×
login
കശ്മീരില്‍ വേണ്ടത് കടുത്ത നടപടികള്‍

കശ്മീരിന്റെ കാര്യത്തില്‍ എന്താണ് വേണ്ടതെന്ന് പഞ്ചാബ് കാണിച്ചുതരുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കെപിഎസ് ഗില്‍ എന്ന പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സിഖ് ഭീകരരെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയാണുണ്ടായത്. കശ്മീരിലും ഇതാണ് പോംവഴി

ചെറിയൊരു ഇടവേളയ്ക്കുശേഷം നിരപരാധികളെ അരുംകൊല ചെയ്ത് കശ്മീര്‍ താഴ്‌വരയിലെ സമാധാനം കെടുത്താനുള്ള ഭീകരരുടെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ സൈനിക നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ദല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ, സൈനിക-രഹസ്യാന്വേഷണ വിഭാഗം മേധാവികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുകയാണ്. വിഘടനവാദത്തിന് വളംവയ്ക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന്, താഴ്‌വരയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. ആറായിരത്തോളം പണ്ഡിറ്റുകളെ തിരിച്ചെത്തിച്ച് അവര്‍ക്ക് ജോലിയും സുരക്ഷിതത്വവും നല്‍കുക മാത്രമല്ല, നഷ്ടപ്പെട്ടുപോയ അവരുടെ ഭൂമി വീണ്ടെടുക്കാനുള്ള നിയമ നടപടികളും ആരംഭിക്കുകയുണ്ടായി. പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ ജന്മനാട്ടില്‍ പുനരധിവസിപ്പിക്കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാഴ്‌വാക്കല്ലെന്ന് ഇതിലൂടെ ലോകത്തിന് ബോധ്യമായി. ഇതാണ് ഭീകരവാദികളെ പ്രകോപിപ്പിച്ചത്. അടുത്തിടെ പണ്ഡിറ്റുകളായ ഒരു അധ്യാപികയെയും ബാങ്കുദ്യോഗസ്ഥനെയും ഇതര സംസ്ഥാന തൊഴിലാളികളെയും കൊലപ്പെടുത്തി, ഭീകരര്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുണ്ടായി.

കശ്മീരിന്റെ കാര്യത്തില്‍ അസാധ്യമെന്ന് വിധിയെഴുതിയ കാര്യമാണ് മൂന്നു പതിറ്റാണ്ടുകാലത്തെ പണ്ഡിറ്റുകളുടെ നീതി നിഷേധത്തിന് അറുതിവരുത്തി നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നത്. കശ്മീരിനെ മുള്‍മുനയില്‍ നിര്‍ത്തി മുതലെടുക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപിതശക്തികളെ അനുവദിക്കില്ലെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. സമാധാനം ഉറപ്പുവരുത്താനെന്ന പേരില്‍ മുന്‍കാലത്ത് കേന്ദ്ര സര്‍ക്കാരുകളില്‍നിന്ന് അനന്തമായ നേട്ടങ്ങള്‍ കൊയ്തിരുന്നവര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ അങ്ങേയറ്റം നിരാശരാണ്. അതിര്‍ത്തിക്കപ്പുറത്തെ ശത്രുക്കളുമായി ഒത്തുകളിച്ച് വിഘടനവാദത്തെ സഹായിക്കുകയായിരുന്നു ഈ രാഷ്ട്രീയ പാര്‍ട്ടികള്‍. എല്ലാറ്റിനുമുപരി കശ്മീരിലെ മുസ്ലിങ്ങളെ ഇവര്‍ ഭാരതത്തിനെതിരാക്കുകയും ചെയ്തു. ഇപ്പോള്‍ 'ഗുപ്കാര്‍' സഖ്യം എന്നറിയപ്പെടുന്ന ഇവര്‍ കശ്മീരില്‍ ജിഹാദികള്‍ നടത്തുന്ന കൊലപാതകങ്ങളില്‍ ഉള്ളുകൊണ്ട് സന്തോഷിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ പരാജയപ്പെട്ടിരിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ ഇക്കൂട്ടര്‍ കാണിക്കുന്ന തിടുക്കം അപലപനീയമാണ്. അതേസമയം താഴ്‌വരയില്‍ നിന്നും പാകിസ്ഥാനില്‍നിന്നുമുള്ള സഹായങ്ങള്‍ കൈപ്പറ്റി ഭീകരവാദികളെ സഹായിക്കുന്ന വിഭാഗത്തെക്കുറിച്ച് ഈ പാര്‍ട്ടികള്‍ മൗനം പാലിക്കുകയും ചെയ്യുന്നു. ഭീകരരെയും അവര്‍ക്ക് സഹായം നല്‍കുന്നവരെയും  സൈന്യം അടിച്ചമര്‍ത്തുമ്പോള്‍ അത് ന്യൂനപക്ഷ വേട്ടയായും ഫാസിസമൊക്കെയായും ചിത്രീകരിക്കുന്നു. കശ്മീരിലെ മുസ്ലിങ്ങളില്‍ ഭൂരിപക്ഷവും നിശ്ശബ്ദരായിരിക്കുമ്പോള്‍ മറ്റൊരു വിഭാഗം ഭീകരവാദികളെ സഹായിക്കുന്നവരാണ്. ഈ സത്യം മറച്ചുപിടിച്ചിട്ടു കാര്യമില്ല.

