×
login
സന്തോഷവും നിരാശയും തുല്യം, ട്രാക്കിലെ പൂരം അവസാനിച്ചു; ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സ്

സംസ്ഥാനത്ത് ആദ്യമായി അരങ്ങേറിയ ചാമ്പ്യന്‍ഷിപ്പില്‍ ചില അവിസ്മരണീയവും പ്രായത്തെ തോല്‍പ്പിക്കുന്നതുമായ പ്രകടനങ്ങള്‍ അരങ്ങേറുകയും ചെയ്തു. എങ്കിലും അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റ് ചില താരങ്ങള്‍ക്ക് നിരാശയും സമ്മാനിച്ചു. മികച്ച ട്രാക്കായിട്ടും റെക്കോഡുകള്‍ക്ക് ക്ഷാമമായിരുന്നു ചാമ്പ്യന്‍ഷിപ്പില്‍.

തേഞ്ഞിപ്പലം: ഫെഡറേഷന്‍ കപ്പ് ദേശീയ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ സില്‍വര്‍ ജൂബിലി പതിപ്പിന് ബുധനാഴ്ച കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ കൊടിയിറങ്ങി. ചാമ്പ്യന്‍ഷിപ്പിന്റെ സമാപന ദിനമായ ബുധനാഴ്ച വൈകിട്ട് ശക്തമായ കാറ്റിലും മഴയിലും ചില നാശനഷ്ടങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ ഏറെക്കുറെ നല്ല രീതിയിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായി അരങ്ങേറിയ ചാമ്പ്യന്‍ഷിപ്പില്‍ ചില അവിസ്മരണീയവും പ്രായത്തെ തോല്‍പ്പിക്കുന്നതുമായ പ്രകടനങ്ങള്‍ അരങ്ങേറുകയും ചെയ്തു. എങ്കിലും അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റ് ചില താരങ്ങള്‍ക്ക് നിരാശയും സമ്മാനിച്ചു. മികച്ച ട്രാക്കായിട്ടും റെക്കോഡുകള്‍ക്ക് ക്ഷാമമായിരുന്നു ചാമ്പ്യന്‍ഷിപ്പില്‍.  

കേരളം പിന്നോട്ടോ?  

നാല് സ്വര്‍ണം നേടിയെങ്കിലും ഒരു കാലത്ത് ഇന്ത്യന്‍ അത്ലറ്റിക്സിലെ പ്രതാപികളായിരുന്ന കേരളം പൊതുവില്‍ പിറകോട്ടടിക്കുന്ന കാഴ്ചയാണ് കണ്ടത്. പ്രായക്കൂടുതലിന്റെയും ജോലിയുടെയും പേരില്‍ എലൈറ്റ് അക്കാദമിയില്‍ പരിശീലനം നിഷേധിച്ചതും മറ്റും ചില മലയാളി അത്ലറ്റുകള്‍ക്ക് നിരാശ സമ്മാനിച്ചു. അതേസമയം റിലയന്‍സ് ഫൗണ്ടേഷനും ഒഡീഷ സര്‍ക്കാരും സംയുക്തമായി നടത്തുന്ന ഹൈപെര്‍ഫോമന്‍സ് സെന്ററിലും ബെല്ലാരിയിലെ ജെഎസ്ഡബ്ല്യു ഹൈപെര്‍ഫോമന്‍സ് സെന്ററിലും പരിശീലനം ലഭിച്ച താരങ്ങളുടെ ഏറ്റവും മികച്ച  പ്രകടനത്തിനും ചാമ്പ്യന്‍ഷിപ്പ് സാക്ഷ്യം വഹിച്ചു.

