×
login
ശാസ്ത്രലോകത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ദിനം; ഇന്ത്യന്‍-അമേരിക്കന്‍ യുവ ശാസ്ത്രജ്ഞ ഗീതാഞ്ജലി റാവുവിനൊപ്പം ആഘോഷിക്കാം

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗീതാഞ്ജലിയോടുള്ള ചോദ്യങ്ങള്‍ സൂം ചാറ്റ് ബോക്‌സിലൂടെ എഴുതിയറിയിക്കാം.

   

ചെന്നൈ: ശാസ്ത്രലോകത്തെ വനിതകളുടെയും പെണ്‍കുട്ടികളുടെയും ആഗോള ദിനം (The International Day of Women and Girls in Science) ആഘോഷിക്കുന്നതിനായി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ യു.എസ്. കോണ്‍സുലേറ്റുകളുടെ സഹകരണത്തോടെ ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍(US Consul General ) ഫെബ്രുവരി 11  വൈകിട്ട് 6:45ന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍-അമേരിക്കന്‍ യുവ ശാസ്ത്രജ്ഞ ഗീതാഞ്ജലി റാവു( Gitanjali Rao)പങ്കെടുക്കും.  ഇന്ത്യയിലെ യു.എസ്. മിഷന്‍ നടത്തുന്ന 'ഡയസ്‌പോറ ഡിപ്ലോമസി'( Diaspora Diplomacy)പരമ്പരയിലെ ആറാമത്തെ പരിപാടിയാണ് ഈ വെര്‍ച്വല്‍ പ്രോഗ്രാം. അമേരിക്കന്‍ ചലച്ചിത്ര നയതന്ത്ര പ്രോഗ്രാമായ 'അമേരിക്കന്‍ ഫിലിം ഷോകേസ്' മുഖേന 'സെര്‍ച്ച് ഓണ്‍: പോസിറ്റീവ് കറന്റ്' എന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചലച്ചിത്രവും ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. ഗീതാഞ്ജലിയുടെ കണ്ടുപിടുത്തങ്ങളിലൊന്നായ ജലത്തിലെ ഈയ മലിനീകരണം തിരിച്ചറിയാന്‍ കഴിയുന്ന മൊബൈല്‍ ഉപകരണത്തെക്കുറിച്ചുള്ളതാണ് ഈ ഹ്രസ്വ ചിത്രം.  

'വാട്ടര്‍ ഗേള്‍ ഓഫ് ഇന്ത്യ' എന്ന പേരിലറിയപ്പെടുന്ന ബെംഗളൂരു ആസ്ഥാനമായുള്ള പരിസ്ഥിതി പ്രവര്‍ത്തക ഗര്‍വിത ഗുല്‍ഹാത്തിയാണ് ഈ പരിപാടിയില്‍ ഗീതാഞ്ജലിയെ അഭിമുഖം ചെയ്യുക. 'വൈ വേസ്റ്റ്' എന്ന സ്ഥാപനത്തിന്റെ സ്ഥാപകയുമാണ് ഗര്‍വിത. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്  വിഷയങ്ങളില്‍ അഭിനിവേശമുള്ള ഒരു ഇന്ത്യന്‍അമേരിക്കക്കാരിയായി വളര്‍ന്നുവരുന്ന ഗീതാഞ്ജലിയുടെ പ്രചോദനാത്മകമായ യാത്രയെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭ്യമാക്കുന്നതായിരിക്കും ഈ അഭിമുഖം. ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള യുവാക്കള്‍ക്കായി നടത്തുന്ന സ്‌റ്റെം വര്‍ക്ക്‌ഷോപ്പുകളും നൂതനാശയങ്ങളും കണക്കിലെടുത്ത് 2020ല്‍ ആദ്യമായി ടൈം മാഗസിന്‍ 'കിഡ് ഓഫ് ദ ഇയര്‍' ആയി നാമകരണം ചെയ്തയാളാണ് ഗീതാഞ്ജലി റാവു. സ്‌റ്റെം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ലോകത്തെ എങ്ങനെ മാറ്റാന്‍ കഴിയും എന്നതിനെക്കുറിച്ച് തന്റെ കാഴ്ചപ്പാട് പങ്കിടുന്നതിനൊപ്പം, അമേരിക്കയിലെ പഠനാവസരങ്ങളെക്കുറിച്ചും അമേരിക്കന്‍ സ്‌കൂളുകളിലെ സ്‌റ്റെം വിദ്യാഭ്യാസത്തെക്കുറിച്ചും ഗീതാഞ്ജലി സംസാരിക്കും.  

