login
സ്റ്റാര്‍ട്ടപ്പുകളുടെ ശ്രദ്ധയ്ക്ക്; 'വാല്യുവേഷന്‍ കളിയില്‍ ഊര്‍ജം കളയരുത്'

ഏറ്റവും പുതിയ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ കേരളം വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. 7 കാറ്റഗറികളിലെ ആറെണ്ണത്തിലും ടോപ് 3 പട്ടികയില്‍ കേരളമുണ്ട്

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കിത് വസന്തകാലമാണ്. ഒരു കാലത്ത് സംരംഭകത്വത്തോട് മുഖം തിരിഞ്ഞുനിന്നിരുന്ന നാട്ടില്‍ ഇന്ന് സംരംഭകരാകാന്‍ ആവേശമാണ് യുവാക്കള്‍ക്ക്. മലയാളി സ്റ്റാര്‍ട്ടപ്പുകളിലേക്ക് നിക്ഷേപം ഒഴുകുന്നതിന്റെയും അവ ലോകശ്രദ്ധയിലെത്തുന്നതിന്റെയുമെല്ലാം വാര്‍ത്തകള്‍ ഇന്ന് സാധാരണം. ഓരോ വര്‍ഷം തോറും പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനയാണുണ്ടാകുന്നത്. എന്നാല്‍ ഇതിനെല്ലാം അടിത്തറയൊരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സ്റ്റാര്‍ട്ടപ്പ് മിഷന്റെ മുന്‍ സിഇഒ സജി ഗോപിനാഥായിരുന്നു. വിദ്യാര്‍ത്ഥി സംരംഭകത്വവും സ്റ്റാര്‍ട്ടപ്പ് സംസ്‌കാരവും ജനകീയവല്‍ക്കരിക്കാന്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.

കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ് ഇന്നവേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ വൈസ് ചാന്‍സലറെന്ന നിലയില്‍ ഇപ്പോള്‍ പുതുദൗത്യമേറ്റെടുത്തിരിക്കുകയാണ് സജി ഗോപിനാഥ്. കേരളത്തിലെ മാറുന്ന സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തെ കുറിച്ചും പുതിയ സാധ്യതകളെ കുറിച്ചും നവസംരംഭകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചുമെല്ലാം ബിസിനസ് വോയ്സ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നു അദ്ദേഹം.

 

സ്റ്റാര്‍ട്ടപ്പ് എന്ന വാക്ക് യുവാക്കളുടെ ആവേശമായി മാറിയിട്ടുണ്ട്. താങ്കള്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ആയിരുന്ന സമയത്താണല്ലോ വലിയൊരു മാറ്റം സംഭവിച്ചത്. തിരിഞ്ഞുനോക്കുമ്പോള്‍ എന്തെല്ലാമായിരുന്നു വലിയ നേട്ടങ്ങള്‍?

 

ചില അക്കാഡമിക് സ്ഥാപനങ്ങളില്‍ ഇന്‍കുബേറ്ററുകള്‍ ഉണ്ടായിരുന്നെങ്കില്‍ കൂടിയും കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണ് സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് കേരളത്തില്‍ പ്രാധാന്യം കിട്ടിത്തുടങ്ങിയത്. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയ്ക്കായി സമഗ്രമായ ഒരു നയം അവതരിപ്പിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നുകൂടി ആയിരുന്നു കേരളം. സ്റ്റാര്‍ട്ടപ്പ് മിഷന്‍ രൂപീകരിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം, 2017ലാണ് ഞാന്‍ ജോയിന്‍ ചെയ്യുന്നത്. ടെക്നോളജി സ്റ്റാര്‍ട്ടപ്പകളുടെ വളര്‍ച്ച ഉന്നമിട്ട് സംസ്ഥാനത്തുടനീളം ഒരു മികച്ച സംരംഭകത്വ ആവാസവ്യവസ്ഥ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. കോര്‍പ്പറേറ്റുകള്‍ നടത്തുന്ന ഇന്നൊവേഷന്‍ സെന്ററുകള്‍ എന്ന രീതി കേരളത്തില്‍ ഇല്ലായിരുന്നു. അതിനാല്‍ തന്നെ പുതിയൊരു മാതൃക സൃഷ്ടിച്ചെടുക്കേണ്ടതുണ്ടായിരുന്നു. ഇതിനായി ഒരു അഞ്ചിന കര്‍മപദ്ധതി ഞങ്ങള്‍ തയാറാക്കി. ടെക്നോളജി സംരംഭകത്വം ജനകീയവല്‍ക്കരിക്കുക, ഉയര്‍ന്ന ഗുണനിലവാരമുള്ള സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കുന്നതിനായി വൈദഗ്ധ്യവും അറിവും പകര്‍ന്നു നല്‍കുക, ഇന്‍കുബേഷന്‍, ആക്സിലറേഷന്‍ പിന്തുണ ലഭ്യമാക്കുക, സാമ്പത്തിക, വിഭവ പിന്തുണ ഉറപ്പാക്കുക, ആഭ്യന്തര, അന്താരാഷ്ട്ര വിപണിയുമായി സ്റ്റാര്‍ട്ടപ്പുകളെ കണക്റ്റ് ചെയ്ത് സ്‌കെയില്‍ അപ്പ് ചെയ്യാന്‍ സഹായിക്കുക എന്നിങ്ങനെയായിരുന്നു ആ അഞ്ച് കാര്യങ്ങള്‍.

