×
login
ഇതിലും ഫ്രഷ് കടലില്‍ മാത്രം

കൊറോണക്കാലത്ത് ഇന്ത്യയില്‍ 30 ശതമാനവും ദുബായില്‍ 80 ശതമാനവും വളര്‍ച്ചയാണ് ഫ്രഷ് ടു ഹോം നേടിയത്.

കൈതപ്പുഴക്കായലില്‍ നിന്ന് പിടയ്ക്കുന്ന മീനും കൊത്തി പക്ഷികള്‍ പറക്കുന്നത് കണ്ടാണ് മാത്യു ജോസഫ് വളര്‍ന്നത്. മീനും കൊത്തി മുന്നേ പറക്കുന്ന പക്ഷികളുടെ വഴിയേ വീണ്ടും പക്ഷികള്‍ പറന്നു പോകുന്ന കാഴ്ച കണ്ടിട്ടാവണം മാത്യുവും ആ പക്ഷിയാകാന്‍ കൊതിച്ചത്. പിടയ്ക്കുന്ന മീനുമായി മാത്യുവും മുന്നേ പറന്നു, ഓണ്‍ലൈനിലാണെന്ന് മാത്രം. 'സീ ടു ഹോം' എന്ന ലോകത്തെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ പച്ചമീന്‍ മാര്‍ക്കറ്റ് അങ്ങനെ നിലവില്‍ വന്നു. സാങ്കേതികതയുടെ കൂട്ടുപിടിച്ചും ശുദ്ധ ജല മല്‍സ്യങ്ങളും മീറ്റുമെല്ലാം കൂട്ടിച്ചേര്‍ത്തും 'ഫ്രഷ് ടു ഹോ'മായി പിന്നീടത് വളര്‍ന്നു, 650 കോടി രൂപ ടേണോവറിലേക്ക് കൂടി. കൂടുതല്‍ ഭൂമികകളിലേക്കും പച്ചക്കറിയും പാലുമടക്കം ഉല്‍പ്പന്ന വൈവിധ്യത്തിലേക്കും കടക്കുകയാണ് ഈ തനി മലയാളി ഓണ്‍ലൈന്‍ ബ്രാന്‍ഡ്, ലക്ഷ്യം 1,500 കോടി രൂപ ടേണോവര്‍

ബിസിനസുകാരനേ ആയിരുന്നില്ല മാത്യു, ആലപ്പുഴയിലെ ഒരു സീഫുഡ് എക്സ്പോര്‍ട്ടിംഗ് കമ്പനിയില്‍ എക്കൗണ്ടന്റ്. കണക്കെഴുത്ത് ജോലിയെല്ലാം കഴിഞ്ഞ് ഫാക്റ്ററിയിലെ മീനും നോക്കി കാര്യങ്ങള്‍ അന്വേഷിച്ചു നടന്ന ചേര്‍ത്തലക്കാരനെ കമ്പനി എംഡിക്ക് നെയ്മീന്‍ പോലെ പിടിച്ചു. മീനിന്റെ പര്‍ച്ചേസും പ്രോസസിംഗുമൊക്കെ അങ്ങനെ മാത്യുവിനെ ഏല്‍പ്പിക്കപ്പെട്ടു. സ്വന്തം സംരംഭമെന്ന സ്വപ്നം വല്ലാതെ മോഹിപ്പിച്ചപ്പോള്‍ 11 വര്‍ഷത്തെ അനുഭവ പരിചയവുമായി മാത്യു മീന്‍ എക്സ്പോര്‍ട്ടിംഗ് രംഗത്തേക്ക്. സീ ഫുഡ് എക്സ്പോര്‍ട്ട് കമ്പനികള്‍ക്ക് ഉല്‍പ്പന്നം എടുത്തുകൊടുക്കുന്ന ഏജന്റായായിരുന്നു തുടക്കം. പാതിരാക്കോഴി കൂവുന്ന നേരത്ത് തമിഴ്നാട്ടില്‍ നിന്നൊക്കെ മീന്‍ കയറ്റി വരുന്ന ലോറികള്‍ കാത്ത് അരൂരെയും മറ്റും കടത്തിണ്ണകളില്‍ ഈ ചെറുപ്പക്കാരനുണ്ടാവും. മല്‍സരം ശക്തമാണ്, വെളുപ്പിനെ കാത്തു കിടന്നില്ലെങ്കില്‍ ലോറി വേറെ ഏജന്റിന്റെ കസ്റ്റഡിയിലിരിക്കും. ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്താല്‍ കഷ്ടപ്പാടൊന്നും തോന്നില്ലെന്ന് ഇക്കാലത്തെക്കുറിച്ച് മാത്യു പറയും.

