×
login
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ തലസ്ഥാനത്തേക്ക്; ആസ്റ്റര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ഏഴാമത്തെ ആശുപത്രി തിരുവനന്തപുരത്ത്

ആസ്റ്റര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ഏഴാമത്തെ ആശുപത്രിയാവും തലസ്ഥാനത്തേത്. ആദ്യഘട്ടത്തില്‍ 350 കിടക്കകളായിരിക്കും പ്രവര്‍ത്തനക്ഷമമാകുക.

തിരുവനന്തപുരം: ഗള്‍ഫ് മേഖലയിലെയും ഇന്ത്യയിലെയും ആരോഗ്യസേവനദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ തിരുവനന്തപുരത്ത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പ്രഖ്യാപിച്ചു. അഞ്ഞൂറ് കോടി രൂപയാണ് പദ്ധതിക്കായുള്ള നിക്ഷേപം. 5.76 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആശുപത്രിയില്‍ 550 കിടക്കകളും ഇന്റഗ്രേറ്റഡ് അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളുമുണ്ടാവും. ആക്കുളം ലുലുമാളിനു സമീപം ഏഴേക്കര്‍ ഭൂമിയിലാണ് ആശുപത്രിസമുച്ചയം വരിക. 2024 ഓടെ ആശുപത്രി നിര്‍മാണം പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

 ആസ്റ്റര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ഏഴാമത്തെ ആശുപത്രിയാവും തലസ്ഥാനത്തേത്. ആദ്യഘട്ടത്തില്‍  350 കിടക്കകളായിരിക്കും  പ്രവര്‍ത്തനക്ഷമമാകുക. കൂടാതെ ഒരു ലക്ഷം  ചതുരശ്ര അടി വിസ്തൃതിയുള്ള മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമുണ്ടാകും. ആസ്റ്റര്‍ ഗ്രൂപ്പ് നിലവില്‍ എണ്ണായിരത്തിലധികം പേര്‍ക്കാണ് കേരളത്തില്‍ തൊഴില്‍ നല്‍കുന്നത്. ആസ്റ്റര്‍ ക്യാപിറ്റല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 2000 പേര്‍ക്കുകൂടി കൂടുതലായി ജോലി ലഭ്യമാകും.

 കാര്‍ഡിയാക് സയന്‍സസ്, ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ്, ന്യൂറോ സയന്‍സസ്, ഓര്‍ത്തോപീഡിക്‌സ്, ഓങ്കോളജി, യൂറോളജി ആന്‍ഡ് നെഫ്രോളജി, ഗ്യാസ്‌ട്രോ സയന്‍സസ്, വുമണ്‍ ആന്‍ഡ് ചൈല്‍ഡ് വെല്‍നസ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് പ്രത്യേക മികവിന്റെ കേന്ദ്രങ്ങള്‍ ആശുപത്രിയിലുണ്ടാകും. ഹൈ ഡിപന്‍ഡന്‍സി യൂണിറ്റുകള്‍, എന്‍ഐസിയു, പിഐസിയു, ട്രാന്‍സ്പ്ലാന്റ് ഐസിയു, ഡേകെയര്‍ സപ്പോര്‍ട്ട്, 24 മണിക്കൂര്‍ ട്രോമ ആന്‍ഡ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്ന ഒപിഡി, ഐപിഡി, ഐസിയു സൗകര്യങ്ങള്‍ക്ക് പുറമെ റോബോട്ടിക്‌സ്, ന്യൂ ജനറേഷന്‍ സിസ്റ്റംസ് എന്നിവയും ക്രമേണ അവതരിപ്പിക്കും.

 കേരളത്തില്‍ നിക്ഷേപം നടത്താന്‍ പലര്‍ക്കും മടിയാണെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു. ആസാദ് ഗ്രൂപ്പ് കേരളത്തില്‍ 2500 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. നിയമപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ആര്‍ക്കും നിക്ഷേപം നടത്താനുള്ള അനുകൂല സാഹചര്യം കേരളത്തിലുണ്ട്. എന്നാല്‍ പദ്ധതികള്‍ക്ക് അനുമതി കിട്ടാന്‍ പ്രയാസമുണ്ട്. നിയമത്തിന്റെ നൂലാമാലകള്‍ തടസങ്ങളുണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് ഭൂമി സംബന്ധമായ വിഷയങ്ങളില്‍. ഭരണരംഗത്തെ ഉന്നതര്‍ക്ക് പദ്ധതികള്‍ സുഗമമായി നടക്കണമെന്ന് അതിയായ ആഗ്രഹമുണ്ടാകുന്നുണ്ടെങ്കിലും  താഴേതട്ടില്‍ വേണ്ട പുരേഗതിയുണ്ടാവില്ല. തന്നെപോലുള്ള വ്യവസായികള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ടായിട്ടില്ല. എന്നാല്‍ ഇടത്തരക്കാരായ നിക്ഷേപകര്‍ക്ക് പ്രതിസന്ധിയുണ്ടാവുന്നുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയരംഗത്തുനിന്നൊക്കെ വളരെ പോസിറ്റീവായി സമീപനമാണുണ്ടാകുന്നത്.  വരുംകാലങ്ങളില്‍ ഇതിലും വേഗം കാര്യങ്ങള്‍ നടക്കുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള നിലവാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കി വിദേശത്തുനിന്ന് അടക്കമുള്ള മെഡിക്കല്‍ പ്രൊഫഷണലുകളെയും രോഗികളെയും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനു ആസ്റ്റര്‍ ക്യാപിറ്റല്‍ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാര്‍മസികള്‍, ലാബുകള്‍ എന്നിവ കേരളത്തില്‍ വിപുലമാക്കും. വീടുകളില്‍ മരുന്നും ചികിത്സയുമെത്തിക്കുന്നതിനുവേണ്ട പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

 ആസ്റ്റര്‍ ഗ്രൂപ്പിന്റെ തിരുവനന്തപുരത്തേക്കുള്ള ചുവടുവയ്പ്പ് വലിയ സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് നോക്കിക്കാണുന്നതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.  രാജ്യത്ത് മിതമായ നിരക്കില്‍ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്ന സ്ഥാപനമായ ആസ്റ്ററിന് സാധാരണക്കാര്‍ക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങളും, നൂതന ക്ലിനിക്കല്‍ നടപടിക്രമങ്ങളും, കുറ്റമറ്റ പ്രവര്‍ത്തനരീതികളും അടങ്ങിയ  ലോകോത്തര നിലവാരത്തിലുള്ള സേവനം തലസ്ഥാനത്തെ ആശുപത്രിയിലൂടെ നല്‍കാന്‍ കഴിയുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ഇന്ത്യ ഹെഡ് ക്ലിനിക്കല്‍ എക്‌സെലന്‍സ് ഡോ. ആശ കിഷോര്‍ പറഞ്ഞു.


 15 ആശുപത്രികള്‍, 11 ക്ലിനിക്കുകള്‍, 131 ഫാര്‍മസികള്‍, 114 ലാബുകള്‍, പിഇസികള്‍ എന്നിവയുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് രാജ്യത്ത് കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ  സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്.

 

 

 

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.