13ാം പഞ്ചവല്‍സര പദ്ധതിയുടെ തുടക്കമായിരുന്നു 2017 എന്നതിനാല്‍ തന്നെ അഞ്ച് വര്‍ഷത്തെ സമയക്രമം നിശ്ചയിച്ചായിരുന്നു പദ്ധതികള്‍ വിഭാവനം ചെയ്തത്. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം, തൊഴില്‍ സൃഷ്ടിക്കല്‍, മൂല്യ വര്‍ധന, ഇന്‍കുബേഷന്‍ തുടങ്ങിയ ഘടകങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു. ഇതനുസരിച്ചുള്ള പദ്ധതികളില്‍ മിക്കതും പൂര്‍ത്തീകരിക്കാന്‍ സാധിച്ചുവെന്നത് വളരെയധികം സന്തോഷം നല്‍കുന്നു.

ഓരോ വര്‍ഷം കൂടുന്തോറും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇരട്ടിക്കുകയാണ്. ഡിപിഐഐടി(ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ്) യില്‍ റെജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളിലെ 10 ശതമാനം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളാണ്. ഇതില്‍ പല സ്റ്റാര്‍ട്ടപ്പുകളും തനതായ ഉല്‍പ്പന്നങ്ങളിലൂടെ ആഗോള ശ്രദ്ധ നേടുകയും ചെയ്തു. ബയോനെസ്റ്റും മേക്കര്‍ വില്ലേജും പോലുള്ള നമ്മുടെ ഇന്‍കുബേറ്ററുകള്‍ ദേശീയതലത്തില്‍ അംഗീകാരങ്ങള്‍ നേടുകയുമുണ്ടായി. അവിടെ ഇന്‍കുബേറ്റ് ചെയ്യുന്ന കമ്പനികളും ശ്രദ്ധ നേടി.

ഏറ്റവും പുതിയ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ കേരളം വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. 7 കാറ്റഗറികളിലെ ആറെണ്ണത്തിലും ടോപ് 3 പട്ടികയില്‍ കേരളമുണ്ട്. ഈ നേട്ടം കരസ്ഥമാക്കുന്ന ഏകസംസ്ഥാനം കൂടിയാണ് കേരളം. രാജ്യത്തിന് മുഴുവന്‍ മാതൃകയായ ചില സ്റ്റാര്‍ട്ടപ്പ് പദ്ധതികളുടെ ഭാഗമാകാന്‍ ഞാന്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് സിഇഒ ആയിരുന്ന സമയത്ത് സാധിച്ചുവെന്നതാണ് ഏറ്റവും സംതൃപ്തി നല്‍കുന്ന ഘടകം. സര്‍ക്കാര്‍ വകുപ്പുകളെ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധിപ്പിക്കുന്ന ഗവണ്‍മെന്റ് ആസ് എ മാര്‍ക്കറ്റ് പ്ലേസ്, ഫണ്ട് ഓഫ് ഫണ്ട് പദ്ധതി, ചെറുകിട സംരംഭങ്ങളെ സ്റ്റാര്‍ട്ടപ്പകളുമായി ബന്ധിപ്പിക്കുന്ന ബിസിനസ് 4 സ്റ്റാര്‍ട്ടപ്പ്സ് തുടങ്ങിയവയെല്ലാം അത്തരം ചില പദ്ധതികളാണ്.

 

സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ആയിരുന്ന സമയത്തെ ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു?

