×
login
വീണ്ടും ദേശത്തിന്റെ ഹൃദയമിടിപ്പാകും എച്ച്എംടി

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 1,000 കോടി രൂപയുടെ ബിസിനസ് ചെയ്യുന്ന പൊതുമേഖല സ്ഥാപനമായി എച്ച്എംടി മാറും

ഒരു രാഷ്ട്രത്തിന്റെ ഹൃദയമിടിപ്പായി കരുതപ്പെട്ട ബ്രാന്‍ഡിന്റെ തകര്‍ച്ചയായിരുന്നു ഉദാരവല്‍ക്കരണത്തോടെ സംഭവിച്ചത്. എന്നാല്‍ ഇന്ത്യയുടെ പ്രതിരോധ രംഗത്തുള്‍പ്പടെ നിര്‍ണായക ശക്തിയായി എച്ച്എംടി തിരിച്ചുവരുകയാണ്. അതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ ഒരു മലയാളിയും, പേര് എസ് ഗിരീഷ് കുമാര്‍. 17 വര്‍ഷം തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തിയ കമ്പനിയെ വീണ്ടും ലാഭത്തിലെത്തിച്ച ഗിരീഷ് കുമാര്‍, ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്ററെന്ന നിലയില്‍ എച്ച്എംടിയെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യഘടകമാക്കി മാറ്റാനുള്ള തീവ്രയജ്ഞത്തിലാണ്

ദേശ് കി ധഡ്കന്‍...രാഷ്ട്രത്തിന്റെ ഹൃദയമിടിപ്പ്...എച്ച്എംടിയുടെ ജനകീയ പരസ്യവാചകമായിരുന്നു അത്. മെഷീന്‍ ടൂള്‍ നിര്‍മാണ കമ്പനിയായി പ്രവര്‍ത്തനമാരംഭിച്ച എച്ച്എംടി പിന്നീട് വാച്ചുകളിലേക്കും ട്രാക്റ്ററുകളിലേക്കും പ്രിന്റിംഗ് മെഷീനുകളിലേക്കുമെല്ലാം വൈവിധ്യവല്‍ക്കരിക്കപ്പെട്ടു. ഇന്ത്യക്കാരുടെ വാച്ച്സങ്കല്‍പ്പത്തെ ഒരു കാലത്ത് മുഴുവനായും ആവാഹിച്ചെടുത്ത ബ്രാന്‍ഡ് കാലത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തി. ഇന്ന് ഐഎസ്ആര്‍ഒയ്ക്ക് ഉള്‍പ്പടെ നിര്‍ണായക പിന്തുണ നല്‍കുന്ന തലത്തില്‍ എച്ച്എംടി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അത് സാധ്യമാക്കിയത് എസ് ഗിരീഷ് കുമാര്‍ എന്ന മലയാളിയാണ്. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് സങ്കല്‍പ്പം ഉള്‍ക്കൊണ്ട് ഇന്ത്യയുടെ സ്വാശ്രയത്വ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഒരുങ്ങുകയാണ് എച്ച്എംടി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 1,000 കോടി രൂപയുടെ ബിസിനസ് ചെയ്യുന്ന പൊതുമേഖല സ്ഥാപനമായി എച്ച്എംടി മാറുമെന്ന് പറയുന്നു ബിസിനസ് വോയ്സ് എഡിറ്റര്‍ ദിപിന്‍ ദാമോദരന് നല്‍കിയ അഭിമുഖത്തില്‍ ഗിരീഷ് കുമാര്‍.

 

മാറിയ സാഹചര്യത്തില്‍ എച്ച്എംടിയുടെ പ്രസക്തിയെ കുറിച്ച് ?

