×
login
ദുബായ്‌യില്‍ തീപ്പൊരി; ഏഷ്യാ കപ്പില്‍ നാളെ ഇന്ത്യ-പാക് പോരാട്ടം

ഏഷ്യാ കപ്പ് നിലനിര്‍ത്തുന്നതോടൊപ്പം ട്വന്റി20 ലോകകപ്പിലേക്കുള്ള ഒരുക്കമെന്ന ലക്ഷ്യമുണ്ട് ഇന്ത്യക്ക്. ഏഷ്യാ കപ്പിലെ കിരീട വരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കുക പാകിസ്ഥാന്റെ ലക്ഷ്യം. മുഖ്യ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവമാണ് ഇന്ത്യക്ക് പ്രധാന തിരിച്ചടി.

ദുബായ്: ക്രിക്കറ്റിലെ മറ്റൊരു ക്ലാസിക് പോരാട്ടത്തിന് നാളെ ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയം വേദിയാകും. കായികരംഗത്തെ എക്കാലത്തെയും വലിയ മുഖാമുഖങ്ങളിലൊന്നായ ഇന്ത്യ-പാകിസ്ഥാന്‍ പോരിന്. ഏഷ്യാ കപ്പ് ക്രിക്കറ്റിലെ രണ്ടാമത്തെ കളിയില്‍ രാത്രി ഏഴരയ്ക്കാണ് അയല്‍ക്കാരായ എതിരാളികള്‍ ക്രിക്കറ്റ് പിച്ചില്‍ മുഖാമുഖമെത്തുന്നത്.

ഏഷ്യാ കപ്പ് നിലനിര്‍ത്തുന്നതോടൊപ്പം ട്വന്റി20 ലോകകപ്പിലേക്കുള്ള ഒരുക്കമെന്ന ലക്ഷ്യമുണ്ട് ഇന്ത്യക്ക്. ഏഷ്യാ കപ്പിലെ കിരീട വരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കുക പാകിസ്ഥാന്റെ ലക്ഷ്യം. മുഖ്യ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവമാണ് ഇന്ത്യക്ക് പ്രധാന തിരിച്ചടി. ട്വന്റി20 ഫോര്‍മാറ്റില്‍ മികവോടെ പന്തെറിയുന്ന ഭുവനേശ്വര്‍ കുമാര്‍, ഐപിഎല്ലിലെ മിന്നും പേസര്‍മാര്‍ അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍ എന്നിവര്‍ ബുംറയുടെ കുറവു നികത്തുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്. സ്റ്റാന്‍ഡ് ബൈ ആയി ദീപക് ചഹറും ടീമിനൊപ്പമുണ്ട്. ആര്‍. അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ് എ്ന്നിവര്‍ സ്പിന്‍ വിഭാഗത്തിലുണ്ട്. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും.

വിരാട് കോഹ്‌ലിയാണ് ബാറ്റിങ്ങിലെ ശ്രദ്ധാകേന്ദ്രം. ഫോം നഷ്ടപ്പെട്ട് വലയുന്ന വിരാടിന് ഏഷ്യാ കപ്പ് അതീജിവനം. ഒട്ടേറെ യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തുള്ളപ്പോള്‍ പ്രത്യേകിച്ചും. ഇന്ന് കളിച്ചാല്‍ വിരാടിന്റെ നൂറാം മത്സരമാകും. എല്ലാ ഫോര്‍മാറ്റിലും നൂറ് മത്സരം കളിച്ച ഇന്ത്യന്‍ താരമെന്ന നേട്ടവും വിരാടിനാകും. പരിക്ക് മാറി മടങ്ങിയെത്തുന്ന കെ.എല്‍. രാഹുലിനുംനിര്‍ണായകം. രാഹുലിന് പകരം അവസരം കിട്ടയവരെല്ലാം തിളങ്ങിയ സാഹചര്യത്തില്‍ പ്രത്യേകിച്ച്.  

നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം രാഹുലാകും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. സൂര്യകുമാര്‍ യാദവ്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്, ദീപക് ഹൂഡ എന്നിവരും ബാറ്ററായി ടീമിലുള്ള വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കും ബാറ്റിങ് ശക്തികള്‍. സീനിയര്‍ താരങ്ങളുടെ ഫോം ഇന്ത്യയ്ക്കു നിര്‍ണായകം.  

കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ കീഴടക്കിയ പാകിസ്ഥാന്‍ ആ മികവ് തുടരാനാകും ലക്ഷ്യമിടുക. എന്നാല്‍, അന്ന് മികച്ച പ്രകടനം പുറത്തെടുന്ന ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയുടെ അഭാവം തിരിച്ചടിയാകും. എന്നാല്‍ നസീം ഷാ, മുഹമ്മദ് ഹസ്‌നെയ്ന്‍, ഹാരിസ് റൗഫ്, ഷദബ് ഖാന്‍ തുടങ്ങിയവര്‍ അഫ്രീദിയുടെ കുറവ് നികത്താന്‍ കെല്‍പ്പുള്ളവര്‍. നായകന്‍ ബാബര്‍ അസമാണ് അവരുടെ ബാറ്റിങ് കരുത്ത്. മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ആസിഫ് അലി, ഇഫ്തികര്‍ അഹമ്മദ് എന്നിവരും ബാറ്റിങ് നിരയിലുണ്ട്.  


ഏഷ്യാ കപ്പില്‍ ഇതുവരെ 14 തവണ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖമെത്തി. ഇന്ത്യക്ക് എട്ട് ജയം പാകിസ്ഥാന് അഞ്ച്. ഒരു മത്സരത്തിന് ഫലമുണ്ടായില്ല. അവസാനം പരസ്പരം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ഇന്ത്യക്കാണ് ജയം. ആകെ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ട് ടീമുകള്‍ക്കും നാല് വീതം ജയം.  

ടീമുകള്‍ ഇവരില്‍ നിന്ന്

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍.

സ്റ്റാന്‍ഡ് ബൈ-ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചഹര്‍

പാകിസ്ഥാന്‍- ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദബ് ഖാന്‍, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തികര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസിം ജൂനിയര്‍, നസീം ഷാ, ഷാനവാസ് ദഹാനി, ഉ്‌സ്മാന്‍ ഖ്വാദിര്‍.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.