×
login
മനുഷ്യഗണ വിശേഷങ്ങള്‍

ജ്യോതിര്‍ ഗമനം

ദേവഗണം, അസുരഗണം എന്നിവയുടെ സവിശേഷതകള്‍ നാം മുന്‍ ലേഖനങ്ങളിലൂടെ മനസ്സിലാക്കി. ഈ ലഘുനിബന്ധനം മനുഷ്യഗണത്തെക്കുറിച്ചുള്ളതാണ്.    ദേവഗണത്തിലും  അസുരഗണത്തിലും എന്ന പോലെ മനുഷ്യഗണത്തിലും ഒമ്പതു നക്ഷത്രങ്ങളുണ്ട്. അവ ഭരണി, രോഹിണി, തിരുവാതിര, പൂരം, ഉത്രം, പൂരാടം, ഉത്രാടം, പൂരൂരുട്ടാതി, ഉത്രട്ടാതി എന്നിവയാണ്.  മനുഷ്യഗണത്തിന്റെ പ്രത്യേകതകള്‍ ചുവടെ ചേര്‍ക്കുന്ന ശ്ലോകത്തില്‍ നിന്നറിയാം.  

'മാനീ ധനീ വിശാലാക്ഷോ  

ശീഘ്രഭോജീ ധനുര്‍ദ്ധര  

ശൗരഃ പൗരഃ ജനഗ്രാഹീ  

ജായതേ മാനവേ ഗണേ'  

(മാനസാഗരി)    

ഓരോ പദവും എടുത്ത് ആശയം നോക്കാം:  

വലിയ അഭിമാനികളായിരിക്കും മനുഷ്യഗണത്തില്‍ ജനിക്കുന്ന സ്ത്രീ പുരുഷന്മാര്‍. ഇവരുടെ ഏറ്റവും വലിയ സ്വത്തുതന്നെ അഭിമാനമായിരിക്കും. നല്ല സമ്പാദ്യമുണ്ടാവും എന്നതാണ് അടുത്ത വിശേഷണം. അതു ഭൗതികനേട്ടങ്ങളെ  കുറിക്കുന്നതാണ്. ആ സമ്പാദ്യമാകട്ടെ അദ്ധ്വാനിച്ചും നേര്‍വഴിയിലൂടെയും നേടിയതുമായിരിക്കും. വിയര്‍പ്പിന്റെ വിലയറിയുന്നവരാണ് എന്നും മനുഷ്യഗണത്തിലെ മനുഷ്യര്‍.  

വലിയ  കണ്ണുകളുണ്ടാവും , ഇവര്‍ക്ക് എന്നത് (വിശാലാക്ഷഃ) വെറും ദേഹാംഗലക്ഷണം മാത്രമല്ല. ഇവര്‍ കാര്യങ്ങളെ, വ്യക്തികളെ ഒക്കെ നോക്കിക്കാണുന്ന രീതിയും ആ പ്രയോഗത്തില്‍ അന്തര്‍ഹിതമായിട്ടുണ്ട്. എല്ലാ കാര്യങ്ങളെയും ഇടുങ്ങിയ മനസ്സോടെ നോക്കുന്നവരല്ല. സര്‍വതിനേയും അടിതൊട്ട് മുടിയോളം ഗ്രഹിക്കുകയും ചെയ്യും. 'ഇത്തിരിവട്ടത്തിന്' പുറത്ത് കടക്കാന്‍ കഴിയുന്നവരാണ് എന്ന് സാരം.  

'ശീഘ്രഭോജി'എന്ന പദത്തിന്റെ നേരര്‍ത്ഥം വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവരാണ് എന്നതാണ്. ഒരുപാടു കാര്യങ്ങള്‍ ബാക്കിയാണ്, ചെയ്തുതീര്‍ക്കാന്‍ എന്ന തോന്നല്‍ വളരെ ശക്തമായി വേരുപിടിച്ചിട്ടുണ്ടാവും ഇവരുടെ ഉള്ളില്‍. 'ഒരുപാട് നടക്കാനുണ്ട്, ഉറങ്ങും മുന്‍പ്, എനിക്ക്' എന്ന് ഒരു ആംഗലേയ കവി പാടിയില്ലേ? അത് ഇവരുടേയും ആദര്‍ശം തന്നെയാണ്.  ആകയാല്‍ ഉണ്ടും ഉറങ്ങിയും ജീവിതത്തെ ആഘോഷ ദിവസം പോലെ ചെലവഴിക്കാന്‍ കഴിയാത്തവരാണ്. ഒന്നു തീര്‍ന്നാല്‍ മറ്റൊന്ന് എന്ന കണക്കിന് കൃത്യങ്ങളും കര്‍ത്തവ്യങ്ങളും എപ്പോഴും ഇവരെ പിന്തുടരും. 'വന്ന പാട് ചന്തം' എന്ന   ജീവിതസമീപനം പുലര്‍ത്തുന്നതും അതുകൊണ്ടാവാം.  

