×
login
മലപ്പുറത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് നീതിയില്ല; കേരളത്തിലുള്ളത് മുസ്ലിംലീഗിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണകൂടമെന്ന് സുരേന്ദ്രന്‍

ലീഗിനെ എല്‍ഡിഎഫിലെടുക്കാനുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ട്. എആര്‍ നഗര്‍ ബാങ്ക് കേസ്, ചന്ദ്രിക കേസ്, പാലാരിവട്ടം പാലം അഴിമതി തുടങ്ങിയ ലീഗിനെതിരായ കേസുകളെല്ലാം സിപിഎം ഒത്തുതീര്‍പ്പാക്കിയതാണ്. ജലീലിനെ അവര്‍ അടുത്ത് തന്നെ കറിവേപ്പില പോലെ വലിച്ചെറിയും. സിപിഎമ്മില്‍ ആരെ അരിയിട്ട് വാഴിക്കാനാണ് നീക്കമെന്ന് പാര്‍ട്ടി സമ്മേളനം കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും മനസിലായി.

മലപ്പുറം: മുസ്ലിംലീഗിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണകൂടമാണ് കേരളത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കാവന്നൂരില്‍ പീഡിപ്പിക്കപ്പെട്ട ഇരയോടുള്ള ഭരണകൂട നീതി നിഷേധത്തിനെതിരെ ബിജെപി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെടി ജലീലിനെ മൂലയ്ക്കിരുത്തി കുഞ്ഞാലിക്കുട്ടിയെ ഒപ്പം ചേര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്.  

ലീഗിനെ എല്‍ഡിഎഫിലെടുക്കാനുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ട്. എആര്‍ നഗര്‍ ബാങ്ക് കേസ്, ചന്ദ്രിക കേസ്, പാലാരിവട്ടം പാലം അഴിമതി തുടങ്ങിയ ലീഗിനെതിരായ കേസുകളെല്ലാം സിപിഎം ഒത്തുതീര്‍പ്പാക്കിയതാണ്. ജലീലിനെ അവര്‍ അടുത്ത് തന്നെ കറിവേപ്പില പോലെ വലിച്ചെറിയും. സിപിഎമ്മില്‍ ആരെ അരിയിട്ട് വാഴിക്കാനാണ് നീക്കമെന്ന് പാര്‍ട്ടി സമ്മേളനം കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും മനസിലായി. അഞ്ച് കൊല്ലത്തിനപ്പുറം അധികാരമില്ലാതെ പിടിച്ചു നില്‍ക്കാന്‍ ലീഗിന് സാധിക്കില്ല. മുസ്ലിംലീഗ് ഒന്നാംതരം കച്ചവട പാര്‍ട്ടിയാണ്. കേരളത്തില്‍ രാഹുല്‍ ഗാന്ധിക്ക് പച്ചപരവതാനി വിരിക്കുന്ന ലീഗ് യുപിയില്‍ കോണ്‍ഗ്രസിനെ കൈവിട്ട് ഒവൈസിയുടെ കൂടെ കൂടിയിരിക്കുകയാണ്. അധിക കാലം മുസ്ലിംലീഗിന് കോണ്‍ഗ്രസിനെ സഹിക്കാനാവില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ലീഗിന്റെ വോട്ട് ലഭിച്ചത് ഇടതുപക്ഷത്തിനാണ്. മലപ്പുറത്ത് ലീഗും സിപിഎമ്മും ഒരേ താത്പര്യമാണ് സംരക്ഷിക്കുന്നത്.  


പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് നീതിയില്ലാത്ത സ്ഥലമായി മലപ്പുറം മാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.കഴിഞ്ഞ 6 വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങളുണ്ടായ സംസ്ഥാനം കേരളമാണ്. കേരളത്തിലെ ക്രമസമാധാനം സമ്പൂര്‍ണമായി തകര്‍ന്നു. ഒരു സ്ത്രീപീഡന കേസും പിണറായി വിജയന്റെ കാലത്ത് തെളിഞ്ഞിട്ടില്ല. പൊലീസിനെ രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് കയറൂരി വിട്ടിരിക്കുകയാണ്. മലപ്പുറത്തെ പീഡന കേസില്‍ ഇടപെട്ട യുവമോര്‍ച്ച പ്രവര്‍ത്തകരോട് നിങ്ങള്‍ക്കെന്താ ഇതില്‍ കാര്യം എന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫീസര്‍ ചോദിച്ചത്. ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയേയും അമ്മയേയും സന്ദര്‍ശിക്കാത്ത മലപ്പുറത്തെ ജനപ്രതിനിധികള്‍ക്ക് മനസാക്ഷിയില്ലാതായിരിക്കുന്നു.  

ചെറിയ ചെറിയ സംഭവങ്ങള്‍ പോലും വലിയ വാര്‍ത്തയാകുമ്പോള്‍ എന്തുകൊണ്ടാണ് ഇത്രയും വലിയ ക്രൂരത കാവന്നൂരില്‍ നടന്നിട്ടും വാര്‍ത്തായാകാതെ പോയതെന്ന് മനസിലാകുന്നില്ല. കുടുംബത്തെ ഏറ്റെടുക്കാന്‍ ബിജെപി സജ്ജമാണ്. എന്നാല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നില്ല. ഒരു 10 ലക്ഷം രൂപയെങ്കിലും ആ കുടുംബത്തിന് അനുവദിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രവി തേലത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. രശ്മില്‍ നാഥ്, ബിജെപി എ. നാഗേഷ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ സിജിശങ്കര്‍, കെ. ജനചന്ദ്രന്‍ മാസ്റ്റര്‍, കെ. രാമചന്ദ്രന്‍, ഗീതാ മാധവന്‍, എന്‍. ശ്രീ പ്രകാശ്, കെ.കെ. സുരേന്ദ്രന്‍, ടി.പി. സുല്‍ഫത്ത്, മേഖലാ ജനറല്‍ സെക്രട്ടറി എം. പ്രേമന്‍ മാസ്റ്റര്‍, മേഖലാ വൈസ് പ്രസിഡന്റ് ടി.കെ. അശോക് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ രാജീവ് കല്ലം മുക്ക്, എന്‍. അനില്‍ കുമാര്‍, ജില്ലാ സെക്രട്ടറി ബീനാ സന്തോഷ്, ജില്ലാ ട്രഷറര്‍ ബാബുരാജ് മാസ്റ്റര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശിതുകൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.