×
login
ഇനിയുള്ള 10 വര്‍ഷം ചരിത്രം തിരുത്തിയാകും ഇന്ത്യയുടെ വളര്‍ച്ച; പ്രിന്‍സ് ജോര്‍ജ്

ഇത്മലയാളിയുടെ'ഫിന്‍വെസ്റ്റ്മെന്റര്‍'

ഓഹരിയെ
ജനകീയവല്‍ക്കരിച്ച
മൂന്ന് പതിറ്റാണ്ട്...

സാമ്പത്തിക, സാമൂഹ്യ അനിശ്ചിതത്വങ്ങള്‍ അടയാളപ്പെടുത്തിയ 1990കളുടെ തുടക്കത്തില്‍ നിന്നും മലയാളിയുടെ ഓഹരി നിക്ഷേപ സംസ്‌കാരത്തെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ കാലം ആവശ്യപ്പെട്ട പങ്കുവഹിച്ചു എന്നതാണ് ഡിബിഎഫ്എസ് എന്ന സംരംഭത്തെ കേരളത്തിന്റെ ബിസിനസ് ചരിത്രത്തില്‍ വേറിട്ടുനിര്‍ത്തുന്നത്. സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, ബാങ്ക് എഫ്ഡി തുടങ്ങി പരമ്പരാഗത നിക്ഷേപ സാധ്യതകളില്‍ മാത്രം ഒതുങ്ങിയിരുന്ന ഒരു ജനതയെ സമ്പത്തിന്റെ പുതുസാധ്യതകളിലേക്ക് ഓഹരിയിലൂടെ കൊണ്ടുവരാന്‍, മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനത്തിലൂടെ ഡിബിഎഫ്എസിന് സാധിച്ചു. രാജ്യത്തിന്റെ സാമ്പത്തികരംഗത്ത് വരുന്ന മാറ്റങ്ങളെ കാലത്തിന് മുമ്പേ ഉള്‍ക്കൊണ്ട്, സുതാര്യത മുഖമുദ്രയാക്കിയ ആ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ, മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തിരുന്ന് പ്രിന്‍സ് ജോര്‍ജ് എന്ന സംരംഭകനും. മുപ്പത്തിന്റെ നിറവിലെത്തി നില്‍ക്കുമ്പോള്‍ സമഗ്ര വെല്‍ത്ത് മാനേജ്മെന്റ് സേവനങ്ങള്‍ നല്‍കി നിക്ഷേപ ഉപദേശ സേവനങ്ങളിലും സജീവമാകുകയാണ് കമ്പനി. എന്‍ബിഎഫ്സി ഉള്‍പ്പടെയുള്ള മേഖലകളില്‍ പുതിയ നാഴികക്കല്ലുകള്‍ താണ്ടുകയെന്നതും പ്രിന്‍സിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.


ഇത്
മലയാളിയുടെ
'ഫിന്‍വെസ്റ്റ്
മെന്റര്‍'


ഏഷ്യയിലെ ഏറ്റവും പഴയ ഓഹരി വിപണിയാണ് 1875ല്‍ രൂപീകൃതമായ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ). എങ്കിലും ഒരു ധനകാര്യസേവനമെന്ന നിലയില്‍ ഓഹരി വിപണിയുടെ പരിണാമം പൂര്‍ത്തിയായത് ബിഎസ്ഇ പിറവിയെടുത്ത് ഒരു നൂറ്റാണ്ട് കഴിഞ്ഞായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1991ന് ശേഷം.
പി വി നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് നടപ്പിലാക്കിയ ഉദാരവല്‍ക്കരണം തന്നെയായിരുന്നു അതിനും വഴിത്തിരിവായത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഓഹരി വിപണിയില്‍ വലിയ വളര്‍ച്ചയുണ്ടായി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും റീജണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളും ആവേശകരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ കാലം. ഓഹരി വിപണിയുടെ അകത്തളങ്ങള്‍ നൂറുകണക്കിന് സ്‌റ്റോക്ക്‌ബ്രോക്കര്‍മാരെക്കൊണ്ട് നിറഞ്ഞു. അങ്ങ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഐസിഡബ്ല്യുഎഐ പഠിക്കാന്‍ ഇങ്ങ് എറണാകുളത്തെത്തിയ ചെറുപ്പക്കാരന്‍ പ്രിന്‍സ് ജോര്‍ജും വഴിതിരിഞ്ഞത് ഓഹരിയുടെ ലോകത്തേക്ക് തന്നെയായിരുന്നു. പരമ്പരാഗത രീതിയില്‍ ഒരു ജോലിക്കാരനായിരിക്കുന്നതിലെ മടുപ്പും പരിമിതികളും തിരിച്ചറിഞ്ഞായിരുന്നു പ്രിന്‍സ് വേറിട്ട പാത സ്വീകരിച്ചത്. കുതിക്കുന്ന വിപണികളില്‍ ഭാവി സ്വപ്‌നം കണ്ട അക്കാലത്തെ നിരവധി ചെറുപ്പക്കാരില്‍ ഒരാളായിരുന്നു പ്രിന്‍സ്. എന്നാല്‍ അദ്ദേഹത്തെ വ്യത്യസ്തമാക്കിയ ഒരു ഘടകമുണ്ടായിരുന്നു. രാജ്യത്തെ പുതിയ സാമ്പത്തിക മാറ്റങ്ങള്‍ വിപണിയിലുണ്ടാക്കുന്ന വലിയ സാധ്യതകള്‍ തിരിച്ചറിയാന്‍ സാധിച്ചു എന്നത്. അങ്ങനെയാണ് അനുയോജ്യരായ പങ്കാളികളെ കണ്ടെത്തി കേരളത്തിലെ ആദ്യ കോര്‍പ്പറേറ്റ് ബ്രോക്കറേജ് സ്ഥാപനത്തിന് തുടക്കമിട്ട് പ്രിന്‍സ് ജോര്‍ജ് സംരംഭകനായി മാറിയത്. ആ സംരംഭകയാത്ര മൂന്ന് പതിറ്റാണ്ട് പിന്നിട്ട്, ഇപ്പോള്‍ വളര്‍ച്ചയുടെ
പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്, ഡിബിഎഫ്എസ്(ദോഹ ബ്രോക്കറേജ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്) എന്ന സ്ഥാപനത്തിലൂടെ.

