×
login
അറിയുക 'ടാറ്റാ‍' യെ; കുത്തക വിരോധത്തോട് റ്റാറ്റാ പറയും: ലോകത്തിലെ ഏറ്റവും എത്തിക്കല്‍ ആയ ബിസിനസ് ഗ്രൂപ്പ്

ഡോഗ്‌സ് ആന്‍ഡ് ബ്രിട്‌സ് ആര്‍ നോട് അലവ്ഡ് (നായകള്‍ക്കും ബ്രിട്ടീഷുകാര്‍ക്കും പ്രവേശനം ഇല്ല).

ഓരോ ശരാശരി ഇന്ത്യക്കാരനും ദൈനംദിന ജീവിതത്തില്‍  ടാറ്റായുടെ ഏതെങ്കിലും  ഉത്പന്നം ഉപയോഗിക്കാതെ ഉറങ്ങുന്നില്ല. ഉപ്പു മുതല്‍ സോഫ്റ്റ്വെയര്‍ വരെ വരുന്ന പറഞ്ഞാല്‍ തീരാത്ത ടാറ്റ ഉത്പന്നങ്ങള്‍ എന്നും നമ്മുടെ ജീവിതത്തെ അറിയാതെ സ്പര്‍ശിക്കുന്നുണ്ട്. 

ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓര്‍ക്കേണ്ട പേരാണ് ടാറ്റ -  ഒരുപാട് കമ്പനികളോ ഒരായിരം പ്രൊഡക്ടുകളോ ഉള്ളതുകൊണ്ടല്ല;  ലോകത്തില്‍ ഏറ്റവും അധികം ബിസിനസ് എത്തിക്‌സ് (സാന്മാര്‍ഗിക നീതി ) പുലര്‍ത്തുന്ന വലിയ ബിസിനെസ്സ് ഗ്രൂപ് ആയി തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ് ആണ് ടാറ്റ. ഏഴേകാല്‍ ലക്ഷം ജോലിക്കാര്‍ ഉള്ളതും എത്രയോ ലക്ഷം റിട്ടയര്‍ ആയി പോവുകയും ചെയ്ത ടാറ്റ ഗ്രൂപ്പില്‍ ജോലിക്കു കയറുന്ന ഓരോ ഉദ്യോഗാര്‍ത്ഥിയും ടാറ്റ കോഡ് ഓഫ് കണ്ടക്ട് എന്നൊരു കൊച്ചു പുസ്തകം വായിച്ചു ഒപ്പിട്ടു കൊടുക്കണം, അതില്‍ പറഞ്ഞിട്ടുണ്ട് ഗ്രൂപ്പിലെ ബിസിനെസ്സ് മൂല്യങ്ങളെക്കുറിച്ചും അത് പാലിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും.

പഴയ പേര്‍ഷ്യയില്‍ നിന്നും ഗുജറാത്തിലെ നവസരായ് എന്ന നാട്ടില്‍ കുടിയേറിയ ടാറ്റ കുടുംബത്തിലെ അംഗമായിരുന്ന ജംഷെഡ്ജി ടാറ്റ ബിസിനസിലേക്ക് തിരിയുന്നത്1869ല്‍ 28 - മത്തെ വയസ്സില്‍ 21,000 രൂപ മുടക്കി ബോംബയില്‍ നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന എണ്ണമില്‍ ഏറ്റെടുത്തു അതൊരു തുണിമില്ലാക്കി മാറ്റികൊണ്ടാണ്. പിന്നീട് വളര്‍ച്ചയുടെ പാതയായിരുന്നു. 1874 ല്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഒന്നര ലക്ഷം രൂപ മുടക്കി അദ്ദേഹം തുടങ്ങിയ 'എമ്പ്രെസ്സ് മില്‍' ഇന്ത്യയുടെ തുണി വ്യവസായത്തെ വേറെ തലങ്ങളില്‍ എത്തിച്ചു. ആ കാലത്ത് വിക്ടോറിയ മഹാറാണി ഇന്ത്യയുടെ എമ്പ്രെസ്സ് ആയതുകൊണ്ടാണ് ആ പേര് സ്വീകരിച്ചത്.    ഉയര്‍ന്ന ബിസിനെസ്സ് ചിന്താഗതിയും പരന്ന വായനയും ഉണ്ടായിരുന്ന ജംഷെഡ്ജി ചെറുപ്രായത്തില്‍ തന്നെ പല ലോകരാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു. യൂറോപ്പില്‍ പങ്കെടുത്ത  മീറ്റിങ്ങില്‍ വെച്ചാണ് ഇന്ത്യയില്‍  സ്റ്റീല്‍ ഫാക്ടറി തുടങ്ങേണ്ട ആവശ്യകത മനസ്സിലാവുന്നത്. 

