×
login
ഇഡി‍യെക്കണ്ടാല്‍ എന്തിനു പേടിക്കണം?

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനോട് വിവരങ്ങള്‍ ആരായാന്‍ തീരുമാനിച്ചത്. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ വിദേശ നാണയ വിനിമയ ചട്ടം ഉള്‍പ്പെടെ നിയമവിരുദ്ധ നടപടികള്‍ നടന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം നടത്തുന്നത്. അന്നത്തെ ധനകാര്യമന്ത്രി എന്ന നിലയില്‍ സാക്ഷി ആയിട്ടാണ് തോമസ് ഐസക്കിനെ വിളിച്ചത്.

രുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇ ഡി നടത്തിയ റെയിഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുള്ളതായാണ് സൂചന. നോട്ടു നിരോധനം വന്നപ്പോള്‍ കേരളത്തില്‍ സഹകരണ ബാങ്കുകളുടെ മറവില്‍ വലിയതോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിരുന്നു എന്നത്  പരസ്യമായ രഹസ്യമാണ്. സഹകരണ മേഖലയെ തകര്‍ക്കാനാണ് നോട്ടു നിരോധനം എന്നു സ്ഥാപിക്കാന്‍ ശ്രമിച്ച ആളാണ് മുന്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്.  പുകമറ സൃഷ്ടിച്ച് സഹകരണ ബാങ്കുകളിലൂടെ കള്ളപ്പണം മാറ്റി എന്നതിന് പിന്നീട് തെളിവുകള്‍ പുറത്തു വന്നു. കരുവന്നൂര്‍ ബാങ്ക് പരിശോധനയിലും ഇതുസംബന്ധിച്ച് രേഖകള്‍ ഇ ഡിക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. ഇത്തരം റെയ്ഡുകള്‍ കൂടുതല്‍ സഹകരണ സ്ഥാപനങ്ങളിലേക്ക് വ്യാപിച്ചാല്‍ വെട്ടിലാകുക സിപിഎം ആയിരിക്കും. ഇ ഡിയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് അഞ്ച് ഇടത് എംഎല്‍എ മാര്‍ ഹൈക്കോടതിയെ സമീപിച്ചത് ഈ ഭയം കൊണ്ടാകാനേ വഴിയുള്ളു.  തോമസ് ഐസക്ക് വിശുദ്ധ പശുവൊന്നുമല്ലെന്നത്  ആര്‍ക്കും അറിയാത്ത കാര്യമല്ല. ദൂരൂഹമായ പല ഇടപാടുകള്‍ക്കും ഇടനിലനിന്നു എന്ന ആക്ഷേപം അദ്ദേഹം പേറുന്നുണ്ട്. അങ്ങനെയൊരാള്‍  കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിനു മുന്നില്‍ ഹാജരാകാതിരിക്കാന്‍ വഴികള്‍ തേടുന്നത് മനസ്സിലാകും. എന്നാല്‍ തോമസ് ഐസക്ക് ഹാജരാകേണ്ടതില്ലന്ന് പ്രതിപക്ഷ നേതാവ് പരസ്യമായി പറയുന്നതിലെ രാഷ്ട്രീയം മനസ്സിലാകുന്നില്ല. കോണ്‍ഗ്രസുകാരനായ എംഎല്‍എ നല്‍കിയ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് കിഫ്ബി ഇടപാടില്‍ ഇഡി അന്വേഷണം എന്നുവരുമ്പോള്‍ പ്രത്യേകിച്ചും.

'മടിയില്‍ കനമില്ലങ്കില്‍ വഴിയില്‍ പേടിക്കേണ്ട' എന്ന പഴമൊഴിയൊടെ  മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ളക്‌സാണ് കേരളത്തില്‍ മുഴുവന്‍ പതിച്ചിരിക്കുന്നത്.  കേന്ദ്ര  അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തെയൊന്നും മുഖ്യമന്ത്രി പേടിക്കുന്നില്ല എന്ന് സ്ഥാപിക്കാന്‍ സിപിഎം പതിച്ചതാണ് ഫ്ളക്സുകള്‍.  മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ടോ എന്നത്  അറിയാനിരിക്കുന്നതേയുള്ളു. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍ ധനമന്ത്രിയുടെ മടിയില്‍ കനമുണ്ട് എന്ന് വ്യക്തമാകുന്നതാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ നടത്തുന്ന ഒളിച്ചുകളി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനോട് വിവരങ്ങള്‍ ആരായാന്‍ തീരുമാനിച്ചത്. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ വിദേശ നാണയ വിനിമയ ചട്ടം ഉള്‍പ്പെടെ നിയമവിരുദ്ധ നടപടികള്‍ നടന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം നടത്തുന്നത്. അന്നത്തെ ധനകാര്യമന്ത്രി എന്ന നിലയില്‍ സാക്ഷി ആയിട്ടാണ് തോമസ് ഐസക്കിനെ വിളിച്ചത്. വിശദീകരണം തേടാന്‍ ആരേയും ഇ ഡിക്ക് വിളിക്കാം. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഇ ഡി നോട്ടീസ് അയക്കുന്നതിന് മുന്‍പൊ നോട്ടീസിലൊ കാരണം പറയേണ്ടതില്ലന്ന് വ്യക്തമാക്കുന്നുണ്ട്. ഇ ഡി  തയ്യാറാക്കുന്ന മൊഴി ഒരു കാരണവശാലും ഭരണഘടന വ്യക്തിക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തിനൊ അവകാശങ്ങള്‍ക്കൊ ക്ഷതം എല്‍പ്പിക്കുന്നില്ലന്നും അത് ഒരു ഇന്റേര്‍ണല്‍ രേഖ മാത്രമാണന്നും വിധിന്യായത്തില്‍ ചൂണ്ടികാണിക്കുന്നുണ്ട്. പിന്നെന്തിന് ചോദ്യം ചെയ്യലിനെ പേടിക്കണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും മകന്‍ രാഹുലും അടുത്തിടെ ഒന്നിലധികം ദിവസങ്ങളാണ് ഇ ഡിക്കു മുന്നില്‍ ഹാജരായി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.  

കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. തോമസ് ഐസക്കിന്റെ സഹപ്രവര്‍ത്തകനായ കെ.ടി. ജലീലിനും കൊച്ചിയിലെ ഇ ഡി ഓഫീസില്‍ കറിയിറങ്ങേണ്ടിവന്നു. അപ്പോള്‍പ്പിന്നെ എന്ത് പ്രത്യേകതയാണ് തോമസ് ഐസക്കിനുളളത്. മുന്‍ ധനകാര്യ മന്ത്രിയെന്ന പ്രത്യേക പരിരക്ഷ വല്ലതുമുണ്ടോ. തോമസ് ഐസക്ക് പ്രതിയല്ലെന്നും അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയാണെന്ന് ആരും പറഞ്ഞിട്ടുമില്ല. പ്രതിയാകുമോ എന്ന പേടി ഐസക്കിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ ഉണ്ടോ?  കിഫ്ബിയുടെ പിന്നാമ്പുറക്കഥകള്‍ മാത്രമായിരിക്കില്ല ഇ ഡി തോമസ് ഐസക്കിനോട് ചോദിക്കുക. സഹകരണ മേഖലയിലെ  വ്യാപക അഴിമതിയെക്കുറിച്ചുള്ള ഉത്തരങ്ങളും അദ്ദേഹം പറയേണ്ടി വരും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.