മാറ്റങ്ങളുടെ കാലം

ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്ചെടുത്തോളം ചരിത്രപരമായ വര്‍ഷമായിരുന്നു 1992. ഡിബിഎഫ്എസിന്റെ ആരംഭവും അപ്പോഴായിരുന്നു. വിപണിയെ നിയന്ത്രിക്കാനായി സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഔദ്യോഗികമായി നിലവില്‍ വന്നതും ആ വര്‍ഷം തന്നെ. ഇന്ത്യന്‍ ധനകാര്യസംവിധാനത്തിന്റെ പാളിച്ചകള്‍ വെളിപ്പെടുത്തിയ കുപ്രസിദ്ധമായ ഹര്‍ഷദ് മെഹ്ത തട്ടിപ്പിന്റെ കാലം കൂടിയായിരുന്നു അത്. ഓഹരി വിപണിയില്‍ നിരവധി പരിഷ്‌കരണങ്ങള്‍ക്കാണ് ഹര്‍ഷദ് മെഹ്ത സ്‌കാം വഴിവെച്ചത്. തുടര്‍ന്നങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ ഫ്‌ളോര്‍ ബേസ്ഡ് ട്രേഡിംഗ് സ്‌ക്രീന്‍ അധിഷ്ഠിത ട്രേഡിംഗിന് വഴി മാറി. ഫിസിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം ഡീമാറ്റ് ഹോള്‍ഡിംഗ്‌സ് വന്നു. റീജണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അപ്രത്യക്ഷമായി, പകരം ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ മുഖ്യധാരയിലേക്കെത്തി. കൂടുതല്‍ സുതാര്യതയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി 1994ല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും പ്രവര്‍ത്തനം തുടങ്ങി.

''കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഈ മേഖലയില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. മറ്റേതൊരു ബിസിനസ് രംഗത്ത് സംഭവിച്ചതിനേക്കാളും കൂടുതല്‍ മാറ്റങ്ങള്‍ ഒരു പക്ഷേ ഓഹരി വിപണിയിലായിരിക്കും സംഭവിച്ചത്. എന്നാല്‍ ഇതെല്ലാം മുന്‍കൂട്ടിക്കാണാന്‍ സാധിച്ചു എന്നതാണ് ഞങ്ങള്‍ക്ക് ഗുണകരമായത്. അതനുസരിച്ച് പ്രവര്‍ത്തനങ്ങളില്‍ നവീകരണം കൊണ്ടുവരാനും സാധിച്ചു,''ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്റ്ററായ പ്രിന്‍സ് ജോര്‍ജ് ബിസിനസ് വോയ്‌സിനോട് പറയുന്നു.

''വിപണിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനാണ് ഉദ്ദേശിച്ചത്. ഒപ്പം നിക്ഷേപകരുടെ പണത്തിന് സംരക്ഷണം കൊടുക്കാനും. അതുതന്നെയാണ് ഞങ്ങളുടെ വിഷനും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപകനെ സഹായിക്കുന്ന തരത്തില്‍ ഞങ്ങളുടെ സേവന നിലവാരം മെച്ചപ്പെടുത്താനാണ് എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നത്,''
പ്രിന്‍സ് പറയുന്നു.
വളരെയധികം ചാഞ്ചാട്ട സ്വഭാവമുള്ളതാണ് ഓഹരി വിപണി. ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളും രാഷ്ട്രീയ സംവഭവികാസങ്ങളുമെല്ലാം ഏറ്റവും ആദ്യം പ്രതിഫലിക്കുക ഓഹരി വിപണിയിലായിരിക്കും. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ ഒരു ബ്രോക്കര്‍ കൈകാര്യം ചെയ്യുന്നു എന്നതും നിക്ഷേപകര്‍ക്ക് അത്തരം സാഹചര്യങ്ങളില്‍ ആത്മവിശ്വാസം നല്‍കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടോ എന്നതും വളരെ പ്രധാനമാണ്. പെട്ടെന്ന് പണമുണ്ടാക്കാനാണ് പലരും ഓഹരി വിപണിയെ ആശ്രയിക്കുന്നത്. എന്നാല്‍ അതെപ്പോഴും സംഭവിച്ചുകൊള്ളളണമെന്നില്ല. വലിയ നഷ്ടവും നേരിട്ടേക്കാം. ഒരു നല്ല നിക്ഷേപ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് ഉപഭോക്താക്കളെ ബ്രോക്കറേജ് സ്ഥാപനം പരിശീലിപ്പിക്കുന്നതിന്റെ പ്രസക്തി അവിടെയാണ്. നിക്ഷേപകരുടെ സമ്പത്ത് സംരക്ഷിക്കുന്നതില്‍ ഡിബിഎഫ്എസ് ചെലുത്തുന്ന ജാഗ്രതയാണ് ഇത്രയും വര്‍ഷത്തെ ഞങ്ങളുടെ സുസ്ഥിര വളര്‍ച്ചാനിരക്ക് കാണിക്കുന്നത്-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കാലത്തിന് അനുസരിച്ച
സേവനങ്ങള്‍

1992ല്‍ ബിഎസ്ഇ സെന്‍സക്‌സ് 1050 പോയിന്റായിരുന്നുവെങ്കില്‍ 2022 എത്തിയപ്പോള്‍ അത് 58000 ലെവലിലെത്തി. ഈ വളര്‍ച്ച സ്‌റ്റോക്ക് ബ്രോക്കിംഗ് ബിസിനസിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ദൃശ്യമായി. ഇന്നവേഷനിലും സാങ്കേതികപരമായ മാറ്റങ്ങളിലുമെല്ലാം വലിയ വഴിത്തിരിവുകള്‍ സ്റ്റോക്ക് ബ്രോക്കിംഗ് ബിസിനസിലുണ്ടായി. ഇതെല്ലാം ഉള്‍ക്കൊണ്ട് വളരെ നേരത്തെ ഓണ്‍ലൈന്‍ ട്രേഡിംഗും മൊബീല്‍ ട്രേഡിംഗുമെല്ലാം ഡിബിഎഫ്എസ് അവതരിപ്പിച്ചിരുന്നു. ഇന്ന് കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഖത്തറിലും യുഎഇയിലും ഡിബിഎഫ്എസിന് ശാഖകളുണ്ട്. കേരളത്തില്‍ ഏറ്റവുമധികം എന്‍ആര്‍ഐ ബിസിനസ് കൈകാര്യം ചെയ്യുന്ന സ്ഥാപനം ഒരുപക്ഷേ ഡിബിഎഫ്എസ് ആയിരിക്കും.