വില്ലാളി എന്നാണ് 'ധനുര്‍ദ്ധരഃ' എന്ന പദത്തിന്റെ ആശയം. ജീവിതസമരത്തിലെ വില്ലാളികളും പോരാളികളുമാണിവര്‍. പഴയ പെരുമകള്‍ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കാന്‍ നേരമില്ലാത്തവരാണ്. അടുത്ത നിമിഷം, അടുത്ത മണിക്കൂര്‍, അടുത്ത ദിവസം എന്ന വിധത്തില്‍ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠയുണ്ടാവും. അതിനാല്‍ പ്രതിസന്ധികളെ നേരിടാനുള്ള സജ്ജതയും സന്നദ്ധതയും ഇവര്‍ക്കു സ്വയം വന്നുചേര്‍ന്നിട്ടുണ്ടാവും. ശൗരഃ എന്ന പദവും സത്യത്തില്‍ ആ ആശയത്തിലേക്കാണ്, ഉണരുന്നത്. ഇവര്‍ക്ക് പൗരധര്‍മ്മത്തിലുമുണ്ട് എപ്പോഴും ജാഗരൂകത. ജനങ്ങളുടെ (സഹജരുടെ, സഹപ്രവര്‍ത്തകരുടെ, കൂട്ടുകാരുടെ, വീട്ടുകാരുടെ) മനസ്സറിഞ്ഞാണ് പ്രവര്‍ത്തനം. ഇവരുടെ വാക്കും കര്‍മ്മവുമെല്ലാം എപ്പോഴും ആ വിധത്തിലായിരിക്കും നീങ്ങുന്നത്!  

മനുഷ്യ ഗണ നക്ഷത്രങ്ങളില്‍ ഭരണി, രോഹിണി, തിരുവാതിര എന്നീ മൂന്നു നക്ഷത്രങ്ങളും ഓര്‍ക്കാന്‍ കഴിഞ്ഞാല്‍ പൂരം, പൂരാടം, പൂരൂരുട്ടാതി എന്നിവ മൂന്നിനേയും 'മുപ്പൂരം' എന്നുപറയുന്നതിനാല്‍ ഓര്‍ക്കാന്‍ എളുപ്പമാണ്. ഉത്രം,ഉത്രാടം, ഉത്രട്ടാതി എന്നിവയെ 'ഉത്രത്രയങ്ങ'ളെന്നും വിളിക്കുന്നു. അതിനാല്‍ മനുഷ്യഗണത്തിലെ ഒമ്പതു നാളുകള്‍ ഓര്‍മ്മിക്കുക പ്രായേണ എളുപ്പമാണ്.  

മനുഷ്യ സഹജമായ നന്മതിന്മകളുടെ ഏറ്റവും നല്ല കലര്‍പ്പാണ് മനുഷ്യഗണത്തില്‍ ജനിക്കുന്ന ഓരോ വ്യക്തിയും. മനുഷ്യത്വം എന്ന് നാം വിളിക്കുന്ന പൊരുളുകള്‍ ഇവരില്‍ ഒരിക്കലും ഊഷരമായിപ്പോവുന്നില്ല. മൂല്യാധിഷ്ഠിതവും ആദര്‍ശോജ്ജ്വലവും ആയ ജീവിതം ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ പ്രായോഗികബുദ്ധി കളഞ്ഞുകുളിക്കാത്തവരുമായിരിക്കും. അസുരഗണക്കാരും ദേവഗണക്കാരും വിരുദ്ധധ്രുവങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ളവരാണ്. അപകടം പിടിച്ചതെങ്കിലും നടുവഴി/മധ്യമാര്‍ഗം സ്വീകരിക്കുന്നവരാണ് മനുഷ്യഗണ മനുഷ്യര്‍. ഇന്നലെകളെയും നാളെകളേയും കാള്‍ ഇന്നിനെ സ്‌നേഹിക്കുന്നവരാണ് അവര്‍ എന്നതും പ്രസ്താവ്യമാണ്.  