മെഷീന്‍ ടൂള്‍ മാനുഫാക്ച്ചറിംഗ് കമ്പനിയെന്ന നിലയില്‍ 1953ലാണ് എച്ച്എംടി പ്രവര്‍ത്തനമാരംഭിച്ചത്. വാച്ചുകള്‍, ട്രാക്റ്ററുകള്‍, പ്രിന്റിംഗ് മെഷിനറി, മെറ്റല്‍ ഫോമിംഗ്, ഡൈ കാസ്റ്റിംഗ്, പ്ലാസ്റ്റിക് പ്രൊസസിംഗ് മെഷിനറി, സിഎന്‍സി സിസ്റ്റംസ് ആന്‍ഡ് ബെയറിംഗ്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് വ്യാപിച്ച് ഒരു എന്‍ജിനീയറിംഗ് കൊംഗ്ലോമറേറ്റ് ആയി ഗ്രൂപ്പ് മാറി. 1992 വരെ സര്‍ക്കാരിന് ഡിവിഡന്റ് നല്‍കിയിരുന്നു എച്ച്എംടി.

1991ലെ ഉദാരവല്‍ക്കരണത്തിന് ശേഷം വന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി എച്ച്എംടിക്ക് പരിവര്‍ത്തനം ചെയ്യാന്‍ സാധിച്ചില്ല. ഒരു ഹോള്‍ഡിംഗ് കമ്പനിയും അഞ്ച് സബ്സിഡിയറികളുമായി എച്ച്എംടിയുടെ ഘടന പുനക്രമീകരിച്ചു. ഹോള്‍ഡിംഗ് കമ്പനിയാണ് ട്രാക്റ്റര്‍ ബിസിനസ് നേരിട്ട് നോക്കുന്നത്. എച്ച്എംടി മെഷീന്‍ ടൂള്‍സ്, എച്ച്എംടി ഇന്റര്‍നാഷണല്‍, എച്ച്എംടി വാച്ചസ്, എച്ച്എംടി ബെയറിംഗ്സ്, എച്ച്എംടി ചിനാര്‍ വാച്ചസ് എന്നിവയാണ് സബ്സിഡിയറികള്‍.

 

നേതൃത്വമേറ്റെടുത്ത ശേഷം പ്രധാന നേട്ടമായി കരുതുന്നത് എന്തെല്ലാമാണ്?

2000 മുതല്‍ എച്ച്എംടി ഹോള്‍ഡിംഗ് കമ്പനി നഷ്ടത്തിലാണ്. ഞാന്‍ ചെയര്‍മാനായി സ്ഥാനമേറ്റെടുക്കുന്നത് 2013 ഡിസംബറിലാണ്. 2014 മുതല്‍ ശ്രമകരമായ ദൗത്യം തന്നെയായിരുന്നു. അവസാന മൂന്ന് വര്‍ഷം വലിയ മാറ്റമുണ്ടായി. സര്‍ക്കാരിന് വീണ്ടും ലാഭവിഹിതം നല്‍കാന്‍ ശേഷി കൈവരിച്ചു. തുടര്‍ച്ചയായി 17 വര്‍ഷം നഷ്ടം രേഖപ്പെടുത്തിയിരുന്ന കമ്പനിയെ തിരിച്ചുകൊണ്ടുവന്ന് വീണ്ടും ലാഭത്തിലാക്കി. നെഗറ്റീവില്‍ നിന്ന് കമ്പനിയുടെ നെറ്റ്വര്‍ത്ത് പോസിറ്റീവായി എന്നതാണ് ഏറ്റവും വലിയ നേട്ടം. ഇപ്പോഴത്തെ നെറ്റ്വര്‍ത്ത് 365 കോടി പോസിറ്റീവാണ്.

2010 മുതല്‍ എച്ച്എംടി ഇന്റര്‍നാഷണലിന്റെ മാനേജിംഗ് ഡയറക്റ്ററാണ് ഞാന്‍. 1974ലാണ് ഈ സംരംഭം തുടങ്ങയിത്. എച്ച്എംടി ഹോള്‍ഡിംഗ് കമ്പനിയുടെ കയറ്റുമതി വിഭാഗം എന്ന നിലയിലാണ് എച്ച്എംടി ഇന്റര്‍നാഷണലിന് തുടക്കമിട്ടത്. ഏറ്റവും ചുരുങ്ങിയ ജീവനക്കാരുമായി, കമ്പനിയുടെ ഏറ്റവും വലിയ വിറ്റുവരവ് 2018-19ലായിരുന്നു. അതും വലിയ നേട്ടമായി ഞാന്‍ കരുതുന്നു.

