×
login
റിലയന്‍സ് ജിയോയുടെ തേരോട്ടം: 2021 അവസാനം 5ജി‍ ശൃംഖലയും; ആദ്യം തച്ചുടയ്ക്കല്‍, പിന്നെ വിപ്ലവം…

35 ശതമാനം വിപണി ഇപ്പോള്‍ ജിയോയുടെ കൈവശമാണ്

ഇന്ന് മൊബീല്‍, ബ്രോഡ്ബാന്‍ഡ് മേഖലകളില്‍ ഏറ്റവും വലിയ വിപണിവിഹിതം കൈയാളുന്നത് ജിയോയാണ്. അന്ന് ഒരു ജിബിക്ക് 200ലധികം രൂപയായിരുന്നു വിലയെങ്കില്‍ ഇന്നത് 10 രൂപയില്‍ താഴെയായിരിക്കുന്നു... ഡാറ്റയുടെ ജനകീയവല്‍ക്കരണത്തോടൊപ്പം ഭാവി മുന്‍കൂട്ടിക്കണ്ടുള്ള ഒരു വിപ്ലവത്തിനും നാന്ദി കുറിച്ചു എന്നതാണ് ഇന്ത്യന്‍ ബിസിനസ് ചരിത്രത്തില്‍ ജിയോയുടെ ഏറ്റവും വലിയ പ്രസക്തി. ടെലികോം മേഖലയെ സംബന്ധിച്ചിടത്തോളം, ജിയോയ്ക്ക് മുമ്പും ജിയോയ്ക്ക് ശേഷവും എന്ന പുതിയ അളവുകോല്‍ തന്നെ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ കേവലം ടെലികോം രംഗത്ത് മാത്രമല്ല, വിനോദവും പണമിടപാടും ഭക്ഷ്യവിതരണവും ഉള്‍പ്പടെ അനേകം മേഖലകളുടെ അസാമാന്യമായ കുതിപ്പിന് കൂടി വഴിവെച്ചു റിലയന്‍സ് ജിയോയുടെ തേരോട്ടം. അഞ്ച് വര്‍ഷത്തിനിടെ ജിയോ സൃഷ്ടിച്ച മാറ്റങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം...

ഇന്ത്യയില്‍ അതിവേഗ 4ജി ഇന്റര്‍നെറ്റ് എത്തിത്തുടങ്ങിയിട്ട് അധികകാലമായിരുന്നില്ല. എങ്കിലും, അന്ന്, 2015ല്‍ ഒരു ജിബി മൊബീല്‍ ഡാറ്റയ്ക്ക് ഉപഭോക്താക്കള്‍ നല്‍കിയിരുന്ന വില 225 രൂപയായിരുന്നു. ഇന്നിത് കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും അല്‍ഭുതപ്പെടുന്നുണ്ടാകും. എന്നാല്‍ ആറ് വര്‍ഷം മുമ്പ് അതായിരുന്നു സ്ഥിതി. പരിധിയില്ലാത്ത മൊബീല്‍ ഇന്റര്‍നെറ്റ് എന്നുള്ളത് ഉപഭോക്താക്കളുടെ സ്വപ്നത്തില്‍ പോലുമില്ലാത്ത കാര്യമായിരുന്നു. അതേസമയം ഡാറ്റയുടെ ജനാധിപത്യവല്‍ക്കരണം ലക്ഷ്യമിട്ട് മുകേഷ് അംബാനിയെന്ന ശതകോടീശ്വര സംരംഭകന്‍ വളരെ കണക്കുകൂട്ടിയ ഒരു പദ്ധതി അവതരിപ്പിക്കാന്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു.