ചാട്ടം ആവേശമായപ്പോള്‍  

മീറ്റിലെ ഏറ്റവും ആവേശകരമായ പോരാട്ടം കണ്ടത് പുരുഷന്മാരുടെ ലോങ്ജമ്പിലാണ്. തമിഴ്നാട്ടുകാരനായ ജസ്വിന്‍ ആള്‍ഡ്രിനും മലയാളി ഒളിംപ്യന്‍ എസ്. ശ്രീശങ്കറും തമ്മിലായിരുന്നു ഈ ഹൈവോള്‍ട്ട് പോരാട്ടം. രണ്ടുപേരും നിലവിലെ ദേശീയ റെക്കോഡ് തിരുത്തിയെങ്കിലും ജസ്വിന്റെ പേര് റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചില്ല. എങ്കിലും സ്വര്‍ണം ജസ്വിന് ലഭിച്ചതാണ് ഏക ആശ്വാസം. തന്റെ രണ്ടാം അവസരത്തില്‍ 8.37 മീറ്റര്‍ ചാടി ശ്രീശങ്കറിന്റെ പേരിലുള്ള 8.26 മീറ്റിന്റെ ദേശീയ റെക്കോഡ് ഭേദിച്ചെങ്കിലും സ്റ്റേഡിയത്തില്‍ വീശിയ കാറ്റിന്റെ വേഗം അനുവദനീയമായതിലും കൂടുതലായതിനാലാണ് റെക്കോഡ് അനുവദിക്കാതിരുന്നത്. തന്റെ മൂന്നാം ശ്രമത്തില്‍ 8.36 മീറ്റര്‍ ചാടിയ ശ്രീശങ്കര്‍ വെള്ളി കൊണ്ട് തൃപ്തനായെങ്കിലും ദേശീയ റെക്കോഡിന് അവകാശിയുമായി. ജസ്വിന്‍ 8.37 മീറ്റര്‍ ടേക്ക് ഓഫ് ചെയ്തപ്പോള്‍ സെക്കന്‍ഡില്‍ 4.1 മീറ്ററായിരുന്നു കാറ്റിന്റെ വേഗത.  

ഹര്‍ഡില്‍സില്‍ അഭിമാനിക്കാം  


രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ട്രാക്കില്‍ മടങ്ങിയെത്തിയ ജിന്‍സണ്‍ ജോണ്‍സന്റെ വെങ്കല നേട്ടത്തിനും ചാമ്പ്യന്‍ഷിപ്പ് സാക്ഷ്യം വഹിച്ചു. 1500 മീറ്ററിലായിരുന്നു മെഡല്‍ നേട്ടം. പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ എല്‍ദോ പോള്‍ മീറ്റ് റെക്കോഡോടെ പൊന്നണിഞ്ഞതും 400 മീറ്റര്‍ പുരുഷ-വനിതാ ഹര്‍ഡില്‍സില്‍ എം.പി. ജാബിറും ആര്‍. അനുവും സ്വര്‍ണം നേടിയതും മലയാളികള്‍ക്ക് അഭിമാനിക്കാനുള്ളതായി. വനിതാ ലോങ്ജമ്പില്‍ മൂന്ന് മെഡലും മലയാളി താരങ്ങള്‍ സ്വന്തമാക്കുന്നതിനും ചാമ്പ്യന്‍ഷിപ്പ് സാക്ഷ്യം വഹിച്ചു.  

നയന ജെയിംസ് സ്വര്‍ണം നേടിയപ്പോള്‍ ആന്‍സി സോജന്‍ വെള്ളിയും സാന്ദ്ര ബാബു വെങ്കലവും നേടിയാണ് പ്രതിഭ തെളിയിച്ചത്. ട്രിപ്പിള്‍ജമ്പില്‍ വെള്ളിയും സാന്ദ്ര ബാബു കരസ്ഥാമാക്കിയിരുന്നു.

ഓര്‍ത്തിരിക്കാന്‍ ഒരുപിടി റെക്കോഡുകള്‍  

പുരുഷ ഡിസ്‌കസില്‍ റെക്കോഡും ഏഷ്യന്‍ ഗെയിംസ് യോഗ്യതയും സ്വന്തമാക്കിയ കൃപാല്‍ സിങും വനിതാ ഹാമര്‍ ത്രോയില്‍ ഉത്തര്‍പ്രദേശിന്റെ സരിത സിങ്ങും മഞ്ജു ബാലയും കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് യോഗ്യത നേടിയതും ചാമ്പ്യന്‍ഷിപ്പിന്റെ അഭിമാന മുഹൂര്‍ത്തങ്ങളായി മാറി. 5000 മീറ്ററില്‍ മീറ്റ് റെക്കോഡോടെ അവിനാശ് സാബ്ലെ, കാര്‍ത്തിക് കുമാര്‍, അഭിഷേക് പാല്‍ എന്നിവരും ഏഷ്യന്‍ ഗെയിംസ് യോഗ്യത കാലിക്കറ്റ് യൂണിവേഴ്സ്റ്റി സ്റ്റേഡിയത്തില്‍ നിന്ന് സ്വന്തമാക്കി.

