×
login
അമേരിക്കയിലേക്കാള്‍ ലാഭം കേരളത്തില്‍ നിക്ഷേപിക്കുന്നത്; സംരംഭങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള സഹായം വളരെ കുറവ്: ഡോ. രാംദാസ് പിള്ള

സൂക്ഷ്മ വ്യവസായങ്ങളെ മോദി സര്‍ക്കാര്‍ നല്ല രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ചെറുകിട- ഇടത്തരം കമ്പനികള്‍ക്ക് രണ്ടു കോടിയില്‍ അധികം വായ്പ കിട്ടില്ല.

തിരുവനന്തപുരം: നിര്‍മ്മാണ മേഖലയില്‍ അമേരിക്കയിലേതിനേക്കാള്‍ ലാഭം കേരളത്തില്‍ നിക്ഷേപം ഇറക്കുന്നതാണെന്ന് പ്രമുഖ പ്രവാസി വ്യവസായി ഡോ. രാം ദാസ് പിള്ള. കേരളത്തിന് ബിസിനസിന് വളരെയധികം സാധ്യതകളുണ്ടെങ്കിലും സംരംഭങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള സഹായം വളരെ കുറവാണെന്നും ബിസിനസ്സ് വോയിസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

100,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള  ഐടി കെട്ടിടം നിര്‍മ്മിക്കാന്‍ 50 കോടി വേണ്ടിവരും . കേരളത്തില്‍ 25 മുതല്‍ 30 ശതമാനം വരെ ഡൗണ്‍ പേമെന്റ്  നല്‍കാന്‍ ബാങ്ക് ആവശ്യപ്പെടും. വായ്പ 7 വര്‍ഷത്തിനുള്ളില്‍ പലിശ സഹിതം തിരിച്ചടയ്ക്കുകയും വേണം. ഇതിനര്‍ത്ഥം ഡൗണ്‍ പേയ്മെന്റായി  15 കോടി രൂപ കണ്ടെത്തണം. ബാക്കി ബാങ്ക് വായ്പ നല്‍കും. 7 വര്‍ഷത്തിനുള്ളില്‍ 35 കോടി രൂപയുടെ പ്രതിമാസ പണമടയ്ക്കല്‍ പ്രതിമാസം 50 ലക്ഷം ആയിരിക്കും.  

ഇതേ പ്രോജക്റ്റ്  അമേരിക്കയില്‍ ചെയ്യുകയാണെങ്കില്‍ ഡൗണ്‍ പേമെന്റ് 10% മതി. അതായത് 5 കോടി രൂപ മാത്രം. വായ്പയുടെ കാലാവധി 25 വര്‍ഷവും കിട്ടും. പ്രതിമാസ തിരിച്ചടവ്  20 ലക്ഷം വരും. ഇത്  താങ്ങാനാകുന്നതാണ്.  ഇതിനൊരു മറുവശവും ഉണ്ട്. അമേരിക്കയില്‍ സാധാരണ ഇത്തരം ഒരു കെട്ടിട പദ്ധതിയില്‍നിന്നുള്ള പ്രതിവര്‍ഷ വരുമാനം 8 മുതല്‍ 10% വരെയാണ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഇത് 25 ശതമാനവും.. ഇതിനര്‍ത്ഥം ഇന്ത്യയില്‍ നിക്ഷേപം 4 വര്‍ഷത്തിനുള്ളില്‍ തിരിച്ചുകിട്ടും എന്നതാണ്. അമേരിക്കയില്‍ മുതല്‍ തിരിച്ചുകിട്ടാന്‍  12 വര്‍ഷത്തിലധികം എടുക്കും. ഐടി കെട്ടിടം നിര്‍മ്മാണത്തിന്റെ ഉദാഹരണം തെളിയിക്കുന്നത്  ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് അമേരിക്കയിലേതിനാക്കാള്‍ ലാഭം എന്നാണ്. മറ്റ് മേഖലകളിലും എന്തുകൊണ്ട് അതേപോലെ ആയിക്കൂട.  അതിനാല്‍ നിക്ഷേപിക്കാന്‍ പണമുണ്ടെങ്കില്‍ നിക്ഷേപം നടത്താനുള്ള നല്ലൊരു സ്ഥലമാണ് ഇന്ത്യ എന്നതാണ് എന്റെ അനുഭവം.അമേരിക്കയിലും തിരുവനന്തപുരത്തും  ഐടി കമ്പനികളുള്ള രാംദാസ്പിള്ള പറഞ്ഞു.

