login
അവശിഷ്ടത്തില്‍ നിന്നും ലക്ഷ്മി മേനോന്‍ ‍നെയ്‌തെടുത്ത പ്രത്യാശയുടെ 'ശയ്യ'കള്‍

പിപിഇ കിറ്റുകള്‍ നിര്‍മിക്കുന്ന വസ്തുക്കളുടെ അവശിഷ്ടത്തില്‍ നിന്നും സാമൂഹിക സംരംഭകയായ ലക്ഷ്മി മേനോന്‍ നെയ്‌തെടുത്തത് പ്രത്യാശയുടെ 'ശയ്യ'കളാണ്.

കോവിഡ്19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോകം മുഴുവന്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ് പിപിഇ (പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റ്‌വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍) കിറ്റുകള്‍. കോവിഡ് മഹാമാരിയുടെ കാലത്ത് ഇവയുടെ നിര്‍മാണത്തില്‍ വലിയ വര്‍ധന വരികയും ചെയ്തു. എന്നാല്‍ പിപിഇ കിറ്റുകള്‍ നിര്‍മിക്കുന്ന വസ്തുക്കളുടെ അവശിഷ്ടത്തില്‍ നിന്നും സാമൂഹിക സംരംഭകയായ ലക്ഷ്മി മേനോന്‍ നെയ്‌തെടുത്തത് പ്രത്യാശയുടെ 'ശയ്യ'കളാണ്.

കുറഞ്ഞ ചെലവില്‍ പുനരുപയോഗിക്കാന്‍ കഴിയുന്ന കിടക്കകള്‍ നിര്‍മിക്കുന്നതിനൊപ്പം തന്നെ നിരവധി വനിതകള്‍ക്ക് തൊഴില്‍ നല്‍കാനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മാലിന്യത്തിന്റെ അളവ് ലഘൂകരിക്കാനും അവര്‍ക്ക് കഴിഞ്ഞു. എന്നും വ്യത്യസ്തമായ വഴികളിലൂടെ സാമൂഹിക സംരംഭകത്വത്തെ സമീപിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ സംരംഭകയാണ് പ്യുവര്‍ ലിവിംഗിന്റെ സ്ഥാപക ലക്ഷ്മി മേനോന്‍. പരിസ്ഥിതി പരിപാലനം, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനം എന്നിവ ലക്ഷ്യമിട്ടാണ് ലക്ഷ്മി വിവിധങ്ങളായ പരിപാടികള്‍ നാളിതുവരെ ആസൂത്രണം ചെയ്തിട്ടുള്ളത്.

വാര്‍ധക്യത്തിലും വരുമാനം കണ്ടെത്താന്‍ സഹായിക്കുന്ന അമ്മൂമ്മത്തിരിയുടെ നിര്‍മാണം മുതല്‍, അപകടം നിറഞ്ഞ വഴികളില്‍ യാത്രികര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഓറഞ്ച് അലേര്‍ട്ടും 2018ലെ പ്രളയത്തില്‍ ചേന്ദമംഗലത്തെ കൈത്തറി ജീവനക്കാര്‍ക്ക് പ്രതീക്ഷയായി മാറിയ ചേക്കുട്ടി പാവകളുടെ നിര്‍മാണവും വരെ ഓരോ പ്രവൃത്തിയിലും സാമൂഹിക പ്രതിബദ്ധത തെളിഞ്ഞു കാണാനാകും.

ഇത്തരത്തില്‍ ഒരു പദ്ധതി എന്ന നിലയ്ക്കാണ് ലക്ഷ്മി ശയ്യയ്ക്ക് തുടക്കം കുറിച്ചത്. ഉപയോഗശൂന്യമായ, എന്നാല്‍ ഗുണമേന്മയുള്ള വെട്ടുതുണികള്‍ ഉപയോഗിച്ച് സമൂഹത്തിലെ താഴേക്കിടയിലുള്ള വ്യക്തികള്‍ക്കായി കിടക്കകള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതിയാണ് 'ശയ്യ'. ഇതിനായി വലിയ തോതില്‍ വസ്ത്ര നിര്‍മാണം നടത്തുന്ന സ്ഥാപനങ്ങളെ ബന്ധപ്പെടുകയും വെട്ടുതുണികള്‍ ശേഖരിച്ച് കിടക്ക നിര്‍മാണം നടത്തുകയും ചെയ്തു