രാപ്പകലില്ലാത്ത അധ്വാനം ഫലം കണ്ടു. ധനം സമാഹരിച്ച് ഒരു ഫിഷ് എക്സ്പോര്‍ട്ടറായി അദ്ദേഹം വളര്‍ന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മാത്യുവിന്റെ പിടയ്ക്കുന്ന പച്ചമീന്‍ ദുബായ്, സൗദി അറേബ്യ, സിംഗപ്പൂര്‍, ചൈനീസ് തായ്പേയ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കൊക്കെ പറന്നു. ''എക്‌സ്‌പോര്‍ട്ടറാണെന്നു പറയുന്നത് ഒരു ഗമയാണ്. പക്ഷേ നാട്ടിലെ മീന്‍ കച്ചവടക്കാരനാണെന്ന് പറയുന്നത് എന്തോ താഴ്ന്ന പണി ചെയ്യുന്നതു പോലെയാണ്. ഞാനൊക്കെ തുടങ്ങിയ കാലത്ത് അതായിരുന്നു സ്ഥിതി. അതുകൊണ്ടാണ് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ പോയതും,'' മാത്യു പറയുന്നു. വലിയ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന എക്സ്പോര്‍ട്ട് തകര്‍ന്നത് പൊടുന്നനെയാണ്. 2008 ല്‍ ആഗോള സാമ്പത്തിക മാന്ദ്യം വന്നതോടെ കയറ്റുമതിക്ക് തിരിച്ചടിയേറ്റു. കയറ്റിയയച്ചിരുന്ന രാജ്യങ്ങളിലെ ഏജന്റുമാര്‍ വിലയിടിച്ചു തുടങ്ങി.

വഴികാട്ടിയ അത്താഴ മേശ

 

പ്രതിസന്ധി ഘട്ടത്തില്‍ വീട്ടിലെ അത്താഴ മേശയില്‍ നിന്നാണ് മാത്യുവിനെ കരകയറ്റിയ ആ ഐഡിയ വന്നത്. എന്തുകൊണ്ട് കയറ്റുമതി നിര്‍ത്തി ഇന്ത്യയില്‍ തന്നെ ബിസിനസ് തുടങ്ങിക്കൂടായെന്ന ഭാര്യ ലില്ലമ്മയുടെ ചോദ്യം. മാന്ദ്യത്തില്‍ അമേരിക്ക പോലും കുലുങ്ങിയിട്ടും പാറ പോലെ ഉറച്ചു നിന്ന ഇന്ത്യന്‍ വിപണി മാത്യുവിന് പ്രതീക്ഷയായി. മീന്‍ കടകള്‍ തുടങ്ങാനായിരുന്നു പദ്ധതി. സഹോദരങ്ങളും ഒപ്പം കൂടി. ടെക്നോളജിയെ കൂടി കൂടെ കൂട്ടിയാലോ എന്ന് ആലോചനയായി. ഫ്ളിപ്പ്കാര്‍ട്ട് പോലും പുസ്തകം മാത്രം വിറ്റു നടന്നിരുന്ന കാലത്ത്, അങ്ങനെ മീനിനെ ഓണ്‍ലൈനിലേക്കെത്തിക്കാന്‍ മാത്യു തുനിഞ്ഞിറങ്ങി. എറണാകുളത്തുള്ള ഒരു സോഫ്റ്റ് വെയര്‍ കമ്പനിയുടെ സഹായത്തോടെ 'സീ ടു ഹോം' വെബ്സൈറ്റ് യാഥാര്‍ത്ഥ്യമായി.

