×
login
കുട്ടനാടിന്റെ കൂട്ട് കരുത്താക്കി; ഫാസിലുമായുള്ള പരിചയം കലാ ജീവിതത്തിന് വഴികാട്ടിയായി

കുട്ടനാടിന്റെ താളബോധത്തിനൊപ്പം ചെണ്ടയും മൃദംഗവും ഘടവും എല്ലാം കുട്ടിക്കാലത്തിലേ അദ്ദേഹത്തിന് വഴങ്ങി. മൂത്ത സഹോദരന്‍ രവീന്ദ്രനാഥ് അഭിനയിച്ച നാടകങ്ങള്‍ കണ്ടാണ് വേണുവിന് നാടകത്തോട് താല്‍പ്പര്യം തോന്നിതുടങ്ങിയത്.

ആലപ്പുഴ: നെടുമുടിയും കെ. വേണുഗോപാല്‍ എന്ന വേണുവും രണ്ടല്ല, ഒന്നായിരുന്നു. നെടുമുടിയിലെ അറിയപ്പെടുന്ന അധ്യാപക ദമ്പതികളായ പി.കെ. കേശവന്‍പിള്ളയുടേയും കുഞ്ഞിക്കുട്ടിയമ്മയുടേയും അഞ്ച് ആണ്‍മക്കളില്‍ അഞ്ചാമനായാണ് വേണുവിന്റെ ജനനം. കഥകളി കമ്പക്കാരനായ അച്ഛനില്‍ നിന്നും കഥകളി ആസ്വാദകരായി മാറിയ മക്കളായിരുന്നു അഞ്ചുപേരും. അക്കാദമിക് തലം എന്നതിനപ്പുറം മക്കളെ കലാകാരന്മാരായി വളര്‍ത്തുന്നതിലുള്ള അച്ഛന്റെ താത്പര്യം  അനുകൂലമാക്കിയത് വേണുവായിരുന്നു.  

കുട്ടനാടിന്റെ താളബോധത്തിനൊപ്പം ചെണ്ടയും മൃദംഗവും ഘടവും എല്ലാം കുട്ടിക്കാലത്തിലേ അദ്ദേഹത്തിന് വഴങ്ങി. മൂത്ത സഹോദരന്‍ രവീന്ദ്രനാഥ് അഭിനയിച്ച നാടകങ്ങള്‍ കണ്ടാണ് വേണുവിന് നാടകത്തോട് താല്‍പ്പര്യം തോന്നിതുടങ്ങിയത്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ നാടകംകളി തുടങ്ങി. വീട്ടിലെ പറമ്പിലാണ് കളി. മധ്യവേനല്‍ അവധിക്കാലത്ത് ബെഞ്ച് പിടിച്ചിട്ട് സ്റ്റേജുണ്ടാക്കി, സാരിയും, ലുങ്കിയുമൊക്കെ ഉപയോഗിച്ച് കര്‍ട്ടണ്‍ കെട്ടിയായിരുന്നു അവതരണം. നാടകം കാണാന്‍ അയല്‍പക്കത്തുള്ളവരെ ക്ഷണിക്കും. പ്രായമുള്ളവര്‍ ചൂട്ടും കത്തിച്ചാണ് വരിക. അങ്ങിനെ അയല്‍ക്കാരുടെ പ്രോത്സാഹനമായിരുന്നു തന്റെ കലാജീവിതത്തിന്റെ പ്രചോദനം എന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.  

വേണുവില്‍ ഒരു കലാകാരന്‍ രൂപപ്പെട്ടിരുന്നു എന്ന് ആദ്യം തിരിച്ചറിഞ്ഞത് അച്ഛനായിരുന്നു. നെടുമുടിയിലേയും ചമ്പക്കുളത്തേയും വിദ്യാഭ്യാസ ജീവിതത്തിന് ശേഷം ആലപ്പുഴ  എസ്ഡി കോളജില്‍ എത്തിയതോടെയാണ് നെടുമുടിയിലെ കലാകാരന്‍ തെളിഞ്ഞു വന്നത്.  


സംവിധായകന്‍ ഫാസിലുമായുള്ള കണ്ടുമുട്ടല്‍ കലയുടെ കൊടുമുടിയിലേയ്ക്കുള്ള നെടുമുടിയുടെ കയറ്റത്തിന്റെ ആദ്യ ചുവടുവെയ്പ്പായിരുന്നു. സീരിയസ്- ഹ്യൂമര്‍ എന്നിങ്ങനെ രണ്ട്തലങ്ങളില്‍ കോളജില്‍ അഭിനയമത്സരം നടന്നപ്പോള്‍ കാലടി ഗോപിയുടെ ഏഴുരാത്രികള്‍ എന്ന നാടകത്തിലെ പാഷാണം വര്‍ക്കിയെ അവതരിപ്പിച്ച നെടുമുടി വേണു ഹ്യൂമര്‍ വേഷത്തിലെ ബെസ്റ്റ് ആക്ടറായപ്പോള്‍ സീരിയസ് വേഷത്തിലെ ബെസ്റ്റ് ആക്ടറായത് ഫാസിലാണ്.

അന്ന് ഫാസിലിനെ പരിചയപ്പെട്ടത് ഇരുവരുടേയും കലാജീവിതത്തിലെ മികച്ച തുടക്കമായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് നിരവധി നാടകങ്ങള്‍ എസ്ഡി കോളജില്‍ ചെയ്തു. യൂത്ത് ഫെസ്റ്റില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടി. കാമ്പസിന് പുറത്തേയ്ക്ക് സ്‌കിറ്റുകളും മിമിക്രിയുമായി ഏറെക്കാലും മുന്നോട്ട് പോയി. യേശുദാസിന്റെ ഗാനമേളകളുടെ ഇടവേളകളില്‍ ഇരുവരും ചേര്‍ന്ന് സ്‌കിറ്റ് അവതരിപ്പിച്ച് മുന്നേറി. ഫാസില്‍ എസ്ഡി കോളജില്‍ എംഎ മലയാളത്തിന് ചേര്‍ന്നു. അവിടെ പഠിക്കുന്നില്ലെങ്കിലും കാമ്പസില്‍ പതിവായി നെടുമുടിയും എത്തിയിരുന്നു.  

കാവാലത്തെ പരിചയപ്പെട്ടതോടെയാണ് നെടുമുടി നാടകകലയുടെ പുതിയ തലങ്ങളിലേയ്ക്ക് ചേക്കേറുന്നത്. ഗ്രാമീണതയുടെ ചേരുവകള്‍ അഴിച്ചുവെയ്ക്കാത്ത കലാകാരനായിരുന്നു നെടുമുടി വേണു. കുട്ടനാടിന്റെ ചെളിയുടെ മണമുള്ള, സംസ്‌ക്കാരമുള്ള യഥാര്‍ത്ഥ കലാകാരനാണ് വിടപറയുന്നത്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.