×
login
മലയാളിയുടെ ചോരയിലുമുണ്ട് സംരംഭകത്വം, ആവോളം

വ്യവസായം നേരായ മാര്‍ഗത്തിലൂടെ നടത്തിയ അതില്‍ നിന്ന് ലാഭം നേടാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും വിജയം കാണും. അത്തരം സംരംഭകരെയാണ് കേരളത്തിന് വേണ്ടത്.

കേരളത്തില്‍ ഒരു വ്യവസായം തുടങ്ങി വിജയത്തിലെത്തിച്ചതിന്റെ അനുഭവത്തില്‍ ഇവിടുത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തെ കുറിച്ച് നല്ല അഭിപ്രായം തന്നെയാണ് എനിക്കുള്ളത്. ചെറിയതോതില്‍ തുടങ്ങിയ പെന്‍പോളിന്റെ ഷെയറുകള്‍ വിറ്റ് ഞാന്‍ പുറത്തിറങ്ങുന്ന വേളയില്‍ ലോകത്തെ ഒന്നാം നമ്പര്‍ ബ്ലഡ് ബാഗ് നിര്‍മാതാക്കളായി കമ്പനി വളര്‍ന്നിരുന്നു. ജീവനക്കാരായി 1,400 പേര്‍. നാല് ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ കാല്‍ നൂറ്റാണ്ടിനിടെ ഒരു മണിക്കൂര്‍ പോലും തൊഴില്‍ നഷ്ടം സംഭവിച്ചിട്ടില്ല. ഇതേ തരത്തില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം കമ്പനികള്‍ കേരളത്തിലുണ്ട്.

ഇക്കാര്യങ്ങള്‍ പല കൂട്ടായ്മകളിലും പറയുമ്പോള്‍ വ്യവസായികള്‍ക്കും സംരംഭകര്‍ക്കുപോലും അല്‍ഭുതമാണ്. ഏതു ചര്‍ച്ചാ വേദിയിലും ഞാന്‍ ഒറ്റപ്പെട്ട്പോകും. ഇതൊന്നും വെറും അവകാശവാദങ്ങളല്ല. ചെറിയതോതില്‍ തുടങ്ങി, ക്രമാനുഗതമായി വികസിച്ചുവന്ന, സാമ്പത്തികമായി വിജയിച്ച, സാങ്കേതികമായി മുന്നേറിയ, ദേശീയ-അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ധാരാളം കമ്പനികള്‍ ഇവിടെയുണ്ട്. പുതിയ വ്യവസായ കേരളം എന്നു പറയുന്നത് ഇതാണ്. എന്നിട്ടും കേരളം വ്യവസായത്തിനു ഒട്ടും കൊള്ളാത്ത സംസ്ഥാനമാണ്, ഇവിടെ ഒന്നും നടക്കുന്നില്ല, നോക്കുകൂലി, ഹര്‍ത്താല്‍ എന്നെല്ലാമാണ് പറയുന്നത്. എന്നാല്‍ ഈ ‘സത്യം’ അറിയാത്ത ഞങ്ങള്‍ കുറെയാളുകളും ഇവിടെയുണ്ട്. ടെറുമോ പെന്‍പോള്‍, സിന്തൈറ്റ്, പ്ലാന്റ് ലിപ്പിഡ്‌സ്, ഡെന്റ്‌കെയര്‍, എസ്എഫ്ഒ ടെക്‌നോളജീസ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, എകെ ഫ്‌ളേവേഴ്‌സ്, അഗാപ്പെ ഡയഗ്നോസിസ്, പികെ സ്റ്റീല്‍സ്…അങ്ങനെ നിര നീളും.