കശ്മീര്‍ താഴ്‌വരയില്‍ മുസ്ലിങ്ങളല്ലാത്തവരെ താമസിക്കാന്‍ അനുവദിക്കില്ലെന്നതാണ് വിഘടനവാദികളുടെയും ഭീകരവാദികളുടെയും നയം. ഒരിക്കല്‍ തങ്ങള്‍ ഇവരെ ആട്ടിയോടിച്ചതാണല്ലോ. തുടര്‍ച്ചയായ കൊലപാതകങ്ങൡലൂടെ സുരക്ഷിതരല്ലെന്ന തോന്നല്‍ താഴ്‌വരയില്‍ തിരിച്ചെത്തിയിരിക്കുന്ന പണ്ഡിറ്റുകളില്‍ ഭീകരര്‍ സൃഷ്ടിച്ചിരിക്കുന്നു. തങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യം പണ്ഡിറ്റുകളില്‍നിന്നും മറ്റു ചിലരില്‍നിന്നും ഉയരുകയാണ്. കശ്മീരി പണ്ഡിറ്റുളെ താഴ്‌വര വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന ആരോപണം കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മറ്റും ആഹ്ലാദത്തോടെ ഉന്നയിക്കുകയും ചെയ്യുന്നു. ഭീകരരുടെ ആക്രമണ ഭീഷണി നേരിടുന്നവരെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. എന്നാല്‍ ഇത് ശാശ്വതമായ പരിഹാരമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. കശ്മീരിന്റെ കാര്യത്തില്‍ എന്താണ് വേണ്ടതെന്ന് പഞ്ചാബ് കാണിച്ചുതരുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കെപിഎസ് ഗില്‍ എന്ന പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സിഖ് ഭീകരരെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയാണുണ്ടായത്. കശ്മീരിലും ഇതാണ് പോംവഴി. ഭീകരര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും ഇടമുണ്ടാവരുത്. ഇങ്ങനെ സംഭവിച്ചാല്‍ ഇതുവരെ ഭയപ്പെട്ട് നിശ്ശബ്ദരായി കഴിയുന്ന മുസ്ലിംസമൂഹം വിഘടനവാദികള്‍ക്കെതിരെ രംഗത്തുവരും. സത്യത്തിന്  നിലനില്‍ക്കാന്‍ ശക്തിയുടെ അടിത്തറ വേണമെന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. നാം ആരെയും ജയിക്കാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ ദുഷ്ടജനങ്ങള്‍ നമ്മെ ജയിക്കാന്‍ അനുവദിക്കരുതെന്ന് സര്‍സംഘചാലക് തുടര്‍ന്നു പറയുന്നതിന്റെ സന്ദേശം ഉള്‍ക്കൊള്ളണം.

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.