നക്ഷത്രങ്ങള്‍ ധാരാളം വിഭജനങ്ങള്‍ക്കും വര്‍ഗീകരണങ്ങള്‍ക്കും  വിധേയമായിട്ടുണ്ട് . അവയില്‍ ചിലതുകൂടി ഇവിടെ സൂചിപ്പിക്കുന്നത് നന്നായിരിക്കും. സ്ത്രീ/പുരുഷ വിഭാഗങ്ങളുണ്ട്, അവയില്‍.  മനുഷ്യഗണത്തിലെ രോഹിണി, തിരുവാതിര, പൂരം, ഉത്രട്ടാതി എന്നിവ നാലും സ്ത്രീ നക്ഷത്രങ്ങള്‍. ഭരണി, ഉത്രം, പൂരാടം, ഉത്രാടം, പൂരൂരുട്ടാതി എന്നിവ അഞ്ചും  പുരുഷ നക്ഷത്രങ്ങള്‍. വിവാഹപ്പൊരുത്തത്തില്‍ പ്രാധാന്യമുള്ളതാണ് മദ്ധ്യമരജ്ജു. ഭരണി, പൂരം, പൂരാടം, ഉത്രട്ടാതി എന്നിവ നാലും മദ്ധ്യമരജ്ജുവില്‍ വരുന്നു. ഈ നാളുകാര്‍ പരസ്പരം വിവാഹിതരാകരുത് എന്നാണ് സാമാന്യമായ നിയമം.  

ഭരണി, പൂരം, പൂരാടം എന്നിവയുടെ നക്ഷത്രനാഥന്‍ ശുക്രനാണ്. ജനനം ശുക്രദശയില്‍ എന്നര്‍ത്ഥം. ഉത്രം, ഉത്രാടം നാളുകാരുടെ നക്ഷത്രനാഥന്‍ ആദിത്യന്‍. ജനനം ആദിത്യദശയില്‍ എന്ന് വ്യക്തം. രോഹിണിയുടെ നാഥന്‍ ചന്ദ്രന്‍ (ജനനം ചന്ദ്രദശയില്‍), തിരുവാതിരയുടെ നാഥന്‍ രാഹു (ജനനം രാഹുദശയില്‍), പൂരൂരുട്ടാതിയുടെ നാഥന്‍ വ്യാഴം (ജനനം വ്യാഴദശയില്‍), ഉത്രട്ടാതിയുടെ നാഥന്‍ ശനി (ജനനം ശനിദശയില്‍) ഇതാണ് മനുഷ്യഗണനക്ഷത്രങ്ങളുടെ ഗ്രഹബന്ധം.

ജേ്യാതിഷ ഭൂഷണം എസ്. ശ്രീനിവാസ് അയ്യര്‍

  comment
  • Tags:

  LATEST NEWS


  അണക്കെട്ട് പഴയത്; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


  യുദ്ധത്തില്‍ മിസൈലിന്റെ ആദ്യരൂപം ഉപയോഗിച്ചത് കായംകുളം സൈന്യം, കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും കായംകുളം-ദേശിംഗനാട് സംയുക്ത സൈന്യം


  വി. മുരളീധരന്റെ ഇടപെടലില്‍ ജാമിയ മിലിയ വിദ്യാര്‍ഥിക്ക് എയിംസില്‍ വിദഗ്ധ ചികിത്സ; മനുഷ്യത്വപരമായ സമീപനവും ഇടപെടലും മറക്കാനാകില്ലെന്ന് സുഹൃത്തുക്കള്‍


  മിണ്ടാപ്രാണികളോട് കൊടുംക്രൂരത വീണ്ടും, കരിവള്ളൂരില്‍ പൂച്ചകളെ കഴുത്തറുത്ത് കൊന്നു


  മോദിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ വികസനയുഗം, കോണ്‍ഗ്രസ് ഭരണത്തില്‍ ജമ്മു കശ്മീര്‍ കല്ലേറുകാരുടെ കീഴില്‍: തരുണ്‍ ചുഗ്


  കണ്ണന് നിവേദ്യമര്‍പ്പിക്കാന്‍ ഇനി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ഇല്ല; ഗുരുവായൂര്‍ മുഖ്യതന്ത്രി അന്തരിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.