വഴിത്തിരിവായ
ദോഹ ബാങ്ക്
ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ധനകാര്യസ്ഥാപനമായ ദോഹ ബാങ്കുമായുള്ള പങ്കാളിത്തമാണ് ഡിബിഎഫ്എസിന്റെ വളര്‍ച്ചയില്‍ വഴിത്തിരിവായത്. വലിയ റെപ്യൂട്ടേഷനുള്ള മള്‍ട്ടിനാഷണല്‍ സ്ഥാപനമാണ് ദോഹ ബാങ്ക്. സേവന ബിസിനസില്‍ ക്രെഡിബിലിറ്റി വലിയ ഫാക്റ്ററാണ്. ഇത് കൂട്ടാന്‍ ബാങ്കിന്റെ ബ്രാന്‍ഡ് നെയിം ഉപകരിച്ചിട്ടുണ്ട്. വിശ്വാസ്യതയുടെ ഒരു പ്രശ്‌നമേ ഞങ്ങള്‍ നേരിട്ടിട്ടില്ല. ഒരുമാതിരിപ്പെട്ട എവിടെ ചെന്നാലും ദോഹ ബാങ്കിനെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാം-പ്രിന്‍സ് ജോര്‍ജ് പറയുന്നു. ഇന്ന് ഡിബിഎഫ്എസിലെ മുഖ്യ ഓഹരിഉടമ ദോഹ ബാങ്കാണ്, യൂസഫലിയെ
പോലുള്ള ഹൈപ്രൊഫൈല്‍ നിക്ഷേപകരും ഗ്രൂപ്പിന്റെ ഭാഗമാണ്.
സമഗ്ര വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങള്‍ നല്‍കുന്ന ബ്രോക്കറേജ് സ്ഥാപനമായാണ് ഡിബിഎഫ്എസ് പ്രവര്‍ത്തനമാരംഭിച്ചതെങ്കിലും ദോഹ ബാങ്കിന്റെ വരവോടെ ബാങ്ക് ഇതര ധനകാര്യ സേവനങ്ങളിലേക്കും കമ്പനി കടന്നു. ബ്രോക്കറേജ് ആന്‍ഡ് വെല്‍ത്ത് മാനേജ്‌മെന്റ് വെര്‍ട്ടിക്കല്‍ എന്ന നിലയിലും എന്‍ബിഎഫ്‌സി വിഭാഗമെന്ന നിലയിലും വളരെ സജീവമായാണ് നിലവില്‍ ഡിബിഎഫ്എസിന്റെ പ്രവര്‍ത്തനം. ഓഹരി വായ്പകളും സ്വര്‍ണവായ്പകളുമെല്ലാം എന്‍ബിഎഫ്‌സി വിഭാഗം നല്‍കുന്നുണ്ട്. കുറഞ്ഞ പലിശ നിരക്കിലൂടെയും വ്യത്യസ്ത പ്രൊമോഷണല്‍ പദ്ധതികളിലൂടെയും സ്വര്‍ണ വായ്പ രംഗത്ത് അതിവേഗത്തില്‍ ജനകീയമാകാന്‍ ഡിബിഎഫ്എസിന് സാധിച്ചു.

പുതിയ ചുവട്

പ്രവര്‍ത്തനം തുടങ്ങി 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ പിന്‍ബലത്തിലാണ് നിക്ഷേപ ഉപദേശ സേവനങ്ങള്‍ (ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സര്‍വീസ്) കൂടി അവതരിപ്പിക്കാന്‍ ഡിബിഎഫ്എസ് തീരുമാനിച്ചത്. ദോഹ ബാങ്ക് ആക്റ്റിംഗ് സിഇഒ ഗുഡ്‌നി സ്ടീഹോള്‍ടാണ്
പുതിയ പദ്ധതി അടുത്തിടെ ഉദ്ഘാടനം ചെയ്തത്. ധനകാര്യ സേവനമേഖലയിലെ ട്രെന്‍ഡ്‌സെറ്ററാകും ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സേവനങ്ങളെന്ന് പ്രിന്‍സ് ജോര്‍ജ് പറയുന്നു. സെബിയില്‍ റെജിസ്റ്റര്‍ ചെയ്ത ഇന്‍വെസ്റ്റ്മന്റ് അഡൈ്വസര്‍ക്ക് മാത്രമേ ഈ സേവനങ്ങള്‍ നിക്ഷേപകന് നല്‍കാന്‍ അനുവാദമുള്ളൂ. അതിനാല്‍തന്നെ റെജിസ്റ്റേഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറെന്ന നിലയില്‍ ഡിബിഎഫ്എസിന് വലിയ സാധ്യതകളാണുള്ളത്.
എല്ലാ വലിയ സമ്പദ് വ്യവസ്ഥകളേക്കാളും വേഗത്തിലാണ് ഇന്ത്യയുടെ വളര്‍ച്ച. ധനകാര്യ സേവനമേഖലയിലും ആ വളര്‍ച്ച നിഴലിക്കും. ഓഹരി വിപണിയിലും കടപത്ര വിപണിയിലുമെല്ലാം ഇതിന്റെ പ്രതഫിലനങ്ങളുണ്ടാകും. ഒരു സ്റ്റോക്ക് ബ്രോക്കറെന്ന നിലയിലും ഇന്‍വെസ്റ്റ്മന്റ് അഡൈ്വസറെന്ന നിലയിലും മാറുന്ന സാമ്പത്തിക പരിതസ്ഥിതിയില്‍ വലിയ പങ്കുവഹിക്കാന്‍ ഡിബിഎഫ്എസിന് സാധിക്കുമെന്നാണ് പ്രിന്‍സിന്റെ പ്രതീക്ഷ. ഉപദേശകരുടെ വേഷത്തിലെത്തുന്നവരുടെ വാക്ക് കേട്ട് നിക്ഷേപകര്‍ വഴിതെറ്റിപ്പോകുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇത്തരക്കാര്‍ക്ക് അഡൈ്വസറെന്ന നിലയിലുള്ള യോഗ്യതയുണ്ടാകില്ല, ലൈസന്‍സും നേടിക്കാണില്ല-ഡിബിഎഫ്എസ് മേധാവി ചൂണ്ടിക്കാട്ടുന്നു. ''ഞങ്ങളുടെ റോള്‍ നിക്ഷേപകര്‍ക്ക് വഴികാട്ടുകയും അവര്‍ക്ക് മെന്ററിംഗ് നല്‍കുകയുമാണ്. അതിനാലാണ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സര്‍വീസിന് 'ഫിന്‍വെസ്റ്റ് മെന്റര്‍' എന്ന പേര് നല്‍കിയിരിക്കുന്നത്.''
പുതിയ പദ്ധതികളിലൂടെ സുസ്ഥിര വളര്‍ച്ച ശക്തമാക്കി മുന്നോട്ടുപോകാനാണ് പ്രിന്‍സിന്റെ പദ്ധതി.