 

ജംഷെഡ്ജി 

 1893 ല്‍ ഒരു യൂറോപ്പ് യാത്രയിലാണ് ജംഷെഡ്ജി കപ്പലില്‍ വെച്ച് കാഷായവേഷധാരിയായ ചെറുപ്പക്കാരനെ പരിചയപ്പെട്ടു. തന്റെ ബിസിനെസ്സ് പ്ലാനുകളെക്കുറിച്ചു ഇന്ത്യക്കാരനായ, ഇംഗ്ലീഷ് പാണ്ഡിത്യമുള്ള ആ കാഷായവേഷധാരിയോട് അദ്ദേഹം സംസാരിച്ചു. ഭാരതം പോലെ പിന്നോക്കം നില്‍ക്കുന്ന രാജ്യത്തിന് മുന്നേറണമെങ്കില്‍ ഇന്ത്യയില്‍ വ്യവസായങ്ങള്‍ വരണമെന്നും അതിനു ആദ്യവേണ്ടത് രണ്ടു കാര്യങ്ങള്‍ ആണെന്നും അയാള്‍ ജംഷെഡ്ജിയോട് പറഞ്ഞു. ഒന്നാമത്തെ കാര്യം ശാസ്ത്രം വളരണം, ശാസ്ത്രീയമായ ചിന്തകള്‍ വളര്‍ത്തുന്നതിനുള്ള ഉന്നത വിദ്യാഭ്യാസം ഇന്ത്യയില്‍ ഉണ്ടാകണം, അതും ദക്ഷിണേന്ത്യയില്‍ തന്നെ ഉണ്ടാകണം. രണ്ടാമത്തെ കാര്യം ഇന്ത്യ സ്വന്തമായി ഇരുമ്പും സ്റ്റീലും ഉത്പാദിപ്പിക്കണം, അതിലൂടെ സ്വന്തമായി മെഷീനുകളും വ്യവസായങ്ങളും വളരും.  ആ യാത്രയില്‍ അവര്‍ പിരിയുമ്പോള്‍ എന്താണ് തന്റെ വഴി എന്നതിനെക്കുറിച്ചു ജംഷെഡ്ജിക്ക് ചിത്രം വ്യക്തമായിരുന്നു. ചിക്കാഗോയില്‍ ലോക മത സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു സംസാരിക്കാന്‍ പോകുന്ന സ്വാമി വിവേകാനന്ദന്‍ ആയിരുന്നു ആ കാഷായ വസ്ത്രധാരി.  

ഒരിക്കല്‍ അവിചാരിതമായി ഒരു ബ്രിട്ടീഷ് യാത്രികന്‍ എഴുതിയ  പുസ്തകം ജംഷെഡ്ജിയുടെ കൈയില്‍ വന്നുപെട്ടു.  ബിഹാറിലെ ആള്‍താമസം ഇല്ലാത്ത ചില പ്രദേശങ്ങളില്‍ ഒട്ടനവധി ഇരുമ്പ് അയിര് ശേഖരം ഉണ്ടെന്നുആ പുസ്തകത്തില്‍ വായിച്ചു. ബിഹാറിലെ മനുഷ്യവാസം ഇല്ലാത്ത ആ ഒരു ഏരിയ മുഴുവന്‍ ഏറ്റെടുത്ത അദ്ദേഹം വ്യാവസായിക ഇന്ത്യയുടെ ഭാവി മാറ്റിയെഴുതിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുമ്പു ഫാക്ടറിയായ ടാറ്റ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി (TISCO) അവിടെ ഉയര്‍ത്തിയതും ലോകത്തിലെ ഏറ്റവും നല്ല വ്യാവസായിക രീതികളും നയങ്ങളും രൂപപ്പെട്ടതും ഇന്ത്യയുടെ വ്യാവസായിക ചരിത്രം. (8 മണിക്കൂര്‍ മാത്രം ജോലി, പ്രോവിഡന്റ് ഫണ്ട്,  ഇ എസ ഐ,  തൊഴിലാളികള്‍ക്കുള്ള താമസം, ആശുപത്രി, വിദ്യാഭ്യാസം, യൂണിയന്‍ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കണം എന്നിങ്ങനെ ഇന്ത്യയെന്നല്ല ലോകം അതുവരെ കണ്ടിട്ടില്ലാത്ത പല നയങ്ങളും അവിടെ കൊണ്ടുവന്നു. ആ നഗരം അദ്ദേഹത്തിന്റെ പേരില്‍ പിന്നീട് ജംഷെഡുപുര്‍ എന്നറിയപ്പെട്ടെങ്കിലും ടിസ്‌കോയുടെ വളര്‍ച്ച കാണും മുന്‍പേ അദ്ദേഹം വിട പറഞ്ഞു.  