കേരളത്തിന് ബിസിനസിന് വളരെയധികം സാധ്യതകളുണ്ടെങ്കിലും ചെറുകിട സംരംഭങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള സഹായം വളരെ കുറവാണ്.  എന്നാല്‍ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍  ഒരു കോടി രൂപ വരെ വായ്പ ഗ്യാരണ്ടി പ്രോഗ്രാം കൊണ്ടുവന്നു.സൂക്ഷ്മ വ്യവസായങ്ങളെ  മോദി സര്‍ക്കാര്‍ നല്ല രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ചെറുകിട- ഇടത്തരം കമ്പനികള്‍ക്ക് രണ്ടു കോടിയില്‍  അധികം വായ്പ കിട്ടില്ല. ഇന്ത്യയില്‍ വ്യവസായം വളര്‍ത്തുന്നതിന് ബാങ്കില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ വേണ്ടത്ര സഹായവും  ലഭിക്കുന്നില്ല.ഡോ. രാം ദാസ് പിള്ള  പറഞ്ഞു.

ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നോളജിയില്‍ ഇന്ന് ലോകത്തിലെ മുന്‍നിര ശാസ്ത്രജ്ഞനാണ് മുഹമ്മക്കാരനായ രാംദാസ് പിള്ള.യു എസ് സ്പേസ് ഏജന്‍സിയായ നാസയില്‍ നിന്ന് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്ക് ആദ്യമായി സന്ദേശങ്ങള്‍ പറന്നത് ഈ മലയാളിയുടെ കമ്പനി നിര്‍മിച്ച ട്രാന്‍സ്മിറ്ററുകള്‍ വഴിയാണെന്ന് അധികമാര്‍ക്കുമറിയില്ല. രാംദാസ് പിള്ളയുടെ നൂഫോട്ടോണ്‍, ശൂന്യാകാശത്തു നിന്നുള്ള വാര്‍ത്താവിനിമയത്തിനുപയോഗിക്കുന്ന ലേസര്‍ ട്രാന്‍സ്മിറ്ററുകളും ആംപ്ലിഫെയറുകളും നിര്‍മിക്കുന്നതില്‍ പൂര്‍ണ്ണ യോഗ്യത നേടിയിട്ടുള്ള കമ്പനിയുമാണ്. ബഹിരാകാശ, പ്രതിരോധ, ഐടി, കാന്‍സര്‍ ചികിത്സ മുതല്‍ ബയോഫ്ളേക്ക് മത്സ്യകൃഷിയില്‍ വരെ സാന്നിധ്യമറിയിക്കുന്ന ഡോ. രാംദാസ് പിള്ള, സംരംഭകത്വത്തിന്റെ ശാസ്ത്രത്തെ സ്വാംശീകരിച്ച ഗവേഷകനാണ്. അദ്ദേഹത്തിന്റെ സംരംഭക ജീവിതം പരിചയപ്പെടാം..

 

മുഹമ്മ മനക്കാട്ടംപള്ളി വീട്ടില്‍ ഗോദവര്‍മ്മന്‍ രാമപണിക്കരുടെയും ചെല്ലമ്മയുടെയും നാലാമത്തെ മകന്‍ രാംദാസ് പ്രീഡിഗ്രിക്ക് തോറ്റത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരു വിഷയമായിരുന്നില്ല. ‘പഠിച്ചില്ല, തോറ്റു. വീണ്ടും എഴുതണം’ അത്ര മാത്രം. എന്നാല്‍ രാംദാസിന് അത് വലിയ വിഷയമായി. നാട്ടുകാരുടെയും കൂട്ടുകാരുടേയും മുഖത്ത് നോക്കാന്‍ മടി. ആളുകളെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കാന്‍ അടുത്തുള്ള വായനശാല അഭയമാക്കി. അതുപക്ഷേ രാംദാസിന്റെ ജീവിതം മാറ്റി. കൊച്ചു വായനശാലയിലും സമീപത്തുള്ള മറ്റു വായനശാലകളിലും ഉണ്ടായിരുന്ന പുസ്തകങ്ങള്‍ മുഴുവന്‍ വായിച്ചു. നോവലും കഥയും നാടകങ്ങളും തീര്‍ന്നപ്പോള്‍ ശാസ്ത്ര പുസ്തകങ്ങള്‍. പുസ്തകങ്ങള്‍ നല്‍കിയ കൗതുകവും ആകാംക്ഷയും രാംദാസിനെ കൊണ്ടുചെന്നെത്തിച്ചത് ശാസ്ത്രഭാവനയുടെ പുതിയ തലങ്ങളിലേക്ക്. പുനര്‍ പരീക്ഷ എഴുതി പ്രീഡിഗ്രി ജയിച്ച രാംദാസിന് പിന്നിടുള്ള പരീക്ഷകളൊന്നും പരീക്ഷണങ്ങളായിരുന്നില്ല. വിജയത്തിന്റെ പടവുകള്‍ മാത്രം.

ചേര്‍ത്തല എന്‍എസ്എസ് കോളേജില്‍നിന്ന് ഫിസിക്സില്‍ ബിരുദവും, തിരുവനന്തപുരം കാര്യവട്ടം കാമ്പസില്‍ നിന്ന് ഇലക്ട്രോണിക്സില്‍ സ്പെഷ്യാലിറ്റിയോടെ ബിരുദാനന്തര ബിരുദവും. ഡെല്‍ഹി ഐഐടിയില്‍ എംടെക്കും ഫൈബര്‍ ഒപ്റ്റിക്സില്‍ ഗവേഷണവും. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ഓഫ് സയന്‍സും ലേസര്‍ ടെക്നോളജിയില്‍ പിഎച്ച്ഡിയും. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ബിരുദം.

ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നോളജിയില്‍ ഇന്ന് ലോകത്തിലെ മുന്‍നിര ശാസ്ത്രജ്ഞനാണ് ഡോ. രാംദാസ് പിള്ള. ലേസര്‍ പ്രകാശ തരംഗങ്ങളുടെ വിവരവിനിമയ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ നിരവധി പ്രബന്ധങ്ങളും പാറ്റന്റുകളും ഈ മുഹമ്മക്കാരന്റെ പേരിലാണ്. നാസയില്‍ നിന്ന് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്ക് ആദ്യമായി സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് ഉപയോഗിച്ച ട്രാന്‍സ്മിറ്ററുകള്‍ നിര്‍മ്മിച്ചത് ഈ മലയാളിയാണെന്നത് വേറൊരു അഭിമാനകരമായ നേട്ടം.

നുഫോട്ടോണ്‍ ടെക്‌നോളജീസ്

ചിക്കാഗോ പ്രിറ്റല്‍ ഫൈബര്‍ ഒപ്റ്റിക്കല്‍ ലേസര്‍ ആന്‍ഡ് ആംപ്ലിഫയര്‍ എന്ന കമ്പനിയില്‍ ആറുമാസം സേവനം അനുഷ്ഠിച്ച ശേഷം 1996ല്‍ കാലിഫോര്‍ണിയയിലെ സാന്റിയാഗോയില്‍ നുഫോട്ടോണ്‍ ടെക്നോളജീസ് എന്ന കമ്പനി രാംദാസ് തുടങ്ങിയത്. ശൂന്യാകാശത്തു നിന്നുള്ള വാര്‍ത്താവിനിമയത്തിനുപയോഗിക്കുന്ന ലേസര്‍ ട്രാന്‍സ്മിറ്ററുകളും ആംപ്ലിഫെയറുകളും നിര്‍മിക്കുന്നതില്‍ പൂര്‍ണ്ണ യോഗ്യത നേടിയിട്ടുള്ള ആദ്യത്തേതും ലോകത്തിലെ ഏക കമ്പനിയുമാണ് നുഫോട്ടോണ്‍. ഡിഫന്‍സ്, എയ്റോസ്പേസ്, ബയോ മെഡിക്കല്‍, ടെലി കമ്മ്യൂണിക്കേഷന്‍, റിസര്‍ച്ച് എന്നീ മേഖലകളില്‍ വേണ്ടിവരുന്ന ഉപകരണങ്ങള്‍ ലോകവ്യാപകമായി വിതരണം ചെയ്യുന്ന കമ്പനി. ലോകമെമ്പാടുമുള്ള സര്‍വ്വകലാശാലകള്‍, ദേശീയ ലബോറട്ടറികള്‍ മുതല്‍ ഫോര്‍ച്ച്യൂണ്‍ 500 കമ്പനികള്‍ വരെയാണ് നുഫോട്ടോണിന്റെ ഉപഭോക്താക്കള്‍.

ഒരേയൊരു വിന്‍ വിഷ്

കോവിഡ് കാലം ഐടി മേഖലയെ തകര്‍ത്തിട്ടില്ല എന്നതിന് തെളിവായി സംസ്ഥാന സര്‍ക്കാര്‍ പേരെടുത്തു പറഞ്ഞ ഒരേയൊരു കമ്പനി വിന്‍വിഷ് ആണ്. ടെക്നോപാര്‍ക്കില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന വിന്‍വിഷ് ഒരു ഏക്കറില്‍ ഐടി കാമ്പസ് നിര്‍മിക്കുന്ന വലിയ പദ്ധതിയുമായി വന്നതാണ് ചൂണ്ടിക്കാണിച്ചത്. മക്കളായ വിനായക്, വിശാഖ്് എന്നിവരുടെ പേരുകള്‍ ചേര്‍ത്ത് നുഫോട്ടോണിന്റെ ഉപകമ്പനിയായി തുടങ്ങിയതാണ് വിന്‍വിഷ് ടെക്നോളജീസ്. 22,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സ്ഥിതി ചെയ്യുന്ന വിന്‍വിഷ് രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പുതിയ മന്ദിരത്തിലേക്കു മാറുമ്പോള്‍ നിരവധി പുതിയ പദ്ധതികള്‍ ആരംഭിക്കും. 1,500 ഓളം പേര്‍ക്ക് നേരിട്ട് ജോലി നല്‍കാനാകും. നൂറു കോടിയുടെ നിക്ഷേപമാണ് രാംദാസ് പിള്ള നടത്തുക.

