×
login
സംസ്ഥാനത്ത് പോര്‍ക്ക് വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു; ബീഫിന്റെ ഉപഭോഗത്തില്‍ നേരിയ കുറവ്

ഡിമാണ്ട് കൂടുന്നതിനനുസരിച്ച് കേരളത്തില്‍ എല്ലായിടത്തും കൂടുതല്‍ വില്പനശാലകളും തുറക്കുന്നുണ്ട്

പന്നിയിറച്ചി, മാട്ടിറച്ചി, ആട്ടിറച്ചി എന്നിവയാണ് റെഡ് മീറ്റ് അഥവാ ചുവന്ന മാംസം എന്നറിയപ്പെടുന്നത്. കോഴി, താറാവ്, ടര്‍ക്കി തുടങ്ങിയ പക്ഷി വര്‍ഗ്ഗങ്ങളുടെ മാംസം വൈറ്റ് മീറ്റ് അഥവാ വെളുത്ത മാംസത്തിന്റെ കൂട്ടത്തില്‍ വരുന്നു. പ്രധാനമായും ഇവ തമ്മിലുള്ള വ്യത്യാസം മയോഗ്ലോബിന്‍ എന്നറിയപ്പെടുന്ന ഒരുതരം പ്രോട്ടീനിന്റെ അളവിലാണ്. റെഡ് മീറ്റില്‍ മയോഗ്ലോബിന്‍ കൂടുതലായി കാണപ്പെടുന്നു. അവയുടെ ചുവന്ന നിറത്തിനുള്ള കാരണവും അതാണ്. റെഡ് മീറ്റില്‍ കൊഴുപ്പിന്റെയും വൈറ്റമിനുകളുടേയും അളവും കൂടുതലാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷിക്കപ്പെടുന്ന മാംസം വൈറ്റ് മീറ്റ് (പക്ഷി മാംസം) ആണ്. ആരോഗ്യപരവും പാരിസ്ഥിതിക പരവുമായ കാരണങ്ങള്‍ അതിനു പിന്നിലുണ്ട്. വൈറ്റ് മീറ്റ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും ഭക്ഷിയ്ക്കപ്പെടുന്നത് പോര്‍ക്ക് ആണ്. ഭക്ഷ്യ വ്യവസായത്തില്‍ വൈറ്റ് മീറ്റ് ആയിട്ടാണ് പോര്‍ക്കിനെ കണക്കാക്കുന്നതെങ്കിലും പോഷക ഘടന വച്ച് റെഡ് മീറ്റുകളുടെ കൂട്ടത്തിലാണ് പെടുത്തിയിട്ടുള്ളത്. ഏഴായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മനുഷ്യര്‍ പന്നിയെ വളര്‍ത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2021 ലെ കണക്കനുസരിച്ച് 118 ദശലക്ഷം ടണ്‍ പന്നിയിറച്ചിയാണ് ലോകമെമ്പാടുമായി ഭക്ഷിയ്ക്കപ്പെട്ടത്. ഏറ്റവും അധികം പോര്‍ക്ക് ഉത്പാദിപ്പിയ്ക്കുന്ന രണ്ടു രാജ്യങ്ങള്‍ ചൈനയും അമേരിക്കയുമാണ്. ജനങ്ങളുടെ ഭക്ഷണക്രമത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുള്ള പോര്‍ക്കിന്റെ വില നിയന്ത്രിച്ചു നിര്‍ത്താനും ലഭ്യത ഉറപ്പു വരുത്തുന്നതിനുമായി പന്നിയുടെ ഒരു കരുതല്‍ ശേഖരം തന്നെ ചൈന നിലനിര്‍ത്തുന്നുണ്ട്. മാംസങ്ങളുടെ കൂട്ടത്തില്‍ ദഹിയ്ക്കാന്‍ എളുപ്പമുള്ളതും പോര്‍ക്ക് ആണെന്ന് കരുതപ്പെടുന്നു.