'ഒരിക്കല്‍ വഴിയരികില്‍ വെറുംനിലത്ത് കിടന്നുറങ്ങുന്ന ഒരു കുടുംബത്തെ കാണാന്‍ ഇടയായി. വിരിക്കാന്‍ ഒരു വിരിപ്പ് പോലും ഇല്ലാതെ നിലത്ത് കിടന്നുറങ്ങുന്ന നാടോടി കുടുംബത്തിലെ കുഞ്ഞിന്റെ മുഖം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇത്തരത്തില്‍ ധാരാളം ആളുകള്‍ സമൂഹത്തിലുണ്ട് എന്ന് മനസിലാക്കിയതില്‍ നിന്നുമാണ് കുറഞ്ഞ ചെലവില്‍ എങ്ങനെ കിടക്കകള്‍ നിര്‍മിക്കാം എന്ന ചിന്തയിലേക്ക് ഞാന്‍ എത്തുന്നത്. അതിനായി നടത്തിയ അന്വേഷണങ്ങള്‍ ചെന്നെത്തിയത് റെഡിമേഡ് വസ്ത്ര നിര്‍മാണരംഗത്ത് ബാക്കിയാവുന്ന തുണികള്‍ ശേഖരിച്ച് കിടക്കകള്‍ നിര്‍മിക്കുക എന്നതിലേക്കാണ്,' ലക്ഷ്മി മേനോന്‍ ബിസിനസ് വോയിസ്നോട് പറയുന്നു.

 

പിപിഇ കിറ്റുകളില്‍ നിന്നും കിടക്കകള്‍

കോവിഡ്19 വൈറസ് വ്യാപനം സംസ്ഥാനത്ത് ശക്തമായതോടു കൂടി ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ അനിവാര്യമായി. വൈറസ് സാന്നിധ്യം ഉണ്ടായേക്കുമോ എന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍ ഓരോ രോഗിയും രോഗമുക്തി നേടിയ ശേഷം ഉപയോഗിച്ച കിടക്കകള്‍ കത്തിച്ചു കളയേണ്ട അവസ്ഥ വന്നു. 600 രൂപയോളം വിലവരുന്ന ഇത്തരത്തിലുള്ള കിടക്കകള്‍ രോഗം വ്യാപിക്കുന്നതിനുസൃതമായി വാങ്ങിക്കൂട്ടുക എന്നത് സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയ്ക്ക് ഇട നല്‍കി.

പിപിഇ കിറ്റുകളുടെ നിര്‍മാണ അവശിഷ്ടങ്ങളില്‍ നിന്നും കിടക്കകള്‍

നിര്‍മിക്കാം എന്ന ആശയം ലക്ഷ്മി അവതരിപ്പിക്കുന്നത്. പിപിഇ കിറ്റുകളുടെ നിര്‍മാണം വര്‍ധിച്ചു വരികയാണ് എന്നതും ഈ അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ് എന്നതും ഇനി എത്രനാള്‍ കോവിഡ് വ്യാപനം തുടരും എന്ന് പറയാനാവാത്തതുമാണ് ഇത്തരമൊരാശയത്തിലേക്ക് ലക്ഷ്മിയെ എത്തിച്ചത്.

തുടക്കം എന്ന നിലയ്ക്ക് കോട്ടയം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയിടങ്ങളിലെ തെരഞ്ഞെടുത്ത പിപിഇ കിറ്റ് നിര്‍മാതാക്കളില്‍ നിന്നും നേരിട്ട് കിറ്റ് നിര്‍മാണ അവശിഷ്ടങ്ങള്‍ ശേഖരിച്ച ലക്ഷ്മി, കാഞ്ഞിരമറ്റത്തെ തന്റെ വീട്ടില്‍ കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്ക് 300 രൂപ കൂലി നല്‍കിയാണ് കിടക്കകള്‍ നിര്‍മിച്ചത്. ഒരേ വലുപ്പത്തില്‍ ലഭിക്കുന്ന തുണി 37 മീറ്റര്‍ നീളത്തില്‍ മുടി പിന്നുന്നതിനു സമാനമായ രീതിയില്‍ തലങ്ങും വിലങ്ങും നിശ്ചിത അകലത്തില്‍ തുന്നിച്ചേര്‍ത്താണ് കിടക്കകള്‍ നിര്‍മിക്കുന്നത്. മുടി പിന്നാന്‍ അറിയുന്ന ഏതൊരു വ്യക്തിക്കും കിടക്ക നിര്‍മിക്കാം.