ലേസര്‍ കാന്‍സര്‍ ചികിത്സ

ലേസര്‍ ശാസ്ത്രജ്ഞനായ ഡോ. രാംദാസ് കാന്‍സര്‍ ചികിത്സാരംഗത്തും ഒരു പുതിയ കാല്‍വെപ്പ് നടത്താനൊരുങ്ങുകയാണ്. കാന്‍സര്‍ സെല്ലുകളെ ലേസര്‍ രശ്മി കൊണ്ട് നശിപ്പിക്കുന്ന ചികിത്സ. അമേരിക്കയിലും യൂറോപ്പിലും ഫലപ്രദമായി നടത്തിവരുന്ന ഈ ചികിത്സാരീതിക്ക് ഇന്ത്യയില്‍ അനുമതിക്കായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. നൂഫോട്ടോണ്‍ വികസിപ്പിച്ച ആധുനിക ലേസര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയുടെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ മൃഗങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ടെക്നോപാര്‍ക്കിലെ പുതിയ കെട്ടിടത്തില്‍ ഇതിന്റെ നിര്‍മാണം ആരംഭിക്കാനാണ് പദ്ധതി.

റേഡിയേഷന്‍ രശ്മികള്‍ കാന്‍സര്‍ സെല്ലിനൊപ്പം മറ്റു സെല്ലുകളും നശിച്ചുപോകുമ്പോള്‍ പ്രത്യേക ഫ്രീക്വന്‍സിയില്‍ സൂക്ഷ്മമായി കടത്തിവിടുന്ന ലേസര്‍ രശ്മികള്‍ കാന്‍സര്‍ സെല്ലുകളെ മാത്രം നശിപ്പിച്ച് മറ്റ് സെല്ലുകളെ സംരക്ഷിക്കുന്ന രീതിയാണ് ഫോട്ടോ ഡൈനാമിക് തെറാപ്പിയിലൂടെ അവലംബിക്കുന്നത്. കാന്‍സറിനുള്ള മറ്റ് ചികിത്സകള്‍ക്കു വരുന്ന ചെലവുകളേക്കാള്‍ ഏറെ ചുരുങ്ങിയ നിരക്കില്‍ ചികിത്സ ലഭ്യമാക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഓറല്‍ കാന്‍സറിനുള്ള ചികിത്സയായിരിക്കും തുടക്കത്തില്‍ ആരംഭിക്കുക.

ശ്രീചക്രവും ലേസറും

ലോസ് ആഞ്ചലസില്‍ 2009 ല്‍ നടന്ന ‘കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക’ എന്ന സംഘടനയുടെ ദേശീയ കണ്‍വന്‍ഷനില്‍ എത്തിയവര്‍ക്കെല്ലാം സംഘടനയുടെ പ്രസിഡന്റിന്റെ ‘അപ്രതീക്ഷിത സമ്മാനം’ ഉണ്ടായിരുന്നു-പവിത്രമായ ശ്രീചക്രം. രാംദാസ് പിള്ളയായിരുന്നു പ്രസിഡന്റ്. ഏകകേന്ദ്ര വൃത്തങ്ങള്‍ക്കുനടുവില്‍ വരയ്ക്കുന്ന ത്രികോണങ്ങളും അവയെ ചുറ്റിയുള്ള ചില ഡിസൈനുകളും ചേര്‍ത്ത് ചെമ്പുതകിടില്‍ വരയ്ക്കുന്ന ശ്രീചക്രം ഹിന്ദുക്കള്‍ ആരാധിക്കുന്ന വിശിഷ്ട യന്ത്രമാണ്. സര്‍വ്വ ദേവീദേവന്മാരുടെയും ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രീചക്രത്തിന് സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യുവാനുള്ള ശക്തി ഉണ്ടെന്നാണ് വിശ്വാസം. ഇന്നും അമേരിക്കയിലെ മലയാളി വീടുകളില്‍ പുതുമ നഷ്ടപ്പെടാതെ ആ ശ്രീചക്രം പൂജാമുറിയിലുണ്ട്. സ്വര്‍ണ്ണം പൂശിയ അനൊഡൈസിഡ് അലൂമിനിയത്തില്‍ എയ്റോ സ്പേസ് ഗുണനിലവാരത്തില്‍ നിര്‍മ്മിച്ച ചക്രങ്ങള്‍ നൂറ്റാണ്ടു കഴിഞ്ഞാലും പുത്തനായി നില്‍ക്കും.