 

ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകളുള്ള ഇന്നവേറ്റിവ് സംരംഭങ്ങളാണ് സ്റ്റാര്‍ട്ടപ്പുകള്‍. ഇവയെ വളര്‍ത്തിയെടുക്കുന്നതിന് മികച്ചൊരു വ്യാവസായിക ആവാസവ്യവസ്ഥയും പരാജയങ്ങളെ അംഗീകരിക്കാന്‍ തയാറാകുന്ന ഒരു സമൂഹവും വേണം. ഇത് രണ്ടും കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികളായിരുന്നു. വളരെ വിജയം വരിച്ച സംരംഭങ്ങള്‍ കേരളത്തിലുണ്ടെങ്കിലും ഞാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ സിഇഒ ആയിരുന്ന ആദ്യകാലഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളുമായുള്ള ഇവരുടെ ഇടപെടലുകള്‍ കുറവായിരുന്നു. ഇന്ത്യയിലെ ചില നഗരങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെടുത്തെല്ലാം സ്ഥിതി ഇതുതന്നെയായിരുന്നു. വലിയ നഗരങ്ങളിലെ മാതൃകകള്‍ തന്നെ ഇവിടെ പകര്‍ത്തുകയെന്നത് പ്രായോഗികമല്ല താനും. സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയെ പരിമിതപ്പെടുത്തുന്ന ഘടകങ്ങള്‍ മനസിലാക്കിയുള്ള പദ്ധതികള്‍ അനുവര്‍ത്തിക്കുകയായിരുന്നു വേണ്ടത്.

വന്‍വളര്‍ച്ചാ വാഗ്ദാനങ്ങള്‍ (പരാജയസാധ്യതയും) നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പകരം മികച്ച സാങ്കേതിക പിന്തുണയും ഇടത്തരം, ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകളുമുള്ള സ്റ്റാര്‍ട്ടപ്പുകളെ ഫോക്കസ് ചെയ്തുള്ള പ്രവര്‍ത്തനമായിരുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ പരാജയനിരക്ക് കുറയ്ക്കാന്‍ അത് സഹായിച്ചു. സമൂഹത്തിന് ഗുണകരമാകുന്നതായിരുന്നു പല ഉല്‍പ്പന്നങ്ങളും, അതിനാല്‍ തന്നെ സമൂഹത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിച്ഛായ അതുയര്‍ത്തുകയും ചെയ്തു.

 

കേരളത്തിലെ സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെകുറിച്ച് പറയാമോ?

 

സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് മുന്നേറ്റത്തിന് തുടക്കം കുറിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്റ്റാര്‍ട്ടപ്പ് വില്ലേജും ടെക്നോപാര്‍ക്ക് ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററും തുടങ്ങിവെച്ച മുന്നേറ്റത്തിന്റെ പിന്‍ബലത്തില്‍ കെഎസ്യുഎം വിവിധ കോളെജുകളിലായി 250 ഇന്നൊവേഷന്‍, സംരംഭകത്വ വികസന കേന്ദ്രങ്ങളാണ് സ്ഥാപിച്ചത്. വളരെ ഇളം പ്രായത്തില്‍ തന്നെ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തിലേക്ക് വിദ്യാര്‍ത്ഥികളെയെത്തിക്കാന്‍ ഇത് സഹായിച്ചു. പല സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പുകളും വിജയിക്കില്ലെന്നത് ഞങ്ങള്‍ക്കറിയാമായിരുന്നു. അതിനാല്‍ തന്നെ ഒരു സംരംഭകത്വ പരിപാടി എന്ന നിലയിലല്ലാതെ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനായുള്ള, പുതിയതെന്തെങ്കിലും വികസിപ്പിക്കുന്നതിനായുള്ള ഒരു പദ്ധതിയായാണ് ഇതിനെ ഞങ്ങള്‍ അവതരിപ്പിച്ചത്. അത് വിജയിച്ചാല്‍ അവര്‍ ഒരു സ്റ്റാര്‍ട്ടപ്പെന്ന നിലയില്‍ വിജയിക്കും.

പരാജയപ്പെടുകയാണെങ്കില്‍ പോലും അവര്‍ക്കൊന്നും നഷ്ടമാകുന്നുമില്ല. മറിച്ച് അവരുടെ ഭാവി ജോലി സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുന്നു. നമ്മുടെ കോളെജുകളില്‍ നിന്ന് ദേശീയ ശ്രദ്ധ നേടിയ സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കാന്‍ ഇത് സഹായിച്ചു. മാന്‍ഹോള്‍ ക്ലീനിംഗ് റോബോട്ട് വികസിപ്പിച്ച ജെന്‍ റോബോട്ടിക്സും ശാസ്ത്ര റോബോട്ടിക്സുമെല്ലാം അതിനുദാഹരണങ്ങളാണ്.