'ഞങ്ങളുടെ 'ഡയസ്‌പോറ ഡിപ്ലോമസി' പ്രഭാഷണ പരമ്പരയുടെ ഭാഗമായി   ശാസ്ത്രലോകത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അന്താരാഷ്ട്ര ദിനാചരണവേളയില്‍ ഗീതാഞ്ജലി റാവുവിനെ അതിഥിയായി ലഭിച്ചതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്,' പരിപാടിക്ക് മുന്നോടിയായി ചെന്നൈയിലെ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ പറഞ്ഞു. 'ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി യുവാക്കള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്, അവരുടെ ഭാവി തൊഴിലില്‍ സ്‌റ്റെം വിഷയങ്ങള്‍ പരിഗണിക്കുന്നതിന് പ്രചോദനമാകുന്ന നേട്ടങ്ങള്‍ കൈവരിച്ചതിന് ഇന്ത്യയിലെ യു.എസ്. മിഷനെ പ്രതിനിധീകരിച്ച് ഞാന്‍ ഗീതാഞ്ജലിയെ അഭിനന്ദിക്കുന്നു. സ്‌റ്റെം വിദ്യാഭ്യാസത്തിലും സ്‌റ്റെം മേഖലയുടെ നവീകരണത്തിലും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് മുന്‍പന്തിയിലാണ്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ പഠിച്ച് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു,' കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് കൂട്ടിച്ചേര്‍ത്തു.  

ഈ ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ വെര്‍ച്വല്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ലിങ്കിലേക്കുള്ള ക്യു.ആര്‍. കോഡും ചുവടെ ചേര്‍ക്കുന്നു. 

 


പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗീതാഞ്ജലിയോടുള്ള ചോദ്യങ്ങള്‍ സൂം ചാറ്റ് ബോക്‌സിലൂടെ എഴുതിയറിയിക്കാം.  

'ഡയസ്‌പോറ ഡിപ്ലോമസി' പരമ്പര:  

സുന്ദര്‍ പിച്ചൈ. സുനിത വില്യംസ്. വിവേക് മൂര്‍ത്തി. സ്‌പെല്ലിംഗ് ബീ വിജയിക്കുന്നത് തുടങ്ങി ഞങ്ങളുടെ ഏറ്റവും വലിയ കമ്പനികളില്‍ ചിലത് നയിക്കുന്നത് വരെ, ഫെഡറല്‍ ഗവണ്‍മെന്റില്‍ നിര്‍ണായകമായ സ്വാധീനമുള്ളവര്‍ വരെ, എന്നിങ്ങനെ ഇന്ത്യന്‍അമേരിക്കക്കാര്‍ അമേരിക്കയുടെ വിജയത്തിന് വളരെയധികം സംഭാവന ചെയ്യുന്നു. എന്താണ് അവരുടെ വിജയരഹസ്യം? ഈ സംഭാഷണ പരമ്പരയിലൂടെ അവരുടെ മഹത്തായ നേട്ടങ്ങളെ ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു. ജീവിതത്തിന്റെ വിവിധ തുറകളില്‍ നേട്ടം കൊയ്ത ഇന്ത്യന്‍അമേരിക്കന്‍ വംശജര്‍ അവരുടെ വിജയ യാത്രകളെക്കുറിച്ച് സംസാരിക്കാന്‍ അതിഥി പ്രഭാഷകരായി എത്തുന്നു. ഇന്ത്യന്‍അമേരിക്കന്‍ സമൂഹം ബിസിനസ്സ്, പാണ്ഢിത്യം, രാഷ്ട്രീയം, ബഹിരാകാശം, കലകള്‍ എന്നിങ്ങനെ   എല്ലാ മേഖലകളിലും അമേരിക്കക്ക് നല്‍കിയ അസാധാരണമായ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുന്ന ഈ പരിപാടിയില്‍ ഇന്ത്യയിലെ യു.എസ്. മിഷനോടോപ്പം നിങ്ങള്‍ക്കും പങ്കുചേരാം.  