വിവിധ നഗരങ്ങളിലെ മാര്‍ക്കറ്റുകളില്‍ നിന്ന് മീന്‍ വാങ്ങി മാത്യു ലാബുകളില്‍ പരിശോധിച്ചിരുന്നു. കേരളത്തില്‍ പോലും മീനുകളില്‍ 65% അമോണിയയാണ് കണ്ടെത്തിയത്. മറ്റ് നഗരങ്ങളില്‍ ഫോര്‍മാലിനും. നല്ല മീന്‍ തന്നെ തന്റെ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു കൊടുക്കണമെന്ന നിഷ്‌കര്‍ഷ മാത്യുവിനുണ്ടായിരുന്നു. കടപ്പുറങ്ങള്‍ തോറും സഞ്ചരിച്ച് പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുമായി ബന്ധമുണ്ടാക്കി, പിടയ്ക്കുന്ന മീന്‍ തന്റെ കമ്പനിക്ക് വേഗം ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പാക്കി. 2012 ല്‍ ഡെല്‍ഹി, ബെംഗളൂരു, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ കമ്പനി പ്രവര്‍ത്തനമാരംഭിച്ചു.

 

മീനോ, കംപ്യൂട്ടറിലോ?

ഓണ്‍ലൈനില്‍ മീനെന്ന് കേട്ടാല്‍ ആളുകള്‍ നെറ്റി ചുളിച്ചിരുന്ന കാലമായതിനാല്‍ തുടക്കം ഒട്ടും സുഖകരമായിരുന്നില്ല.''2012 ല്‍ സീ ടു ഹോം തുടങ്ങിയപ്പോള്‍, നിങ്ങള്‍ക്ക് കംപ്യൂട്ടറിലൂടെ മീന്‍ കിട്ടും എന്നൊരാളെ പറഞ്ഞ് മനസിലാക്കാനായിരുന്നു ഞാന്‍ ഏറ്റവും പാടുപെട്ടത്. മനുഷ്യന് ഇത്തരമൊരു ആശയം ഉള്‍ക്കൊള്ളാവുന്ന കാലഘട്ടമായിരുന്നില്ല അതെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന് ഓണ്‍ലൈനിനെക്കുറിച്ചും ഓണ്‍ലൈന്‍ പേമെന്റിനെക്കുറിച്ചും ഇവിടുത്തെ ഏത് മനുഷ്യര്‍ക്കാണ് അറിയാത്തത്! വലിയ മാറ്റമാണ് ഇപ്രകാരം ഉണ്ടായിരിക്കുന്നത്,''മാത്യു ചൂണ്ടിക്കാട്ടുന്നു.

പത്രങ്ങളിലും മറ്റും പച്ചമീനിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിനെ കുറിച്ച് വാര്‍ത്തകള്‍ വന്നതോടെ 'സീ ടു ഹോ'മിലേക്ക് ആളുകള്‍ ഇടിച്ചു കയറി. വലിയ സാങ്കേതിക പിന്തുണയൊന്നുമില്ലാതെ നിര്‍മിച്ച വെബ്‌സൈറ്റ് ക്രാഷായി. ഇത്രയധികം ആളുകള്‍ തള്ളിക്കയറുമെന്ന് വെബ്‌സൈറ്റ് നിര്‍മിച്ചവരും പ്രതീക്ഷിച്ചിരുന്നില്ല. ഇനിയെന്തെന്നറിയാതെ പകച്ചു നില്‍ക്കുമ്പോഴാണ് ബെംഗളൂരുവില്‍ നിന്ന് സ്ഥിരം കസ്റ്റമറായ ഷാന്‍ കടവില്‍ കാര്യമന്വേഷിച്ച് വിളിക്കുന്നത്. മാത്യുവിന്റെ നിവൃത്തികേടറിഞ്ഞപ്പോള്‍ അദ്ദേഹം സഹായിക്കാമെന്നേറ്റു. ലോകത്തിലെ ഏറ്റവും വലിയ ഗെയിമിംഗ് കമ്പനിയായ സിംഗ.കോമിന്റെ ഇന്ത്യന്‍ സിഇഒയായിരുന്നു ഷാന്‍. ഇരുവരും കൈകോര്‍ത്തതോടെ കൂടുതല്‍ കരുത്തുറ്റ സാങ്കേതിക പിന്തുണയുമായി 2015 ല്‍ സീ ടു ഹോം, 'ഫ്രഷ് ടു ഹോം' ആയി പുനരവതരിച്ചു. മീനിനൊപ്പം മട്ടണും ചിക്കനും അടക്കം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ നിരന്നു.