അതെ സമയം ദക്ഷിണേന്ത്യയില്‍, ബാംഗ്ലൂരില്‍, ശാസ്ത്രത്തിന്റെ ഗവേഷണത്തിനും വളര്‍ച്ചക്കും വേണ്ടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്ന സ്ഥാപനം തുടങ്ങിയ ശേഷം ആ സന്തോഷം അറിയിച്ചു കൊണ്ട് അദ്ദേഹം സ്വാമി വിവേകാനന്ദന് കത്തയക്കുകയും ചെയ്തു. പ്രശസ്തമായ ആ സ്ഥാപനം ഇപ്പോള്‍ ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ സയന്‍സ് സര്‍വകലാശാലകളില്‍ ഒന്നാണ്.  

ഒരിക്കല്‍ ബോംബയിലെ വാട്‌സണ്‍ ഹോട്ടലിലുമുന്പില്‍ 'ഡോഗ്‌സ് ആന്‍ഡ് ഇന്ത്യന്‍സ് ആര്‍ നോട് അലവ്ഡ് (നായകള്‍ക്കും ഇന്ത്യക്കാര്‍ക്കും പ്രവേശനമില്ല) എന്ന ബോര്‍ഡ് കണ്ടു രക്തം തിളച്ച  ജംഷെഡ്ജി 1903 ല്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി പണിതുയര്‍ത്തിയതാണ് ഇന്ത്യയിലെ ആദ്യത്തെ, ഇന്നും ഉന്നതിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ബോംബയിലെ താജ് ഹോട്ടല്‍.   അന്നതിന് മുന്‍പില്‍ ജംഷെഡ്ജി വലിയൊരു ബോര്‍ഡ് വെച്ചു -    ഡോഗ്‌സ് ആന്‍ഡ് ബ്രിട്‌സ് ആര്‍ നോട് അലവ്ഡ് (നായകള്‍ക്കും ബ്രിട്ടീഷുകാര്‍ക്കും പ്രവേശനം ഇല്ല).

സാധാരണ ഇന്ത്യന്‍ ബിസിനെസ്സ് കുടുംബങ്ങളില്‍ കാണുന്നതുപോലെ പിതാവില്‍ നിന്നും മക്കള്‍ക്ക് ബിസിനെസ്സ് കൈമാറുന്ന വ്യവസ്ഥിതി ടാറ്റയില്‍ ഇല്ല. ഏറ്റവും കഴിവുള്ള, എല്ലാവരും കൂടി ചേര്‍ന്ന് തീരുമാനിക്കുന്ന ഒരാള്‍ പിന്നീട് ഗ്രൂപ്പിനെ നയിക്കുന്ന രീതിയാണ് ടാറ്റയില്‍.  അതുകൊണ്ടാണല്ലോ രയറോത്തു കുട്ടമ്പള്ളി കൃഷ്ണകുമാര്‍  എന്ന തലശ്ശേരിക്കാരന്‍ വര്‍ഷങ്ങളോളം താജ് ഹോട്ടല്‍സും ടാറ്റ ടീയും അടക്കമുള്ള ഗ്രൂപ് കമ്പനികളുടെ അമരക്കാരന്‍ ആയത്.

ടാറ്റായുടെ കഥകളില്‍ പലരും അറിയാത്ത ഒരുപാട്  മലയാളികള്‍  ഉണ്ട്. സാമ്പത്തിക ശാസ്ത്ര വിദഗ്ധനായ ഡോക്ടര്‍ ജോണ്‍ മത്തായി അവരില്‍ ഒരാളാണ്. ടാറ്റ ഗ്രൂപ്പില്‍ ഡയറക്ടര്‍ ആയിരുന്ന ജോണ്‍ മത്തായി എന്ന സാമ്പത്തിക വിദഗ്ദ്ധന്‍ നെഹ്രുവിന്റെ അഭ്യര്‍ത്ഥന പ്രകാരം ആദ്യത്തെ നെഹ്റു മന്ത്രി സഭയില്‍ ഇന്ത്യയുടെ ആദ്യത്തെ റെയില്‍വേ മന്ത്രിയായും പിന്നീട് ഇന്ത്യയുടെ ധനവകുപ്പ് മന്ത്രിയായും മാറി. പക്ഷെ സാമ്പത്തിക കാര്യത്തിലുള്ള ആ മലയാളിയുടെ ദീര്‍ഘവീക്ഷണം ഉള്‍ക്കൊള്ളാന്‍ പ്രധാന മന്ത്രിക്ക് ആവാതെപോയതും പ്ലാനിംഗ് കമ്മീഷന് അധിക സ്വാതന്ത്രം നല്‍കുന്നു എന്നതും ആ ജോലി ഉപേക്ഷിച്ചു വീണ്ടും ടാറ്റയിലേക്ക് തിരിച്ചു വരാനും കാരണമായി. ഭാരതത്തിന്റെ ആദ്യത്തെ 2 ബഡ്ജറ്റുകള്‍ അവതരിപ്പിക്കുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ചെയര്‍മാന്‍ ആയിരിക്കുകയും മദ്രാസ് സര്‍വ്വകലാശാലയുടെയും കേരള സര്‍വ്വകലാശാലയുടെയും വി സി ആയിരിക്കുകയും രാജ്യം പദ്മ വിഭൂഷന്‍ നല്‍കി ആദരിക്കുകയും ചെയ്ത ആ വിദഗ്ദ്ധനെ മലയാളി എത്രമാത്രം അടുത്തറിഞ്ഞിട്ടുണ്ട് എന്ന് സംശയമുണ്ട്.

