×
login
വൃക്കരോഗം ബാധിച്ചത് മദ്യപാനത്താല്‍ അല്ല, വിഷം നല്‍കി അപായപ്പെടുത്താനുള്ള സഹോദരന്റെ ശ്രമം; വെളിപ്പെടുത്തലുമായി തമിഴ് താരം പൊന്നമ്പലം

ഒരു ദിവസം രാത്രി ഉറക്കം വരാത്തതിനാല്‍ താന്‍ സിഗരറ്റ് വലിച്ച് പുറത്തിറങ്ങിയപ്പോള്‍ എന്റെ അസിസ്റ്റന്റിനെയും സഹോദരനെയും കുറച്ച് ദൂരെ കണ്ടു. എന്റെ ലുങ്കിയും ഒരു പാവയും കുറച്ച് ചരടുമൊക്കെ ജപിച്ച് ഒരു കുഴിയില്‍ ഇട്ട് മൂടുകയായിരുന്നു

ചെന്നൈ : തന്നെ സഹോദരന്‍ വിഷം നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചതായി തമിഴ് സിനിമാ നടനായ പൊന്നമ്പലം. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്. അടുത്തിടെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പൊന്നമ്പലം നിലവില്‍ വിശ്രമ ജീവിതം നയിച്ചു വരികയാണ്.  

തന്റെ അച്ഛന് നാല് ഭാര്യമാരാണ് ഉള്ളത്. അതില്‍ മൂന്നാമത്തെ ഭാര്യയുടെ മകന്‍ തന്റെയൊപ്പം മാനേജറായി ജോലി ചെയ്തിരുന്നു. അയാള്‍ ബിയറില്‍ സ്ലോ പോയിസണ്‍ കലക്കി നല്‍കി. പിന്നീടിത് രസത്തിലും കലക്കി നല്‍കി. പല തവണയായപ്പോള്‍ അത് വൃക്കയെ ബാധിക്കുകയുമായിരുന്നു. മദ്യപിച്ച് വൃക്ക തകരാറിലായതാണെന്നാണ് ആളുകള്‍ കരുതിയത്. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നതാണ് തന്റെ ആരോഗ്യനില തകരാറിലാക്കിയത്. ഡോക്ടര്‍മാരാണ് എന്റെ ഉള്ളില്‍ വിഷാംശം കണ്ടെത്തുന്നത്. പക്ഷേ ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലായിരുന്നു.

അയാളെ താന്‍ ഒരുപാട് വിശ്വസിച്ചിരുന്നു. ഒരു ദിവസം രാത്രി ഉറക്കം വരാത്തതിനാല്‍ താന്‍ സിഗരറ്റ് വലിച്ച് പുറത്തിറങ്ങിയപ്പോള്‍ എന്റെ അസിസ്റ്റന്റിനെയും സഹോദരനെയും കുറച്ച് ദൂരെ കണ്ടു. എന്റെ ലുങ്കിയും ഒരു പാവയും കുറച്ച് ചരടുമൊക്കെ ജപിച്ച് ഒരു കുഴിയില്‍ ഇട്ട് മൂടുകയായിരുന്നു അവര്‍. അപ്പോള്‍ ഒന്നും ചോദിച്ചില്ല.


പിറ്റേദിവസം അസിസ്റ്റന്റിനെ ചോദ്യം ചെയ്തു. പോലീസിനെ അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് സഹോദരനാണ് എല്ലാത്തിനും പിന്നിലെന്ന് അറിയുന്നത്. ചെറുപ്പം മുതല്‍ താന്‍ പണം സമ്പാദിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ആയിരത്തി അഞ്ഞൂറോളം സിനിമകളില്‍ ഇടിയും കുത്തും ഒക്കെ കിട്ടി കഷ്ടപ്പെട്ടാണ് പണം സമ്പാദിച്ചിട്ടുള്ളത്. അതെല്ലാം കുടുംബത്തിന് വേണ്ടിയാണ് ചെലവാക്കിയത്. അവസാനം സഹോദരന്‍ തന്നെ ഇങ്ങനെ ചെയ്തുവെന്ന് അറിഞ്ഞപ്പോള്‍ മനസ് ഒരുപാട് വേദനിച്ചു. എനിക്ക് സഹോദരനോട് ഒരു ദേഷ്യവുമില്ല. കുറേകാലം കഴിയുമ്പോള്‍ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിന് മനസ്സിലാകുമെന്നാണ് പൊന്നമ്പലം പ്രതികരിച്ചത്.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് പൊന്നമ്പലം. 1988-ല്‍ കലിയുഗം എന്ന ചിത്രത്തിലൂടെ നടനായി തുടക്കംകുറിച്ചു. 'നാട്ടാമൈ' എന്ന തമിഴ്ചിത്രത്തിലെ വില്ലന്‍ വേഷമാണ് കരിയറിലെ വഴിത്തിരിവ്. മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷം അണിഞ്ഞിട്ടുണ്ട്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.