'ഇനിയുള്ള 10 വര്‍ഷം
ചരിത്രം തിരുത്തിയാകും
ഇന്ത്യയുടെ വളര്‍ച്ച'

30 വര്‍ഷമെന്ന നാഴികക്കല്ല് പിന്നിട്ടുനില്‍ക്കുകയാണ് ഡിബിഎഫ്എസ്. പുതിയകാലത്തെ വളര്‍ച്ചയെക്കുറിച്ചും മനസിലുള്ള ഐപിഒ പദ്ധതിയെക്കുറിച്ചുമെല്ലാം ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്റ്റര്‍ പ്രിന്‍സ് ജോര്‍ജ് ബിസിനസ് വോയ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം 10 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്നും അത് തുറന്നിടുന്ന ബിസിനസ് അവസരങ്ങള്‍ വളരെ വലുതാകുമെന്നും അദ്ദേഹം പറയുന്നു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

എങ്ങനെയായിരുന്നു ഓഹരി വിപണി മേഖലയിലേക്ക് എത്തിപ്പെട്ടത്?

സയന്‍സില്‍ ഗ്രാജുവേഷന്‍ നേടിയാണ് ഞാന്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കൊച്ചിയിലെത്തിയത്. പ്രൊഫഷണല്‍ കോഴ്സെന്ന നിലയില്‍ ഐസിഡബ്ല്യുഎഐ ചെയ്യാനായിരുന്നു വരവ്. 1987-88 കാലമായിരുന്നു. ജോലിക്കെല്ലാം അന്ന് ശമ്പളം നന്നേ കുറവാണ്. ആദ്യ ജോലി ഓഫര്‍ കിട്ടിയത് 3000 രൂപ ശമ്പളത്തിലാണ്. പ്രൊഫഷണല്‍ കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ പോലും 10000 രൂപയ്ക്ക് മുകളില്‍ ശമ്പളം കിട്ടാത്ത കാലം. എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നാഗ്രഹിച്ചു. അങ്ങനെയിരിക്കെയാണ് സ്റ്റോക്ക് മാര്‍ക്കറ്റിന്റെ സാധ്യതകളറിഞ്ഞത്. കരിയറിനുള്ള ഓപ്ഷന്‍ തപ്പിയാണ് കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പോകുന്നത്. കുറച്ച് കാര്യങ്ങള്‍ പഠിച്ചു. ജെയിംസ് അമ്പലത്തട്ടില്‍ എന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മെംബറുടെ അസിസ്റ്റന്റായി. 'ഇതിന് സാലറി ഒന്നുമില്ല. ബിസിനസ് കൊണ്ടുവന്നാല്‍ കിട്ടുന്ന ഇന്‍കത്തിന്റെ ഷെയര്‍ തരാമെന്ന് അദ്ദേഹം പറഞ്ഞു.' ഞാന്‍ പറഞ്ഞു പ്രശ്നമില്ലെന്ന്. 4-5 മാസമായപ്പോഴേക്കും 10,000 രൂപയുടെ മാസവരുമാനമായി. 1989 ആയപ്പോഴേക്കും കൊച്ചിന്‍ സ്റ്റോക്ക് എസ്‌ക്ചേഞ്ചില്‍ ഒരു ലക്ഷം രൂപ മുടക്കി മെമ്പര്‍ഷിപ്പ് എടുത്ത് ബിസിനസ് ആയി സ്റ്റാര്‍ട്ട് ചെയ്തു. ആ സമയത്ത് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഒരു മൂവ്മെന്റ് വന്നു. 1992ല്‍ ഒരു സ്‌കാമും ഉണ്ടായി, ഹര്‍ഷദ് മെഹ്ത സ്‌കാം, ഉദാരവല്‍ക്കരണത്തിന്റെ വരവും അപ്പോഴായിരുന്നു. നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി. മന്‍മോഹന്‍ സിംഗിനെ കൊണ്ടുവന്ന് സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ സര്‍വ സ്വാതന്ത്ര്യം നല്‍കി റാവു. മന്‍മോഹന്‍ സിംഗാണ് ലിബറലൈസേഷന്‍ അവതരിപ്പിച്ചത്. അന്നുവരെ സ്റ്റോക്ക് ബ്രോക്കിംഗ് ഒരു ഇന്‍ഡസ്ട്രി ആയി പരിണമിച്ചിട്ടില്ല. വ്യക്തികള്‍ സ്റ്റോക്ക് ബ്രോക്കേഴ്സ് ആയി റെജിസ്റ്റര്‍ ചെയ്യും. അവര്‍ അവരുടെ ക്ലൈന്റ്സിന് സര്‍വീസ് കൊടുക്കും. ചാര്‍ട്ടഡ് എക്കൗണ്ടന്റ്, വക്കീല്‍ എന്നിവരെപ്പോലെ.
ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി സ്‌റ്റോക്ക് ബ്രോക്കിംഗ് റിഫോംസും സംഭവിച്ചു. ബ്രോക്കറേജ് ബിസിനസിന് ഇനി തൊട്ട് കമ്പനികളായി പ്രവര്‍ത്തിക്കാം എന്നതായിരുന്നു മാറ്റം. തുടര്‍ന്നാണ് എന്റെ പാര്‍ട്ണര്‍മാരോടൊപ്പം 1992ല്‍ കമ്പനിയെന്ന നിലയിലേക്ക് വന്നത്. അന്ന് സെലക്റ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നായിരുന്നു പേര്. ജെ കുര്യന്‍, ബിന്നി സി തോമസ് എന്നിവരായിരുന്നു
പാര്‍ട്ണര്‍മാര്‍. 25 ലക്ഷം രൂപ കാപ്പിറ്റലുള്ള കമ്പനി ആയാണ് തുടങ്ങിയത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബ്രോക്കറേജ് കമ്പനിയാണിത്. അന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചാണ് തിളങ്ങിനില്‍ക്കുന്നത്. മെമ്പര്‍ഷിപ്പിന് അന്ന് തന്നെ ഒരു കോടി രൂപയുടെ അടുത്ത് വിലയുണ്ടായിരുന്നു. ജനകീയ പങ്കാളിത്തം അന്ന് വിപണിയില്‍ കുറവായിരുന്നു. ഹര്‍ഷദ് മെഹ്ത സ്‌കാം വന്നപ്പോള്‍ പലരുടേയും പണം പോയി. സെലിബ്രിറ്റിയായ മെഹ്ത ഷെയര്‍ മേടിച്ചാല്‍ നാട്ടുകാരെല്ലാം
പോയി മേടിക്കുന്ന അവസ്ഥയായിരുന്നു. ഷെയര്‍ വില പെട്ടെന്ന് കൂടുകയെല്ലാം പതിവായിരുന്നു. എന്നാല്‍ മെഹ്ത ബാങ്കുകളില്‍ നിന്ന് കാശ് മറിച്ചാണ് ഇതെല്ലാം ചെയ്തത്. തിരിമറി പുറത്തുവന്നപ്പോള്‍ അയാളുടെ ഓഹരികള്‍ കൂപ്പുകുത്തി. മെഹ്തയെ പിന്തുടര്‍ന്നവര്‍ക്കെല്ലാം വന്‍നഷ്ടമുണ്ടായി. തുടര്‍ന്നാണ് സര്‍ക്കാര്‍ റെഗുലേറ്ററി ഏജന്‍സി കൊണ്ടുവന്നത്. അങ്ങനെ സെബി നിലവില്‍ വന്നു. ശേഷം നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും. ഞങ്ങള്‍ നോക്കിയപ്പോള്‍ ദേശീയതലത്തില്‍ മികച്ച ബിസിനസ് അവസരമാണ് കണ്ടത്.

ആദ്യ സംരംഭം തുടങ്ങുന്ന സമയത്ത് പൊതുവെ
ഓഹരി വിപണിയുടെ അവസ്ഥ എന്തായിരുന്നു?

സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് അറിവ് കുറവായിരുന്നു. പക്ഷേ നല്ല ക്വാളിറ്റി ഐപിഒകള്‍ ആ സമയത്ത് വന്നിരുന്നു-1980 മുതല്‍ 1995 വരെ. റിലയന്‍സ്, ഹീറോ ഹോണ്ട, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ലിമിറ്റഡ് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ഓഹരിവില്‍പ്പനകളെല്ലാം ആ കാലഘട്ടത്തിലായിരുന്നു. അന്ന് ഐപിഒയില്‍ പാര്‍ട്ടിസിപ്പേറ്റ് ചെയ്തവര്‍ വന്‍ലാഭം കൊയ്തു. ഇന്‍ഫോസിസില്‍ അന്ന് 1 ലക്ഷം ഇട്ടിരുന്നെങ്കില്‍ ഇന്നത് 175 കോടി രൂപയെല്ലാമായി മാറുമായിരുന്നു. അത്രമാത്രം ഗ്രോത്തുണ്ടായി അവര്‍ക്ക്. കമ്പനികള്‍ക്ക് ഗ്രോത്ത് ഉണ്ടാകാന്‍ കാരണം ലിബറലൈസേഷന് ശേഷമുള്ള അന്തരീക്ഷമായിരുന്നു. പ്രൈവറ്റ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ വലിയ അവസരമായിരുന്നു. വലിയ വിപണിയായിരുന്നു ഇന്ത്യ. എല്ലാത്തിനും ഇവിടെ മാര്‍ക്കറ്റുണ്ടായി, മാന്‍പവറിന് ഉള്‍പ്പടെ. ആഗോളതലത്തില്‍ മാന്ദ്യമുണ്ടാകുമ്പോള്‍ പോലും ഇന്ത്യയില്‍ ഒരു തരത്തിലുള്ള ഡിമാന്‍ഡ് എപ്പോഴുമുണ്ടായിരുന്നു.

തുടക്കത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ വെല്ലുവിളികള്‍ നേരിട്ടിരുന്നോ?

സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ചുള്ള കാഴ്ച്ചപ്പാട് ചൂതാട്ടമെന്ന നിലയിലായിരുന്നു പലര്‍ക്കും. ആളുകളുടെ ഡിസ്പോസിബിള്‍ ഇന്‍കം കുറവായിരുന്നു. ഓരോ വ്യക്തിയും അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള തുകയ്ക്കാണ് ആദ്യമുന്‍ഗുണന നല്‍കുക. എന്നാല്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റിന്റെ ആംഗിളില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതിന്റെ പ്രസക്തി എന്താണെന്ന് കൃത്യമായി പറഞ്ഞുകൊടുത്തായിരുന്നു ഞങ്ങള്‍ നിക്ഷേപകരെ സമീപിച്ചത്. ഞങ്ങളുടെ വരുമാനം കൂട്ടുന്നതിനായി ആളുകളെ നിര്‍ബന്ധിച്ച് ചേര്‍ക്കുന്ന രീതി ഒരിക്കലും അനുവര്‍ത്തിച്ചില്ല. റിസ്‌ക് മനസിലാക്കിക്കൊടുത്ത് മാത്രമായിരുന്നു നിക്ഷേപത്തിന് പ്രേരിപ്പിച്ചിരുന്നത്. ചാഞ്ചാട്ടം നിറഞ്ഞ വിപണിയില്‍ ഇത്ര ശതമാനം മാത്രം നിങ്ങള്‍ നിക്ഷേപിച്ചാല്‍ മതിയെന്ന് ഉപഭോക്താക്കളോട് പറയും. 1993-94 ആയപ്പോഴേക്കും ഉപഭോക്താക്കളുടെ എണ്ണം കൂടി. ഇന്‍വെസ്റ്റ് ചെയ്യുന്നതിന്റെ ബെനഫിറ്റ് ആളുകള്‍ക്ക് മനസിലായി തുടങ്ങി.

ഓഹരിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ വലിയൊരു കുതിപ്പുണ്ടാകാത്തത് എന്തുകൊണ്ടാണ്?

സാധാരണ ഒരു മനുഷ്യനെ സംബന്ധിച്ചെടുത്തോളം 20 വയസ് മുതല്‍ 65 വയസ് വരെയാണ് ഇന്‍വെസ്റ്റ് ചെയ്യാനുള്ള പിരീയഡ്. ഈ വിഭാഗത്തില്‍ പെട്ട മൊത്തം ജനങ്ങളില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത്. ഇന്ത്യയില്‍ 40 കോടി ആളുകള്‍ക്ക് ഇന്‍വെസ്റ്റ് ചെയ്യാനുള്ള സാഹചര്യമുണ്ട്. പല വികസിത രാജ്യങ്ങളിലും 40-50 ശതമാനം ജനങ്ങള്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപമുണ്ട്. വരുമാനത്തില്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ചതിന് ശേഷമുള്ള തുക ഓരോരുത്തരുടേയും പക്കല്‍ കൂടണം. അങ്ങനെ ഡിസ്‌പോസി
ബിള്‍ ഇന്‍കം കൂടിയാലേ കൂടുതല്‍ പേര്‍ ഓഹരിവിപണിയിലെത്തൂ. ഇന്ത്യയുടെ ആളോഹരി വരുമാനം 2500 ഡോളറാണിപ്പോള്‍. അതിനു മുകളിലേക്ക് വന്നാല്‍ മാത്രമേ ഇന്‍വെസ്റ്റ്‌മെന്റില്‍ വലിയ കുതിപ്പുണ്ടാകൂ. ആദ്യത്തെ മുന്‍ഗണന എല്ലാം ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ കാര്യങ്ങളിലേക്ക് പോകുമെന്നതാണ് വാസ്തവം.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ എങ്ങനെ നോക്കിക്കാണുന്നു?

