×
login
വലിയ ജനാധിപത്യത്തിന് പുതിയ ശ്രീകോവില്‍

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിന്റെ മഹത്വത്തിനു ചേരുന്ന നിര്‍മിതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. അനാവശ്യമായ ഒരു വിവാദമുണ്ടാക്കി ഉദ്ഘാടന ചടങ്ങിന്റെ നിറംകെടുത്താനും, പ്രധാനമന്ത്രി മോദിയെ അപകീര്‍ത്തിപ്പെടുത്താനുമാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഇവര്‍ക്കൊപ്പമില്ല. ഏക ഭാരതം ശ്രേഷ്ഠഭാരതം എന്ന മഹനീയമായ ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രത്തിന്റെ കരുത്തും ഗാംഭീര്യവും പ്രകടിപ്പിക്കുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള ചില പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. ഉദ്ഘാടനം നിര്‍വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായതാണ് ഇതിനു കാരണം. രാഷ്ട്രപതിയാണ് ഇത് ചെയ്യേണ്ടതെന്ന നിലപാടാണത്രേ ചടങ്ങ് ബഹിഷ്‌കരിക്കുന്ന പാര്‍ട്ടികള്‍ക്കുള്ളത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുന്നത് ഭരണഘടനയ്ക്കുതന്നെ എതിരാണെന്നുവരെ കോണ്‍ഗ്രസ് വാദിക്കുകയാണ്. രാജ്യത്തിന്റെ പൊതുതാല്‍പ്പര്യത്തിനുമേല്‍ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യം പ്രതിഷ്ഠിക്കുന്നതും, അവസരവാദപരവുമായ നിലപാടാണിത്. ഇതിനു മുന്‍പ് പാര്‍ലമെന്റിന്റെ അനുബന്ധ കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. പാര്‍ലമെന്റ് ലൈബ്രറി ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും. നെഹ്‌റു കുടുംബത്തില്‍പ്പെട്ട ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഇല്ലാതിരുന്ന അയിത്തമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ്സ് കല്‍പ്പിക്കുന്നത്. രാഷ്ട്രത്തിന്റെ മേധാവി രാഷ്ട്രപതിയായിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ തലവന്‍ പ്രധാനമന്ത്രിയാണെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. സര്‍ക്കാരിനുവേണ്ടി പാര്‍ലമെന്റിനെ നയിക്കുന്നതും പ്രധാനമന്ത്രിയാണ്. രാഷ്ട്രപതി പാര്‍ലമെന്റ് അംഗമല്ല, പ്രധാനമന്ത്രി  അംഗമാണ്. ഈ നിലയ്ക്ക് പാര്‍ലമെന്റ്മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള എല്ലാ അര്‍ഹതയും യോഗ്യതയും പ്രധാനമന്ത്രി മോദിക്കുണ്ട്. ഇത് പ്രധാനമന്ത്രിയില്‍നിന്ന് എടുത്തുമാറ്റാമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് കഴിയുന്നത്.  

കോണ്‍ഗ്രസ്സിനും മറ്റും രാഷ്ട്രപതിയോട് പൊട്ടിമുളച്ചിരിക്കുന്ന സ്‌നേഹം വെറും കാപട്യമാണ്. ദ്രൗപതി  മുര്‍മുവിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തെ സമ്പൂര്‍ണമായി എതിര്‍ത്തവരാണ് ഈ പാര്‍ട്ടികള്‍. ഗോത്രവര്‍ഗക്കാരില്‍നിന്ന് ഒരാള്‍, അതും ഒരു വനിത രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലെത്തുകയാണെന്ന പരിഗണന കോണ്‍ഗ്രസ് മുര്‍മുവിന് നല്‍കിയില്ല. ദ്രൗപതി മുര്‍മുവിന്റെ നിറത്തെപ്പോലും കോണ്‍ഗ്രസ് കടന്നാക്രമിച്ചു. ജനാധിപത്യമര്യാദ പോയിട്ട് സാമാന്യ മര്യാദപോലും കാണിക്കാത്ത ഇക്കൂട്ടരാണ് ഇപ്പോള്‍ രാഷ്ട്രപതിയോട് സ്‌നേഹം പ്രകടിപ്പിക്കുന്നത്. ഈ പാര്‍ട്ടികള്‍ പറയുന്നതുപോലെ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യുന്നത് എന്നിരിക്കട്ടെ. അപ്പോഴും അത് ബഹിഷ്‌കരിക്കാന്‍ അവര്‍ പുതിയ കാരണങ്ങള്‍ കണ്ടുപിടിക്കും. പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങിലും കോണ്‍ഗ്രസ് പങ്കെടുത്തിരുന്നില്ലല്ലോ. പുതിയ പാര്‍ലമെന്റിന്റെ മകുടത്തില്‍ ഗര്‍ജിക്കുന്ന സിംഹങ്ങളുടെ അശോകസ്തംഭം സ്ഥാപിക്കുന്നതിനെയും കോണ്‍ഗ്രസ് എതിര്‍ത്തു. യഥാര്‍ത്ഥത്തില്‍ ഇത് ഒരു മനോഭാവത്തിന്റെ പ്രശ്‌നമാണ്. അധികാരം പോയാല്‍ രാജ്യവിരുദ്ധരാവുക. രാജ്യത്തിന് നല്ലതെന്തെങ്കിലും സംഭവിക്കുമ്പോള്‍ തരംതാണ രാഷ്ട്രീയം പയറ്റുക. അതിന് അനാവശ്യമായ വിവാദങ്ങള്‍ കുത്തിപ്പൊക്കുക. രാജ്യത്തിന്റെ പുരോഗതിയില്‍ അഭിമാനംകൊള്ളാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരത്തിനു പകരം രാജ്യത്തിന്റെ അന്തസ്സിനു ചേര്‍ന്ന പുതിയ പാര്‍ലമെന്റ് മന്ദിരം വരുന്നതിനെ അംഗീകരിക്കാനും, അതില്‍ അഭിമാനിക്കാനും സാമ്രാജ്യത്വദാസ്യം പേറുന്ന കോണ്‍ഗ്രസ്സിന് കഴിയുന്നില്ല എന്നതാണ്  സത്യം.