എന്തിലും ഏതിലും പുതുമയും കയ്യൊപ്പും എന്ന രാംദാസ് പിള്ളയുടെ ചിന്തയുടെ ഫലമായിരുന്നു ‘ശ്രീചക്രം’. അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ അധ്യക്ഷന്റെ ചുമതല മാത്രമല്ല, കാലിഫോര്‍ണിയയിലെ മലയാളി കൂട്ടായ്മയ്ക്കെല്ലാം ധനമന പിന്തുണയുമായി മുന്നിലുണ്ടാകും അദ്ദേഹം. ലോസ് ആഞ്ചലസിലെ സാംസ്‌കാരിക സംഘടനയായ ‘ഓം’ (ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി) അധ്യക്ഷനായിരുന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ലോസ് ആഞ്ചലസിലെ ഡാനിയല്‍ സൂസന്‍ റിലീഫ് ഫണ്ടിന്റെ ഡയറക്ടറായും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. നാട്ടിലെത്തുമ്പോള്‍ ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ പങ്കെടുക്കാനും, ഉത്സവപ്പറമ്പുകളില്‍ സാന്നിധ്യമാകാനും സമയം കണ്ടെത്തുന്ന വ്യത്യസ്തനായ ശാസ്ത്രജ്ഞനുമാണ് രാംദാസ്.

മത്സ്യ കൃഷി നടത്തുന്ന ശാസ്ത്രജ്ഞന്‍


ഗവേഷകനും ശാസ്ത്രജ്ഞനും വ്യവസായ സംരംഭകനുമായി തിളങ്ങുന്ന രാംദാസ് പിള്ള, അതിനൂതനമായ കണ്ടുപിടുത്തങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച വ്യവസായങ്ങളുമായി മുന്നേറുമ്പോള്‍ നാട്ടില്‍ പുതിയൊരു സംരംഭത്തിനു കൂടി തുടക്കമിട്ടു-മീന്‍ വളര്‍ത്തല്‍. മുഹമ്മയിലെ കുടുംബ വീടിനോടു ചേര്‍ന്നുള്ള പുരയിടത്തില്‍ കൃത്രിമ കുളങ്ങളിലായി ബയോഫ്‌ളേക്ക് എന്ന വ്യത്യസ്ത മത്സ്യകൃഷി. പൈപ്പും കമ്പിയും ജിഎസ്എം ഷീറ്റും ഉപയോഗിച്ച് നിര്‍മിക്കുന്ന ടാങ്കുകളാണ് കുളങ്ങള്‍. ബ്ലൗവര്‍ ഉപയോഗിച്ച് വെള്ളത്തില്‍ ഓക്‌സിജന്‍ കടത്തിവിടും. പ്രധാനമായും സിലോപ്പി, ചെമ്പല്ലി ഇനങ്ങളാണുള്ളത്. ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുന്ന ബാക്ടീരിയയാണ് ഇതിന്റെ പ്രധാന തീറ്റ. പതിനായിരം ലിറ്റര്‍ വെള്ളത്തില്‍ ആയിരത്തോളം മത്സ്യങ്ങളെ വളര്‍ത്താം.

അഞ്ച് മാസത്തിനകം ഒരോന്നിനും 350 മുതല്‍ 400 ഗ്രാം വരെ തൂക്കമുണ്ടാവകയും ചെയ്യും.’ഇത്രയും ഉയര്‍ന്ന ബിസിനിസ്സുകള്‍ ചെയ്യുന്ന ശാസ്ത്രജ്ഞന്‍ എന്തിന് മീന്റെ പിന്നാലെ’ എന്ന ചോദ്യത്തിന്, ”സാമ്പത്തികമായി കേരളത്തിന്റെ മുഖച്ഛായ മാറ്റാവുന്ന സംരംഭമാണിത്. ആദ്യ കൃഷിയില്‍ തന്നെ മുടക്കുമുതല്‍ തിരികെ ലഭിക്കും. ഐടി ബിസിനസ്സിന്റെ റിസ്‌ക്ക് മീന്‍ കൃഷിക്ക് ഇല്ല” എന്നാണ് രാംദാസിന്റെ ഉത്തരം. ഇസ്രയേല്‍ ശാസ്ത്രജ്ഞന്‍ യോറം അവ്നിമെല്‍ച്ച് ആവിഷ്‌കരിച്ച പുതുയുഗ ബയോഫ്ളോക്ക് കൃഷിയുടെ ശാസ്ത്രീയതയും ബിസിനസ്സ് ലാഭവും ചൂണ്ടിക്കാട്ടുകയും ചെയ്യും അദ്ദേഹം.

ഗുരു ദക്ഷിണ
ദല്‍ഹി ഐ.ഐ.ടി യില്‍ ഗുരുവിന്റെ പേരില്‍ ശിഷ്യന്‍ ചെയര്‍ സ്ഥാപിച്ചത് വാര്‍ത്തയായിരുന്നു. ഭൗതികശാസ്ത്രത്തിലെ എമെറിറ്റസ് പ്രൊഫസറായി വിരമിച്ച അജോയ് ഘട്ടകിന്റെ പേരിലാണ് ഫോട്ടോണിക്സിനായി പ്രത്യേക ചെയര്‍. ശിഷ്യന്‍ രാംദാസ് പിള്ളയാണ് ഒരു കോടി രൂപ ചെലവിട്ട് ചെയര്‍ സ്ഥാപിച്ചത്.