അതിന്റെ സാക്ഷാല്‍ക്കാരമായിരുന്നു 2016 സെപ്റ്റംബര്‍ അഞ്ചിന് കണ്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിയലന്‍സ് ജിയോ അന്നാണ് ലോഞ്ച് ചെയ്തത്. അതുവരെ നിലനിന്നിരുന്ന ടെലികോം സമ്പ്രദായങ്ങളെയെല്ലാം ഉടച്ചുവാര്‍ത്തുള്ളതായിരുന്നു ജിയോയുടെ രംഗപ്രവേശം. മുകേഷ് അംബാനിയുടെ 90 മിനിറ്റ് നീണ്ടുനിന്ന പ്രസംഗമായിരുന്നു മറ്റ് ടെലികോം കമ്പനികളെയും രാജ്യത്തെയാകെയും അമ്പരപ്പിച്ചത്. ഇനി ഇന്ത്യയും ഇന്ത്യക്കാരും പുറകിലാകില്ല. ഇപ്പോള്‍ മൊബീല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യതയില്‍ ഇന്ത്യയുടെ സ്ഥാനം 155 ആണ്. 230 രാജ്യങ്ങളുടെ പട്ടികയിലാണിത്. ഇത് മാറ്റുകയാണ് ജിയോയുടെ ഉദ്ദേശ്യം-റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ അന്ന് അംബാനി പറഞ്ഞു.

ഡാറ്റയുടെ ജനാധിപത്യവല്‍ക്കരണം

ഏതൊരു ഉപഭോക്താവിനും ഒരിക്കലും നിരസിക്കാനാകാത്ത ഒരു ഡീലാണ് മുകേഷ് അംബാനി മുന്നോട്ടുവെച്ചത്. പ്രതിദിനം സൗജന്യമായി നാല് ജിബി ഡാറ്റ. സൗജന്യവോയ്സ് കോളുകളും. റിലയന്‍സ് ജിയോ ലോഞ്ച് ചെയ്ത് കേവലം ആറ് മാസത്തിനുള്ളില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മൊബീല്‍ ഡാറ്റ ഉപയോഗിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലെത്തി. ഓരോ മാസവും ഒരു ബില്യണ്‍ ജിബി ഡാറ്റ ഉപയോഗിക്കുകയെന്ന അവസ്ഥയിലേക്കാണ് മാസങ്ങള്‍ക്കുള്ളില്‍ രാജ്യമെത്തിയത്. ജിയോ വരുന്നതിന് മുമ്പ് ഇത് പ്രതിമാസം 200 മില്യണ്‍ ജിബി മാത്രമായിരുന്നു.

വളരെ വില കുറഞ്ഞ ഡാറ്റ പ്ലാനുകളിലൂടെ സാധാരണക്കാരും അതിസാധാരണക്കാരുമായ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഇന്റര്‍നെറ്റ് യുഗത്തിലേക്ക് കൈ പിടിച്ചുനടത്തി അംബാനി. അവര്‍ക്കുപയോഗിക്കാന്‍ വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളും ലഭ്യമാക്കി.

അനുരണനങ്ങള്‍ എല്ലായിടങ്ങളിലും

ജിയോയുടെ ഡാറ്റ വിപ്ലവം ടെലികോം മേഖലയില്‍ മാത്രമല്ല. വിനോദവും ഫിന്‍ടെക്കും പേമെന്റും ഉള്‍പ്പടെ നിരവധി രംഗങ്ങളില്‍ അതിവേഗ വളര്‍ച്ചയുണ്ടാക്കി. ഡിജിറ്റല്‍ പേമെന്റും ഓണ്‍ലൈന്‍ സ്ട്രീമിംഗുമെല്ലാം സാധാരണക്കാര്‍ക്ക് പ്രാപ്യമായിത്തുടങ്ങി. യഥാര്‍ത്ഥത്തില്‍ വലിയൊരു വിസ്ഫോടനമായിരുന്നു അത്. ജിയോയുടെ വരവിന് ശേഷം, 2018 ആയപ്പോഴേക്കും ഇന്ത്യയിലെ ഇന്റര്‍നെറ്റ് ലഭ്യതയില്‍ 35 ശതമാനത്തിന്റെ വന്‍ വര്‍ധനയാണുണ്ടായത്.