വനിതാ 100 മീറ്ററില്‍ ഒഡീഷയുടെ ദ്യുതി ചന്ദ് തന്റെ അപ്രമാദിത്തം നിലനിര്‍ത്തിയപ്പോള്‍ ഫോട്ടോഫിനിഷിനൊടുവില്‍ തമിഴ്നാടിന്റെ വി. ശിവകുമാര്‍ വേഗമേറിയ താരമായി മാറി. രണ്ട് വര്‍ഷമായി ട്രാക്കില്‍ നിന്നും വിട്ടുനിന്നിരുന്ന എം.വി. ജില്‍ന 100 മീറ്ററില്‍ വെള്ളി നേടി തന്റെ മടങ്ങി വരവ് ഗംഭീരമാക്കുകയും ചെയ്തതിനും കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് ഹീറ്റ്‌സില്‍ ആന്ധ്രാപ്രദേശിന്റെ ജ്യോതി യാരാജിയായിരുന്നു ചാമ്പ്യന്‍ഷിപ്പിലെ ആദ്യ റെക്കോഡിന് അവകാശിയായത്. ഹീറ്റ്സിലായിരുന്നു ജ്യോതിയുടെ റെക്കോഡ് പ്രകടനം. വനിതകളുടെ 400 മീറ്ററിലാണ് ഈ മീറ്റിലെ മറ്റൊരു റെക്കോഡ് പിറന്നത്. മഹാരാഷ്ട്രയുടെ ഐശ്വര്യ കൈലാ മിശ്രയാണ് റെക്കോഡിന് അവകാശിയായത്.  

പത്തരമാറ്റ് വിജയം  

പുരുഷ പോള്‍വോള്‍ട്ടില്‍ രണ്ട് താരങ്ങള്‍ സ്വര്‍ണം പങ്കിട്ടതിനും ചാമ്പ്യന്‍ഷിപ്പ് സാക്ഷ്യം വഹിച്ചു. തമിഴ്‌നാട്ടുകാരായ എസ്. ശിവയും ഗോകുല്‍നാഥുമാണ് 4.90 മീറ്റര്‍ ചാടി സ്വര്‍ണം പങ്കിട്ടത്. തുടക്കം മുതല്‍ ഒരേപോലെ ഉയരങ്ങള്‍ പിന്നിട്ടതോടെയാണ് ശിവയും ഗോകുല്‍നാഥും സ്വര്‍ണം പങ്കുവച്ചത്.ചാമ്പ്യന്‍ഷിപ്പിലെ മറ്റൊരു മനോഹര പോരാട്ടമായിരുന്നു പുരുഷന്മാരുടെ 800 മീറ്റര്‍ ഫൈനല്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഫൈനലില്‍ സെക്കന്‍ഡിന്റെ നൂറില്‍ രണ്ടംശത്തിന് മലയാളി താരം മുഹമ്മദ് അഫ്‌സല്‍ വെള്ളിമെഡല്‍ കൊണ്ട് തൃപ്തനായി. 39-ാം വയസ്സിലും തന്റെ കൈക്കരുത്തിന് തളര്‍ച്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഉത്തര്‍പ്രദേശിന്റെ സീമാ പൂനിയ നടത്തിയത്. തന്നേക്കാള്‍ ഏറെ പ്രായം കുറഞ്ഞവരോട് ഏറ്റുമുട്ടി സീമ നേടിയ സ്വര്‍ണത്തിന് പത്തരമാറ്റ് തിളക്കമാണ്.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.