×
login
സിവില്‍ സര്‍വ്വീസസ് പരീക്ഷയിലൂടെ ബിരുദക്കാര്‍ക്ക് ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് ഓഫീസറാകാം

അംഗീകൃത സര്‍വ്വകലാശാലാ ബിരുദമുള്ളവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും പ്രിലിമിനറി പരീക്ഷക്ക് അപേക്ഷിക്കാം. ഭാരത പൗരന്മാരായിരിക്കണം. പ്രായപരിധി 2022 ഓഗസ്റ്റ് ഒന്നിന് 21-32 വയസ്.

ഭരണനിര്‍വ്വഹണത്തിനും ബ്യൂറോക്രസിയുടെ കൊടുമുടി കയറാനും ബിരുദക്കാര്‍ക്ക് അവസരം. 19 സര്‍വ്വീസസുകളിലായി ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ക്ലാസ് വണ്‍ ഓഫീസര്‍ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി യുപിഎസ്‌സി 2022 ലെ സിവില്‍ സര്‍വ്വീസസ് പരീക്ഷക്ക് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ്. ഇക്കൊല്ലം 861 ഒഴിവുകളാണുള്ളത്.

ഇന്ത്യന്‍ അഡ്മിനിസ്‌േട്രറ്റീവ് സര്‍വ്വീസ് (ഐഎഎസ്), ഫോറിന്‍ സര്‍വ്വീസ് (ഐഎഫ്എസ്), പോലീസ് സര്‍വ്വീസ് (ഐപിഎസ്), ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ്, സിവില്‍ അക്കൗണ്ട്‌സ്, കോര്‍പ്പറേറ്റ് ലോ, ഡിഫന്‍സ് അക്കൗണ്ട്‌സ്, ഡിഫന്‍സ് എസ്‌റ്റേറ്റ്‌സ്, ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ്, പോസ്റ്റല്‍ സര്‍വ്വീസ്, പി ആന്റ് റ്റി അക്കൗണ്ട്‌സ് ആന്റ് ഫിനാന്‍സ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, റവന്യൂ സര്‍വ്വീസ് (കസ്റ്റംസ് ആന്റ് ഇന്‍ഡയറക്ട് ടാക്‌സസ്/ഇന്‍കം ടാക്‌സ്), ട്രേഡ് സര്‍വ്വീസ്, ആംഡ് ഫോഴ്‌സസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സിവില്‍ സര്‍വ്വീസ്, ഡല്‍ഹി/ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ഐലന്റ്/ലക്ഷദ്വീപ്, ഡാമന്‍ ആന്റ് ഡ്യൂ/ദാദ്ര ആന്റ് നഗര്‍ഹവേലി സിവില്‍ സര്‍വ്വീസ്/പോലീസ് സര്‍വ്വീസ്, പോണ്ടിച്ചേരി സിവില്‍ സര്‍വ്വീസ് എന്നിവിടങ്ങൡലേക്കാണ് നിയമനം.  സിവില്‍ സര്‍വ്വീസസ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍, പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

പ്രിലിമിനറി: 2022 ലെ സിവില്‍ സര്‍വ്വീസസ് പരീക്ഷാ വിജ്ഞാപനം www.upsc.gov.in ല്‍ ലഭ്യമാണ്. പ്രിലിമിനറി പരീക്ഷ ജൂണ്‍ 5 ന് ദേശീയതലത്തില്‍ നടത്തും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്.

അംഗീകൃത സര്‍വ്വകലാശാലാ ബിരുദമുള്ളവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും പ്രിലിമിനറി പരീക്ഷക്ക് അപേക്ഷിക്കാം. ഭാരത പൗരന്മാരായിരിക്കണം. പ്രായപരിധി 2022 ഓഗസ്റ്റ് ഒന്നിന് 21-32 വയസ്. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും ഒബിസികാര്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും മറ്റ് ചില വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്.

ജനറല്‍ വിഭാഗക്കാര്‍ക്ക് ആറ് തവണ മാത്രമേ സിവില്‍ സര്‍വ്വീസസ് പരീക്ഷയെഴുതാന്‍ അനുവാദമുള്ളൂ. ഒബിസി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 9 തവണ എഴുതാം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് തവണകള്‍ ബാധകമല്ല.

അപേക്ഷകര്‍ക്ക് മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടാകണം. അപേക്ഷാഫീസ് 100 രൂപയാണ്. വനിതകള്‍/എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഡബിറ്റ്/ക്രഡിറ്റ്കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. അപേക്ഷ ഓണ്‍ലൈനായി  www.upsconline.nic.in ല്‍ ഫെബ്രുവരി 22 വൈകിട്ട് 6 മണിവരെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.


