×
login
ഇഎസ്‌ഐ കോര്‍പ്പറേഷന്‍ മേഖലാ ഓഫീസുകളില്‍ യുഡി ക്ലര്‍ക്ക്, സ്റ്റെനോഗ്രാഫര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്

സ്ഥിരം ഒഴിവുകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിനാണ് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ മേഖലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.

എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ഇഎസ്‌ഐസി) വിവിധ മേഖലാ ഓഫീസുകളിലേക്ക് അപ്പര്‍ ഡിവിഷന്‍ (യുഡി) ക്ലര്‍ക്ക് (ഒഴിവുകള്‍ 1735), സ്റ്റെനോഗ്രാഫര്‍ (165), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്)(1947) തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 3847 ഒഴിവുകളാണുള്ളത്.

കേരള മേഖലയുടെ കീഴില്‍ (തൃശൂര്‍) യുഡി ക്ലര്‍ക്ക് തസ്തികയില്‍ 6, സ്റ്റെനോഗ്രാഫര്‍-4, മള്‍ട്ടിടാസ്‌കിങ് സ്റ്റാഫ്-60 എന്നിങ്ങനെയാണ് ഒഴിവുകള്‍. തമിഴ്‌നാട് മേഖലയില്‍ യുഡിസി-150, സ്റ്റെനോ-16, എംടിഎസ്-219, കര്‍ണാടക മേഖലയില്‍ യുഡിസി-199, സ്‌റ്റെനോ-16, എംടിഎസ്-219, കര്‍ണാടക മേഖലയില്‍ യുഡിസി-199, സ്‌റ്റെനോ-18, എംടിഎസ്-65 എന്നിങ്ങനെ ഒഴിവുകള്‍ ലഭ്യമാണ്. എല്ലാ മേഖലകളിലെയും തസ്തിക തിരിച്ചുള്ള ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.esic.nic.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

സ്ഥിരം ഒഴിവുകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിനാണ് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ മേഖലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.

യോഗ്യത- യുഡി ക്ലര്‍ക്ക് തസ്തികയ്ക്ക് അംഗീകൃത സര്‍വകലാശാലാ ബിരുദവും കമ്പ്യൂട്ടര്‍ വര്‍ക്കിങ് നോളഡ്ജും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  ശമ്പള നിരക്ക് 25,500-81100 രൂപ. പ്രായം 2022 ഫെബ്രുവരി 15 ന് 18-27 വയസ്സ്.

സ്റ്റെനോഗ്രാഫര്‍ തസ്തികയ്ക്ക് പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. സ്‌കില്‍ ടെസ്റ്റ്-ഡിക്‌റ്റേഷന്‍-10 മിനിട്ട് (മിനിട്ടില്‍ 80 വാക്ക് വേഗതയുണ്ടാകണം), ട്രാന്‍സ്‌ക്രിപ്ഷന്‍-50 മിനിട്ട് (ഇംഗ്ലീഷ്), 65 മിനിട്ട് (ഹിന്ദി) (കമ്പ്യൂട്ടറില്‍ മാത്രം). ശമ്പളനിരക്ക് 25,500-81100 രൂപ. പ്രായം 18-27 വയസ്സ്.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയ്ക്ക് മെട്രിക്കുലേഷന്‍/എസ്എസ്എല്‍സി/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരുന്നാല്‍ മതി. പ്രായം 18-25 വയസ്സ്. ശമ്പള നിരക്ക് 18000-56900 രൂപ.

പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 വര്‍ഷവും ഒബിസി വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി)10 വര്‍ഷവും വിമുക്ത ഭടന്മാര്‍ക്ക് ഇഎസ്‌ഐസി ജീവനക്കാര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. ശമ്പളത്തിന് പുറമെ ക്ഷാമബത്ത, വീട്ടുവാടക ബത്ത, യാത്രാബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.

ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ്-500 രൂപ. വനിതകള്‍, എസ്‌സി/എസ്ടി/പിഡബ്ല്യുഡി/ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍/വിമുക്ത ഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപ മതി. ബാങ്കാ ട്രാന്‍സാക്ഷന്‍ ചാര്‍ജ് കൂടി നല്‍കേണ്ടി വരും. ഡബിറ്റ് കാര്‍ഡ് (റുപേ/വിസ/മാസ്റ്റര്‍ കാര്‍ഡ്)/ക്രഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.

അപേക്ഷ ഓണ്‍ലൈനായി ജനുവരി 15 മുതല്‍  www.esic.nic.in ല്‍ സമര്‍പ്പിക്കാം.  APPLY Online for Recruitment to the post of udc/steno/mts in esic ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറക്കുന്ന പുതിയ സ്‌ക്രീനിലാണ് അപേക്ഷിക്കേണ്ടത്. ഇതിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഫെബ്രുവരി 15 വരെ അപേക്ഷകള്‍ സ്വീകരിക്കും.

സെലക്ഷന്‍: യുഡി ക്ലര്‍ക്കിന് മൂന്ന് ഘട്ടമായി നടത്തുന്ന പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലും കമ്പ്യൂട്ടര്‍ സ്‌കില്‍ ടെസ്റ്റിലും യോഗ്യത നേടണം. പരീക്ഷാ കേന്ദ്രവും തീയതിയും സമയക്രമവുമെല്ലാം കോള്‍ലറ്ററിലൂടെ അറിയിക്കും.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷയില്‍ ജനറല്‍ ഇന്റലിജന്‍സ് ആന്റ് റീസണിങ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് ആപ്ടിറ്റിയൂഡ്, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ വിഷയങ്ങളില്‍ ഒബ്ജക്ടീവ് മാതൃകയില്‍ 100 ചോദ്യങ്ങളുണ്ടാവും. 200 മാര്‍ക്കിനാണിത്. ഇതില്‍ യോഗ്യത നേടുന്നവരെ മെയിന്‍ പരീക്ഷയ്ക്ക് ക്ഷണിക്കും. മെയില്‍ പരീക്ഷയില്‍ പ്രിലിമിനറിയിലെ അതേ വിഷയങ്ങളില്‍ 200 ചോദ്യങ്ങളുണ്ടാവും. 200 മാര്‍ക്കിനാണ് പരീക്ഷ. രണ്ട് മണിക്കൂര്‍ അനുവദിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ കമ്പ്യൂട്ടര്‍ സ്‌കില്‍ ടെസ്റ്റ് നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം.

സ്റ്റെനോഗ്രാഫര്‍ തസ്തികയ്ക്ക് രണ്ട് ഘട്ടമായി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒന്നാംഘട്ട മെയിന്‍ പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗുവേജ് കോംപ്രിഹെന്‍ഷന്‍, റീസണിംഗ് എബിലിറ്റി, പൊതുവിജ്ഞാനം എന്നിവയിലായി 200 ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാര്‍ക്കിന്. 130 മിനിറ്റ് സമയം അനുവദിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ സ്‌റ്റെനോഗ്രാഫി സ്‌കില്‍ ടെസ്റ്റ് നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കും.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തെരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി, മെയിന്‍ പരീക്ഷകളില്‍ യുഡി ക്ലര്‍ക്ക് സെലക്ഷന്‍ ടെസ്റ്റിനുള്ള അേത വിഷയങ്ങളില്‍ തന്നെയാണ് ചോദ്യങ്ങള്‍. ചോദ്യങ്ങളുടെ എണ്ണത്തിലും മാര്‍ക്കിലും സമയക്രമത്തിലും മാറ്റമില്ല. പരീക്ഷകളുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.