 

കടല്‍ ടു കറിച്ചട്ടി

കടലില്‍ നിന്ന് പിടിക്കുന്ന മീനിനെ എത്രവേഗം കറിച്ചട്ടിയിലാക്കുന്നോ ഫ്രഷ്നസും രുചിയും അത്ര കൂടും. അതിവേഗ ഡെലിവറിയിലാണ് മാത്യു ശ്രദ്ധ കൊടുത്തത്. ''ഉദാഹരണത്തിന്, ചേര്‍ത്തല അര്‍ത്തുങ്കല്‍ കടപ്പുറത്ത് ഉച്ചകഴിഞ്ഞ് വരുന്ന മത്തി വാങ്ങി വണ്ടിയില്‍ കയറ്റുമ്പോള്‍ തന്നെ ഡെല്‍ഹിയിലെ വെബ്സൈറ്റില്‍ മത്തി ലഭ്യമാണെന്ന് കാണിക്കാനാരംഭിക്കും. കൊച്ചിയിലെ എയര്‍പോര്‍ട്ടിലേക്ക് മത്തി എത്തും മുന്‍പ് ഡെല്‍ഹിയില്‍ ഉപഭോക്താക്കള്‍ ബുക്കിംഗ് ആരംഭിക്കും. പുലര്‍ച്ചെ രണ്ടു മണിയോടെ വിമാനമിറങ്ങിയ മീന്‍ ഡെല്‍ഹിയിലെ കട്ടിംഗ് ഫാക്റ്ററിയിലെത്തും. രാവിലെ ആറ് മണിക്ക് തന്നെ ഡെലിവറിക്ക് റെഡി. ഇതേ മത്തി പരമ്പരാഗത മീന്‍ വില്‍പ്പനക്കാര്‍ വഴി ചേര്‍ത്തലയിലെ എന്റെ വീട്ടില്‍ രാവിലെ ഒന്‍പത് മണിയോടെയാവും എത്തുക. അതിനു മുന്‍പേ കേരളത്തിലെ മീന്‍ ഡെല്‍ഹിയിലുള്ള കസ്റ്റമര്‍ക്ക് ലഭിക്കും,''അതിവേഗം ഉപഭോക്താക്കളിലെത്തുന്നതിനാല്‍ പ്രിസര്‍വേറ്റീവുകളും ചേര്‍ക്കേണ്ടി വരില്ല, സ്ട്രാറ്റജി സിംപിളാണ്. 'കൊല്‍ക്കത്തയില്‍ നിന്നും ഗുജറാത്തില്‍ നിന്നുമൊക്കെ നാലു ദിവസം റോഡ് മാര്‍ഗം യാത്ര ചെയ്താണ് മീന്‍ ഡെല്‍ഹിയിലെത്തുന്നത്. സ്വാഭാവികമായും മീന്‍ പഴകും. ഇവിടെയാണ് ഫ്രഷ് ടു ഹോം മാറ്റമുണ്ടാക്കിയത്. നല്ല പാക്കിംഗില്‍ ഫ്ളൈറ്റുകളില്‍ അതിവേഗം മീന്‍ ലക്ഷ്യസ്ഥാനമായ നഗരത്തിലെത്തിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്,' മാത്യു.

 

സംരംഭം പടരുന്നു

ഡല്‍ഹി ദേശീയ തലസ്ഥാന മേഖല, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ, പുനെ, ജയ്പൂര്‍, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമാണ് ഇന്ന് ഫ്രഷ് ടു ഹോം. കേരളത്തിലെ 21 രണ്ടാം നിര നഗരങ്ങളിലും ഇന്ന് വിതരണമുണ്ട്. വിദേശത്ത്, യുഎഇയില്‍ എല്ലാ എമിറേറ്റ്സിലും സാന്നിധ്യമുണ്ട്. സൗദി അറേബ്യയാണ് അടുത്ത ലക്ഷ്യം. ഇന്ത്യയിലും വിദേശത്തുമായി ഫ്രഷ് ടു ഹോമും ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോമായ എഫ്ടിഎച്ച് ഡെയ്‌ലിയും ചേര്‍ന്ന് നേരിട്ടും അല്ലാതെയുമായി 17,000 ആളുകള്‍ക്ക് ഇന്ന് തൊഴില്‍ നല്‍കുന്നു. എല്ലാ നഗരങ്ങളിലും കട്ടിംഗ് പ്ലാന്റുകളും രാജ്യമൊട്ടാകെ 162 ഹബ്ബുകളും ഫ്രഷ് ടു ഹോമിനുണ്ട്. പാക്ക് ചെയ്ത് എത്തുന്ന ഉല്‍പ്പന്നം ഹബ്ബുകളില്‍ നിന്ന് പിന്‍കോഡ് അടിസ്ഥാനമാക്കി വിതരണം ചെയ്യുന്നു.

