×
login
എഞ്ചിന്‍ ഇല്ല; മെയിന്റനന്‍സില്ല; ഇന്ധനത്തിന് പണം മുടക്കേണ്ടതില്ല; ഭാവിയുടെ യാത്രക്കായി തയാറെടുക്കാം

വൈദ്യുത കാറുകളാണ് ഇനിയത്തെ ഭാവി.

കോവിഡാനന്തര കാലത്ത് വാഹനമേഖലയില്‍ വരാനിരിക്കുന്നത് വിപ്ലവകരമായ പരിവര്‍ത്തനങ്ങളാണ്. യാത്ര ചെയ്യുന്ന രീതികളിലും യാത്രാ ഉപാധികളിലും സമൂലമായ ഒരു പരിവര്‍ത്തനത്തിനാണ് അരങ്ങൊരുങ്ങുന്നത്. വൈദ്യുത കാറുകളാണ് ഇനിയത്തെ ഭാവി. ചെലവ് വളരെ കുറവാണ് എല്ലാ രീതിയിലും. എഞ്ചിന്‍ ഇല്ലാത്തതിനാല്‍ മെയിന്റനന്‍സില്ല. ഇന്ധനത്തിന് പണം മുടക്കേണ്ടതില്ലെന്നതാണ് മറ്റൊരു നേട്ടം. ഇന്ധനവില അനുദിനം വര്‍ദ്ധിക്കുന്ന ഇക്കാലത്ത് ഇത് വലിയൊരു ആകര്‍ഷണമായി മാറിയിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഉയര്‍ന്ന വിലയാണ് ഒരു തടസ്സമായി നിന്നിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. ഇവി വാങ്ങുന്നവരെയും കമ്പനികളെയും പ്രോല്‍സാഹിപ്പിക്കാന്‍ വിവിധ ഇന്‍സെന്റീവുകള്‍ ഏര്‍പ്പെടുത്തിയതോടെ വാഹന വില ആകര്‍ഷണീയമായ തലത്തിലേക്ക് കുറഞ്ഞു തുടങ്ങി. വളരെ അഫോഡബിളായ നാലഞ്ച് മോഡലുകള്‍ അടുത്ത വര്‍ഷം വരാനിരിക്കുന്നുണ്ട്. ആ ഘട്ടമാവുമ്പോഴേക്കും ഉപഭോക്താക്കളുടെ ആത്മവിശ്വാസവും ഉയരും. ബാറ്റിയുടെ ചാര്‍ജ് തീര്‍ന്ന് വണ്ടി വഴിയില്‍ കിടക്കുമോയെന്ന ആശങ്ക ഇപ്പോള്‍ പലര്‍ക്കുമുണ്ട്. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സംബന്ധിച്ച ആശങ്കകളുണ്ട്. ഇവയ്ക്കെല്ലാം അധികം താമസിയാതെ പരിഹാരമാവും. പല കമ്പനികളും ചാര്‍ജിംഗ് സ്റ്റേഷനുകളുമായി വരുന്നുണ്ട്.

യാത്ര ചെയ്യുന്ന രീതികളിലും മാറ്റങ്ങളാണ്. മെട്രോ ട്രെയിനുകള്‍ വലിയ നഗരങ്ങളിലെല്ലാം യാത്രാ സംവിധാനത്തെ അടിമുടി മാറ്റിയെഴുതിയിട്ടുണ്ട്. കൊച്ചിയില്‍ തന്നെ മെട്രോ കൊണ്ടുവന്ന മാറ്റം ദൃശ്യമാണ്. സില്‍വര്‍ ലൈനെന്ന് പേരുള്ള അതിവേഗ ട്രെയിന്‍ സംവിധാനം ഇനി വരാനിരിക്കുകയാണ്. ബസുകളില്‍ പോലും സാങ്കേതിക വിപ്ലവം വരാനാരംഭിച്ചിട്ടുണ്ട്. യാത്രക്കാരെ സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ വന്നു തുടങ്ങി. വിദേശ രാജ്യങ്ങളില്‍ ബസുകളെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്നവരുണ്ട്. ഓണ്‍ലൈന്‍ ടാക്സികള്‍ പോലെ ബസില്‍ സീറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്ന സംവിധാനമാണ് അവര്‍ ഉപയോഗിക്കുന്നത്.

