×
login
തനതുസിനിമയുടെ ഉത്തരായനങ്ങള്‍

സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രശസ്ത നാടകം 'കലി', സംവിധാനം ചെയ്തുകൊണ്ട് തനതു നാടകവേദിക്ക് തുടക്കംകുറിച്ച അരവിന്ദന്‍ ചലച്ചിത്ര ലോകത്ത് ഭാരതീയ സൗന്ദര്യശാസ്ത്രത്തിലധിഷ്ഠിതമായ തനതു സിനിമയുടെ സാക്ഷാല്‍ക്കാരത്തിനുള്ള കലാസപര്യയാണ് തുടര്‍ന്നത്. മഹാമൗനത്തിന്റെ ഘനഭാവത്തെ ദൃശ്യ കവിതകളാക്കിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഭാഷയും വ്യാകരണവും കാഴ്ചയുടെ കലയായ സിനിമയെ എന്നും നവീകരിച്ചുകൊണ്ടിരിക്കുമെന്നതില്‍ സംശയമില്ല

വ്യവസ്ഥാപിത  സങ്കല്‍പങ്ങളെ നിരാകരിച്ച് കൊണ്ട് സിനിമയെ കവിതയോളം ഉയര്‍ത്തുകയും സംഗീതത്തിന്റെ ഉദാത്തതയിലെത്തിക്കുകയും ചെയ്ത കലാ മര്‍മ്മജ്ഞനായിരുന്നു അരവിന്ദന്‍... മൗനമുദ്രിതമായ ജീവിതവും ഋഷി സമാനമായ ശരീര ഭാഷയും കൊണ്ട് സിനിമയില്‍ വേറിട്ടു നിന്ന അരവിന്ദന്‍ നിശബ്ദതയെ ദൃശ്യ സംഗീതമാക്കിയ പ്രതിഭാശാലിയെന്ന് വിശേഷിപ്പിക്കപ്പെട്ടു. ആരവങ്ങളേക്കാള്‍ സംവേദനാത്മകമാണ് മൗനം എന്ന തന്റെ കലാദര്‍ശനം സിനിമയിലെത്തും മുന്‍പേ തന്നെ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ അരവിന്ദന്‍ തുടങ്ങിവച്ചിരുന്നു. ചിത്രകലയുടെയും സംഗീതത്തിന്റെയും വാസ്തുവിദ്യയുടെയും സൗന്ദര്യങ്ങള്‍ ഇഴ ചേര്‍ത്തു രചിച്ച സിനിമകളിലൂടെ ഈ കലാകാരന്‍ നമ്മുടെ ചലച്ചിത്രപ്പെരുമയെ വിശ്വചക്രവാളത്തോളം വിസ്തൃതമാക്കി.

ഉത്തരായനം (1974) മുതല്‍ വാസ്തുഹാര (1990) വരെ പന്ത്രണ്ട് ചിത്രങ്ങളാണ് അരവിന്ദന്‍ സംവിധാനം ചെയ്തത്. ഉത്തരായനം എന്ന വാക്കിന് ഉത്തരം തേടിയുള്ള യാത്ര എന്നും അര്‍ത്ഥം കല്‍പിക്കാം. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനാധിപത്യ അപചയത്തിന്റെയും രാഷ്ട്രീയ കപടതകള്‍ സൃഷ്ടിച്ച മൂല്യച്യുതികളുടെയും ഇന്ത്യന്‍ അവസ്ഥകളെപ്പറ്റിയുള്ള അന്വേഷണമാണ് ഉത്തരായനത്തിലൂടെ അരവിന്ദന്‍ നിര്‍വഹിച്ചത്. സീതയെ പ്രകൃതിയായി ചിത്രീകരിച്ചുകൊണ്ട് തന്റെ തനതായ രാമായണ ദര്‍ശനം കാഞ്ചനസീതയില്‍ അരവിന്ദന്‍ പ്രകാശിപ്പിച്ചു. ശ്രീരാമന്റെ ഗ്രോത്രത്തില്‍ പെട്ടവര്‍ എന്നവകാശപ്പെടുന്ന ആന്ധ്രാപ്രദേശിലെ ലമ്പാടികള്‍ എന്ന ഗിരിവര്‍ഗക്കാരാണ് രാമലക്ഷ്മണന്മാരായി കാഞ്ചനസീതയില്‍ അഭിനയിച്ചത്. സീതയുടെ അന്തര്‍ദ്ധാനത്തിനുശേഷം രാമ ലക്ഷ്മണന്മാര്‍ നേരിടുന്ന ആത്മസംഘര്‍ഷങ്ങളെ പ്രകൃതിയുടെ ദൃശ്യാഖ്യാനങ്ങളിലൂടെ ആവിഷ്‌കരിച്ച ഈ സിനിമയുടെ ദര്‍ശനം വിശ്വ സിനിമയില്‍ തന്നെ ആദ്യത്തേതാണ്. കേരളത്തിന്റെ സാംസ്‌കാരിക പ്രഭാവത്തിലെ സുവര്‍ണ നദിയായി ഒഴുകുന്ന ഭാരതപ്പുഴയെ തന്റെ ചിന്തയുടെയും കിനാവുകളുടെയും ചലച്ചിത്രമാക്കുകയായിരുന്നു 'തമ്പ്'(1978) എന്ന മൂന്നാമത്തെ ചിത്രത്തില്‍. ഇന്ത്യന്‍ സിനിമയുടെ എന്നത്തേയും അഭിമാനമായ 'തമ്പി'ലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷോട്ടുകളുടെ  ശക്തിയും സൗന്ദര്യവും ഛായാഗ്രഹണ കലയിലെ അപൂര്‍വാനുഭവമായിരുന്നു.