പ്രധാനമന്ത്രിയുടെ പ്രധാനപ്പെട്ട പദ്ധതിയാണ് 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എത്തിക്കുകയെന്നത്. 10 വര്‍ഷം കൊണ്ട് 10 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന തലം നമ്മള്‍ മറികടക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ കാരണം രാഷ്ട്രീയമല്ല, തീര്‍ത്തും സാമ്പത്തികവും ശാസ്ത്രീയവുമാണ്. നമുക്ക് 8-9 ശതമാനം വളര്‍ച്ചാ നിരക്ക് നില
നിര്‍ത്താനായാല്‍, ഇപ്പോഴത്തെ 3 ട്രില്യണ്‍ ഡോളറില്‍ നിന്ന് അഞ്ച് വര്‍ഷംകൊണ്ട് ആറ് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യമെത്തും. പിന്നീടൊരു അഞ്ച് വര്‍ഷംകൊണ്ട് അത് 12 ട്രില്യണ്‍ ഡോളറാകും. അതായത് 8 വര്‍ഷംകൊണ്ട് 10 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് നമ്മളെത്തും. ഇതിലെ പ്രശ്‌നം എട്ട്-ഒന്‍പത് ശതമാനം വളര്‍ച്ചാനിരക്ക് നിലനിര്‍ത്താനാകുമോ എന്നത് മാത്രമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സാമ്പത്തികകാര്യത്തില്‍ നയപരമായ യാതൊരുവിധ പാളിച്ചകളും സംഭവിച്ചിട്ടില്ല. കോവിഡ് വന്നു, മറ്റ് വെല്ലുവിളികള്‍ വന്നു, യുക്രൈന്‍ യുദ്ധം വന്നു, പണപ്പെരുപ്പം വന്നു...ഇതൊക്കെ സംഭവിച്ചിട്ടും സാമ്പത്തിക നയങ്ങളില്‍ ഇന്ത്യക്ക് തെറ്റ് പറ്റിയിട്ടില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് നയങ്ങളില്‍ വ്യക്തതയുമുണ്ട്. പണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ഒന്ന് പറയും മന്ത്രി വേറൊന്നു പറയും പാര്‍ട്ടിക്കാര്‍ വേറൊന്നു പറയും എന്ന അവസ്ഥയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നുമില്ല. കേന്ദ്രമാണെങ്കിലും സംസ്ഥാനമാണെങ്കിലും പബ്ലിക് മണിയാണല്ലോ ഹാന്‍ഡില്‍ ചെയ്യുന്നത്. ഇതിന്റെ വകയിരുത്തല്‍ പല രീതിയില്‍ ചെയ്യാം. വോട്ട് കിട്ടാന്‍ വേണ്ടി മാത്രം ക്ഷേമ പദ്ധതികള്‍ക്ക് വലിയ തോതില്‍ പണം വകയിരുത്താം. സബ്‌സിഡി, ഫ്രീ ഗ്യാസ് അങ്ങനെയെല്ലാം നല്‍കാം. എന്നാല്‍ അതുണ്ടാക്കുന്ന ബാധ്യത വലുതാണ്. തീരെ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാതെയിരിക്കുകയുമരുത്. ഇതിനൊരു ബാലന്‍സ് വേണം. വോട്ടിന് വേണ്ടി മാത്രം ക്ഷേമ, സൗജന്യ പദ്ധതികള്‍ നടപ്പിലാക്കരുത്. അതൊന്നും ഈ സര്‍ക്കാര്‍ ചെയ്തില്ല എന്നതാണ് ശ്രദ്ധേയം. നിര്‍മല സീതാരാമന്‍ മികച്ച അച്ചടക്കമുള്ള ധനകാര്യമന്ത്രിയാണ്. അവര്‍ക്ക് സമ്പദ് വ്യവസ്ഥയെ കുറിച്ച് നല്ല ധാരണയുണ്ട്.
വലിയ യുദ്ധങ്ങളോ പ്രകൃതി ക്ഷോഭങ്ങളോ ഒന്നും ഉണ്ടായില്ലെങ്കില്‍ ഈ വളര്‍ച്ചാനിരക്ക് ഇന്ത്യ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. അപ്പോള്‍ തൊഴിലവസരങ്ങള്‍ കൂടും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടും ആളുകളുടെ കയ്യില്‍ കൂടുതല്‍ വരുമാനമെത്തും. ആളോഹരി വരുമാനം 3500, 4000 ഡോളറിലേക്കെത്താനാണ് സാധ്യത. ആദ്യം കിട്ടുന്ന 1000 ഡോളര്‍ അടിസ്ഥാന ആവശ്യകതകളിലേക്കാണ് എല്ലാവരും മാറ്റിവെക്കുക. ബാക്കി വരുന്നതാകും നിക്ഷേപത്തിനുപയോഗിക്കുക. പെര്‍കാപിറ്റ വരുമാനം കൂടുമ്പോള്‍ സ്വാഭാവികമായും നിക്ഷേപത്തിനും ലക്ഷ്വറിയെന്ന് നമ്മള്‍ പറയുന്ന മറ്റ് കാര്യങ്ങള്‍ക്കും പണം ചെലവഴിക്കപ്പെടും.

