക്കൂര്‍. ഓരോ പാദവും 15 നാഴിക/6 മണിക്കൂര്‍ വീതം വരും. ഒന്നാം പാദം എന്നാല്‍ നക്ഷത്രം തുടങ്ങി ആദ്യ 15 നാഴികനേരം/6 മണിക്കൂര്‍ നേരം. രണ്ടാം പാദം 15 മുതല്‍ 30 നാഴിക വരെ (6 മുതല്‍ 12 മണിക്കൂര്‍ വരെ). മൂന്നാം പാദം 30 മുതല്‍ 45 നാഴിക വരെ (12 മുതല്‍18 മണിക്കൂര്‍ വരെ). നാലാം പാദം 45 നാഴിക മുതല്‍ 60 നാഴിക വരെ (18 മുതല്‍ 24 മണിക്കൂര്‍ വരെ). നക്ഷത്രത്തിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് പാദദൈര്‍ഘ്യവും വ്യത്യാസപ്പെടും.    


പൂയത്തിന്റെ ഒന്നാം കാലില്‍ ജനിച്ചാല്‍ തനിക്കും (ജാതകന്/ജാതകയ്ക്ക്) രണ്ടാം കാലില്‍ ജനിച്ചാല്‍ മാതാവിനും, മൂന്നാം കാലില്‍ ജനിച്ചാല്‍ പിതാവിനും, നാലാംകാലില്‍ ജനിച്ചാല്‍ അമ്മാവനും ദോഷമാകുന്നു. എന്നാല്‍ ദോഷം ഫലിക്കണമെങ്കില്‍ കര്‍ക്കിടകലഗ്നത്തില്‍ ജനിക്കണം. കൂടാതെ അന്ന് പ്രതിപദം അഥവാ പ്രഥമാ തിഥിയും ബുധനാഴ്ചയുമാവണം. മാത്രവുമല്ല ജനനം 'കാലിന്റെ കാലില്‍' ആവുകയും വേണം. അതായത് പതിനഞ്ചു നാഴികയാണല്ലോ കാല്‍ ഭാഗം. അതിന്റെ കാല്‍ ഭാഗത്ത്, എന്നുവെച്ചാല്‍ മൂന്നേമുക്കാല്‍ നാഴികയ്ക്കുള്ളില്‍ (ഒന്നര മണിക്കൂര്‍) ജനിക്കണം. എങ്കില്‍ മാത്രമേ ദോഷം ഭവിക്കൂ എന്ന് സാരം.  

അത്തം നക്ഷത്രത്തിന്റെ ഒന്നാം കാലില്‍ ജനിച്ചാല്‍  പിതാവിനും, രണ്ടാം കാലില്‍ ജനിച്ചാല്‍ മാതുലനും, മൂന്നാം കാലില്‍ ജനിച്ചാല്‍ തനിക്കും, നാലാം കാലില്‍ ജനിച്ചാല്‍ മാതാവിനും ദോഷം ഭവിക്കും. എന്നാല്‍ കന്നിലഗ്‌നത്തിലാവണം ജനനം. ഒപ്പം ചൊവ്വാഴ്ചയും സപ്തമിതിഥിയും 'കാലില്‍ കാലും'(ഒന്നര മണിക്കൂര്‍) ചേരുകയും  വേണം.      

പൂരാടം   നക്ഷത്രത്തിന്റെ ഒന്നാംകാലില്‍ ജനിച്ചാല്‍ അമ്മയ്ക്കും, രണ്ടാം കാലില്‍ എങ്കില്‍ അച്ഛനും, മൂന്നാംകാലില്‍ എങ്കില്‍ അമ്മാവനും, നാലാംകാലില്‍ എങ്കില്‍ തനിക്കും ദോഷമാണ്. എന്നാല്‍ ധനുലഗ്നം, ചതുര്‍ത്ഥി, നവമി, ചതുര്‍ദ്ദശി എന്നീ രിക്താതിഥികളും ശനിയാഴ്ചയും 'കാലില്‍കാലും' ഒത്തുവരണം.      

നക്ഷത്രത്തിന് പാദദോഷമുണ്ടോ എന്ന് ജ്യോതിഷം വേണ്ടത്ര പരിചയമില്ലാത്തവര്‍ കലണ്ടറില്‍ മാത്രം നോക്കി സ്വയം തീരുമാനിക്കരുത്. കൃത്യനാഴിക കണ്ടെത്തുവാന്‍ അറിയേണ്ടതിനാല്‍ ദൈവജ്ഞന്റെ ഉപദേശനിര്‍ദ്ദേശങ്ങള്‍ അവലംബിക്കുക. ദോഷശാന്തി കര്‍മ്മങ്ങളില്‍ ശിവഭജനമാണ് മുഖ്യം. മറ്റു പരിഹാരങ്ങള്‍ ഉണ്ടെങ്കില്‍ അതും ദൈവജ്ഞനില്‍ നിന്നുമറിഞ്ഞ് യഥാവിധി അനുഷ്ഠിക്കുക.  

പാദദോഷം മറ്റുചില നാളുകള്‍ക്കും പറയാറുണ്ട്. ആയില്യത്തിന്റെ രണ്ടാം കാലില്‍ ജനിച്ചാല്‍ ധനനാശം, മൂന്നില്‍ മാതൃദുരിതം, നാലില്‍ പിതൃദുഃഖം എന്നിവ ഫലം. ഒന്നാം പാദത്തിന് ദോഷം പറയപ്പെടുന്നില്ല. തൃക്കേട്ടയുടെ ഒന്നില്‍ ജ്യേഷ്ഠനും, രണ്ടില്‍ അനുജനും, മൂന്നില്‍ അച്ഛനും നാലില്‍ ശിശുവിനും ദോഷം ഭവിക്കുന്നു. മൂലം നാളിന്റെ ഒന്നാം കാലില്‍ അച്ഛനും, രണ്ടില്‍ അമ്മയ്ക്കും ദോഷം. മൂന്നില്‍ ധനനാശം ആണ് ഫലം. നാലില്‍ ദോഷമില്ല. ഉത്രത്തിന്റെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ ആണ്‍കുട്ടിയാണെങ്കില്‍ മാത്രം  പിതാവിന് ക്ലേശം എന്നുണ്ട്. നിയമങ്ങളില്‍ അക്കാര്യമാണ് പറയുന്നത്. സ്വന്തം ജാതകത്തില്‍  പാദദോഷം ഉണ്ടെങ്കില്‍ അക്കാര്യം സൂചിപ്പിച്ചിട്ടുണ്ടാവും.  മറ്റു ചില ഘടകങ്ങളും ഒത്തുവരണമെന്നതിനാല്‍ വ്യക്തമായ പാദദോഷഫലം അനുഭവത്തില്‍ വരിക സാധാരണമല്ല.

  comment

  LATEST NEWS


  ഫാരിസ് അബൂബക്കറിന്റെ വിശ്വസ്തന്‍ നജീമില്‍ നിന്ന് ബിനാമി ഇടപാട് രേഖകള്‍ കണ്ടെത്തി; ഫ്‌ളാറ്റ് സീല്‍ ചെയ്തു, ചെന്നൈ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം


  പൊതുസ്ഥലത്ത് മദ്യപിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ്; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ, ലംഘിക്കുന്നവർക്കെതിരെ കർശന നടപടി


  'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


  മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


  മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


  സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.