2016 അവസാനമായപ്പോഴേക്കും ആപ്പ് ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ ചൈനയ്ക്ക് പിന്നാലെ ഇന്ത്യ രണ്ടാമതെത്തി. അതിലും ഒരു വര്‍ഷം മുമ്പ് ഇത്തരമൊരു കാര്യം സ്വപ്നങ്ങളില്‍ പോലുമുണ്ടായിരിക്കില്ലെന്നാണ് ഗുരുഗ്രാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജി ആന്‍ഡ് കോംപറ്റിറ്റീവ്നെസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്റര്‍നെറ്റ് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളിള്‍ക്ക് വന്‍ ആവേശമാണ് ജിയോയുടെ വരവ് നല്‍കിയത്. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ, ആപ്പ് അധിഷ്ഠിത ഓണ്‍ലൈന്‍ ടാക്സി ബുക്കിംഗ് പ്ലാറ്റ്ഫോമായ ഒല, അര്‍ബന്‍ക്ലാപ്പ് തുടങ്ങിയ നിരവധി സംരംഭങ്ങള്‍ ജിയോ വിപ്ലവത്തില്‍ വെന്നിക്കൊടി നാട്ടി. ഒടിടി സംസ്‌കാരത്തിലേക്ക് ഇന്ത്യ കടന്നതിനും കാരണം ജിയോ തന്നെയാണ്. ആഗോള ഒടിടി ഭീമന്മാരായ ആമസോണിനും നെറ്റ്ഫ്ളിക്സിനും ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ സഹായിച്ചത് ജിയോയുടെ സകലര്‍ക്കും താങ്ങാവുന്ന ഡാറ്റ പ്ലാനുകളാണ്. 2021 അവസാനത്തോട് കൂടി 5ജി ശൃംഖലയും തുടങ്ങാനുള്ള തയാറെടുപ്പിലാണ് റിലയന്‍സ് ജിയോ.

നിഷ്പ്രഭമായ എതിരാളികള്‍

ഭാരതി എയര്‍ടെല്ലും വോഡഫോണും ബിഎസ്എന്‍എല്ലും ഐഡിയയുമെല്ലാം അരങ്ങ് വാണിരുന്ന ടെലികോം വിപണിയിലേക്കായിരുന്നു ജിയോയുടെ രംഗപ്രവേശം. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി അഞ്ച് വര്‍ഷത്തിനുള്ളില്‍ ജിയോ നേടിയ വിപണി വിഹിതം ആരെയും അമ്പരപ്പിക്കും. 35 ശതമാനം വിപണി ഇപ്പോള്‍ ജിയോയുടെ കൈവശമാണ്. ജിയോയുടെ എതിരാളികളില്‍ മിക്കവരും തകര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ജിയോയുടെ തേരോട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു വോഡഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും ലയിക്കാന്‍ തീരുമാനിച്ചത്. ഇവര്‍ ഇപ്പോള്‍ വോഡഫോണ്‍ ഐഡിയ എന്ന സംയുക്ത കമ്പനിയുടെ ബാനറിലാണ് വിപണിയില്‍ മല്‍സരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയും ജിയോയുടെ തുടക്കകാലത്ത് ഒന്നാമത്തെ ടെലികോം കമ്പനിയുമായിരുന്ന ഭാരതി എയര്‍ടെല്‍, ടാറ്റ ടെലി സര്‍വീസസിന്റെ കണ്‍സ്യൂമര്‍ മൊബീല്‍ ബിസിനസ് ഏറ്റെടുക്കാന്‍ കാരണവും ജിയോയുടെ ഡിസ്റപ്ഷന്‍ തന്നെയാണ്. ജിയോയുടെ വരവ് അടയാളപ്പെടുത്തിയ ആറ് മാസത്തിനുള്ളില്‍ തന്നെ മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനിയുടെ ടെലികോം സംരംഭമായ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മുകേഷ് അംബാനിക്ക് തന്നെ വില്‍ക്കേണ്ട സ്ഥിതിയും വന്നു.