ഒരു റൂട്ടില്‍ ഓടുന്ന ബസുകളും അവയുടെ സമയവും സീറ്റ് ലഭ്യതയുമെല്ലാം ആപ്പില്‍ ലൈവായി കാണിക്കും. ടിക്കറ്റുകള്‍ ആപ്പ് വഴി ബുക്ക് ചെയ്യാം. ബസ് രണ്ട് സ്റ്റോപ്പ് അപ്പുറം എത്തുമ്പോള്‍ തന്നെ നമ്മുടെ യാത്രക്കാരന്റെ ഫോണിലേക്ക് അറിയിപ്പ് വരും. സ്റ്റോപ്പിലേക്ക് അപ്പോള്‍ എത്തിയാല്‍ മതി. സിറ്റിയിലെ ഗതാഗതത്തെ ഇത്തരമൊരു സംവിധാനം അടിമുടി പരിഷ്‌കരിക്കും. സര്‍ക്കാരുകളും സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനയും ഇതില്‍ ശ്രദ്ധ ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓട്ടോണോമസ് യുഗം

ഓട്ടോണോമസ് കാറുകളുടെ കടന്നു വരവാകും മറ്റൊരു വിപ്ലവം. ഡ്രൈവറില്ലാത്ത ഇത്തരം കാറുകള്‍ 2030 ഓടെ കേരളത്തിലും എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതുണ്ടാക്കാവുന്ന മാറ്റം ചിന്തിക്കാവുന്നതിനുമപ്പുറമാണ്. സ്വന്തമായി വാഹനം വാങ്ങേണ്ട കാര്യം ജനങ്ങള്‍ക്കുണ്ടാവില്ല. വികസിത രാജ്യങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഫുഡ് ഡെലിവറിക്കായി ഓട്ടോണോമസ് കാറുകള്‍ ഉപയോഗിക്കുന്നുണ്ട്. ചെനയിലടക്കം ഓട്ടോണോമസ് കാറുകളില്‍ ആളുകള്‍ യാത്ര ചെയ്യുന്നതിലേക്ക് ടെക്നോളജി വളര്‍ന്നുകഴിഞ്ഞു. ഓട്ടോണോമസ് കാറുകളുടെ അന്തിമ പരീക്ഷണം ലോകത്തെ പല കാര്‍ നിര്‍മാതാക്കളും നടത്തിവരികയാണ്.

ഇലക്ട്രിക് കാറുകളുമായി മുന്നിലോടിയ ഇലോണ്‍ മസ്‌ക്കിന്റെ ടെസ്ലയെ മറ്റു പല നിര്‍മാതാക്കളും ഇന്ന് പിന്നിലാക്കി കഴിഞ്ഞു. പോഷെയുടെ ടൈകാനാണ് ഇത്തരത്തില്‍ ഇന്ത്യയിലെത്തിയിരിക്കുന്ന മറ്റൊരു കരുത്തുറ്റ ഇലക്ട്രിക് കാര്‍. ഒറ്റ ചാര്‍ജിംഗില്‍ 400 കിലോമീറ്റിന് മുകളില്‍ ഓടിക്കാം. ഫുള്‍ പവറില്‍ തുടര്‍ച്ചയായി ആക്സിലറേഷന്‍ കൊടുത്താലും പ്രശ്നമില്ല. കോവിഡ് മൂലം തടസപ്പെട്ട ഇന്ത്യയിലെ ലോഞ്ച് അടുത്ത വര്‍ഷം ഫെബ്രുവരി മാസത്തിലായിരിക്കും നടക്കുക. മെക്കാന്‍ എസ്യുവിയുടെ ഇലക്ട്രിക് വേര്‍ഷനും പോഷെ ഇന്ത്യയിലെത്തിക്കും. ബിഎംഡബ്ല്യു മിനി സീരിസ് പൂര്‍ണമായും ഇലക്ട്രിക്കലാവും. ഇവി വിപ്ലവത്തിന്റെ കാലമാണ് മുന്നിലുള്ളത്.