ഫൈബര്‍ ഒപ്റ്റിക്സ് ഗവേഷണരംഗത്ത് സമാനതകളില്ലാത്ത ആഗോള സംഭാവന നല്‍കിയ അജോയ് ഘട്ടക് 1983ല്‍ ഐഐടിയില്‍ രാംദാസ് പിള്ളയുടെ അധ്യാപകനായിരുന്നു. തന്റെ ഗവേഷണ പഠനങ്ങളുടെ ഉപദേഷ്ടാവും പ്രചോദനവും സ്വാധീനവും ആയ ഗുരുവിനുള്ള ദക്ഷിണ എന്ന നിലയിലാണ് രാംദാസ് ചെയര്‍ സ്ഥാപിക്കാന്‍ തയ്യാറായത്.

 സംരംഭത്തിലേക്ക് ആരാണ് വഴികാട്ടി?

ഡെല്‍ഹി ഐഐടിയില്‍ എംടെക്കിനുശേഷം ഫൈബര്‍ ഒപ്റ്റിക്‌സില്‍ പഠനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പോടെ അമേരിക്കയില്‍ ഉപരിപഠനത്തിന് പോകാന്‍ അവസരം കിട്ടിയത്. ട്യൂഷന്‍ ഫീസായി പ്രതിവര്‍ഷം 50,000 ഡോളറും യാത്ര, മെയിന്റനന്‍സ് അലവന്‍സ് എന്നിവയുള്‍പ്പെടെ ചെലവുകള്‍ക്കായി പ്രതിമാസം 500 ഡോളറുമായിരുന്നു സ്‌കോളര്‍ഷിപ്പ് തുക. നാലുവര്‍ഷത്തെ സ്‌കോളര്‍ഷിപ്പാണ് കിട്ടിയത്. ആദ്യവര്‍ഷം മാത്രമാണ് ടൂഷന്‍ ഫീസ് നല്‍കേണ്ടി വന്നത്. രണ്ടാം വര്‍ഷം തന്നെ സര്‍വലാശാലയില്‍ അസിസ്റ്ററ്റ്ഷിപ്പ് കിട്ടിയതിനാല്‍ ഫീസ് നല്‍കേണ്ടായിരുന്നു. അമേരിക്കയില്‍ തങ്ങാന്‍ തീരുമാനിച്ചതിനാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച മുഴുവന്‍ പണവും പലിശ സഹിതം തിരിച്ചും കൊടുത്തു. ലോസ് ഏഞ്ചല്‍സിലെ യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലായിരുന്നു പഠനം.

ലേസര്‍ ടെക്നോളജിയില്‍ സ്പെഷ്യലൈസ് ചെയ്ത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ എംഎസും പിഎച്ച്ഡിയും പൂര്‍ത്തിയാക്കി. ചിക്കാഗോയ്ക്കടുത്തുള്ള നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു പോസ്റ്റ് ഡോക്ടറല്‍ നിയമനം. എന്റെ രണ്ട് സഹോദരന്മാരും അമ്മയുടെ സഹോദരനും ചിക്കാഗോയില്‍ ഉണ്ടായിരുന്നതിനാല്‍ വളരെ സന്തുഷ്ടനായിരുന്നു. സര്‍വകലാശാലകളില്‍ ഞാന്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലമായി മികച്ച അര്‍ദ്ധചാലക ലേസര്‍ കണ്ടുപിടിക്കാനും ചില പാറ്റന്റുകള്‍ സ്വന്തമാക്കാനും കഴിഞ്ഞു. വികസിപ്പിച്ച സാങ്കേതികവിദ്യ വാണിജ്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചു. ചിക്കാഗോ നഗരപ്രാന്തത്തിലെ വീടിന്റെ ബേസ്മെന്റില്‍ നുഫോട്ടോണ്‍ ടെക്നോളജീസ് കമ്പനി ആരംഭിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം പ്രോത്സാഹിപ്പിച്ചു. എന്റെ പ്രൊഫസര്‍മാരായ യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ എല്‍സ ഗാര്‍മയര്‍, നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രേം കുമാര്‍ എന്നിവരും വലിയ പിന്തുണയാണ് നല്‍കിയത്.