ഇത്തരത്തില്‍ 50 പുതിയ തലമുറ കമ്പനികളുടെ പട്ടിക ഞാന്‍ തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ 20-30 വര്‍ഷത്തിനിടെ നിരവധി പുതിയ വ്യവസായങ്ങള്‍ ഇവിടെ ആരംഭിച്ചു. കയറോ കശുവണ്ടിയോ പോലെ പരമ്പരാഗത വ്യവസായങ്ങളൊന്നുമല്ല ഇത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കൊണ്ടൊന്നുമല്ല ഈ വ്യവസായങ്ങള്‍ ഇവിടെ വന്നത്. ഇതാണ് പുതിയ വ്യവസായ സംസ്‌കാരം. ഇന്‍ഡസ്ട്രിയല്‍ സെക്രട്ടറിമാരായി വരുന്നവര്‍ പലരും അഭിപ്രായം തേടാറുണ്ട്. കേരളത്തില്‍ വ്യവസായം വേണമെന്ന് ബോംബെയിലും ഡെല്‍ഹിയിലും വിദേശതത്തുമെല്ലാം പോയി പറയുന്നതെന്തിനാണെന്നാണ് ഞാന്‍ തിരിച്ച് ചോദിക്കാറുള്ളത്. അവിടെ നടത്തുന്ന ഇവന്റുകള്‍ കണ്ട് ആരും ഇവിടെ വന്ന് ഒരു രൂപപോലും നിക്ഷേപിച്ചിട്ടില്ല. എല്ലായിടത്തും വ്യവസായം തുടങ്ങുന്നത് അതാതിടത്തെ സംരംഭകരാണ്. തമിഴ്‌നാട്ടിലെ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചത് സിന്ധികളും മാര്‍വാഡികളുമല്ല, അവിടത്തെ ചെട്ടിയാര്‍മാരും മുതലിയാര്‍മാരുമൊക്കെയാണ്. കേരളത്തിലെ വ്യവസായിയും കേരളത്തിലല്ലാതെ മറ്റെവിടെയാണ് സംരംഭം തുടങ്ങുക? ഇവിടെനിന്ന് തമിഴ്‌നാട്ടിലേക്ക് വ്യവസായികളൊക്കെ പേടിച്ചൊളിച്ചോടിയെന്നൊക്കെ പറയുന്നത് വെറുതെയാണ്. അങ്ങനെയെങ്കില്‍ കോയമ്പത്തൂരിലേക്കൊക്കെ ചെന്നാല്‍ നിറയെ മലയാളി വ്യവസായികളാവണമല്ലോ! നോക്കുകൂലി ഒക്കെ സഹിക്കാനാവാതെ അങ്ങനെ ഓടിപ്പോയ 10 വ്യവസായികളുടെ, കമ്പനികളുടെ പേര് പറയൂ.

 

വിജയമന്ത്രം

വ്യവസായം നേരായ മാര്‍ഗത്തിലൂടെ നടത്തിയ അതില്‍ നിന്ന് ലാഭം നേടാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും വിജയം കാണും. അത്തരം സംരംഭകരെയാണ് കേരളത്തിന് വേണ്ടത്. മലയാളിയുടെ ചോരയില്‍ സംരംഭകത്വം ഇല്ല, അതിനാല്‍ മാര്‍വാഡിയെയും സിന്ധിയെയും ഗുജറാത്തിയെയുമൊക്കെ ഇറക്കുമതി ചെയ്യണമെന്ന് പറയുന്നത് വിഡ്ഢിത്തവും വിരോധാഭാസവുമാണ്.

രണ്ടു മൂന്ന് പൊതു സ്വഭാവം കേരളത്തിലെ വിജയിച്ച സംരംഭകരില്‍ കാണാനാവുന്നുണ്ട്. നേരത്തെ പറഞ്ഞ 50 കമ്പനികളും വളരെ ചെറിയ തോതില്‍, സ്റ്റാര്‍ട്ടപ്പുകളായി തുടങ്ങിയവരാണ്. സി വി ജേക്കബ് 50,000 രൂപ സമാഹരിച്ചാണ് സിന്തൈറ്റ് ആരംഭിച്ചത്. 30 വര്‍ഷം കഴിഞ്ഞപ്പോള്‍ 2,200 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി അത് വളര്‍ന്നു. സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയും മറ്റും ശേഖരിച്ച 6.5 ലക്ഷം രൂപയും കെഎസ്‌ഐഡിസി, എസ്ബിഐ തുടങ്ങി പലയിടത്തുനിന്നും വായ്പയെടുത്തുമെല്ലാം സമാഹരിച്ച തുക കൊണ്ടാണ് ഞാന്‍ പെന്‍പോള്‍ ആരംഭിച്ചത്. 25 ലക്ഷം രൂപയുടെ വിറ്റുവരവ് 350 കോടിയിലേക്കാണ് ഇന്ന് വളര്‍ന്നിരിക്കുന്നത്. 1,400 തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നു. 58 ലോക രാജ്യങ്ങളുടെ ദേശീയ രക്തദാന സര്‍വീസുകള്‍ ആശ്രയിക്കുന്നത് ടെറുമോ പെന്‍ പോളിനെയാണ്. ഫാക്റ്ററി പ്രവര്‍ത്തനം ഒരു ദിവസം മുടങ്ങിയാല്‍ ലോകത്തെ ഏതെങ്കിലും രാജ്യത്തെ രക്തദാന സേവനങ്ങള്‍ മുടങ്ങും.