പുതുതായി തുടങ്ങിയ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സേവനങ്ങളെക്കുറിച്ച് പറയാമോ?

ഇനിയുള്ള കാലത്ത് സാലറിയുടെ മാത്രം ബലത്തില്‍ ജീവിക്കുകയെന്നത് ശ്രമകരമാണ്. അവിടെയാണ് ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്നും ലഭിക്കുന്ന റിട്ടേണിന്റെ പ്രസക്തി. ഫിനാന്‍ഷ്യല്‍ പ്ലാനിംഗും ഇന്‍വെസ്റ്റ്‌മെന്റും പ്രധാനമാണ്. അതിനാണ് ഞങ്ങള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സേവനങ്ങള്‍ കൂടി നല്‍കുന്നത്. മീഡിയയിലും മറ്റും വരുന്ന പല സ്റ്റോറീസും ഹൈപ്പ് ക്രിയേറ്റ് ചെയ്യുന്നു. ഇതില്‍ തെറ്റിദ്ധരിക്കപ്പെട്ട് പലര്‍ക്കും നഷ്ടമുണ്ടാകുന്ന അവസ്ഥയുണ്ട്. മ്യൂച്ച്വല്‍ ഫണ്ടാണെങ്കില്‍ പോലും ഇന്‍വെസ്റ്റേഴ്‌സിന് യാതൊരുവിധ ഡിസ്‌ക്രീഷനുമില്ല. ഒരു സൈഡില്‍, തന്നേ പോയി ഇന്‍വെസ്റ്റ് ചെയ്ത് ഹൈപ്പില്‍ വീണ് പ്രോഫിറ്റ് ഉണ്ടാക്കാന്‍ പറ്റാത്ത ആളുകള്‍. മറ്റൊരു വശത്ത് നടക്കുന്നത്, ഒരു അസറ്റ് മാനേജറെ എല്ലാം ഏല്‍പ്പിച്ച് നിക്ഷേപകര്‍ ഇന്‍വോള്‍വ് ചെയ്യാത്ത രീതി. ഇത് രണ്ടും കംഫര്‍ട്ടബിള്‍ അല്ലാത്ത ഒത്തിരി ആളുകളുണ്ട്. ഞങ്ങളുടെ രീതിയനുസരിച്ച് സകലതും കസ്റ്റമറുടെ കൈയില്‍ തന്നെയാണ്. അവരെ പറഞ്ഞ് കണ്‍വിന്‍സ്ഡ് ആക്കി അവരുടെ സമ്മതത്തോടെ മാത്രമേ ട്രാന്‍സാക്ഷന്‍ ചെയ്യൂ. എന്റെ കാശ് ഞാന്‍ ഹാന്‍ഡില്‍ ചെയ്യുന്നതാണ് ഏറ്റവും സെയ്ഫ് എന്നതാണ് കസ്റ്റമേഴ്‌സിന്റെ പൊതുധാരണ.
കസ്റ്റമര്‍ക്ക് ഞങ്ങളുടെ കമ്പനിയില്‍ ട്രേഡിംഗ് എക്കൗണ്ട് തുടങ്ങാം, വേറെ ഏതെങ്കിലും ബ്രോക്കറുടെ അടുത്ത് വേണമെങ്കിലും തുറക്കാം. അതിലൊന്നും പ്രശ്‌നമില്ല. ഇന്‍കം ലെവലും റിട്ടേണ്‍സുമെല്ലാം നോക്കി മികച്ച പ്രൊഡക്റ്റ്
നിര്‍ദേശിക്കുകയാണ് ഞങ്ങള്‍ ചെയ്യുക. ഏത് ആസ്തിയിലേക്ക് മാറണമെന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും നല്‍കും. കൃത്യമായി പ്രതിമാസ റിപ്പോര്‍ട്ടുകളും ലഭ്യമാക്കും. ഉയര്‍ന്ന മൂല്യമുള്ള കസ്റ്റമേഴ്‌സിന് ഡെഡിക്കേറ്റഡ് അഡൈ്വസേഴ്‌സിനെയും നല്‍കും. കൃത്യമായി മാനേജ് ചെയ്താല്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ നിന്ന് 15-20 ശതമാനം നേട്ടം കിട്ടും, അത്രയേ കിട്ടൂ. ഫിക്‌സഡ് ഡിപ്പോസിറ്റ് ആണേല്‍ ശരാശരി 6 ശതമാനം നേട്ടം കിട്ടും. റിസ്‌ക് കൂടിയാല്‍ റിട്ടേണ്‍ കൂടും. എന്നാല്‍ സ്ഥിരമായി 50 ശതമാനം നേട്ടം കിട്ടുമെന്നെല്ലാം പറഞ്ഞാല്‍ അത് പ്രായോഗികമല്ല, വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. ഇക്വിറ്റിയില്‍ ലോംഗ്‌ടേമില്‍ വെല്‍ത്ത് ക്രിയേഷന്‍ കൂടുതലാണ്. ആ ഒരു ആംഗിളിലുള്ള കസ്റ്റമേഴ്‌സിനെയാണ് ഞങ്ങള്‍ ഉന്നമിടുന്നത്. ശരിയായ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്, കൃത്യമായുള്ള അസറ്റ് അലൊക്കേഷന്‍, കൃത്യമായുള്ള അഡൈ്വസ്...ഇതാണ് ഞങ്ങളുടെ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സേവനത്തിന്റെ പ്രത്യേകത.