ജീവനുള്ള കാര്‍

നമ്മുടെ മൊബീല്‍ ഫോണ്‍ പോലെ തന്നെയാണ് ഇലക്ട്രിക് കാറുകളും. സിം, വൈഫൈ, ഹോട്ട്സ്പോട്ട് തുടങ്ങി ഏതെങ്കിലും വിധത്തില്‍ കണക്റ്റിവിറ്റി ഉണ്ടെങ്കിലേ ഫോണിന് ജീവനുണ്ടാവൂ. അല്ലെങ്കില്‍ അത് വീഡിയോ ഗെയിമോ മറ്റോ കളിക്കാനുള്ള ഉപകരണമായോ കാല്‍ക്കുലേറ്ററായോ ചുരുങ്ങിപ്പോകും. ഫോണ്‍ പോലെ തന്നെ കാറിലും കണക്ഷന്‍ കിട്ടിയാല്‍ അതിന്റെ ഉപയോഗ സാധ്യതകള്‍ അനന്തമാണ്. കാറിനും ജീവന്‍ വെക്കുകയാണ് അപ്പോള്‍. കാറുകള്‍ തമ്മില്‍ പരസ്പരം ആശയവിനിമയം നടത്തും. റോഡിലെ ട്രാഫിക്കിനെക്കുറിച്ചും മറ്റും കാറുകള്‍ക്ക് പരസ്പരം വിവരങ്ങള്‍ കൈമാറി ഗതാഗതം സുഗമമാക്കാം.

കാറും ട്രാഫിക് സിഗ്‌നലുകളും തമ്മില്‍ ആശയവിനിമയം നടത്താനുള്ള സംവിധാനവും വരും. സ്മാര്‍ട്ട് കാറുകള്‍ക്കൊപ്പം സ്മാര്‍ട്ട് സിഗ്‌നലുകളും ഭാവിയിലെ അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമാവും. ഇപ്പോള്‍ നിശ്ചിത സമയം സെറ്റ് ചെയ്തുവെച്ച സിഗ്‌നലുകളാണുള്ളത്. കൃത്രിമബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സിഗ്‌നലുകള്‍ ഓരോ ഭാഗത്തുമുള്ള വാഹനങ്ങളുടെ എണ്ണം വിശകലനം ചെയ്ത് അതിനനുസരിച്ച് ഓരോ വശത്തേക്കും പച്ച സിഗ്‌നലുകള്‍ നല്‍കുന്നവയായിരിക്കും. ട്രാഫിക് കുറയാനും സുരക്ഷ വര്‍ദ്ധിക്കാനും ഇത് ഉതകും. കാറുകള്‍ തമ്മില്‍ പരസ്പരം ആശയവിനിമയ സംവിധാനം വരുന്നത് കൂട്ടിയിടി പോലെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. അപകടങ്ങള്‍ കുറയും.

സെന്‍സും സെന്‍സിബിലിറ്റിയുമുള്ള കാര്‍

ഓട്ടോണോമസ് കാറുകള്‍ സ്മാര്‍ട്ട് കാറുകളാണ്. നമ്മള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് ആവശ്യമുള്ള സമയത്ത് സ്വയം എത്താനുള്ള കമാന്‍ഡുകള്‍ നമുക്ക് നല്‍കാനാവും. നമ്മളെ ഡ്രോപ്പ് ചെയ്താല്‍ അടുത്ത കസ്റ്റമറുടെ ലൊക്കേഷനിലേക്ക് കാര്‍ പോകും. കാറിലേക്ക് ജീവന്‍ പകര്‍ന്നാലേ ഇതെല്ലാം സാധ്യമാകൂ. അതില്‍ ഗവേഷകര്‍ വിജയം കണ്ടുകഴിഞ്ഞു. ഓട്ടോണോമസ് കാറുകളുടെ ആദ്യ ലെവലിലുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിക്കഴിഞ്ഞു. എംജിയുടെ ഗ്ലോസ്റ്റര്‍ ഇതിന് ഉദാഹരണമാണ്. ബിഎംഡബ്യു, നിസാന്‍ എന്നിവയുടെയെല്ലാം ലെവല്‍ വണ്‍ ഓട്ടോണോമസ് കാറുകള്‍ നിരത്തിലുണ്ട്.