പിപിഇ കിറ്റുകള്‍ തുണികിടക്കകളെ അപേക്ഷിച്ച് ഒരു പടി മുന്നിലാണെന്ന് പറയാം. ഇവയില്‍ പ്ലാസ്റ്റിക്ക് കണ്ടന്റ് അടങ്ങിയിരിക്കുന്നതിനാല്‍ വെള്ളത്തിന്റെ അംശം നിലനില്‍ക്കില്ല. വാട്ടര്‍ പ്രൂഫ് ആണെന്ന് പറയാം. മാത്രമല്ല, കോവിഡ് രോഗികള്‍ ഉപയോഗിച്ച പഞ്ഞിക്കിടക്കകള്‍ കത്തിച്ചു കളയുന്നത് പോലെ ഇവ കളയേണ്ട കാര്യമില്ല. രോഗമുക്തിക്ക് ശേഷം ഇവ കഴുകി വൃത്തിയാക്കി സാനിറ്റൈസ് ചെയ്ത് ഉപയോഗിക്കാം. ഈ പദ്ധതിയിലൂടെ ഒരു വിഭാഗം ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാനും സാധിക്കുന്നു. തങ്ങളുടെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി കോവിഡ് ബാധിതപ്രദേശങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കിടക്കകള്‍ സ്‌പോണ്‍സര്‍ ചെയ്യാനും കഴിയും. ഹാരിസണ്‍സ് മലയാളം പോലുള്ള സ്ഥാപനങ്ങള്‍ ഈ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്ക് (സിഎഫ്എല്‍ടിസി) കുറഞ്ഞ ചെലവില്‍ ഇപ്പോള്‍ കിടക്കകള്‍ ലഭ്യമാണ്. ആറ് അടി നീളത്തിലും 2.5 അടി വീതിയിലും ആണ് കിടക്ക നിര്‍മിക്കുന്നത്. സോപ്പ് വെള്ളത്തില്‍ കഴുകി ഉണക്കി വൃത്തിയാക്കാം. 6 ടണ്‍ മാലിന്യമുള്ള ഒരു ചെറിയ ഉല്‍പ്പാദന യൂണിറ്റില്‍ നിന്ന് 2400 ശയ്യകള്‍ നിര്‍മിക്കാന്‍ കഴിയും. ടെയ്‌ലറിംഗ് യൂണിറ്റുകളില്‍ നിന്ന് പാഴാകുന്ന ഗൗണ്‍ മെറ്റീരിയല്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിസ്ഡം ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ സഹായിക്കുന്നുണ്ട്.

കിറ്റെക്‌സ്, പോപ്പീസ് തുടങ്ങിയ വന്‍കിട യൂണിറ്റുകളില്‍ നിന്നുള്ള പാഴ്ത്തുണി സൗജന്യമായി ശേഖരിച്ച് ഇങ്ങനെ കിടക്കകള്‍ തയാറാക്കുന്ന യൂണിറ്റുകളിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്തം എന്‍ജിഒ ഏറ്റെടുത്തിട്ടുണ്ട്. കോവിഡ്കാലത്തെ ഏറ്റവും ഇന്നവേറ്റിവ് ആയ സാമൂഹിക സംരംഭകത്വ പദ്ധതികളുടെ യുഎന്‍ പട്ടികയില്‍ ശയ്യയും ഉള്‍പ്പെട്ടു.

'യഥാര്‍ത്ഥത്തില്‍ മാലിന്യം എന്നൊന്ന് ഇല്ല. പുനരുപയോഗത്തിനുള്ള അവസരം കണ്ടെത്തുക എന്നതാണ് പ്രധാനം. പരിസ്ഥിതി സംരക്ഷണത്തിന്റെ കാവലാളായി നിന്നുകൊണ്ട് അത്തരം കര്‍മ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. പിപിഇ കിറ്റില്‍ നിന്നും കിടക്കകള്‍ക്ക് പുറമെ ചെയര്‍ കവര്‍, ഡൈനിംഗ് ക്‌ളോത്ത്, യോഗ മാറ്റ് എന്നിവയും ഞങ്ങള്‍ നിര്‍മിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശയ്യ യോഗമാറ്റുകളില്‍ യോഗ ചെയ്ത് ശയ്യയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തോട് വിളിച്ചു പറയുന്ന നല്ല നാളെയാണ് എന്റെ സ്വപ്നം,' ലക്ഷ്മി മേനോന്‍ വ്യക്തമാക്കുന്നു.

 

ലക്ഷ്മി നാരായണന്‍

സംരംഭകയും മാധ്യമപ്രവര്‍ത്തകയുമാണ് ലേഖിക.

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.