ജംഷെഡ്ജിയെ  തുടര്‍ന്ന് വന്ന തലമുറകളില്‍ ഏറ്റവും പ്രഗത്ഭനും പ്രശസ്തനും ദീര്‍ഘകാലം ചെയര്‍മാനും ആയിരുന്നു ജെ ആര്‍ ഡി ടാറ്റ.

 ജെ ആര്‍ ഡി ടാറ്റ.

ഇന്ത്യയിലെ ഒന്നാം നമ്പര്‍ പൈലറ്റ് ലൈസെന്‍സ് കിട്ടിയത് ജെ ആര്‍ ഡി ടാറ്റക്കായിരുന്നു. സ്വന്തമായി തുടങ്ങിയ ടാറ്റ എയര്‍ലൈന്‍സ് എന്ന കമ്പനി  ഒരു വാക്കുപോലും പറയാതെ  ദേശവല്‍ക്കരിച്ചത് പിറ്റേന്നത്തെ പത്രത്തില്‍ നിന്നും വായിക്കേണ്ടി വന്നത് ഇന്ത്യയുടെ ബിസിനസ്സ് ചരിത്രത്തില്‍ ജെ ആര്‍ ഡി  ടാറ്റ എന്ന അതികായനെ കരയിപ്പിച്ച ദിവസം.  എയര്‍ ഇന്ത്യ എന്ന് നെഹ്റു പേര് മാറ്റിയ ആ കമ്പനിക്ക് ഇന്ന് മുന്നോട്ടു പോകാന്‍ ആവാതെ കഷ്ടപ്പെടുമ്പോള്‍ ടാറ്റ വിസ്താര എന്ന ടാറ്റായുടെ എയര്‍ലൈന്‍സ് കമ്പനി എയര്‍ ഇന്ത്യക്ക് വിലപറയുന്നുണ്ടെങ്കില്‍ അത് കാലം കാത്തുവെച്ച മധുര പ്രതികാരം.

ലാക്‌മേ എന്ന ടാറ്റായുടെ കോസ്‌മെറ്റിക്സ് പ്രൊഡക്ടുകളുടെ സാമ്പിള്‍  സ്വീകരിച്ചുകൊണ്ട് ഇന്ദിരാഗാന്ധി ജെ ആര്‍ ഡി ടാറ്റക്ക് അയച്ച കത്തില്‍ ആദ്യമായാണ് താന്‍ മേക്ക് അപ്പ സാധനങ്ങള്‍ ഉപയോഗിക്കുന്നതെന്നും ടാറ്റായുടെ ആയതുകൊണ്ടാണ് എന്നും പറയുന്നുണ്ട്.

തിരുവനന്തപുരത്ത് രാജകുടുംബത്തിലെ ഇളമുറക്കാരന്‍ ബോംബെയില്‍ ഒരു അപകടത്തില്‍ മരിച്ചപ്പോള്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനായി എന്തു ചെയ്യണം എന്ന ആലോചനയില്‍ രാജാവ് തന്റെ പ്രതിനിധിയോടു പറഞ്ഞു, ജെ ആര്‍ ഡി ടാറ്റയെ പോയി കണ്ടാല്‍ മതിയെന്ന്. ടാറ്റയെ കാണാന്‍ പോയ പ്രതിനിധിയോടു ബാറ്റ് കളി നിര്‍ത്താതെ തന്നെ അദ്ദേഹം പറഞ്ഞത് 'ബാക്കി ഒരുക്കങ്ങള്‍ ചെയ്‌തോളൂ, ബോഡി സമയത്തു അവിടെ എത്തിയിരിക്കും എന്ന് രാജാവിനെ അറിയിക്കുക' എന്നാണ്. തിരുവിതാംകൂറിന്റെ മണ്ണില്‍ ആദ്യമായി ഒരു വിമാനം ഇറങ്ങിയത് ഒരു മൃതദേഹവുമായി ടാറ്റാ എയര്‍ലൈന്‍സ് ആയിരുന്നു എന്നതും ചരിത്രം.