കേരളാ മൃഗസംരക്ഷണ വകുപ്പിന്റെ ഒരു സര്‍വ്വേ അനുസരിച്ച് കേരളത്തില്‍ ബീഫിന്റെ ഉപഭോഗത്തില്‍ നേരിയ ഒരു കുറവ് രേഖപ്പെടുത്തിയപ്പോള്‍, പോര്‍ക്കിന്റെ ഉപഭോഗം കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. ദേശീയ തലത്തില്‍ നോക്കുമ്പോള്‍ പോര്‍ക്കിന്റെ ഉപഭോഗത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും, പന്നി വളര്‍ത്തല്‍ രാജ്യത്ത് വികസിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു തൊഴില്‍ മേഖലയാണ്. വളരെ വേഗം വംശവര്‍ദ്ധനവ് നടത്താനുള്ള കഴിവിനു പുറമേ ആഹാരം വേഗത്തില്‍ മാംസമായി പരിവര്‍ത്തിപ്പിയ്ക്കാനുള്ള കഴിവും പന്നികളെ കര്‍ഷകരുടെ പ്രിയപ്പെട്ട വളര്‍ത്തു മൃഗമാക്കി മാറ്റുന്നു. ഹോട്ടലുകളിലേയും മറ്റുമുള്ള ആവശ്യങ്ങള്‍ക്കായി ഏകദേശം 500 ടണ്‍ സംസ്‌കരിച്ച പന്നി മാംസം വര്‍ഷം തോറും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുമുണ്ട്. മെച്ചപ്പെട്ട മാംസ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഈ രംഗത്തുള്ള സംരംഭകത്വത്തിന് വലിയ സാദ്ധ്യതയാണ് നിലവിലുള്ളത്.

ഗുണനിലവാരമുള്ള മാംസത്തിന്റെ ഇന്നത്തെ ലഭ്യതക്കുറവാണ് മാംസഭക്ഷണ പ്രിയരായ വലിയൊരു വിഭാഗം മലയാളികളെ പോര്‍ക്കില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. എന്നാല്‍ ആ സ്ഥിതി മാറി വരുന്നുണ്ട് എന്നാണ് ഹോട്ടല്‍ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ആധുനിക സംവിധാനങ്ങളുള്ള പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങളും, കശാപ്പു ശാലകളും കൂടുതല്‍ ഉണ്ടായാല്‍ കേരളത്തില്‍ പോര്‍ക്കിന് ആവശ്യക്കാര്‍ കൂടും എന്ന കാര്യത്തില്‍ സംശയമില്ല. ലോകമെങ്ങും ധാരാളമായി ഭക്ഷിയ്ക്കപ്പെടുന്നതു കൊണ്ടുതന്നെ വളരെ വ്യത്യസ്ഥങ്ങളായ രുചികളിലുള്ള ധാരാളം വിഭവങ്ങളും പ്രചാരത്തിലുണ്ട്. ലോകമെങ്ങും പോയിട്ടുള്ള മലയാളികള്‍ അത്തരം രുചിക്കൂട്ടുകളെ നാട്ടിലേക്ക് എത്തിയ്ക്കുന്നുണ്ട്. ഇന്ന് കേരളമെങ്ങും കാണുന്ന അറേബ്യന്‍ വിഭവങ്ങളുടെ പ്രചാരം അത്തരത്തില്‍ സംഭവിച്ചതാണ്. സോഷ്യല്‍ മീഡിയകളുടെ സഹായത്തോടെ പല രുചി പരീക്ഷണങ്ങളും നടത്താനാവും എന്നതും ഇന്നത്തെ അനുകൂല ഘടകമാണ്. 'അങ്കമാലി പോര്‍ക്ക് വരട്ടിയത്' പോലെ ഇതിനകം പേരെടുത്തു കഴിഞ്ഞ കേരളത്തിന്റെ തനതു വിഭവങ്ങള്‍ക്ക് പ്രചാരമുണ്ടാകുന്നത് നമ്മുടെ ടൂറിസ മേഖലയ്ക്ക് ഗുണകരമാകും. നമ്മുടെ  നാട്ടിലെ വിശേഷപ്പെട്ട രുചികള്‍ ആസ്വദിയ്ക്കുക എന്നത് ഇവിടെയെത്തുന്ന ടൂറിസ്റ്റുകളുടെ ഒരു പ്രധാന പരിപാടിയാണ്.

കേരള സര്‍ക്കാര്‍ സ്ഥാപനമായ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ എല്ലാം പാലിച്ചു കൊണ്ട്, സ്വന്തം പിഗ് ഫാമില്‍ വളര്‍ത്തിയെടുത്ത പന്നികളില്‍ നിന്ന് നല്ല ഗുണനിലവാരമുള്ള മാംസം തയ്യാറാക്കി വിപണിയില്‍ എത്തിക്കുന്നുണ്ട്. അതുകൊണ്ട് അനധികൃത കശാപ്പു ശാലകളില്‍ നിന്നുള്ള ഗുണ നിലവാരം കുറഞ്ഞ മാംസം ഒഴിവാക്കാന്‍ ഇന്ന് ഉപഭോക്താകള്‍ക്ക് അവസരമുണ്ട്. ഡിമാണ്ട് കൂടുന്നതിനനുസരിച്ച് കേരളത്തില്‍ എല്ലായിടത്തും കൂടുതല്‍ വില്പനശാലകളും തുറക്കുന്നുണ്ട്.

    comment

    LATEST NEWS


    കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.