1999 കാലഘട്ടത്തില്‍ കമ്പനിയിലുണ്ടായിരുന്നത് 150 ജീവനക്കാരായിരുന്നു. ഞാന്‍ ചുമതലയേറ്റെടുക്കുമ്പോള്‍ 80 ജീവനക്കാരായി അത് കുറഞ്ഞിരുന്നു. അപ്പോള്‍ ലാഭം രണ്ട് കോടി രൂപയായിരുന്നു. വിറ്റുവരവ് 27-28 കോടി രൂപയോളം വരും. ഇപ്പോഴത് വലിയ തോതില്‍ ഉയര്‍ന്നു. 2018-19ല്‍ 57 കോടി രൂപ കടന്നു. 2019-20ല്‍ ഇത് 67.5 കോടി രൂപയായി ഉയര്‍ന്നു. വെറും 25 ജീവനക്കാരെ വെച്ചായിരുന്നു കുതിപ്പെന്ന് ഓര്‍ക്കണം.

ഇന്ത്യക്ക് പുറത്ത് ടേണ്‍കീ പ്രൊജക്റ്റ്സും ഞങ്ങള്‍ നടപ്പാക്കുന്നുണ്ട്. കോവിഡ് കാരണം ഇതില്‍ പല പ്രോജക്റ്റുകള്‍ക്കും തടസം നേരിടുന്നുണ്ടെങ്കിലും ശുഭപ്രതീക്ഷയിലാണ്. പദ്ധതികളില്‍ പലതും സൗത്ത് ആഫ്രിക്കയിലും ബംഗ്ലാദേശിലും മ്യാന്‍മറിലും എല്ലാമാണ്. ബംഗ്ലാദേശിലെ പ്രൊജക്റ്റ് 2020 ഡിസംബറിലാണ് പൂര്‍ത്തിയായത്.

 

ഒരു കാലത്ത് ഇന്ത്യന്‍ ജനതയുടെ വികാരമായിരുന്നു എച്ച്എംടി വാച്ചുകള്‍. പിന്നീടത് പ്രവര്‍ത്തനം നിര്‍ത്തി. എച്ച്എംടി വീണ്ടും വാച്ചുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. എന്താണ് ഇപ്പോഴത്തെ അവസ്ഥ?

 

എച്ച്എംടി സബ്സിഡിയറിയായ വാച്ച് ഡിവിഷന്‍ പൂട്ടിയത് 2015ലാണ്. എന്നാല്‍ എച്ച്എംടി വാച്ചുകളുടെ സമാനതകളില്ലാത്ത ബ്രാന്‍ഡ് ഇക്വിറ്റിയെ കുറിച്ച് ഞങ്ങള്‍ ചിന്തിച്ചു. അങ്ങനെയാണ് അതിനെ വീണ്ടും പുനരുജ്ജീവിപ്പിക്കാമെന്ന് കരുതിയത്. ബോര്‍ഡിന്റെ അനുമതിയോട് കൂടി എച്ച്എംടി ഹോള്‍ഡിംഗ് കമ്പനി തന്നെ വാച്ചുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. പ്രതിമാസം 6000-7000 വാച്ചുകള്‍ എന്ന നിരക്കിലായിരുന്നു ആദ്യഘട്ടത്തില്‍ ഉല്‍പ്പാദനം.

അതായത് പ്രതിവര്‍ഷം ഒരു ലക്ഷത്തില്‍ താഴെ വാച്ചുകള്‍ എന്ന നിലയിലാണ് പ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്. ഒരു വര്‍ഷത്തെ വിറ്റുവരവ് 5-6 കോടി രൂപയായിരുന്നു.