അമേരിക്കയിലും കേരളത്തിലും വ്യവസായ സ്ഥാപനങ്ങള്‍. രണ്ടിടത്തേയും അനുഭവം 

വീട് ഈട് വെച്ച് വായ്പ എടുത്താണ് കമ്പനി ആരംഭിക്കുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ കണ്ടെത്തിയത്. 70,000 ഡോളറായിരുന്നു വായ്പ എടുത്തത്. സത്യത്തില്‍ വീടിന്റെ മൂല്യം മാത്രം നോക്കിയാല്‍ അതിന്റെ 10% പോലും വായ്പ കിട്ടില്ല. എന്റെ പിഎച്ച്ഡിയും ഭാര്യ ഡോക്ടര്‍ ആണെന്നതും പരിഗണിച്ചാണ് ബാങ്ക് വായ്പ നല്‍കിയത്. ആ സമയത്ത് ഭാര്യയുടെ ഒരു വര്‍ഷത്തെ ശമ്പളം മാത്രം 85,000 ഡോളര്‍ ഉണ്ടായിരുന്നു.പ്രാരംഭ വര്‍ഷങ്ങളില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്കായി അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷ(എസ്ബിഎ)നില്‍ നിന്ന് അധിക വായ്പാ പിന്തുണ ലഭിച്ചു. വായ്പയുടെ പകുതി 3% നിരക്കില്‍ എസ്ബിഎ ഉറപ്പുനല്‍കി. ഇതുവഴി ബാങ്കിന്റെ റിസ്‌ക് വളരെ കുറഞ്ഞു. കൂടാതെ, വിദേശ രാജ്യങ്ങളിലേക്കുള്ള ഞങ്ങളുടെ എല്ലാ കയറ്റുമതികളും എക്സ്-ഐഎം ബാങ്ക് (യുഎസിന്റെ കയറ്റുമതി-ഇറക്കുമതി ബാങ്ക്) ഇന്‍ഷുറന്‍സ് ചെയ്തു, മാത്രമല്ല കയറ്റുമതി പ്രവര്‍ത്തന മൂലധനത്തിനായുള്ള ക്രെഡിറ്റുകള്‍ക്കായി 90% വായ്പ ഗ്യാരണ്ടി നീട്ടുകയും ചെയ്തു. ഈ പിന്തുണകളോടെ വളര്‍ന്ന് 25 വര്‍ഷമായി നുഫോട്ടോണ്‍ പ്രവര്‍ത്തിക്കുന്നു.

17 വര്‍ഷം മുമ്പാണ്‌ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നുഫോട്ടോണിന് ആവശ്യമായ എല്ലാ ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ ഹാര്‍ഡ് വെയറുകളും ടെക്നോപാര്‍ക്ക്, കിന്‍ഫ്ര സൗകര്യങ്ങളില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചതാണ്. എന്റെ സ്വത്തുക്കള്‍ ഈട് വെച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ഉപകരണ വായ്പ ലഭിച്ചു. 25% തുക കൈവശം ഉണ്ടായിരിക്കുകയും മതിയായ ഈടു നല്‍കാന്‍ സാഹചര്യം ഉണ്ടെങ്കിലും മാത്രമേ ഇന്ത്യയില്‍ ബാങ്ക് വായ്പ കിട്ടൂ. അന്തിമമായി ഇത് കമ്പനികളുടെ വളര്‍ച്ചയെ ബാധിക്കും.

എന്നാല്‍ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ഒരു കോടി രൂപ വരെ വായ്പ ഗ്യാരന്റി പ്രോഗ്രാം കൊണ്ടുവന്നു. ഇതിനും പ്രൊമോട്ടര്‍ 25% തുക കണ്ടെത്തണം. യുഎസില്‍ ഇത് 10% മാത്രമാണ്. ഞങ്ങളുടെ ആവശ്യം 10 കോടിയിലധികമായിരുന്നു എന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വായ്പാ ഗ്യാരന്റി പദ്ധതി ചെറിയ തോതില്‍ മാത്രം ഉപയോഗപ്രദമായി. സൂക്ഷ്മ വ്യവസായങ്ങളെ മോദി സര്‍ക്കാര്‍ നല്ല രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ചെറുകിട-ഇടത്തരം കമ്പനികള്‍ക്ക് രണ്ടു കോടിയില്‍ അധികം വായ്പ കിട്ടില്ല. ഇന്ത്യയില്‍ വ്യവസായം വളര്‍ത്തുന്നതിന് ബാങ്കില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ വേണ്ടത്ര സഹായവും ലഭിക്കുന്നില്ല.

കേരളം വ്യവസായ സൗഹൃദം അല്ലേ

കേരളത്തിന് ബിസിനസ് മേഖലയില്‍ വളരെയധികം സാധ്യതകളുണ്ടെങ്കിലും ചെറുകിട സംരംഭങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള സഹായം വളരെ കുറവാണ്. ഉദാഹരണത്തിന് 100,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി കെട്ടിടം നിര്‍മ്മിക്കാന്‍ 50 കോടി വേണ്ടിവരും എന്ന് പറയാം. കേരളത്തില്‍ 25 മുതല്‍ 30% ശതമാനം വരെ ഡൗണ്‍ പേമെന്റ് നല്‍കാന്‍ ബാങ്ക് ആവശ്യപ്പെടും. വായ്പ 7 വര്‍ഷത്തിനുള്ളില്‍ പലിശ സഹിതം തിരിച്ചടയ്ക്കുകയും വേണം. ഇതിനര്‍ത്ഥം ഡൗണ്‍ പേമെന്റായി 15 കോടി രൂപ കണ്ടെത്തണം. ബാക്കി ബാങ്ക് വായ്പ നല്‍കും. 7 വര്‍ഷത്തിനുള്ളില്‍ 35 കോടി രൂപയുടെ പ്രതിമാസ പണമടയ്ക്കല്‍ പ്രതിമാസം 50 ലക്ഷം ആയിരിക്കും. ഇതേ പ്രോജക്റ്റ് അമേരിക്കയില്‍ ചെയ്യുകയാണെങ്കില്‍ ഡൗണ്‍ പേമെന്റ് 10% മതി. അതായത് 5 കോടി രൂപ മാത്രം.