ആദ്യം തന്നെ വമ്പന്‍ ഓഫീസുകള്‍ ആരംഭികക്കുകയല്ല ഈ കമ്പനികളൊന്നും ചെയ്തത്. ഇപ്പോഴും ജവഹര്‍ നഗറില്‍ വാടകയ്ക്കുള്ള ചെറിയ ഒരു ഓഫീസാണ് കമ്പനിക്കുള്ളത്. അതേസമയം സ്ഥാപനത്തിന്റെ ഫാക്റ്ററി, ടിക്കറ്റ് വെച്ച് ആളുകളെ പ്രവേശിപ്പിക്കാവുന്ന വിധം മനോഹരമായ ഒന്നാണ്. വലിയ ഈഗോയോ ആഡംബരമോ ഒന്നും ഉള്ള സംരംഭകരെയല്ല വേണ്ടത്. ബിസിനസിനോടാകണം പ്രതിബദ്ധത.

കോഴിക്കോട്ടെ സാധാരണ കച്ചവടക്കാരനായ പികെ അഹമ്മദാണ് പികെ സ്റ്റീല്‍സ് ആരംഭിച്ചത്. അടച്ചുപൂട്ടിക്കിടന്ന ഒരു സ്റ്റീല്‍ കമ്പനി ഏറ്റെടുക്കുകയാണ് അദ്ദേഹം ചെയ്തത്. കാസ്റ്റിംഗ് കമ്പനികളിലെ ഏറ്റവും മികച്ചതും ലാഭകരവുമായ കമ്പനിയെന്ന റേറ്റിംഗാണ് ഇന്ന് അതിനുള്ളത്. 2,000 പേര്‍ ജോലി ചെയ്യുന്നു. 90% സ്റ്റീല്‍ കാസ്റ്റിംഗ് ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുകയാണ്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ പോലുള്ളവരാണ് ഇന്ത്യയിലെ ക്ലയന്റുകള്‍, ശേഷിക്കുന്നവ ആഗോള വ്യവസായ ഭീമന്മാര്‍ക്ക് സപ്ലൈ ചെയ്യുന്നു. കേരളത്തില്‍ ഇത്രയും വിജയകരമായി മുന്നോട്ടു പോകുന്ന സ്റ്റീല്‍ കാസ്റ്റിംഗ് കമ്പനി ഉണ്ടെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കുക പോലുമില്ല.

ഏഷ്യയിലെ ഏറ്റവും വലിയ ഡെന്റല്‍ ഇംപ്ലാന്റ് ഫാക്റ്ററി മൂവാറ്റുപുഴയിലെ ഡെന്റ്‌കെയറാണ്. 2,200 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കല്‍ ഡയഗ്നോസ്റ്റിക് ടെസ്റ്റ് കിറ്റ്് ഫാക്റ്ററി കോലഞ്ചേരി പട്ടിമറ്റത്തുള്ള അഗാപ്പെ ഡയഗ്നോസ്റ്റിക്‌സാണ്. ലോകത്തെ സുഗന്ധ വ്യഞ്ജന സത്തുക്കളുടെയും ഘടകങ്ങളുടെയും 30% കൈയടക്കിയിരിക്കുന്ന ഭീമനാണ് കോലഞ്ചേരിയിലെ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്. കുട്ടിയുടുപ്പുകളുടെ ലോകത്തെ ഒന്നാം നമ്പര്‍ ഉല്‍പ്പാദകര്‍ കിഴക്കമ്പലത്തെ കിറ്റെക്‌സാണ്. ലോകത്തെ ഏറ്റവും വലിയ ബ്ലഡ് ബാഗ് ഉല്‍പ്പാദനശാലകളിലൊന്നാണ് ടെറുമോ പെന്‍പോള്‍.

പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് വന്നാല്‍ ഇന്ത്യയിലെ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന, വമ്പന്‍ പദ്ധതികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്ന ഷിപ്പ് യാര്‍ഡ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ്. അതുപോലെ നിരവധി കഥകളുണ്ട്. ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റെ ബോംബെയിലെ പ്ലാന്റ് നഷ്ടത്തിലോടുന്നു, എന്നാല്‍ കൊച്ചിയിലെ പ്ലാന്റ് നേട്ടത്തിന്റെ പാതയിലാണ്.ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിന് ഇന്ത്യയില്‍ നാല് ഫാക്റ്ററികളുണ്ടായിരുന്നു. വെള്ളൂര്‍ ന്യൂസ്പ്രിന്റ് മാത്രമാണ് ലാഭത്തിലോടുന്നത്. തിരുവനന്തപുരം ആസ്ഥാനമാക്കിയ ഹിന്ദുസ്ഥാന്‍ ലൈഫ്‌കെയര്‍ എന്ന പഴയ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് (എച്ച്എല്‍എല്‍) ഇന്ത്യന്‍ പൊതുമേഖലാ രംഗത്തെ വിജയകഥകളിലൊന്നായി മാറിയിരിക്കുന്നു.

കേരളം ഒരു വ്യവസായ പറുദീസയാണ്, എല്ലാവരും ഇങ്ങോട്ട് ഓടിവരണമെന്നല്ല ഞാന്‍ പറയുന്നത്. കേരളത്തില്‍ ഒന്നും നടക്കില്ല, എന്തെങ്കിലും നടക്കണമെങ്കില്‍ തമിഴ്‌നാട്ടിലോ മറ്റോ പോകണം എന്ന വസ്തുതകള്‍ക്ക് നിരക്കാത്ത സമീപനത്തെ ഇവ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുകയാണ് ഞാന്‍ ചെയ്യുന്നത്. ഇവിടെയും നല്ല വിജയികളായ സംരംഭകര്‍ ഉണ്ട്.

 

വ്യവസായ നയം

പുതിയ വ്യവസായികളെ പ്രോല്‍സാഹിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷനും മറ്റും ഉണ്ട്. നിലവിലുള്ള വ്യവസായികള്‍ക്ക് അടുത്ത തലത്തിലേക്ക് മുന്നേറാനുള്ള പ്രോല്‍സാഹനമാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. എന്നാല്‍ അതിന് പകരം ബോംബെയിലും ഡെല്‍ഹിയിലും പോയി സമ്മേളനങ്ങള്‍ നടത്തുകയാണ് ചെയ്യുന്നത്. പ്രോല്‍സാഹനം ഇവിടെയല്ലേ നല്‍കേണ്ടത്? ഉദ്യോഗസ്ഥ തലത്തിലുള്ള അജ്ഞത വലിയ പ്രശ്‌നം തന്നെയാണ്. ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ ജനറല്‍ മാനേജര്‍മാരോട് തങ്ങളുടെ ജില്ലയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന 10 വ്യവസായങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ അവര്‍ വായ പൊളിക്കും. അവരൊന്നും ഓഫീസ് വിട്ടിറങ്ങുന്നില്ലെന്നതാണ് വസ്തുത. ഓഫീസില്‍ നിന്നിറങ്ങി സംരംഭകരെ കണ്ട് അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അന്വേഷിക്കണം. അധികമായി വൈദ്യുതി വേണോ, വ്യാവസായിക മാലിന്യ സംസ്‌കരണത്തില്‍ പ്രശ്‌നങ്ങളുണ്ടോ, മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ തുടങ്ങിയ തരത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളൊന്നും അന്വഷണം നടത്തുന്നില്ല. വ്യവസായികള്‍ പ്രശ്‌നങ്ങള്‍ക്ക് സ്വയം പരിഹാരം തേടുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വ്യവസായ വകുപ്പിന്റെ ജോലി പിന്നെ എന്താണ്?


സി ബാലഗോപാല്‍

(ഇന്‍വെസ്റ്ററും മെന്ററും എഴുത്തുകാരനുമാണ് ലേഖകന്‍)

  comment

  LATEST NEWS


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


  മനുഷ്യഗണ വിശേഷങ്ങള്‍


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


  ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്


  ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.