ട്രേഡിംഗിനാണോ ഇന്‍വെസ്റ്റ്‌മെന്റിനാണോ ഒരു വ്യക്തി കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്?

ഇതിന് രണ്ട് വശങ്ങളുണ്ട്. ട്രേഡിംഗ് അത്ര മോശം കാര്യമല്ല. അത് സ്‌കില്‍ വേണ്ടൊരു സംഗതിയാണ്. ട്രേഡിംഗില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് അത് ചെയ്യാം. ചെയ്ത് പഠിച്ച് നല്ലൊരു ട്രേഡറായി മാറിയാല്‍ നേട്ടമുണ്ടാക്കാം. ആഴത്തിലുള്ള അറിവ്, റിസര്‍ച്ച് നടത്താനുള്ള മനസ് എല്ലാം അതിന് വേണം. എന്നാല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന നിലയില്‍ ഓഹരിയെ സമീ
പിക്കുമ്പോള്‍ പുറമെ നിന്നും വേറൊരാള്‍ക്ക് അഡൈ്വസ് ചെയ്യാനുള്ള തലം കൂടിയുണ്ട്. ഇത് രണ്ടുമല്ലാത്ത കാറ്റഗറിയാണ് സ്‌പെക്കുലേഷന്‍. വിപണി തരുന്ന ലെവറേജ് ഉപയോഗിച്ച് വലിയ പൊസിഷന്‍ എടുത്ത് ചെയ്യുന്ന രീതിയാണത്. അവിടെ വലിയ റിസ്‌കുണ്ട്. സ്‌പെക്കുലേഷന്‍ ഞങ്ങള്‍ പൊതുവെ പ്രോല്‍സാഹിപ്പിക്കാറില്ല.

ഡിബിഎഫ്എസിനെ സംബന്ധിച്ച് ഭാവി പദ്ധതികള്‍
എന്തെല്ലാമാണ്?

ബ്രോക്കറേജ്, എന്‍ബിഎഫ്‌സി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളില്‍ സുസ്ഥിര വളര്‍ച്ച കൈവരിച്ച് മുന്നോട്ട് പോകുകയാണ് ലക്ഷ്യം. ബ്രോക്കറേജിനകത്ത് വെല്‍ത്ത് മാനേജ്‌മെന്റ് സര്‍വീസും ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സര്‍വീസുമാണുള്ളത്. എന്‍ബിഎഫ്‌സി വിഭാഗം പലതരത്തിലുള്ള വായ്പകള്‍ കൈകാര്യം ചെയ്യുന്നു. ഇന്ത്യയില്‍ അടുത്തൊരു പത്ത് വര്‍ഷത്തേക്ക് ചരിത്രപരമായ പുരോഗതിയുണ്ടാകും. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ രാജ്യം കണ്ട വളര്‍ച്ചയേക്കാളും അതിഗംഭീരമാകും അടുത്ത 10 വര്‍ഷത്തിലുണ്ടാകുന്ന വളര്‍ച്ച. പണ്ട് ആഡംബരമെന്ന് കണ്ടിരുന്ന പലതും ഇന്ന് നമുക്ക് ആവശ്യകതയാണ്. ഇന്നത്തെ ലക്ഷ്വറി നാളത്തെ ആവശ്യകതയായി മാറും. ഞങ്ങളെ സംബന്ധിച്ചും അതെല്ലാം വലിയ അവസരമാകും. സമഗ്ര ധനകാര്യ സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തില്‍ ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ലൈസന്‍സ് കൂടി എടുക്കാനുള്ള പദ്ധതിയുണ്ട്. മോശം മാര്‍ക്കറ്റാണെങ്കിലും നല്ല മാര്‍ക്കറ്റാണെങ്കിലും ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഉറച്ച് നില്‍ക്കും. ഏത് സാഹചര്യമാണെങ്കിലും സുസ്ഥിരതയോടെ സേവനം നല്‍കും. 2025ല്‍ ഐപിഒ നടത്തുകയെന്ന ലക്ഷ്യവും മനസിലുണ്ട്.
 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.