സുധ മൂര്‍ത്തി, നാരായണമൂര്‍ത്തി

ടാറ്റ സ്റ്റീലിന്റെ ഫാക്ടറിയിലേക്ക് എഞ്ചിനീയര്‍മാരെ വിളിച്ചുകൊണ്ടുള്ള അപേക്ഷയില്‍ സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല എന്ന് എഴുതിയിരിക്കുന്നത് കണ്ടപ്പോള്‍ ബാംഗ്ലൂര്‍കാരിയായ സുധ എന്നൊരു എഞ്ചിനീയര്‍ പെണ്‍കുട്ടി അതിനെതിരെ കത്തെഴുതിയത് നേരെ അവരുടെ ചെയര്‍മാന്. കത്ത് വായിച്ച സാക്ഷാല്‍ ജെ ആര്‍ ഡി ടാറ്റ പെണ്‍കുട്ടിയോട് നേരിട്ട് ഹാജരാകാന്‍ പറഞ്ഞതും ബോംബയില്‍ എത്തിയ സുധയോട് പുരുഷന്മാര്‍ മാത്രം ജോലി ചെയ്യുന്ന ഫാക്ടറി ആയതു കൊണ്ടാണ് അങ്ങനെ പരസ്യം ചെയ്തത് എന്നും പറഞ്ഞതും സുധക്ക് താല്പര്യമാണെങ്കില്‍ അവിടെ ജോലി ചെയ്യാം എന്നും പറഞ്ഞതും രേഖകള്‍. രണ്ടും കല്പിച്ചു ജോലിക്കു കയറിയ സുധ പിന്നീട് ടാറ്റായുടെ ഹെഡ് ഓഫീസില്‍ ജോലി ചെയ്യുന്ന കാലം.ഒരുനാള്‍ സന്ധ്യ കഴിഞ്ഞു ടാറ്റ ഹെഡ് ഓഫീസിനു താഴെ ഒറ്റക്ക് നില്‍ക്കുമ്പോളാണ്  ചെയര്‍മാന്‍  ജെ ആര്‍ ഡി താഴേക്ക് ഇറങ്ങി വന്നത്.  എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ച ജെ ആര്‍ ഡിയോട് തന്റെ പ്രിയതമനെ കാത്തു നില്‍ക്കുകയാണെന്ന് പറഞ്ഞ സുധക്ക് ആ പറഞ്ഞ പ്രിയതമന്‍ വരുന്നത് വരെ കമ്പനി കൊടുത്ത് അവിടെനിന്ന ചെയര്‍മാന്റെ ലാളിത്യത്തെക്കുറിച്ച് സുധ പിന്നീട് എഴുതുകയുണ്ടായി. അന്ന് ഒരു ചപ്പടാച്ചി സ്‌കൂട്ടര്‍ ഓടിച്ചു വന്ന ആ പ്രിയതമന്‍ ആണ് ഇന്ന് ലോകപ്രശസ്തമായ ഇന്‍ഫോസിസ് കമ്പനിയുടെ മുന്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തി എന്നതും സുധ എന്ന സുധ നാരായണമൂര്‍ത്തി ഇന്നും തന്റെ ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോ ജെ ആര്‍ ഡി ടാറ്റയുടേതാണ് എന്നതും കാലത്തിന്റെ കനിവുകള്‍.

ടാറ്റ മോട്ടോര്‍സ് പുതിയ ഒരു വണ്ടി ആസൂത്രണം ചെയ്യുന്ന കാലത്തു അതിനു വേണ്ടി അഹോരാത്രം പണിയെടുത്ത അതിന്റെ തലവനായിരുന്ന സുമന്ത് മോല്‍ഗാവോങ്കര്‍ എന്നും ഊണ് സമയത്ത്,  റോഡരികില്‍ വണ്ടി നിര്‍ത്തി ആഹാരം കഴിക്കുന്ന സാധാരണക്കാരായ വണ്ടി ഡ്രൈവര്‍ മാരുടെ കൂടെ പോയിരുന്നു ആഹാരം കഴിക്കുമായിരുന്നു. ടാറ്റയുടെ പുതിയ വണ്ടിയില്‍ ഉണ്ടാകേണ്ടതും ഡ്രൈവര്‍മാര്‍ ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നും ഉപേക്ഷിക്കേണ്ടത് എന്തൊക്കെയാണെന്നും അദ്ദേഹം മനസ്സിലാക്കി എടുത്തത് ആ ആഹാര സമയത്തായിരുന്നു. അതിന്റെ ഫലമായി ടാറ്റ പുറത്തിറക്കിയ ടാറ്റ സുമോ എന്ന വാഹനത്തിന്റെ രണ്ടാം പേരായാ സുമോ ഒരു ജപ്പാനീസ് പേരാണെന്ന് നിങ്ങള്‍ കരുതിയോ. കമ്പനിയുടെ തലവനായ, ആ വണ്ടിക്കു പുറകിലെ ബുദ്ധിയായ സുമന്ത് മോല്‍ഗാവോങ്കറിന്റെ പേരിലെ ആദ്യാക്ഷരങ്ങള്‍ ആയിരുന്നു സുമോ.    