പാര്‍ലമെന്റിന് പുതിയ മന്ദിരം വേണമെന്ന ആവശ്യം വളരെക്കാലം മുന്‍പ് ഉയര്‍ന്നതാണ്. എന്നാല്‍ അത് സാക്ഷാത്കരിക്കാന്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത്  ഏറ്റവും മനോഹരമായി തന്നെ അത് പൂര്‍ത്തീകരിക്കുകയും ചെയ്തു. രാജ്യം മുഴുവനും ഇതില്‍ ആഹ്ലാദിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ബിജെപിക്കോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ഒരുതരത്തിലുള്ള രാഷ്ട്രീയ താല്‍പ്പര്യവുമില്ല. ഇതിനു തെളിവാണ് ബ്രിട്ടീഷുകാരില്‍നിന്നുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായി പ്രഥമ പ്രധാനമന്ത്രി ഏറ്റുവാങ്ങിയ, ചോള രാജവംശത്തിന്റെ അധികാര മുദ്രയായ ചെങ്കോല്‍ ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു പിന്നില്‍ സ്ഥാപിക്കുന്നത്. ദക്ഷിണേന്ത്യയുടെയും ദ്രാവിഡ സംസ്‌കാരത്തിന്റെയും പേരുപറഞ്ഞ് വിഘടനവാദം പയറ്റുന്നവര്‍ക്ക് പുതിയ ഭാരതത്തിന്റെ മറുപടിയാണിത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും സുരക്ഷാ സജ്ജീകരണങ്ങളോടെയും നിര്‍മിച്ചിട്ടുള്ള പുതിയ പാര്‍ലമെന്റ് മന്ദിരം ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ഭാരതത്തിന്റെ ഉജ്വലപ്രതീകമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിന്റെ മഹത്വത്തിനു ചേരുന്ന നിര്‍മിതിയുമാണിത്. അനാവശ്യമായ ഒരു വിവാദമുണ്ടാക്കി ഉദ്ഘാടന ചടങ്ങിന്റെ നിറംകെടുത്താനും, പ്രധാനമന്ത്രി മോദിയെ അപകീര്‍ത്തിപ്പെടുത്താനുമാണ് കോണ്‍ഗ്രസ്സും മറ്റും ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഇവര്‍ക്കൊപ്പമില്ല. ഏക ഭാരതം ശ്രേഷ്ഠഭാരതം എന്ന മഹനീയമായ ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രത്തിന്റെ കരുത്തും ഗാംഭീര്യവും പ്രകടിപ്പിക്കുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. ഇത് മനസ്സിലാക്കാന്‍ കൂട്ടാക്കാത്തവര്‍ ജനങ്ങളില്‍ നിന്നും ജനാധിപത്യത്തില്‍നിന്നും ഒറ്റപ്പെടും.

  comment

  LATEST NEWS


  അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കാന്‍ മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനം; പ്രയോജനം ലഭിക്കുക ഒരുകോടിയോളം പേര്‍ക്ക്


  ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


  സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


  നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


  പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.