×
login
പോലീസിനു കീഴില്‍ ഗുണ്ടാരാജ്

മകന്‍ തിരികെ വന്നുകൊള്ളുമെന്നും അല്ലാത്തപക്ഷം തങ്ങള്‍ കണ്ടുപിടിച്ചു തരാമെന്നുമാണത്രേ രാത്രി വൈകുവോളം സ്റ്റേഷനില്‍ കാത്തുനിന്ന അമ്മയോട് പോലീസ് പറഞ്ഞത്. പോലീസിന്റെ വാക്ക് തെറ്റിയില്ല, മകന്‍ തിരികെ വന്നു. അതുപക്ഷേ മൃതദേഹത്തിന്റെ രൂപത്തിലാണെന്നു മാത്രം.

മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഗുണ്ടാ ആക്രമണങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയായിട്ട് നാളേറെയായി. കോട്ടയം കളക്ടറേറ്റിനു സമീപത്തു താമസിക്കുന്ന യുവാവിനെ ഗുണ്ടാത്തലവന്‍ വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചുകൊന്ന് മൃതദേഹം തോളിലേറ്റി പോലീസ് സ്റ്റേഷന് മുന്നില്‍  തള്ളിയ സംഭവം കേരളത്തെ നടുക്കിയിരിക്കുകയാണ്. എസ്പി ഓഫീസിന് അടുത്തുള്ള പോലീസ് സ്റ്റേഷനിലാണ് സിനിമാക്കഥയെ വെല്ലുന്ന, സംസ്ഥാനത്ത് ഇതിന് മുന്‍പ് കേട്ടുകേള്‍വിയില്ലാത്ത സംഭവം അരങ്ങേറിയത്. മകനെ കാണാതായെന്ന് രാത്രി പരാതിപ്പെട്ട അമ്മയോട് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് മറുപടി നല്‍കി മണിക്കൂറുകള്‍ക്കകമാണ് പുലര്‍ച്ചെ മൃതദേഹം ചുമന്നുകൊണ്ടുവന്ന് സ്റ്റേഷന് മുന്നിലിടുകയും, താനാണ് കൊലപ്പെടുത്തിയതെന്ന് ഗുണ്ടാനേതാവ് വലിയ ആവേശത്തോടെ  ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ അറിയിക്കുകയും ചെയ്തത്! പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച ഇതില്‍ പ്രകടമാണ്. യുവാവിനെ കൊലപ്പെടുത്തിയ ഗുണ്ടാ നേതാവ് കുപ്രസിദ്ധനാണ്. നിരവധി കേസുകളില്‍ പ്രതിയായി 'കാപ്പ' നിയമം അനുസരിച്ച് നാടുകടത്തപ്പെട്ട ഇയാള്‍ പോലീസില്‍ നിന്ന് ഇളവു നേടിയാണ് ജില്ലയിലെത്തിയതും അരുംകൊല നടത്തിയതും. തന്റെ മകനെ വിളിച്ചുകൊണ്ടുപോയത് ഇയാളാണെന്ന് അറിഞ്ഞ് പേര് സഹിതമാണ് അമ്മ പരാതി നല്‍കിയത്. പോലീസ് യഥാസമയം കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കില്‍ ഈ യുവാവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു.

