×
login
ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ കമ്മീഷന്‍ഡ് ഓഫീസറാകാം; പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം, 317 ഒഴിവുകള്‍

എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് എന്‍ട്രിയിലൂടെ ഫ്‌ളൈയിംഗ് ബ്രാഞ്ചില്‍ 77 ഒഴിവുകളിലും ഗ്രൗണ്ട് ഡ്യൂട്ടി വിഭാഗത്തില്‍ 129 ഒഴിവുകളിലും ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചില്‍ അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ട്‌സ്, ലോജിസ്റ്റിക്‌സ് വിഭാഗങ്ങളിലായി 111 ഒഴിവുകളിലുമായാണ് നിയമനം.

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഫ്‌ളൈയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍ ആന്റ് നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചുകളിലേക്ക് കമ്മീഷന്‍ഡ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നു. ആകെ 317 ഒഴിവുകളുണ്ട്. ഭാരതീയരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (അഫ്കാറ്റ്-01/2022), എന്‍സിസി സ്‌പൈഷ്യല്‍ എന്‍ട്രി വഴിയാണ് സെലക്ഷന്‍. പരിശീലന കോഴ്‌സുകള്‍ 2023 ജനുവരിയിലാരംഭിക്കും.

എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് എന്‍ട്രിയിലൂടെ ഫ്‌ളൈയിംഗ് ബ്രാഞ്ചില്‍ 77 ഒഴിവുകളിലും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍) വിഭാഗത്തില്‍ 129 ഒഴിവുകളിലും ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചില്‍ അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ട്‌സ്, ലോജിസ്റ്റിക്‌സ് വിഭാഗങ്ങളിലായി 111 ഒഴിവുകളിലുമായാണ് നിയമനം. പെര്‍മെനന്റ് കമ്മീഷനും (പിസി) ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷനും ഇതില്‍പ്പെടും. ഫ്‌ളൈയിംഗ് ബ്രാഞ്ചില്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ഡ് ഓഫീസറായി 14 വര്‍ഷത്തേക്കാണ് നിയമനം. ഫ്‌ളൈയിംഗ് ഓഫീസറായി 56100-177500 രൂപ ശമ്പളനിരക്കില്‍ ജോലിയില്‍ പ്രവേശിക്കാം. ഒരുവര്‍ഷത്തെ പരിശീലന കാലയളവില്‍ പ്രതിമാസം 56,100 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കുന്നതാണ്.

എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രിയിലൂടെയും ഫ്‌ളൈയിംഗ് ഓഫീസറാകാം. എന്‍ജിനീയറിംഗ്, നിയമബിരുദക്കാര്‍ക്കും മറ്റ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. പ്രായപരിധി ഫ്‌ളൈയിംഗ് ബ്രാഞ്ചിലേക്ക് 2023 ജനുവരി ഒന്നിന്  20-24 വയസ്. 1999 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. പ്രാബല്യത്തിലുള്ള കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സുള്ളവര്‍ക്ക് 26 വയസുവരെയാകാം. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍/നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചുകളിലേക്ക് പ്രായപരിധി 20-26 വയസ്. 1997 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും  മധ്യേ ജനിച്ചവരാകണം.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടിക്രമം, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംവരണം ഉള്‍പ്പെടെയുള്ള സമഗ്രവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://careerindianairforce.cdac.in, https://afcat.cdac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. സംക്ഷിപ്ത വിവരങ്ങളടങ്ങിയ ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരണമായ (നവംബര്‍ 27-ഡിസംബര്‍ 3) എംപ്ലോയ്‌മെന്റ് ന്യൂസിലുമുണ്ട്.

അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ ഒന്ന് മുതല്‍ 30 വരെ സമര്‍പ്പിക്കാം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരാകണം. വൈകല്യങ്ങളൊന്നും പാടില്ല. 25 വയസിന് താഴെ പ്രായമുള്ളവര്‍ അവിവാഹിതരായിരിക്കണമെന്നുണ്ട്. 'അഫ്കാറ്റ്' പരീക്ഷാ ഫീസ് 250 രൂപയാണ്. എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രിയിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് ഫീസില്ല.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹൈദ്രാബാദിലെ എയര്‍ഫോഴ്‌സ് അക്കാഡമിയില്‍വച്ച് പരിശീലനം നല്‍കുന്നതാണ്. ഫ്‌ളൈയിംഗ് ആന്റ് ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കല്‍ ബ്രാഞ്ചിലേക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി നോണ്‍ ടെക്‌നിക്കല്‍ ബ്രാഞ്ചിലേക്ക് 52 ആഴ്ചയും പരിശീലനമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.