ഓണ്‍ലൈനായാണ് ഇപ്പോള്‍ വാച്ച് വില്‍പ്പന നടക്കുന്നത്. ഇന്ത്യക്ക് പുറത്തുനിന്നും വലിയ തോതില്‍ വാച്ചിന് ആവശ്യകത ഉയരുന്നുണ്ട്. യുകെ, ജര്‍മനി, യുഎസ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം ആവശ്യകത വരുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയുടെ വിറ്റുവരവ് വാച്ചില്‍ നിന്നും മാത്രം നേടാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. 40 വര്‍ഷം മുമ്പ് ഒരു എച്ച്എംടി വാച്ച് വാങ്ങാന്‍ നമുക്ക് ക്യൂ നില്‍ക്കണമായിരുന്നു. എന്റെ അച്ഛന്‍ പണം മുന്‍കൂറായി നല്‍കിയിട്ട് പോലും മൂന്ന്-മൂന്നര മാസം കഴിഞ്ഞാണ് ഒരു എച്ച്എംടി വാച്ച് എനിക്ക് ലഭിച്ചത്. അതായിരുന്നു അവസ്ഥ. എന്നാല്‍ പിന്നീട് ട്രെന്‍ഡ് മാറി.

 

വാച്ചുമായി ബന്ധപ്പെട്ട പുതിയ പദ്ധതികള്‍?

സ്മാര്‍ട്ട് വാച്ച് വിപണിയിലേക്ക് അധികം വൈകാതെ കടക്കും. മൊബീലുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാവുന്ന വാച്ചുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യകത കൂടുതല്‍. സ്മാര്‍ട്ട് വാച്ചുകള്‍ നിര്‍മിക്കുന്നതിന് ഐഐടി ഡെല്‍ഹിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഒന്നര വര്‍ഷത്തിനുള്ളില്‍ എച്ച്എംടി സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയിലെത്തും.

കഴിഞ്ഞ വര്‍ഷം 6 കോടി രൂപയായിരുന്നു ബിസിനസ്. അടുത്ത വര്‍ഷം 15 കോടിയാണ് ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് വാച്ചുകള്‍ മല്‍സരിക്കുന്നത് പ്രീമിയം വിപണിയിലായിരിക്കും. 2023-24 ആകുമ്പോഴേക്കും വാച്ചില്‍ നിന്നു മാത്രം 100 കോടി രൂപയാണ് ലക്ഷ്യം.

 

എച്ച്എംടി ഗ്രൂപ്പിന്റെ സാമ്പത്തിക ലക്ഷ്യങ്ങളെ കുറിച്ച് പറയാമോ?

2024-25ല്‍ 1,000 കോടി രൂപ വിറ്റുവരവുള്ള കമ്പനിയാക്കി എച്ച്എംടി ഗ്രൂപ്പിനെ മാറ്റുകയാണ് ലക്ഷ്യം. എച്ച്എംടി ടൂള്‍സില്‍ നിന്ന് തന്നെയായിരിക്കും പ്രധാന വരുമാനം. മെഷീന്‍ ടൂള്‍ കമ്പനി ആയിട്ടായിരുന്നല്ലോ എച്ച്എംടിയുടെ തുടക്കം. ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് ആഹ്വാനം ഏറ്റെടുത്ത് പുതിയ മെഷീനുകള്‍ ഞങ്ങള്‍ വികസിപ്പിക്കുന്നുണ്ട്.

ചന്ദ്രയാന്‍ 2-ന് വേണ്ടിയുള്ള സുപ്രധാനമായ മെഷിനുകള്‍ നല്‍കിയത് എച്ച്എംടി ഹൈദരാബാദാണ്. 18 കോടി രൂപയായിരുന്നു മെഷീനിന്റെ ചെലവ്. ഇതേ മെഷീന്‍ ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ വരുന്ന ചെലവ് 34 കോടി രൂപയാണ്.