 

അടുത്തഘട്ട വളര്‍ച്ചയിലേക്ക് കടക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കുന്നില്ലെന്ന വാദത്തെ എങ്ങനെ കാണുന്നു?

 

വലിയ വളര്‍ച്ചാവെല്ലുവിളികളാണ് പല മേഖലകളിലുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ നേരിടുന്നത്. ഇ-കൊമേഴ്സ് പോലുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നബി2സി (ബിസിനസ് റ്റു കസ്റ്റമേഴ്സ്) സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് വലിയ മൂലധനം ആവശ്യമാണ്. അത്തരമൊരു വലിയ ഫണ്ടിന്റെ ലഭ്യത കേരളത്തിലില്ല. കൂടുതല്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭങ്ങളുമില്ല. പ്രാഥമിക ഘട്ടത്തില്‍ വിജയിക്കാനാകുമെങ്കിലും നേരത്തെ പറഞ്ഞ പോലുള്ള നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അടുത്തഘട്ട വളര്‍ച്ച കൈവരിക്കാന്‍ പലപ്പോഴും സാധിക്കില്ല.

മറ്റ് വലിയ നഗരങ്ങളില്‍ ഇതല്ല സ്ഥിതി. അതേസമയം അന്താരാഷ്ട്ര വിപണിയെ ഫോക്കസ് ചെയ്തുള്ള ബിറ്റുബി (ബിസിനസ് റ്റു ബിസിനസ്) സ്റ്റാര്‍ട്ടപ്പുകള്‍ക്കു ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുമെല്ലാം മികച്ച അടിസ്ഥാനസൗകര്യമാണ് വേണ്ടത്. അവരെ സംബന്ധിച്ചിടത്തോളം കേരളം മികച്ച ആവാസവ്യവസ്ഥയാണ്. തങ്ങളുടെ ഉല്‍പ്പന്നത്തിന് അനുയോജ്യമായ ആവാസവ്യവസ്ഥ തിരിച്ചറിയകുയെന്നത് സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.

 

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് രംഗത്തിന്റെ ഭാവിയെകുറിച്ച്?

 

വളരെ 'വിസ്ഫോടനാത്മ'കമായ വളര്‍ച്ചയാകും വരുംകാലത്ത് കേരള സ്റ്റാര്‍ട്ടപ്പ് രംഗത്തുണ്ടാകുക. ലോകത്തിലെ ഏറ്റവും മികച്ച സോളാര്‍ ഇലക്ട്രിക് ബോട്ടായി നവാള്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടതും കേന്ദ്രത്തിന്റെ വിഡിയോ കോണ്‍ഫറന്‍സിംഗ് ചലഞ്ചില്‍ ടെക്ജന്‍ഷ്യ വിജയിച്ചതും ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കവച് ഗ്രാന്റിന് ക്വിക്ക്ഡോക്റ്ററും എയ്റോഫില്‍ ഫില്‍റ്റേഴ്സും അടുത്തിടെ അര്‍ഹമായതുമെല്ലാം കേരള സ്റ്റാര്‍ട്ടപ്പുകളുടെ മികവിന്റെ അടയാളങ്ങളാണ്. രാജ്യത്തെ മറ്റ് സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച. വലിയ മൂല്യം കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പകരം ലാഭത്തെ കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് നമ്മള്‍ പ്രാധാന്യം നല്‍കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ പരാജയനിരക്ക് കുറയുന്നതിന് കാരണവും അതുതന്നെയാണ്.

കോവിഡാനന്തരം ഡിജിറ്റല്‍ പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി അവസരങ്ങളാണുണ്ടാകുക. അതിനാല്‍ തന്നെ സ്വയം പര്യാപ്ത കേരളം സൃഷ്ടിക്കുന്നതില്‍ നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പങ്കുവഹിക്കാനാകും. വലിയ ടെക്നോളജി സംരംഭങ്ങളെ വിജയിപ്പിച്ചെടുക്കുന്നതില്‍ കേരളത്തിന് മികച്ച പാരമ്പര്യമുണ്ടെന്നതും വിസ്മരിച്ചുകൂട. പരമ്പരാഗത ബിസിനസുകളില്‍ ടെക്നോളജി സന്നിവേശിപ്പിച്ച് മികച്ചൊരു വളര്‍ച്ചാ മതൃക കൊണ്ടുവരാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിച്ചാല്‍ രാജ്യത്തിന് തന്നെ അതൊരു പുതിയ മാതൃകയായി തീരും.