 കൃഷ്ണകുമാര്‍  ,ജോണ്‍ മത്തായി

തേയിലയുടെ ചെടികള്‍ നടാന്‍ പുതിയ മലകള്‍ മൂന്നാറില്‍ കാണിച്ചു കൊടുത്ത ആദിവാസികളായ കണ്ണന്റെയും തേവന്റെയും പേരില്‍ 'Kannan Devan' എന്ന ബ്രാന്‍ഡ് ഉണ്ടാക്കാനും ടാറ്റക്ക് അല്ലാതെ ഏതു കമ്പനിക്ക് കഴിയും? മൂന്നാര്‍ പോലെയൊരു ഉപേക്ഷിത മേഖലയെ തൊഴില്‍ ശാലകളും, ആശുപത്രികളും ഉയര്‍ന്ന ഇംഗ്ലീഷ് വിദ്യാഭ്യാസം, ശമ്പളം, ലീവ്, മറ്റാനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ആക്കി മാറ്റാന്‍ ടാറ്റാക്ക് അല്ലാതെ മറ്റ് ആര്‍ക്ക് കഴിയും. അതും കഴിഞ്ഞു ടാറ്റ ടീ എന്ന ഇന്ത്യയിലെ ചെറിയൊരു കമ്പനി യൂറോപ്പിലെ ഏറ്റവും വലിയ തേയില കമ്പനിയായ TETLEY എന്ന കമ്പനിയെ ഒന്നാകെ ഏറ്റെടുത്തു വിഴുങ്ങിയപ്പോള്‍ ബിസിനെസ്സ് ലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാരണം ഒരു വലിയ ആനയെ ഒരു കുഴിയാന വിഴുങ്ങിയതു പോലെയായിരുന്നു അത്. ഗ്രൂപ്പിന്റെ സപ്പോര്‍ട് ഉണ്ടായിരുന്നത്‌കൊണ്ട് കുഴിയാനക്ക് അത് സാധിക്കുകയും ഇന്ന് വളര്‍ന്നു ലോകത്തിലെ ഏറ്റവും വലിയ ടാറ്റ ഗ്ലോബല്‍ ബിവറേജസ് എന്ന പടുകൂറ്റന്‍ കമ്പനി ആയി മാറുകയും ചെയ്തു. തുടര്‍ന്ന് ടാറ്റ ടാറ്റ ടീയുടെ 70 ശതമാനം തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കുമായി കൈമാറിയതും തുടര്‍ന്ന് കമ്പനി ഉയര്‍ന്ന സാമ്പത്തിക ലാഭം ഉണ്ടാക്കിയതും ബിസിനെസ്സ് ക്ളാസ്സുകളില്‍ പഠിക്കാനുള്ള പാഠം.

കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും ഒരിക്കലും ബിസിനസ് വളര്‍ത്താന്‍ ഉപയോഗിക്കില്ല എന്നത് ഒരു അടിസ്ഥാന കമ്പനി പോളിസി ആയി കൊണ്ട് നടക്കുന്നതിനാല്‍ ടാറ്റ ഗ്രൂപ്പ്, രാഷ്ട്രീയക്കാര്‍ക്കും മീഡിയകള്‍ക്കും അത്ര പ്രിയപ്പെട്ടവരല്ല.  

ഒരിക്കല്‍ ബ്രിട്ടീഷ് കംബനിയായിരുന്ന റേഞ്ച് റോവറിന്റെയും ജാഗുവറിന്റെയും ഇന്നത്തെ ഉടമസ്ഥരായ ടാറ്റ മോട്ടോഴ്‌സ് എന്ന ടാറ്റ കമ്പനി ടാറ്റ സണ്‍സിന്റെ ലോകം മൊത്തം പരന്ന് കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണു. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള നൂറോളം കമ്പനികള്‍ ഏതൊക്കെയാണെന്ന് ആ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന പലര്‍ക്കും പരസ്പരം അറിയില്ല എന്നതാണ് രസം. അത്രക്ക് വിശാലമാണ് ആ ലോകം. ഗ്രൂപ്പില്‍ തന്നെ കമ്പനികള്‍ പലതും ഉണ്ടെങ്കിലും, ടാറ്റ എന്ന നാലക്ഷരം ഗ്രൂപ്പിലെ എല്ലാവര്ക്കും ഉപയോഗിക്കാന്‍ ആവില്ല. അതിനു ചില മാനദണ്ഡങ്ങള്‍ ഉണ്ട്. ഇന്റേണല്‍ അസ്സെസ്സ്‌മെന്റ് കമ്മറ്റികള്‍ നടത്തുന്ന പല തരത്തിലുള്ള വിലയിരുത്തലുകള്‍ക്ക് ശേഷമേ ഈ വാക്ക് ഉപയോഗിക്കാന്‍ പറ്റു. ആ നിലവാരത്തില്‍ എത്തിയിട്ടും ആ നാലക്ഷരം ഉപയോഗിക്കാതെ വലിയ നിലയില്‍ മുന്നിട്ടുനില്‍ക്കുന്ന കമ്പനികള്‍ തന്നെ ടാറ്റ ഗ്രൂപ്പിന് അകത്തുണ്ട്, ഉദാഹരണത്തിന് താജ് ഗ്രൂപ് ഹോട്ടല്‍സ്, വോള്‍ട്ടാസ്, ടൈറ്റാന്‍ വാച്ചസ് എന്നിങ്ങനെ മുന്‍നിരയില്‍ നില്‍ക്കുന്ന പല ഗ്രൂപ്പ് കമ്പനികളും ടാറ്റ എന്ന വാക്ക് ഉപയോഗിക്കുന്നില്ല. ആ വാക്ക് ഉപയോഗിക്കാത്തത് കൊണ്ട് തന്നെ നമുക്കറിയുന്ന പല കമ്പനികളും ടാറ്റ ഗ്രൂപ്പിന്റേതാണ് എന്ന് നമുക്കും അറിയില്ല. (ഉദാ : TANISHQ , TETLEY , VSNL )_