സിഇഒയായി ഷാന്‍ കടവിലും സിഒഒയായി മാത്യുവും നയിക്കുന്ന കമ്പനിയില്‍ മറ്റ് അഞ്ച് പങ്കാളികള്‍ കൂടിയുണ്ട്. 'ഒന്നാന്തരം എസി റൂമില്‍ കംപ്യൂട്ടറിന്റെ മുന്നില്‍ സുഖമായി ഇരുന്നിട്ട് ഈ മീന്‍ നാറ്റമൊക്കെയുള്ള കമ്പനിയില്‍ വന്നിട്ട് കുഴപ്പമുണ്ടോ' എന്ന് മാത്യു ഇടയ്ക്ക് ഷാനിനോട് ചോദിക്കും. 'ഏയ് ഞാന്‍ വളരെ ഹാപ്പിയാണ'് എന്ന മറുപടിയാണ് ഷാനിന്.''പണ്ട് ആള്‍ക്കാരെ ആദ്യം കംപ്യൂട്ടറിലൂടെ മീന്‍ കിട്ടുമെന്ന് പഠിപ്പിക്കണം, രണ്ടു മൂന്നു ദിവസം അവരുടെ വീട്ടില്‍ കൊണ്ടുപോയി കൊടുക്കണം, അങ്ങനെ വിശ്വാസം ആര്‍ജിക്കണം, ഇങ്ങനെയാണ് ഒരു കസ്റ്റമറിനെ കിട്ടിയിരുന്നത്. ഉപഭോക്താക്കളെ ഓണ്‍ലൈനിലെത്തിക്കുക എന്നതിനായിരുന്നു പ്രാമുഖ്യം. പഴയ കാലത്ത് മല്‍സരം ഞങ്ങളും ഒരു ജനതയുടെ ബോധവും തമ്മിലായിരുന്നു. ഇന്ന് കസ്റ്റമേഴ്‌സ് ഓണ്‍ലൈനില്‍ ഞങ്ങളെ തേടി ഇങ്ങോട്ട് വരുന്നു. നല്ല ഗുണനിലവാരവും സേവനവും നല്‍കി അവരെ ഞങ്ങളുടെ കൈയിലാക്കുക എന്ന ജോലി മാത്രമാണ് ഇപ്പോള്‍ ചെയ്യാനുള്ളത്. ഓണ്‍ലൈനിലെ കസ്റ്റമേഴ്‌സിനെ ഞങ്ങളുടെ സൈറ്റിലേക്ക് എങ്ങനെ കൊണ്ടുവരാം എന്നതിനായി ഇപ്പോള്‍ മുന്‍ഗണന,''രണ്ടു കാലത്തെയും താരതമ്യം ചെയ്ത് സംരംഭകന്‍ പറയുന്നു.

 