 

അടിസ്ഥാനപരമായി, സമൂഹത്തിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് സംരംഭകത്വം. എത്രമാത്രം ഈ ആശയം നമ്മുടെ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്?

 

ഇതിന് രണ്ട് വശങ്ങളുണ്ട്. ഔപചാരിക പരിശീലനവും അനുഭവ സമ്പത്തുമുള്ള ടെക് സംരംഭകര്‍ ഒരു വശത്തുണ്ട്. സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട് അവര്‍. എന്നാല്‍ മറുവശത്ത് ഔപചാരിക പരിശീലനമൊന്നും ലഭിക്കാതെ തന്നെ അടിത്തട്ടുകളില്‍ ഇന്നൊവേഷന്‍ നടത്തുന്നവരുമുണ്ട്. ചുറ്റുമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നു അവര്‍. ഈ രണ്ട് വിഭാഗങ്ങളിലും വളരെയധികം സ്റ്റാര്‍ട്ടപ്പുകള്‍ നമുക്കുണ്ട്. എന്നാല്‍ അവയുടെ വളര്‍ച്ചയും പ്രകടനവും നമ്മള്‍ വിചാരിച്ച തലത്തിലെത്തിയിട്ടില്ല, അതിന് പല കാരണങ്ങളുണ്ട്. പരിശീലനം ലഭിച്ച ഇന്നവേറ്റര്‍മാര്‍ക്ക് സമൂഹത്തിലെ പ്രശ്നങ്ങളുടെ ആഴം മനസിലാക്കാന്‍ പരിമിതികളുണ്ടാകാറുണ്ട്. എന്നാല്‍ ഗ്രാമീണ ഇന്നവേറ്റര്‍മാര്‍ക്ക് അവരുടെ അടുത്തഘട്ട വളര്‍ച്ചയിലേക്ക് കടക്കാന്‍ കഴിയാറുമില്ല. ഈ പ്രശ്നമാണ് നമ്മള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടത്.

മികച്ച സംരംഭക ആശയങ്ങളുണ്ടെങ്കിലും അത് വാണിജ്യവല്‍ക്കരിക്കുന്ന ഘട്ടത്തിലാണ് പലര്‍ക്കും പരാജയം നുണയേണ്ടി വരുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ അടുത്ത ഘട്ട വളര്‍ച്ച പരിഗണിക്കുമ്പോള്‍ നമ്മള്‍ പരിഗണിക്കേണ്ട പ്രധാന കാര്യം ഇതുതന്നെയാണ്. ഇന്നവേറ്ററും സംരംഭക

നും ഒരാള്‍ തന്നെയാകണമെന്നത് നമ്മള്‍ വാശിപിടിക്കേണ്ട കാര്യമില്ല. ചിലപ്പോള്‍ അത് അഭിലഷണീയവുമായിരിക്കില്ല. പല ഗ്രാമീണ കണ്ടുപിടുത്തങ്ങളും വളര്‍ച്ചാ ഘട്ടങ്ങളിലെത്താത്തതിന് കാരണം അതിനെ നയിക്കുന്നവര്‍ക്ക് സംരംഭകത്വ ശേഷി ഇല്ലാത്തതിനാലാണ്. മികവുറ്റ ഒരു സംരംഭകനോടൊപ്പം ചേരുന്നതിലൂടെ ഗ്രാമീണ ഇന്നവേറ്റര്‍മാര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നം പുതിയ തലത്തിലെത്തിക്കാം, സംരംഭം വിജയിപ്പിക്കുകയും ചെയ്യാം.

 

ഏറെക്കാലം സംരംഭകത്വത്തിന്റെ കളിത്തൊട്ടിലായിരുന്നല്ലോ സിലിക്കണ്‍ വാലി. എന്നാല്‍ ഒരു സംരംഭകത്വഹബ്ബായുള്ള സിലിക്കണ്‍ വാലിയുടെ വളര്‍ച്ച സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയുമായി ഇഴചേര്‍ന്ന് നില്‍ക്കുന്നതാണ്. അത്തരത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു മികച്ച ആശ്രയമാകാന്‍ കേരളത്തിന്റെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് സാധിക്കുമോ?