രത്തന്‍ ടാറ്റ

നൂറോളം കമ്പനികള്‍, TCS എന്ന ഒറ്റ ഐ ടി കമ്പനി മാത്രമെടുത്താല്‍തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി കരുതുന്ന റിലയന്‍സ് ഇന്‍ഡസ്റ്റ്രീസിന്റെ അത്രയും ആസ്ഥി വരും.

ടാറ്റയുടെ വരുമാനത്തിന്റെ 90%വും വരുന്നത് ഇന്ത്യക്ക് പുറത്തുനിന്നാണ്. സാധാരണക്കാരനെ പിഴിഞ്ഞല്ല ടാറ്റ കമ്പനികള്‍ പൊതുവെ ലാഭമുണ്ടാക്കാറുള്ളത്. TCSന്റെ യൊക്കെ ഏറ്റവും വലിയ ക്ലയന്റ്‌സ് Microosft, Google Facebook പോലുള്ള വന്‍കിട കോര്‍പ്പറേറ്റുകളാണ്.

ഉപ്പു മുതല്‍ സോഫ്റ്റ്വെയര്‍ വരെയുള്ള എല്ലാ ബിസിനസിലുമുണ്ടെങ്കിലും entertainment, alcohol & tobacco ബിസിനസില്‍ ടാറ്റയില്ല, വരികയുമില്ല!

ലോകത്തെ മുഴുവന്‍ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 24%ല്‍ അധികവും കടന്നു പോകുന്നത് ടാറ്റയുടെ കേബിള്‍ ശൃംഖലയിലൂടെയാണ്.


ടാറ്റാ ഗ്രൂപ്പിന്റെ 66% ലാഭവിഹിതം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി (TATA Trust) ആണ് വിനിയോഗിക്കുന്നത്.

ഇന്ത്യയിലാദ്യമായി Daycare, പ്രസവ അവധി, പ്രൊവിഡന്റ് ഫണ്ട് (PF) എന്നിവ ജോലിക്കാര്‍ക്കായി നടപ്പിലാക്കി, പിന്നീടാണ് ഗവണ്‍മെന്റുകള്‍ പോലും നടപ്പിലാക്കി തുടങ്ങിയത്.  

കൈകൂലി കൊടുക്കുകയും വാങ്ങുകയുമില്ല എന്നത് പ്രഖ്യാപിത നയമാണ്. നിരവധി കരാറുകള്‍ ടാറ്റ അതുമൂലം വേണ്ടെന്നു വച്ചിട്ടുണ്ട്.

Indian Institute of Science (IISc), TATA Institute of Fundamental Research (TIFR), TATA Institute of Social Science (TISS) തുടങ്ങി അനവധി രാജ്യാന്തര നിലവാരമുള്ള പഠന കേന്ദ്രങ്ങള്‍,  നിരവധി ആശുപത്രികള്‍, ഇന്ത്യയിലെ ഏറ്റവും വലിയ കാന്‍സര്‍ ചികിത്സാകേന്ദ്രമായ ബോംബയിലെ ടാറ്റ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,  റിസര്‍ച്ച് സെന്ററുകള്‍, സ്‌പോട്‌സ് കേന്ദ്രങ്ങള്‍ തുടങ്ങിയവ രാജ്യത്തിന് നല്‍കി.

ഇന്ത്യയിലെ ഏറ്റവും വലിയ integrated corporate company ടാറ്റയാണ് (724000 ജോലിക്കാര്‍, 100ല്‍ അധികം രാജ്യങ്ങളില്‍ പ്രവര്‍ത്തനം).

ആപ്ത വാക്യം:  ഹുമത ഹുക്ത ഹവര്‍ഷത (good thoughts, good words and good deeds).- നല്ല ചിന്തകള്‍, നല്ല വാക്കുകള്‍, നല്ല കര്‍മങ്ങള്‍.

TATA Global Beverages ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയാണ്

TATA Chemicals ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ osda ash (സോഡാ ആഷ്) നിര്‍മ്മാണ കമ്പനിയാണ്.