ഗീതാഞ്ജലി റാവു:  

ശാസ്ത്രജ്ഞയും എഴുത്തുകാരിയും പ്രഭാഷകയും ലോകമെമ്പാടും സ്‌റ്റെം വിദ്യാഭ്യാസത്തിന്റെ സജീവ പ്രചാരകയുമാണ് ഗീതാഞ്ജലി റാവു. ജലത്തിലെ ഈയ മലിനീകരണം തുടക്കത്തിലേ കണ്ടെത്തുന്നതിനുള്ള ഉപകരണമായ ടെത്തിസിന്റെ കണ്ടുപിടുത്തത്തിന് അമേരിക്കയിലെ ഏറ്റവും മികച്ച യുവ ശാസ്ത്രജ്ഞയായി അംഗീകരിക്കപ്പെട്ട അവര്‍, യു.എസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി പ്രസിഡന്‍ഷ്യല്‍ അവാര്‍ഡിനും അര്‍ഹയായിരുന്നു.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് എന്നിവ ഉപയോഗിക്കുന്ന കൈന്‍ഡ്‌ലി എന്ന ആന്റിസൈബര്‍ ബുള്ളിയിംഗ് സേവനം ഗീതാഞ്ജലിയുടെ കണ്ടുപിടുത്തമാണ്. 2019ല്‍ ശാസ്ത്രലോകത്തിലെ പ്രതിഭാധനരായ മുപ്പത് വയസില്‍ താഴെയുള്ളവരുടെ 'ഫോര്‍ബ്‌സ് 30 അണ്ടര്‍ 30' പട്ടികയില്‍ ഇടം പിടിച്ച ഗീതാഞ്ജലിയെ ടൈം മാഗസിന്‍ 'ടോപ്പ് യംഗ് ഇന്നൊവേറ്റര്‍' ആയും സ്‌റ്റെം വിദ്യാഭ്യാസ രീതിയുടെ പ്രചാരണത്തിന് ആദ്യമായി 'കിഡ് ഓഫ് ദി ഇയര്‍' ആയും നാമകരണം ചെയ്തിരുന്നു. ആറ് ഭൂഖണ്ഡങ്ങളിലും 37 രാജ്യങ്ങളിലുമായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 58,000 വിദ്യാര്‍ത്ഥികളാണ് ഗീതാഞ്ജലിയുടെ ശില്‍പ്പശാലകളില്‍ പങ്കെടുത്തിട്ടുള്ളത്.  

സ്വയം വികസിപ്പിച്ചെടുത്ത അഞ്ച്ഘട്ട നവീകരണ പ്രക്രിയയിലൂടെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നയിക്കുന്ന 'എ യംഗ് ഇന്നൊവേറ്റേഴ്‌സ് ഗൈഡ് ടു സ്‌റ്റെം' എന്ന പുസ്തകത്തിന്റെ രചയിതാവാണ് ഗീതാഞ്ജലി. കെനിയയിലെ കകുമ അഭയാര്‍ത്ഥി ക്യാമ്പ് സ്‌കൂളുകളിലും ഘാനയിലെ ഏതാനും ഹൈസ്‌കൂളുകളിലും ഈ പുസ്തകം സ്‌റ്റെം പാഠ്യപദ്ധതിയായി സ്വീകരിച്ചു. 2021ല്‍ പ്രുഡന്‍ഷ്യല്‍ അമേരിക്കയിലെ മികച്ച യൂത്ത് വോളണ്ടിയര്‍മാരില്‍ ഒരാളായി ഗീതാഞ്ജലിയെ ആദരിക്കുകയും സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശാസ്ത്രം ഉപയോഗിച്ചതിന് യൂനിസെഫ് യൂത്ത് അഡ്വക്കറ്റായി നിയമിക്കുകയും ചെയ്തു. സ്‌റ്റെം വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് 'നാഷണല്‍ ജിയോഗ്രാഫിക് യംഗ് എക്‌സ്‌പ്ലോറര്‍' എന്ന നിലയില്‍ ഗീതാഞ്ജലിക്ക് അടുത്തിടെ ഗ്രാന്റും ലഭിച്ചു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.