വായ്പയുടെ കാലാവധി 25 വര്‍ഷവും കിട്ടും. പ്രതിമാസ തിരിച്ചടവ് 20 ലക്ഷം വരും. ഇത് താങ്ങാനാകുന്നതാണ്. ഇതിനൊരു മറുവശവും ഉണ്ട്. അമേരിക്കയില്‍ സാധാരണ ഇത്തരം ഒരു കെട്ടിട പദ്ധതിയില്‍ നിന്നുള്ള പ്രതിവര്‍ഷ വരുമാനം 8 മുതല്‍ 10% വരെയാണ്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഇത് 25 ശതമാനവും. ഇതിനര്‍ത്ഥം ഇന്ത്യയില്‍ നിക്ഷേപം 4 വര്‍ഷത്തിനുള്ളില്‍ തിരിച്ചുകിട്ടും എന്നതാണ്. അമേരിക്കയില്‍ മുടക്ക്മുതല്‍ തിരിച്ചുകിട്ടാന്‍ 12 വര്‍ഷത്തിലധികം എടുക്കും. ഐടി കെട്ടിടം നിര്‍മ്മാണത്തിന്റെ ഉദാഹരണം തെളിയിക്കുന്നത് ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് അമേരിക്കയിലേതിനേക്കാള്‍ ലാഭം എന്നാണ്. മറ്റ് മേഖലകളിലും എന്തുകൊണ്ട് അതേപോലെ ആയിക്കൂട. അതിനാല്‍ നിക്ഷേപിക്കാന്‍ പണമുണ്ടെങ്കില്‍ നിക്ഷേപം നടത്താനുള്ള നല്ലൊരു സ്ഥലമാണ് ഇന്ത്യ എന്നതാണ് എന്റെ അനുഭവം.

കോവിഡ് ബിസിനസ്സിനെ ബാധിച്ചോ?

അമേരിക്കയിലെ ഞങ്ങളുടെ പ്രവര്‍ത്തനത്തെ കോവിഡ് ബാധിച്ചില്ല. എന്നിരുന്നാലും സര്‍ക്കാരില്‍ നിന്നുള്ള പിന്തുണ കിട്ടി. ഏകദേശം മുഴുവന്‍ ജീവനക്കാരുടെയും 3 മാസത്തെ ചെലവും അധികചെലവുകളും സര്‍ക്കാരില്‍ നിന്ന് സൗജന്യമായി ലഭിച്ചു. കോവിഡ് കാരണം ഞങ്ങള്‍ക്ക് വില്‍പ്പനയില്‍ 25% കുറവുണ്ടായില്ല. അതിനാല്‍ രണ്ടാമത്തെ ഗഡു സൗജന്യം കിട്ടിയില്ല. ഞങ്ങള്‍ക്ക് ആവശ്യമില്ലായിരുന്നിട്ടും 100% ശതമാനം സര്‍ക്കാര്‍ ജാമ്യത്തില്‍ കുറഞ്ഞ പലിശയ്ക്ക് വായ്പയും കിട്ടി.

 വായനയുണ്ടോ? മറ്റ് ഹോബികള്‍?

ശാസ്ത്ര സാങ്കേതിക പ്രസദ്ധീകരണങ്ങള്‍ ഒഴികെയുള്ളവയുടെ വായന ഇപ്പോള്‍ കൂടുതലില്ല. വാട്സ്ആപ്പ് സന്ദേശങ്ങള്‍ കാര്യമായി വായിക്കാറുണ്ട്. ഉയര്‍ന്ന സാന്ദ്രതയുള്ള മത്സ്യകൃഷി അഥവാ ബയോ ഫ്ളേക്ക് ഫിഷ് ഫാമിംഗ് താല്‍പ്പര്യമുള്ള മേഖലയാണ്. വിനോദത്തിനായി മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെങ്കിലും ശരിയായി ചെയ്താല്‍ പണം സമ്പാദിക്കാവുന്ന ഹോബിയാണിത്.

ബിസിനസ് വോയിസ്

 

 

  comment

  LATEST NEWS


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി


  പാലാരിവട്ടത്തും ബസ് ടെര്‍മിനലിലും ഐഐടി; കൂളിമാട് പാലത്തില്‍ അന്വേഷണത്തിന് കിഫ്ബി


  'കള്ളോളം നല്ലൊരു വസ്തു...'

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.