TATA Motors ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാഹനനിര്‍മ്മാതാക്കളില്‍ ആദ്യ 10ല്‍ ഉള്‍പ്പെടുന്ന കമ്പനിയാണ്. Jaguar, Land Rover എന്നീ ആഡംബര കാര്‍ ബ്രാന്‍ഡുകളുടെ ഉടമ Tata Motors ആണ്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച പാസ്സഞ്ചര്‍ കാറായാ ഇന്‍ഡികയും സാധാരണക്കാരന് താങ്ങാവുന്ന കാറായ നാനോയും ടാറ്റ മോട്ടോഴ്‌സിന്റെ സംഭാവനയാണ്.

TCS (Tata Consultancy Services) ലോകത്തിലെ വലിയ രണ്ടാമത്തെ IT Service കമ്പനിയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ integrated power company ആണ് TATA Power.

ഭാരത് രത്‌ന ലഭിച്ച ആദ്യ ഇന്ത്യന്‍ വ്യവസായി ആണ് JRD Tata.

ടാറ്റാ ഗ്രൂപ്പിന്റെ മുഴുവന്‍ ആസ്തിയും രത്തന്‍ ടാറ്റയുടെ പേരിലേക്ക് മാറ്റിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ അദ്ദേഹം ആകുമായിരുന്നു.

ഒന്നാം ലോക മഹായുദ്ധ കാലത്ത് മുംബൈ താജ് ഹോട്ടല്‍ 600 ബെഡുള്ള ആശുപത്രിയാക്കിയിരുന്നു ടാറ്റാ ഗ്രൂപ്പ്.

ലോകത്ത് ആദ്യമായി 8 മണിക്കൂര്‍ ജോലി നടപ്പാക്കി (1912).

തീവ്രവാദികള്‍ ബോംബെ ആക്രമിച്ചപ്പോള്‍ (9 /11 ) അന്ന് നഷ്ടം സംഭവിച്ചവര്‍ക്കെല്ലാം ടാറ്റ ഗ്രൂപ് ഒരു തുക എല്ലാ മാസവും അന്ന് മുതല്‍ എന്നും വീട്ടില്‍ എത്തിച്ചു നല്‍കുന്നു, അത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.  

1932 ല്‍ Tata Aviation Services ആരംഭിച്ചു. പിന്നീടത് Tata Airlines ആയി. ഇന്ത്യാ ഗവണ്‍മെന്റിന് വിട്ടുകൊടുത്തപ്പോള്‍ ഇപ്പോഴത്തെ Air India ഉം ആയി.

ഇന്ത്യയില്‍ ആദ്യമായി വിമാനം പറത്തിയതും പൈലറ്റ് ലൈസന്‍സ് നേടിയതും JRD ടാറ്റയാണ്.

ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളില്‍ മുമ്പിലുള്ള അമേരിക്കയിലെ ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ ഒരു ബില്‍ഡിങ്ങിന്റെ പേര് ടാറ്റാ ഹാള്‍ എന്നാണ്.

CSR (Corporate Social Responsibility) activities ലോകത്ത് ആദ്യമായി നടപ്പിലാക്കിയ കമ്പനി ടാറ്റയാണ്. പിന്നീട് ലോകം അത് അനുകരിച്ചു, രാജ്യങ്ങള്‍ നിയമമാക്കി.

സമ്പത്തിനേക്കാള്‍ അധികമായി രാജ്യസ്‌നേഹത്തിന്റെയും തൊഴിലാളി സ്‌നേഹത്തിന്റെയും അടിയുറച്ച നീതിയുടെയും മൂല്യത്തിന്റെയും മാര്‍ഗത്തില്‍ മാത്രം പോകുന്നതുകൊണ്ട് ഒട്ടനവധി ബിസിനസ്സുകള്‍ നഷ്ടപ്പെടുകയും പ്രൊജെക്ടുകള്‍ വേണ്ടെന്നു വെക്കുകയും ചെയ്തിട്ടുണ്ട് ടാറ്റ ഗ്രൂപ്.

പക്ഷെ ഒരിക്കലും തങ്ങളുടെ മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കില്ല എന്നതിന്റെയും മറ്റെന്തിനേക്കാളും മുന്‍പില്‍ രാജ്യമാണെന്നും വിശ്വസിക്കുന്നതുകൊണ്ടാണ് ടാറ്റ ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും എത്തിക്കല്‍ ആയ ബിസിനസ് ഗ്രൂപ്പ് ആയി തെരഞ്ഞെടുക്കപ്പെടുന്നതും രാജ്യം ആവശ്യപ്പെടുകയാണെങ്കില്‍ കൊറോണയെ തോല്‍പ്പിക്കാന്‍ തന്റെ മുഴുവന്‍ സമ്പാദ്യവും നല്‍കാന്‍ താന്‍ തയ്യാറാണെന്ന് രത്തന്‍ ടാറ്റക്ക് പറയാന്‍ ആവുന്നതും.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.