×
login
ഇഎസ്‌ഐ കോര്‍പറേഷന്‍ ഹോസ്പിറ്റലുകളിലേക്ക് 1120 ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരെ വേണം; പ്രായപരിധി 35 വയസ്

അംഗീകൃത എംബിബിഎസ് ബിരുദം നേടി കംപല്‍സറി റൊട്ടേറ്റിങ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമനത്തിനു മുന്‍പ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നവരെയും പരിഗണിക്കും.

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍  ഹോസ്പിറ്റുകളിലേക്ക് ഗ്രേഡ്-2 അലോപതിക്ക് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരെ (ഐഎംഒ) തെരഞ്ഞെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ശമ്പള നിരക്ക് 56100-1,77,500 രൂപ. ഡിഎ, എന്‍പിഎ, എച്ച്ആര്‍എ, ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുണ്ട്. ന്യൂദല്‍ഹി ആസ്ഥാനമായ ഇഎസ്‌ഐ കോര്‍പ്പറേഷനാണ് റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.

യോഗ്യത: അംഗീകൃത എംബിബിഎസ് ബിരുദം നേടി കംപല്‍സറി റൊട്ടേറ്റിങ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്ക്  അപേക്ഷിക്കാം. നിയമനത്തിനു മുന്‍പ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നവരെയും പരിഗണിക്കും. പ്രായപരിധി 31.1.2022 ല്‍ 35 വയസ്സ് കവിയാന്‍ പാടില്ല. എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുഡി/വിമുക്ത ഭടന്മാര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് 5 വര്‍ഷത്തെ വയസ്സിളവ് ലഭിക്കും. അപേക്ഷകര്‍ ഭാരത പൗരന്മാരായിരിക്കണം.

അപേക്ഷാ ഫീസ് 500 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വനിതകള്‍/വിമുക്തഭടന്മാര്‍/ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപമതി. ഇന്റര്‍നെറ്റ് ബാങ്കിങ്/ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  www.esic.nic.in/recruitment ല്‍ ലഭ്യമാണ്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ 31 മുതല്‍ ജനുവരി 31 വരെ സമര്‍പ്പിക്കാം. നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. പരീക്ഷാ കേന്ദ്രം ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണ സമയത്ത് തെരഞ്ഞെടുത്ത് രേഖപ്പെടുത്താം.

സെലക്ഷന്‍: കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള ടെസ്റ്റില്‍ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, സര്‍ജറി, ഗൈനക്കോളജി ആന്‍ഡ് ഒബ്‌സ്റ്റെട്രിക്‌സ്, പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ വിഷയങ്ങളിലായി 200ചോദ്യങ്ങളുണ്ടാവും. പരമാവധി മാര്‍ക്ക് 200. രണ്ട് മണിക്കൂര്‍ സമയം അനുവദിക്കും. 

ടെസ്റ്റില്‍ യോഗ്യത നേടുന്നതിനു ജനറല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 45%, ഒബിസി & ഇഡബ്ല്യുഎസ്-40%, എസ്ടി/എസ്ടി-35%, പിഡബ്ല്യുഡി-30% എന്നിങ്ങനെ കരസ്ഥമാക്കണം. ടെസ്റ്റില്‍ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി വ്യക്തിഗത അഭിമുഖം (50 മാര്‍ക്കിന്) നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി നിയമനം നല്‍കും. ആകെ 1120 ഒഴിവുകളാണുള്ളത്. (ജനറല്‍-459, എസ്‌സി-15, എസ്ടി-88, ഒബിസി-303, ഇഡബ്ല്യുഎസ്-112). 90 ഒഴിവുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി) നിയമനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.