അതേസമയം ജിയോയുടെ വരവില്‍ നേട്ടം കൊയ്ത ഇന്റര്‍നെറ്റ് കമ്പനികളെല്ലാം തന്നെ അഞ്ചാം വര്‍ഷത്തില്‍ ജിയോയെ അഭിനന്ദിക്കാന്‍ പൊതുപ്ലാറ്റ്ഫോമുകള്‍ ഉപയോഗപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്. ഗൂഗിള്‍, നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വിഡിയോ, ഫോണ്‍പേ, അപ്പോളോ ഹോസ്പിറ്റല്‍സ്, അശോക് ലെയ്ലന്‍ഡ്, ടിന്‍ഡര്‍ ഇന്ത്യ, വൂട്ട്, സീ5, സാംസംഗ് ഇന്ത്യ, വിവോ, ഒപ്പോ, ഡോമിനോസ് ഇന്ത്യ, സോണി ലൈവ് തുടങ്ങി നിരവധി വമ്പന്‍ കമ്പനികളാണ് ജിയോയ്ക്ക് ആശംസകളുമായി ട്വിറ്ററില്‍ നിറഞ്ഞത്. 2016ന് ശേഷം ഇന്ത്യയുടെ ഡാറ്റ ഉപഭോഗത്തിലുണ്ടായത് 1,300 ശതമാനം വര്‍ധനയാണ്. ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായതാകട്ടെ നാല് മടങ്ങ് വര്‍ധനയും.


ട്രായുടെ സബ്സ്‌ക്രൈബര്‍ റിപ്പോര്‍ട്ട് പ്രകാരം ഡാറ്റ ഉപയോക്താക്കളുടെ എണ്ണത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെയുണ്ടായത് നാല് മടങ്ങ് വര്‍ധനയാണ്. ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം 2016 സെപ്റ്റംബറിലെ 19.23 കോടിയില്‍ നിന്നും 2021 ജൂണ്‍ മാസത്തില്‍ 79.27 കോടിയായി ഉയര്‍ന്നു. ഉപഭോക്താക്കളുടെ പ്രതിമാസ ഡാറ്റ ഉപഭോഗത്തിലും വന്‍വര്‍ധനയുണ്ടായി. ഒരു ഉപഭോക്താവിന്റെ ശരാശരി പ്രതിമാസ ഡാറ്റ ഉപയോഗം 2016 ഡിസംബറിലെ 878.63 എംബിയില്‍ നിന്നും 2021 മാര്‍ച്ച് മാസമായപ്പോഴേക്കും 12.33 ജിബി ആയി ഉയര്‍ന്നു. അതായത്, 1,303 ശതമാനത്തിന്റെ വര്‍ധന.

ട്രായുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് ഡാറ്റ നിരക്കിലുണ്ടായ കുറവാകട്ടെ 93 ശതമാനത്തിലധികം വരും. ജിബിക്ക് 160 രൂപ എന്ന കണക്കില്‍ നിന്നും ജിബിക്ക് വെറും 10 രൂപയെന്ന തലത്തിലേക്കാണ് ഡാറ്റ നിരക്ക് കുറഞ്ഞിരിക്കുന്നത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 2021ല്‍ ഒരു ജിബി ഡാറ്റയ്ക്ക് വരുന്ന ശരാശരി നിരക്ക് 6.6 രൂപയായി മാറിയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഡിജിറ്റല്‍ ഡിവൈഡ് നികത്തി ഡിജിറ്റല്‍ ടെക്നോളജിയുടെ ജനാധിപത്യവല്‍ക്കരണത്തിനാണ് ജിയോ തുടക്കമിട്ടതെന്നാണ് വിദഗ്ധരെല്ലൊം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്.