ലക്ഷ്യം 1,500 കോടി

കൊറോണക്കാലത്ത് ഇന്ത്യയില്‍ 30 ശതമാനവും ദുബായില്‍ 80 ശതമാനവും വളര്‍ച്ചയാണ് ഫ്രഷ് ടു ഹോം നേടിയത്. 2021 ല്‍ വലിയ കുതിച്ചു ചാട്ടത്തിനാണ് തയാറെടുക്കുന്നത്. സൗദിയിലേക്ക് നീങ്ങുന്നതിനൊപ്പം ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്കെത്തും. കഴിഞ്ഞ വര്‍ഷം 650 കോടി രൂപയായിരുന്നു ടേണോവര്‍. ഓരോ വര്‍ഷവും ഇരട്ടിക്കുന്ന ടേണോവര്‍ 2021 ല്‍ 1,500 കോടി രൂപയിലേക്ക് ഉയര്‍ത്താനാണ് മാത്യുവും കൂട്ടരും ലക്ഷ്യമിട്ടിരിക്കുന്നത്. ''ലോകം മുഴുവന്‍ പ്രതിസന്ധിയിലായപ്പോഴും ഓണ്‍ലൈന്‍ ബിസിനസിനുണ്ടായ വളര്‍ച്ചയാണ് ഇതിനുള്ള ധൈര്യം തരുന്നത്. പ്രതിസന്ധികളുടെ ഇടയില്‍ അവസരങ്ങള്‍ കിടപ്പുണ്ട്. അത് കണ്ടെത്തണം. ഇനി ഓണ്‍ലൈന്‍ ബിസിനസ് വളര്‍ച്ചയുടെ കാലമാണ്. ഏതെങ്കിലും ബിസിനസില്‍ വളരാനാഗ്രഹിക്കുന്ന ആളുകള്‍ ഇനി കംപ്യൂട്ടറിനെയും ഓണ്‍ലൈനിനെയും കൂടി സ്വാംശീകരിച്ചാലേ അത് സാധ്യമാകൂ,'' മാത്യു ചൂണ്ടിക്കാട്ടുന്നു.

 

മുന്നില്‍ ഐപിഒ

''ഐപിഒ തന്നെയാണ് മനസിലുള്ളത്. എപ്പോള്‍ മാര്‍ക്കറ്റിലേക്ക് ഇറങ്ങണമെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു വര്‍ഷം കഴിഞ്ഞ് അതിലേക്ക് പോകുന്നതായിരിക്കും നല്ലതെന്ന വിലയിരുത്തലുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്‍വെസ്റ്റേഴ്‌സ് ഇന്ന് നമ്മോടൊപ്പം ഉണ്ട്. അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാവും തീരുമാനം,''മാത്യു പറഞ്ഞു. യുഎസ് സര്‍ക്കാരിന്റെ കീഴിലുള്ള ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, ദുബായ് സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ് തുടങ്ങി വമ്പന്‍ നിക്ഷേപകരാണ് കൊച്ചിയില്‍ പിറന്ന സ്റ്റാര്‍ട്ടപ്പിന്റെ സാധ്യത തിരിച്ചറിഞ്ഞ് നിക്ഷേപം നടത്തിയിരിക്കുന്നത്. ''കൈതപ്പുഴയുടെ തീരത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. മീനും മീന്‍ പിടിക്കുന്നവരും മീന്‍ കച്ചവടക്കാരുമെല്ലാം ചുറ്റിലുമുണ്ട്. അതുകൊണ്ടാവാം മീനിനോടും മീന്‍ കച്ചവടത്തോടും ഇത്തരമൊരു ഇഷ്ടം ഉണ്ടായതെന്ന് തോന്നുന്നു,''മാത്യുവിന്റെ ഈ ഇഷ്ടമാണ് ഫ്രഷ് ടു ഹോമിന്റെ കുതിപ്പിനുള്ള ഇന്ധനം.

 

കെ എസ് ശ്രീകാന്ത്

ബിസിനസ് വോയ്സ് അസിസ്റ്റന്റ് എഡിറ്ററാണ് ലേഖകന്‍.

 

 

 

  comment

  LATEST NEWS


  ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ; വാക്‌സിനുകളും എത്തിക്കും


  ഐഐഐടി തിരുവനന്തപുരം ഓഫ് കാമ്പസ് സെന്ററില്‍ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് എംടെക് പ്രവേശനം നേടാന്‍ അവസരം


  1983 ലെ ത്രസിപ്പിക്കുന്ന ലോകകപ്പ് വിജയം; 83 സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി; കപില്‍ ദേവായി രണ്‍വീര്‍


  അയല്‍വാസിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ട സീലിങ് തുളച്ചെത്തി; അമേരിക്കയില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


  പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ എംബിഎ, ഡിഗ്രി, പിജി വിദൂര വിദ്യാഭ്യാസത്തിന് അവസരം; ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് അഡ്മിഷന്‍


  കര്‍താപൂര്‍ ഗുരുദ്വാരയില്‍ മതവികാരം വൃണപ്പെടുത്തി പാക് മോഡലിന്റെ ഫോട്ടോഷൂട്ട്; പ്രതിഷേധം ശക്തമായതോടെ മാപ്പു പറഞ്ഞ് സൗലേഹ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.