 

നിങ്ങള്‍ പറഞ്ഞത് ശരിയാണ്. സിലിക്കണ്‍ വാലിയില്‍ മാത്രമല്ല, സ്റ്റാര്‍ട്ടപ്പുകളുടെ മറ്റൊരു പ്രധാന കേന്ദ്രമായ ഇസ്രയേലിലും ഇത് കാണാന്‍ സാധിക്കും. സ്റ്റാര്‍ട്ടപ്പ് വികസനത്തില്‍ സര്‍വകലാശാലകള്‍ വളരെ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. അപൂര്‍വം ചില സ്ഥാപനങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയില്‍ ഇത്തരമൊരു പ്രവണത കാണാന്‍ സാധിക്കില്ല. നമ്മുടെ പുതിയ സര്‍വകലാശാല-കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നവേഷന്‍ ആന്‍ഡ് ടെക്നോളജി- ഈ വിടവ് നികത്താനാണ് ശ്രമിക്കുന്നത്. ഫ്രീലാന്‍സ് സംരംഭകരുടേതും എന്തും സ്വന്തം ചെയ്യുന്ന 'ഡൂ ഇറ്റ് യുവര്‍സെല്‍വ്സ്' ഇന്നവേറ്റര്‍മാരുടേതുമാണ് ഡിജിറ്റല്‍ ലോകം. പുതുതലമുറ സ്റ്റാര്‍ട്ടപ്പ് സംരംഭകരെ വളര്‍ത്തിയെടുക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടിയുള്ള ശരിയായ ആവാസ വ്യവസ്ഥ ലഭ്യമാക്കുകയാണ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ ഉദ്ദേശ്യം.

 

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള താങ്കളുടെ സന്ദേശം?

 

ഒരു 'തച്ചുടയ്ക്കലി'ന്റെ (ഡിസ്റപ്ഷന്‍) വക്കിലാണ് ലോകം. സ്റ്റാര്‍ട്ടപ്പുകളാണ് ആ ഡിസ്റപ്ഷനെ നയിക്കുന്നത്. സാങ്കേതികവിദ്യയുടെ എളുപ്പത്തിലുള്ള ലഭ്യതയും മികച്ച പിന്തുണയുമുണ്ടെങ്കില്‍ സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്നവേറ്റര്‍മാര്‍ക്ക് സാധിക്കും. അത് സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ മൂല്യം ഉയര്‍ത്തുകയും ചെയ്യും. എന്നാല്‍ സ്റ്റാര്‍ട്ടപ്പ് ടീമിന്റെ സാങ്കേതിക ശേഷിയെയും ഉപഭോക്താക്കളുടെ ആവശ്യകതകളിലുള്ള അവരുടെ ഫോക്കസിനെയും ആശ്രയിച്ചിരിക്കും അത്. യുവാക്കളായ ഇന്നവേറ്റര്‍മാരെ പിന്തുണയ്ക്കുന്നതരത്തിലുള്ള അന്തരീക്ഷമാണ് ഇന്ന് രാജ്യത്തുള്ളത്.

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് മികച്ച പിന്തുണ നല്‍കുന്ന നിരവധി ഏജന്‍സികളുണ്ട്. ആഗോളതലത്തില്‍ അംഗീകാരം ലഭിക്കുന്ന തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനാണ് നവസംരംഭകര്‍ ശ്രമിക്കേണ്ടത്. മൂല്യക്കണക്കുകള്‍ക്കായി(വാല്യുവേഷന്‍) ഊര്‍ജം ചെലവിടുന്നതിന് പകരം വിപണിക്ക് യോജ്യമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് ശ്രമിക്കുന്നതാകും നല്ലത്. അടിത്തറ ശക്തമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏത് പ്രതിസന്ധിയെയും അതിജീവിച്ച് സുസ്ഥിരത കൈവരിക്കാനും വലിയ വിജയം കൈവരിക്കാനും സാധിക്കും.

ദിപിന്‍ ദാമോദരന്‍  

ബിസിനസ് വോയ്സ് എഡിറ്ററാണ് ലേഖകന്‍

 

 

 

  comment

  LATEST NEWS


  ഒളിമ്പിക്‌സിന് കാണികള്‍ വേണം: സീക്കോ


  തമിഴ്‌നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി


  അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്


  തീവ്രവാദികള്‍ക്കെതിരെ ബൈഡന്‍ പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍


  വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം


  ചെസ്സെഴുത്തിന്റെ കാരണവര്‍


  കഥയ മമ, കഥയ മമ


  ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.