ജിയോ രംഗപ്രവേശം ചെയ്യുന്നതിന് മുമ്പ് ഇന്ത്യക്ക് ആകെ ഉണ്ടായിരുന്നത് 10 യൂണികോണുകളാണ് (പ്രവര്‍ത്തനം തുടങ്ങി 10 വര്‍ഷത്തിനുള്ളില്‍ 1 ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന ടെക് സ്റ്റാര്‍ട്ടപ്പുകള്‍). എന്നാല്‍ ജിയോയുടെ വരവിന് ശേഷം ഇന്ത്യയിലെ യൂണികോണുകളുടെ എണ്ണം 53ലധികമായി മാറി. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിന്റെ വളര്‍ച്ചയിലും ജിയോയുടെ ഡാറ്റ വിപ്ലവം നിര്‍ണായക പങ്കുവഹിച്ചു. 2016ല്‍ ഫേസ്ബുക്കിന് ഇന്ത്യയിലുണ്ടായിരുന്നത് 20 കോടി ഉപയോക്താക്കളായിരുന്നു. 2021ല്‍ ഇത് 42 കോടിയായി മാറി. സമാനം തന്നെയാണ് ജനകീയ മെസേജിംഗ് ആപ്പായ വാട്സാപ്പിന്റെ കാര്യവും. 2016ല്‍ 19 കോടി വാട്സാപ്പ് ഉപയോക്താക്കളാണ് ഉണ്ടായിരുന്നതെങ്കില്‍ 2021ല്‍ അത് 39 കോടിയായി ഉയര്‍ന്നിരിക്കുന്നു.

ലക്ഷ്യം ആഗോള ടെക് കമ്പനി

കുടുംബ ബിസിനസ് വിഭജിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ ആദ്യ ടെലികോം വിപ്ലവത്തിന് റിലയന്‍സ് കമ്യൂണിക്കേഷന്‍സിലൂടെ തുടക്കം കുറിച്ചത് മുകേഷ് അംബാനിയായിരുന്നു. റിലയന്‍സ് കുടുംബ ബിസിനസ് വിഭജിക്കപ്പെട്ടപ്പോള്‍ ടെലികമ്യൂണിക്കേഷന്‍ അനില്‍ അംബാനിക്കാണ് ലഭിച്ചത്. ഏറെ പ്രയിപ്പെട്ട മേഖലയായിരുന്നെങ്കിലും നിശ്ചിത കാലം വരെ ടെലികോമിലേക്ക് മുകേഷ് വരരുതെന്ന ധാരണയും ഡീലിന്റെ ഭാഗമായി ഉണ്ടായിരുന്നു. ആ കാലപരിധി കഴിഞ്ഞ ശേഷമാണ് ജിയോയിലൂടെ ടെലികോമിലേക്ക് മുകേഷ് രണ്ടാം വരവ് നടത്തിയത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനാണെങ്കില്‍ കാര്യമായി ഒന്നും ചെയ്യാനും സാധിച്ചില്ല.

ടെലികോം രംഗം മാത്രം ഉന്നമിട്ടായിരുന്നില്ല മുകേഷ് അംബാനിയുടെ രണ്ടാം വരവ്. പുതിയ കാലത്തിന് അനുസരിച്ച് ഒരു ആഗോള ടെക് കമ്പനി കെട്ടിപ്പടുക്കുകയാണ് അദ്ദേഹം ഉന്നമിടുന്നത്. ഗൂഗിളിനും ആമസോണിനും ബദലായി ലോക ടെക് ഭൂപടത്തില്‍ ഒരു ഭീമന്‍ കമ്പനിയായി വളരുകയാണ് മുകേഷിന്റെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു. നെതര്‍ലന്‍ഡ്സിലെ ടി മൊബീലിനെ ഉള്‍പ്പടെ ചില ആഗോള സ്ഥാപനങ്ങളെ ഏറ്റെടുക്കാനും റിലയന്‍സിന് പദ്ധതിയുണ്ടെന്നാണ് സൂചന.