മകന്‍ തിരികെ വന്നുകൊള്ളുമെന്നും അല്ലാത്തപക്ഷം തങ്ങള്‍ കണ്ടുപിടിച്ചു തരാമെന്നുമാണത്രേ രാത്രി വൈകുവോളം സ്റ്റേഷനില്‍ കാത്തുനിന്ന അമ്മയോട് പോലീസ് പറഞ്ഞത്. പോലീസിന്റെ വാക്ക് തെറ്റിയില്ല, മകന്‍ തിരികെ വന്നു. അതുപക്ഷേ മൃതദേഹത്തിന്റെ രൂപത്തിലാണെന്നു മാത്രം. ഗുണ്ടകളെ വേട്ടയാടിപ്പിടിക്കാന്‍ 'ഓപ്പറേഷന്‍ കാവല്‍' എന്ന പേരില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് അവകാശപ്പെട്ട പോലീസാണ് പൈശാചികമായ ഒരു കൊലപാതകത്തിന് കൂട്ടുനില്‍ക്കുന്ന മട്ടില്‍ ഇങ്ങനെ നിഷ്‌ക്രിയത പുലര്‍ത്തിയത്. തിരുവനന്തപുരത്ത് പോത്തന്‍കോട് ഗുണ്ടാസംഘം യുവാവിനെ കൊലപ്പെടുത്തി കാല് വെട്ടിയെടുത്തുകൊണ്ടുവന്ന് പരസ്യമായി റോഡില്‍ വലിച്ചെറിഞ്ഞ സംഭവം ഉള്‍പ്പെടെ  സമീപകാലത്ത് വിവിധ ജില്ലകളില്‍ നിരവധി അക്രമസംഭവങ്ങളുണ്ടായി. കൊവിഡ് വൈറസ് വ്യാപിക്കുന്നതുപോലെയാണ് ഗുണ്ടാ വിളയാട്ടം പെരുകിയതും. പോലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ പ്രതിഷേധമുയര്‍ന്നതോടെയാണ് ജനരോഷം തണുപ്പിക്കാന്‍ 'ഓപ്പറേഷന്‍ കാവല്‍' പ്രഖ്യാപിച്ചത്. എന്നാല്‍ ഗൗരവത്തോടെയും ഉദ്ദേശ്യശുദ്ധിയോടെയുമല്ല പോലീസ് ഇതൊന്നും ചെയ്യുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. നെയ്യാറ്റിന്‍കര ആര്യന്‍കോട് പോലീസ് സ്റ്റേഷനുനേരെ ഗുണ്ടകള്‍ പെട്രോള്‍ ബോംബ് എറിഞ്ഞതാണ് ഏറ്റവും പുതിയ സംഭവം. ഗുണ്ടകള്‍ ഒരു സുപ്രഭാതത്തില്‍  മാനത്തുനിന്ന് പൊട്ടിവീഴുന്നതല്ല. ഗുണ്ടാസംഘങ്ങളെക്കുറിച്ചും ഇവര്‍ തമ്മിലെ കുടിപ്പകകളെക്കുറിച്ചും പോലീസിന് വിവരമുണ്ട്. എന്നിട്ടും മുഖംനോക്കാതെ നടപടിയെടുക്കാത്തതാണ് നിയമം കയ്യിലെടുക്കാനും പ്രാകൃതമായ രീതിയില്‍ കൊലപാതകങ്ങള്‍ നടത്താനും ഗുണ്ടകളെ പ്രേരിപ്പിക്കുന്നത്. ഇതിന് പോലീസില്‍ നിന്ന് സഹായം ലഭിക്കുന്ന അവസ്ഥ പോലുമുണ്ട്.

ഗുണ്ടകളെ അടിച്ചമര്‍ത്താനും ജയിലിലടയ്ക്കാനുമുള്ള നിയമവും അധികാരവുമൊക്കെ പോലീസിന് ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നില്ല എന്നത് വളരെ ഗൗരവമുള്ള ഒരു പ്രശ്‌നമാണ്. ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎമ്മും ആഭ്യന്തര വകുപ്പുമാണ്. ഗുണ്ടകള്‍ പോലീസിനെ പേടിക്കാത്തതുപോലെ പോലീസിന് ആഭ്യന്തരവകുപ്പിനെയും ഭയമില്ല. രാഷ്ട്രീയ പ്രതിയോഗികളെ കൊലചെയ്യാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഏര്‍പ്പെടുത്തുന്ന പാര്‍ട്ടിയാണല്ലോ ഭരണത്തെ നയിക്കുന്നത്. പാര്‍ട്ടിയുടെ സ്വന്തം കൊലയാളികള്‍ക്ക് ജയിലുകളില്‍ പഞ്ചനക്ഷത്ര സൗകര്യം ലഭിക്കുന്നു. പുറത്തിറങ്ങി വിലസി നടക്കണമെന്നുള്ളവര്‍ക്ക് ആവശ്യംപോലെ പരോളും ലഭിക്കുന്നു. ഉന്നത പോലീസ് നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഇതൊക്കെ നടക്കുന്നത്. രാഷ്ട്രീയ-ഭരണ നേതൃത്വവും പോലീസും കുറ്റവാളികളുമുള്‍പ്പെടുന്ന ഒരു ദൂഷിതവലയം രൂപപ്പെട്ടിരിക്കുന്നു. ഇവര്‍ പരസ്പരം സഹായിക്കാന്‍ ബാധ്യസ്ഥരാണ്. നിയമവാഴ്ച ഉറപ്പുവരുത്തണമെന്നോ അക്രമങ്ങള്‍ അടിച്ചമര്‍ത്തി സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്നോ നിര്‍ബന്ധബുദ്ധിയുള്ള ആളല്ല ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി. പിണറായി വിജയന്റെ രാഷ്ട്രീയ പശ്ചാത്തലവും ഇതിനൊരു കാരണമാണ്. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായിയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ എന്തൊക്കെയെന്ന് പോലീസിന് നന്നായറിയാം. ഗുണ്ടാസംഘങ്ങളോട് മൃദു സമീപനം പുലര്‍ത്താനും, അവര്‍ അക്രമപ്പേക്കൂത്തുകള്‍ നടത്താനും ഇടയാക്കുന്ന സാഹചര്യം ഇതാണ്. ആഭ്യന്തര വകുപ്പ് സിപിഎമ്മില്‍ നിന്ന് ഇടതുമുന്നണിയിലെ മറ്റേതെങ്കിലും ഘടകകക്ഷി ഏറ്റെടുത്താല്‍ ഈ അവസ്ഥയ്ക്ക് ചില മാറ്റങ്ങള്‍ വന്നേക്കാം.

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.