×
login
മുദ്രാലോണ്‍ വഴി വിതരണം ചെയ്തത് 18.60 ലക്ഷം കോടി രൂപ; 68 ശതമാനവും വനിതാ സംരംഭകര്‍; സാമ്പത്തിക ശാക്തീകരണത്തിന്റെ ഏഴാം വാര്‍ഷികം

34.42 കോടിയിലധികം വായ്പാ അക്കൗണ്ടുകള്‍ വരുമാന സൃഷ്ടി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഈ പദ്ധതിക്ക് കീഴില്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി കണക്കുകള്‍ നിരത്തി വ്യക്തമാക്കി.

ന്യൂദല്‍ഹി: പ്രധാനമന്ത്രി മുദ്രായോജനയുടെ എഴാംവാര്‍ഷികത്തെ സാമ്പത്തിക ശാക്തീകരണത്തിന്റെ ഏഴാം വാര്‍ഷികമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. എല്ലാ മുദ്ര ഗുണഭോക്താക്കളെയും അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നതായി മന്ത്രി പറഞ്ഞു. വായ്പയെടുത്ത് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ മുന്നോട്ടവന്ന് രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാനും നിര്‍മ്മല സീതാരാമന്‍ ആഹ്വാനം ചെയ്തു.

പദ്ധതി ആരംഭിച്ച് ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ 18.60 ലക്ഷം കോടി രൂപയാണ് പദ്ധതി പ്രകാരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ വിതരണം ചെയ്തത്. 34.42 കോടിയിലധികം വായ്പാ അക്കൗണ്ടുകള്‍ വരുമാന സൃഷ്ടി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഈ പദ്ധതിക്ക് കീഴില്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി കണക്കുകള്‍ നിരത്തി വ്യക്തമാക്കി.  

പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 68 ശതമാനത്തില്‍ അധികവും സ്ത്രീകള്‍ ആണെന്നതാണ് ശ്രദ്ധേയം. ഇതുവരെ അനുവദിച്ചിട്ടുള്ള മൊത്തം വായ്പകളില്‍ 51 ശതമാനവും പട്ടികജാതി/പട്ടിക വര്‍ഗ്ഗ/പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതാണ്. അതിനാല്‍ പദ്ധതി സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് വ്യക്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  


ചെറുകിട ബിസിനസുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ പദ്ധതി സഹായിച്ചു. താഴെത്തട്ടില്‍ വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി സഹായകമായി. പ്രധാനമന്ത്രി വിഭാവനം ചെയ്തതുപോലെ 'എല്ലാര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം' എന്ന ആശയത്തിന്റെ യഥാര്‍ത്ഥ ചൈതന്യം ഉള്‍ക്കൊള്ളുന്നതാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.