ഡയറക്റ്റിംഗ് ഗിയര്‍ നേവിക്കായി ഉണ്ടാക്കി. 6 കോടി രൂപയാണ് ചെലവ്. ലോകത്തില്‍ തന്നെ രണ്ട് കമ്പനികളാണ് അത് നിര്‍മിക്കുന്നത്. ഇന്ത്യന്‍ നേവിക്ക് ഇതേ മെഷീന്‍ പുറത്തു നിന്ന് ലഭിക്കുന്നത് 20 കോടി രൂപയ്ക്കാണ്. പൊതുമേഖല കമ്പനിയെന്ന നിലയില്‍ സ്വയം പര്യാപ്തമാകാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മെഷീന്‍ ടൂള്‍ ടെക്നോളജിയില്‍ സെല്‍ഫ്-റിലയന്റ് ആകുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ചാണത്. ഇന്ത്യയിലേക്ക് ഒന്നും ഇറക്കുമതി ചെയ്യേണ്ട അവസ്ഥ വരരുത്. മെഷീന്‍ ടൂള്‍ രംഗത്ത് എച്ച്എംടിയിലൂടെ രാജ്യം സ്വയം പര്യാപ്തമാകണമെന്നാണ് ആഗ്രഹം.

രണ്ട് തരം മെഷീനുകളാണ് ഈ മേഖലയിലുള്ളത്. ഒന്ന് മെറ്റല്‍ കട്ടിംഗ്, രണ്ട് മെറ്റല്‍ ഫോമിംഗ് മെഷീന്‍. മെറ്റല്‍ കട്ടിംഗ് 65 ശതമാനം, മെറ്റല്‍ ഫോമിംഗ് 35 ശതമാനം. മെഷീന്‍ ടൂള്‍സ് രംഗത്ത് നമ്മള്‍ 60 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുകയാണ്. ഹൈടെക് മെഷീനുകള്‍ ഇംപോര്‍ട്ട് ചെയ്യുകയാണ്. ഇവയുടെ നിര്‍മാണത്തിലേക്കും എച്ച്എംടി കടക്കും. എച്ച്എഎല്‍ എയ്റനോട്ടിക്കല്‍ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന മെഷീനുകളായതിനാല്‍ അവയ്ക്ക് ഉന്നത ഗുണനിലവാരം നിര്‍ബന്ധമാണ്. ഐഎസ്ആര്‍ഒ സാറ്റലൈറ്റ് പര്‍പ്പസുകള്‍ക്ക് ഉപയോഗിക്കുന്ന മെഷീനുകളിലേക്കും സജീവ ശ്രദ്ധ നല്‍കും. ഇതിനെല്ലാമായി യുവാക്കളായ കൂടുതല്‍ എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള തയാറെടുപ്പിലാണ്. അവര്‍ക്ക് മികച്ച രീതിയിലുള്ള ട്രെയ്നിംഗ് നല്‍കും.

 

എച്ച്എംടിയുടെ തിരിച്ചുവരവിന്റെ ശില്‍പ്പിയാണ് താങ്കള്‍. അത്തരമൊരു സാഹചര്യത്തില്‍ നിരവധി വെല്ലുവിളികളും അഭിമുഖീകരിച്ച് കാണും. അതിനെ കുറിച്ച് പറയാമോ?

 

എച്ച്എംടി ഹോള്‍ഡിംഗ് കമ്പനിയുടെ ചെയര്‍മാനായ ശേഷമുള്ള പ്രധാന വെല്ലുവിളി ജീവനക്കാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. അവരുടെ മോട്ടിവേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു അലട്ടിയത്. മികച്ച പേസ്‌കെയില്‍ ഒന്നും ഇല്ലായിരുന്നു. അതായിരുന്നു ആദ്യ ചലഞ്ച്. ജീവനക്കാരാണ് എന്റെ ശക്തി. അവരില്ലാതെ എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ഞാനും അവരുടെ ഭാഗമാണെന്ന ഫീല്‍ നല്‍കാനാണ് ആദ്യം ശ്രമിച്ചത്. ആരും നമ്മുടെ രക്ഷക്കെത്തില്ല, നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടത് നമ്മള്‍ ഒരുമിച്ചാണെന്ന് അവരെ ബോധ്യപ്പെടുത്തി. ഒരു ടീമായി വര്‍ക്ക് ചെയ്യാമെന്ന് ആഹ്വാനം ചെയ്തു. നമ്മുടെ ഭാവി തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണെന്ന് അവരോട് പറഞ്ഞു. വളരെ സുതാര്യമായിരുന്നു ഞാന്‍ സ്വീകരിച്ച നയങ്ങള്‍. എല്ലാ കാര്യത്തിലും ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യവും നല്‍കിയിരുന്നു.