ഇതെല്ലാം ലക്ഷ്യമിട്ടാണ് ജിയോ പ്ലാറ്റ്ഫോംസ് എന്ന ഹോള്‍ഡിംഗ് കമ്പനി രൂപീകരിച്ച് അതിന് കീഴില്‍ ഡിജിറ്റല്‍ സര്‍വീസസ് ബിസിനസുകളെ മുകേഷ് അംബാനി അണിനിരത്തിയിരിക്കുന്നത്. റിലയന്‍സ് ജിയോ ഇന്‍ഫോകോമും ഈ സ്ഥാപനത്തിന് കീഴിലാണ്. കൂടുതല്‍ നിക്ഷേപ സമാഹരണം ഉന്നമിട്ട് 2021ല്‍ മാത്രം ജിയോ പ്ലാറ്റ്ഫോംസിലെ 33.52 ശതമാനം ഓഹരി മുകേഷ് അംബാനി വിറ്റിരുന്നു. അതിലൂടെ സമാഹരിച്ചത് 1.52 ലക്ഷം കോടി രൂപയാണ്. ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്റെല്‍, ക്വാല്‍കോം, സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ ടിപിജി, ജനറല്‍ അറ്റ്ലാന്റിക് തുടങ്ങിയ വമ്പന്മാര്‍ ജിയോ പ്ലാറ്റ്ഫോംസില്‍ ഓഹരിയെടുത്തിട്ടുണ്ട്.

ഫേസ്ബുക്കിന്റെ കീഴിലുള്ള മെസേജിംഗ് സര്‍വീസായ വാട്സാപ്പ് ഉപയോഗപ്പെടുത്തി ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസുകളെ ജിയോമാര്‍ട്ടുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്കും അംബാനി തുടക്കമിട്ടുകഴിഞ്ഞു. ആമസോണും ഫ്ളിപ്കാര്‍ട്ടും അടക്കിവാഴുന്ന ഇ-കൊമേഴ്സ് രംഗത്ത് പുതിയ ബിസിനസ് രീതികള്‍ക്ക് വഴിവെക്കുമത്. ഗൂഗിളുമായി ചേര്‍ന്ന് ഗുണനിലവാരമുള്ള ബജറ്റ് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കുന്ന പദ്ധതിയും അംബാനിയുടെ വലിയ പ്രതീക്ഷയാണ്.

ജിയോയില്‍ ഫേസ്ബുക്ക് മുടക്കിയിരിക്കുന്നത് 5.7 ബില്യണ്‍ ഡോളറാണ്. യുഎസ് ടെക് ഭീമന്‍ മറ്റൊരു കമ്പനിയില്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ജിയോ സഖ്യത്തിലൂടെ ഓണ്‍ലൈന്‍ റീറ്റെയ്ല്‍ രംഗത്ത് ആമസോണിനെയും വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ടിനെയും തറപറ്റിക്കാനാണ് ഫേസ്ബുക്കിന്റെ പദ്ധതി. എന്നാല്‍ പ്രാദേശിക റീറ്റെയ്ലര്‍മാരെ ജിയോമാര്‍ട്ടിന്റെ കുടക്കീഴില്‍ എത്തിക്കുന്നതിന് എത്രമാത്രം സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ സഖ്യത്തിന്റെ വിജയം. ഗൂഗിളുമായി ചേര്‍ന്നുള്ള അഫോര്‍ഡബിള്‍ 4ജി ഫോണ്‍ ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണെന്നാണ് വിവരം. ദിവാലിക്ക് മുമ്പ് ഫോണ്‍ വിപണിയിലെത്തിക്കാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്. ജിയോഫോണ്‍ നെക്സ്റ്റ് എന്നാണ് മോഡലിന് നല്‍കിയിരിക്കുന്ന പേര്.

 

ദിപിന്‍ ദാമോദരന്‍

ബിസിനസ് വോയ്സ് എഡിറ്ററാണ് ലേഖകന്‍

 

 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.