കുട്ടികള്‍ക്കായി സംവിധാനം ചെയ്ത 'കുമ്മാട്ടി' (1979) കാവാലത്തിന്റെ കഥയെ ചീമേനി ഗ്രാമത്തില്‍ അവിടെയുള്ള നാട്ടുകാരെ വെച്ച് ചിത്രീകരിച്ചതാണ്. ക്രൈസ്തവ സങ്കല്‍പങ്ങളില്‍ വേരോടിയ ഒരു മിത്തിന് പുതുമയും പൊലിമയും ആഴവും മിഴിവും നല്‍കി ചലച്ചിത്രഭാഷ്യമാക്കിയതാണ് അരവിന്ദന്റെ 'എസ്തപ്പാന്‍' (1979). ബാലചന്ദ്രന്‍ ചുള്ളിക്കാട് നായക വേഷത്തെ അവതരിപ്പിക്കുന്ന 'പോക്കുവെയില്‍' (1981) മെല്ലെ മെല്ലെ മാനസിക വിഭ്രാന്തികള്‍ക്കു കീഴടങ്ങുന്ന വികാര ജീവിയായ ഒരു യുവാവിന്റെ കഥയായിരുന്നു. എന്നും സംഗീതത്തെ പ്രമേയത്തോട് ബന്ധപ്പെടുത്തി കഥാത്മകമായി ചിത്രീകരിക്കുവാനിഷ്ടപ്പെട്ടിരുന്ന അരവിന്ദന്‍ 'പോക്കുവെയിലി'ലൂടെ ഹരിപ്രസാദ് ചൗരസ്യയുടെ ~ൂട്ടും രാജീവ് താരാനാഥിന്റെ സരോദും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ രാഗതാളങ്ങളും കേരളീയ ജീവിതത്തിലേക്ക് ആസ്വാദ്യകരമായി ആവിഷ്‌ക്കരിച്ചു.

അരവിന്ദന്റെ ഇതര സിനിമകളില്‍ നിന്ന് വ്യത്യസ്തമായി താരമൂല്യത്തിന് പ്രാധാന്യം നല്‍കിയ 'ചിദംബരം' (1985) ശിവസങ്കല്‍പത്തെ മുന്‍നിര്‍ത്തി പാപ പുണ്യങ്ങളെ പറ്റി ദാര്‍ശനികമായ സമാലോചനകള്‍ അവതരിപ്പിക്കുന്നു. പരിസ്ഥിതിയെ തകര്‍ക്കുന്ന വികസന രീതികള്‍ മാനവരാശിയുടെ പതനത്തിലേക്കു നയിക്കുമെന്ന സന്ദേശമാണ് 'ഒരിടത്ത്' (1986) നല്‍കുന്നത്.

അവാര്‍ഡുകളൊന്നും ലഭിക്കാതെ പോയ മൂന്ന് അരവിന്ദന്‍ ചിത്രങ്ങളാണ് മാറാട്ടം(1988), സഹജ (1988) ഉണ്ണി(1989).  

കേരളത്തിന്റെയും ബംഗാളിന്റെയും സംസ്‌കാരങ്ങളെ സമന്വയിപ്പിക്കുന്ന 'വാസ്തുഹാര' (1990) ആയിരുന്നു അരവിന്ദന്‍ സംവിധാനം ചെയ്ത അവസാന ചിത്രം.  


മൗനത്തെ സിനിമയുടെ ഭാഷയാക്കി മാറ്റിയ അരവിന്ദന്‍ ജീവിതത്തിലും ധ്യാനലീനമായ മൗനം പുലര്‍ത്തിയിരുന്നതായി ഷാജി എന്‍. കരുണ്‍ ഓര്‍ക്കുന്നു. '...അരവിന്ദന്‍ എന്നെ ഒന്നു നോക്കിയാല്‍ ക്യാമറ സ്റ്റാര്‍ട്ട് എന്നര്‍ത്ഥം... കണ്ണിറുക്കിയാല്‍ ആക്ഷന്‍... തലയാട്ടിയാല്‍ ടേക്ക് ഓക്കെ... തിരികെ നടന്നാല്‍ പായ്ക്കപ്പ്... ചിരിച്ചാല്‍ പടം റിലീസ്... ദീര്‍ഘശ്വാസമിട്ടാല്‍ പടം മാറി...'

സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രശസ്ത നാടകം 'കലി', സംവിധാനം ചെയ്തുകൊണ്ട് തനതു നാടകവേദിക്ക് തുടക്കംകുറിച്ച അരവിന്ദന്‍ ചലച്ചിത്ര ലോകത്ത് ഭാരതീയ സൗന്ദര്യശാസ്ത്രത്തിലധിഷ്ഠിതമായ തനതു സിനിമയുടെ സാക്ഷാല്‍ക്കാരത്തിനുള്ള കലാസപര്യയാണ് തുടര്‍ന്നത്.

മഹാമൗനത്തിന്റെ ഘനഭാവത്തെ ദൃശ്യ കവിതകളാക്കിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഭാഷയും വ്യാകരണവും കാഴ്ചയുടെ കലയായ സിനിമയെ എന്നും നവീകരിച്ചുകൊണ്ടിരിക്കുമെന്നതില്‍ സംശയമില്ല.

 

 

 

  comment

  LATEST NEWS


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22


  ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില്‍ 45 എന്‍ജിനീയര്‍ ട്രെയിനി; അവസരം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിഇ/ബിടെക് 65% മാര്‍ക്കോടെ ജയിച്ചവര്‍ക്ക്


  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു; പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.