ഞാന്‍ ലീവ് എടുക്കുകയോ നേരത്തെ പോകുകയോ ചെയ്താല്‍ അത് നിങ്ങള്‍ക്കും ചെയ്യാം എന്നതായിരുന്നു സമീപനം. ജീവനക്കാര്‍ക്ക് സ്വയം മാതൃകയാകാനാണ് ഞാന്‍ ശ്രമിച്ചത്. അത്തരത്തിലുള്ള നടപടികളിലൂടെ അവരുടെ മനോഭാവത്തില്‍ കാതലായ മാറ്റം ഉണ്ടായി. ഞാന്‍ എന്ത് തെറ്റ് ചെയ്താലും അവര്‍ക്ക് ചൂണ്ടിക്കാണിക്കാവുന്ന സാഹചര്യമായിരുന്നു. അവര്‍ക്കൊരു റോള്‍ മോഡല്‍ ആയി മാറാനാണ് ഞാന്‍ ശ്രമിച്ചത്. സാമ്പത്തികമായ വെല്ലുവിളികളും ഉണ്ടായിരുന്നു. എല്ലാ വിഷയങ്ങളിലും എല്ലാവരുമായും ബ്രെയ്ന്‍ സ്റ്റോമിംഗ് സെഷനുകള്‍ നടത്തി. വിവിധ തലങ്ങളിലുള്ളവരുടെ മികച്ച നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ടു. കൂട്ടായ്മയുടെ ഫലമായിരുന്നു കമ്പനിയുടെ മികച്ച പ്രവര്‍ത്തനം.

 

ജീവനക്കാരുമായുള്ള ബന്ധം ഊഷ്മളമായിരുന്നല്ലോ. ഏതെങ്കിലും സംഭവങ്ങള്‍ ഓര്‍ത്തെടുക്കാമോ?

 

ചന്ദ്രായന്‍-2 ദൗത്യം ലോഞ്ച് ചെയ്തപ്പോള്‍ എച്ച്എംടി ഹൈദരാബാദിലെ എല്ലാ ജീവനക്കാര്‍ക്കും ഞാനൊരു കത്തയച്ചു. അവരുടെ പൂര്‍ണമായ അര്‍പ്പണഭാവത്തിന്റെ ഫലം കൂടിയാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിജയമെന്നായിരുന്നു അതില്‍ പറഞ്ഞത്. അവര്‍ക്ക് വലിയ സന്തോഷമായി. ഇതുപോലൊരു അനുഭവം തങ്ങള്‍ക്ക് ആദ്യമാണെന്ന് അവര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു, ''നിങ്ങള്‍ കാരണം രാഷ്ട്രത്തിന്റെ പ്രതിച്ഛായ ആഗോളതലത്തില്‍ ഉയര്‍ന്നു. ഇന്ത്യയുടെ പേര് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തു. നിങ്ങളുടെ ശ്രമം കാരണം മാത്രമാണ് അത് സാധ്യമായത്.''ഒരു കമ്പനി നശിച്ചാല്‍, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സിഇഒയ്ക്ക് മാത്രമായിരിക്കും. എന്നാല്‍ ഒരു കമ്പനി വലിയ രീതിയില്‍ വിജയിച്ചാല്‍, ആ സ്ഥാപനത്തിലെ എല്ലാ തലങ്ങളിലുമുള്ള ജീവനക്കാര്‍ക്കും ആ വിജയം അവകാശപ്പെട്ടതാണ്.

ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ?