സിവില്‍ സര്‍വ്വീസസ് പ്രിലിമിനറി പരീക്ഷയില്‍ രണ്ട് പേപ്പറുകളാണുള്ളത്. 200 മാര്‍ക്ക് വീതം. ഒബ്ജക്റ്റീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങള്‍. ഓരോ പേപ്പറിനും 2 മണിക്കൂര്‍ വീതം ലഭിക്കും. ഒന്നാമത്തെ പേപ്പറില്‍ ആനുകാലിക സംഭവങ്ങള്‍, ഇന്ത്യാചരിത്രം, ഇന്ത്യന്‍ പോളിറ്റി, കോണ്‍സ്റ്റിറ്റിയൂഷന്‍, പഞ്ചായത്തീരാജ്, പബ്ലിക് പോ

ളിസി, ഇക്കണോമിക് ആന്റ്‌സോഷ്യല്‍ ഡവലപ്‌മെന്റ്, ഇക്കോളജി, ജനറല്‍ സയന്‍സ് മുതലായ വിഷയങ്ങളിലാണ് ചോദ്യങ്ങള്‍ ഉണ്ടാവുക. രണ്ടാമത്തെ പേപ്പറില്‍ ജനറല്‍ സ്റ്റഡീസിനെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളുണ്ടാവും. പ്രിലിമിനറിയില്‍ യോഗ്യത നേടുന്നതിന് 33% മാര്‍ക്കില്‍ കുറയാതെ ലഭിക്കണം.

മെയിന്‍: പ്രിലിമിനറിയില്‍ യോഗ്യത നേടുന്നവരെ മെയിന്‍ എഴുത്തുപരീക്ഷക്ക് ക്ഷണിക്കും. രണ്ട് ഓപ്ഷണല്‍ വിഷയങ്ങള്‍ മെയിന്‍ പരീക്ഷക്ക് തെരഞ്ഞെടുക്കാം. അഗ്രികള്‍ച്ചര്‍, അനിമല്‍ ഹഡ്ബന്‍ഡറി ആന്റ് വെറ്ററിനറി സയന്‍സ്, ആന്ത്രോപ്പോളജി, ബോട്ടണി, കെമിസ്ട്രി, സിവില്‍ എന്‍ജിനീയറിങ്, കോമേഴ്‌സ് ആന്റ് അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, ഇല്‍ക്ട്രിക്കല്‍ എന്‍ജിനീയറിങ്, ജ്യോഗ്രഫി, ജിയോളജി, ഹിസ്റ്ററി, ലോ മാനേജ്‌മെന്റ്, മാത്തമാറ്റിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മെഡിക്കല്‍ സയന്‍സ്, ഫിലോസഫി, ഫിസിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, ലിറ്ററേച്ചര്‍ (ഹിന്ദി, മലയാളം, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഉറുദു, ഇംഗ്ലീഷ്, കന്നട ഉള്‍പ്പെടെ) എന്നിവ ഓപ്ഷണല്‍ വിഷയങ്ങളില്‍പ്പെടും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, ഉറുദു മുതലായ 22 ഭാഷകളില്‍ പരീക്ഷയെഴുതാം.

മെയിന്‍ പരീക്ഷക്ക് 9 പേപ്പറുകളാണുള്ളത്. രണ്ട് ക്വാളിഫൈയിങ് പേപ്പറുകളും രണ്ട് ഓപ്ഷണല്‍ പേപ്പറുകളും ഇതില്‍പ്പെടും. മൊത്തം 1750 മാര്‍ക്കിന്. പേഴ്‌സണാലിറ്റി ടെസ്റ്റ്/അഭിമുഖം 275 മാര്‍ക്കിന്. ഓരോ പേപ്പറിലും ഉള്‍പ്പെട്ട വിഷയങ്ങള്‍, പരീക്ഷാ ഘടന, സിലബസ്, തെരഞ്ഞെടുപ്പ് നടപടികള്‍, സംവരണം മുതലായ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

പ്രിലിമിനറി പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോടും മെയീന്‍ പരീക്ഷക്ക് തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. ആദ്യം അപേക്ഷിക്കുന്നവര്‍ക്കാണ് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം ലഭിക്കുക.

നല്ല തയ്യാറെടുപ്പോടെ പരീക്ഷയെഴുതുന്നവര്‍ക്കാണ് ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കാനാവുക. റാങ്കും കേഡര്‍ ഓപ്ഷനും പരിഗണിച്ചാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ യുപിഎസ്‌സിയുടെ വിജ്ഞാപനത്തിലുണ്ട്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.