ലെവല്‍ സിക്സിലേക്ക് എത്തുമ്പോഴാണ് ഈ കാറുകള്‍ ഫുള്‍ ഓട്ടോണോമസ് ആകുക. കമ്പനികളെല്ലാം ലെവല്‍ സിക്സ് വരെ എത്തിക്കഴിഞ്ഞു. കൂടുതല്‍ സാങ്കേതിക പൂര്‍ണത ഇവയ്ക്ക് നല്‍കാനുള്ള പരിപാടികള്‍ ശക്തമായി നടന്നു വരികയാണ്. റോഡിലെ എല്ലാ സാഹചര്യത്തെയും കുറിച്ച് സെന്‍സ് ചെയ്ത് മനസിലാക്കാന്‍ പ്രാപ്തിയാവുമ്പോഴാണ് ഇവ ലോഞ്ച് ചെയ്യപ്പെടുക. ഉദാഹരണത്തിന് റോഡില്‍ ഒരു ആക്സിഡന്റ് സാഹചര്യം ഉണ്ടെന്ന് കരുതുക. ഒരു മനുഷ്യനെയും നായയെയും വണ്ടി ഇടിക്കാന്‍ സാധ്യതയുണ്ട്. ഒരാളെ മാത്രം രക്ഷിക്കാനുള്ള സാധ്യതയാണുള്ളത്. നായയെക്കാള്‍ അപ്പോള്‍ മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ വാഹനത്തിന് ഇന്റലിജന്‍സുണ്ടാവണം. ജീവനുള്ളതും അജൈവ വസ്തുക്കളെയും തിരിച്ചറിയാനുള്ള കഴിവുണ്ടാവണം. ഈ ഘട്ടം ഒക്കെ വാഹന നിര്‍മാതാക്കള്‍ വിജയകരമായി പിന്നിട്ടു കഴിഞ്ഞു.

എല്ലാം ഓട്ടോണോമസിന്

2030 ആവുമ്പോഴേക്ക് ഈ കാഴ്ചകളെല്ലാം നമ്മുടെ നിരത്തില്‍ കാണാന്‍ സാധിക്കും എന്നാല്‍ ഇത്തരമൊരു ആശങ്കയ്ക്ക് വകയില്ലെന്നാണ് എന്റെ പക്ഷം. മികച്ച സെന്‍സറുകള്‍ ഈ കാറുകളുടെ പ്രത്യേകതയാണ്. മികച്ച സാങ്കേതിക വിദ്യകളുടെ നൂറുകണക്കിന് കോമ്പിനേഷനുകള്‍ കാറുകളിലുണ്ട്. ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനവും മറ്റും ഇതിന്റെ ഭാഗമാണ്. ഇപ്പോള്‍ വരുന്ന വാഹനങ്ങളില്‍ പലതിലും വണ്‍ടച്ച് സംവിധാനമാണുള്ളത്. ഗിയര്‍ ലിവര്‍ പിടിച്ചിടേണ്ട കാര്യമില്ല. എന്‍ജിന്‍ ഓഫായാല്‍ വണ്ടി സ്വയം പാര്‍ക്കിംഗിലേക്ക് പോകും.

ഇലക്ട്രിക്കല്‍ ബ്രേക്കും ഇപ്പോള്‍ വണ്ടികളില്‍ വന്നിട്ടുണ്ട്. ഓട്ടോണോമസ് ടെക്നോളജിയെ പിന്തുണയ്ക്കാനാണ് ഇവയെല്ലാം വരുന്നത്. ഡിസ്റ്റന്‍സ് ബ്രേക്കിംഗാണ് മറ്റൊരു പ്രത്യേകത. ഫോക്സ് വാഗണിന്റെയും മറ്റും കാറുകളില്‍ ഈ സംവിധാനമുണ്ട്. വണ്ടിക്ക് റിവേഴ്സ് എടുക്കുമ്പോള്‍ ആരെങ്കിലും പെട്ടെന്ന് വട്ടം ചാടുകയോ മറ്റോ ചെയ്താല്‍ വണ്ടി സ്വയം ബ്രേക്കിടും. ഡിസ്റ്റന്‍സ് ബ്രേക്കിംഗും ഓട്ടോണോമസ് ടെക്നോളജിയെ പിന്തുണക്കാനായി വികസിപ്പിച്ചെടുത്തതാണ്. വണ്ടി സ്വയം പാര്‍ക്ക് ചെയ്യുന്ന സംവിധാനവും ഇപ്പോള്‍ കാറുകളില്‍ ഉള്‍പ്പെടുത്തി വരുന്നുണ്ട്. ഭാവിയില്‍ കൊണ്ടുവരുന്ന ഓട്ടോണോമസിലേക്കുള്ള ചുവടുവെപ്പുകളാണ് ഇവയെല്ലാം.

 

  സാബു ജോണി  
(ഇവിഎം ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്ററാണ് ലേഖകന്‍)

 

ബിസിനസ് വോയ്സ്

  comment

  LATEST NEWS


  യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍


  ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന


  പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത


  ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം


  ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട


  ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.