വരും വര്‍ഷങ്ങളില്‍ എച്ച്എംടി പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന്് എനിക്ക് ഉറപ്പാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായി എച്ച്എംടി മാറും, തീര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഞങ്ങള്‍ പരമാവധി പിന്തുണ നല്‍കും. പ്രധാനമന്ത്രി മുന്നോട്ടുവെച്ച വളരെ പ്രധാനപ്പെട്ട ദൗത്യമാണ് ആത്മനിര്‍ഭര്‍ ഭാരത്. നമ്മുടെ വീടിന്റെ ഉദാഹരണം മാത്രമെടുത്താല്‍ മതി അതിന്റെ വ്യാപ്തി മനസിലാക്കാന്‍.

സ്വയം പര്യാപ്തതയുടെ വലിയ സന്ദേശം നല്‍കുന്നു അത്. നിങ്ങളുടെ വീടുമായി ഇന്ത്യയെ താരതമ്യം ചെയ്യുക. പച്ചക്കറികള്‍ക്ക് നമ്മള്‍ മറ്റുള്ളവരെയാണ് സാധാരണ ആശ്രയിക്കുന്നത്. മറിച്ച് നിങ്ങള്‍ സ്വന്തമായി വീട്ടില്‍ പച്ചക്കറികള്‍ ഉണ്ടാക്കുകയാണെങ്കില്‍ വലിയ തോതില്‍ ചെലവ് കുറയുന്നു. വിശ്വാസ്യത കൂടുന്നു. അതിന്റെ ഗുണനിലവാരം നമുക്ക് നേരിട്ട് ബോധ്യപ്പെടും. ബാക്കി വരുന്നത് വില്‍ക്കുകയുമാകാം. അത് നിങ്ങള്‍ക്ക് വരുമാനം നല്‍കും. സമാനം തന്നെയാണ് കമ്പനികളുടെ കാര്യവും.

വളരെ സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. സാക്ഷരത കൂടുതല്‍, പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നം, നല്ല ഫലഭൂയിഷ്ഠമായ മണ്ണ്. ഈ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണം. ടൂറിസത്തിലും വേസ്റ്റ് മാനേജ്മെന്റിലും കേരളം പ്രത്യേകം ഫോക്കസ് ചെയ്യണം. എല്ലാ തലങ്ങളിലും സ്വാശ്രയത്വം കൈവരിക്കണം. ആരെയും ആശ്രയിക്കരുത്, ഇലക്ട്രിസിറ്റി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍.

 

ഇതുവരെയുള്ള ബിസിനസ് ജീവിതത്തില്‍ നിന്നും ലഭിച്ച വലിയ ഉള്‍ക്കാഴ്ച്ചയെക്കുറിച്ച് പറയാമോ?

 

മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ഉയര്‍ത്താതിരിക്കുക. നിങ്ങള്‍ ഒരു വിരല്‍ മറ്റുള്ളവര്‍ക്ക് നേരെ ഉയര്‍ത്തുമ്പോള്‍ ബാക്കി വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണെന്നത് മറക്കരുത്. ആരും പെര്‍ഫക്റ്റല്ല. മറ്റുള്ളവര്‍ക്ക് സഹായമാകുന്ന എല്ലാ കാര്യങ്ങളും ചെയ്യുക. ഒരാള്‍ക്ക് ജീവിതത്തിലും ബിസിനസിലും മുന്നേറണമെങ്കില്‍ കുറച്ച് ഗുണങ്ങള്‍ വേണം. ഒന്ന്, ഇന്റഗ്രിറ്റി അതവാ സത്യസന്ധത. രണ്ട്, എത്തിക്സ് അഥവാ ധാര്‍മികത. മൂന്ന്, ഹാര്‍ഡ് വര്‍ക്ക് അഥവാ കഠിനാധ്വാനം. നാല്, ഓണര്‍ഷിപ്പ് അഥവാ ഉടമസ്ഥതാബോധം. ജോലി ചെയ്യുന്ന കമ്പനി സ്വന്തമാണെന്ന തോന്നല്‍ വളരെ പ്രധാനമാണ്.

 

ദിപിന്‍ ദാമോദരന്‍

ബിസിനസ് വോയ്സ് എഡിറ്ററാണ് ലേഖകന്‍

 

 

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.