×
login
മുഖ്യമന്ത്രിക്കു മുന്നില്‍ ഇനി രാജി മാത്രം; കൂട്ടുപ്രതിയല്ല, യഥാര്‍ത്ഥ വില്ലനായിരിക്കും പിണറായി

ശിവശങ്കര്‍ ഒരു സ്വകാര്യ വ്യക്തിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ പ്രതാപത്തോടെയും വാണരുളിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഈ ഓഫീസിന്റെ അധികാരം, അതായത് മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചാണ് ശിവശങ്കര്‍ സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെ രാജ്യദ്രോഹപരമായ കുറ്റങ്ങള്‍ ചെയ്തതായി തെളിയുന്നത്

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ചാം പ്രതിയാക്കി റിമാന്റ് ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് ആ സ്ഥാനത്ത് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ശിവശങ്കര്‍ അറസ്റ്റിലാവുന്നത് തടയാന്‍ അധികാരം ഉപയോഗിച്ച് എല്ലാ വഴികളും നോക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പറയത്തക്ക അസുഖമൊന്നും ഇല്ലാതിരുന്നിട്ടും കസ്റ്റംസിന്റെ അറസ്റ്റൊഴിവാക്കാന്‍ ആശുപത്രിയില്‍ പ്രവേശിച്ച ശിവശങ്കറിനുവേണ്ട എല്ലാ ഒത്താശകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷിത താവളമാക്കിയതും, അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിവിധി വന്നതോടെ അവിടംവിട്ട്  ആയുര്‍വേദ ചികിത്സയ്ക്കുപോയതും അന്വേഷണ ഏജന്‍സിയുടെ പിടിയില്‍പ്പെടാതിരിക്കാനാണ്. ഈ സമയമൊക്കെ വാക്കാല്‍ തള്ളിപ്പറഞ്ഞുകൊണ്ട് ശിവശങ്കറിന് രക്ഷാകവചമൊരുക്കുകയായിരുന്നു ഭരണാധികാരം കയ്യാളുന്നവര്‍. രണ്ട് തവണ അറസ്റ്റു തടഞ്ഞ ഹൈക്കോടതി ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമെന്ന പ്രതീക്ഷയോടെയാണ് കരുനീക്കങ്ങളെല്ലാം നടത്തിയത്. എന്നാല്‍ ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, അറസ്റ്റു തടയാനാവില്ലെന്നും കോടതി വ്യക്തമാക്കിയതോടെ ആഴ്ചകളായി സര്‍ക്കാര്‍ അതിവിദഗ്ദ്ധമായി കെട്ടിപ്പൊക്കിക്കൊണ്ടുവന്ന തന്ത്രങ്ങളാണ് ചീട്ടുകൊട്ടാരംപോലെ തകര്‍ന്നത്.

മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നൊക്കെയുള്ള വാചകമടികള്‍ നടത്തി ഈ രക്തത്തില്‍ തനിക്ക് പങ്കില്ലെന്ന് വരുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ശിവശങ്കര്‍ അറസ്റ്റിലായിട്ടും സിപിഎം നേതാക്കള്‍ യാതൊരു ലജ്ജയുമില്ലാതെ ഇതൊക്കെ ആവര്‍ത്തിക്കുകയാണ്. ശിവശങ്കര്‍ ഒരു സ്വകാര്യ വ്യക്തിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ പ്രതാപത്തോടെയും വാണരുളിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഈ ഓഫീസിന്റെ അധികാരം, അതായത് മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചാണ് ശിവശങ്കര്‍ സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെ രാജ്യദ്രോഹപരമായ കുറ്റങ്ങള്‍ ചെയ്തതായി തെളിയുന്നത്. കള്ളക്കടത്തു നടത്തിയ സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആരും വിളിച്ചിട്ടില്ലെന്നാണ് പിന്നീട് അച്ചടക്ക നടപടി നേരിട്ട പാര്‍ട്ടി വിധേയനായ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയും സിപിഎമ്മും ഇത് ഏറ്റുപാടി. എന്നാല്‍ സ്വര്‍ണം വിട്ടുകിട്ടാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചുവെന്ന് ഇപ്പോള്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നു. പിണറായിയുടെ അപരനായാണ് ശിവശങ്കര്‍ എല്ലാം ചെയ്തിട്ടുള്ളത്. പിണറായിയുടെ അറിവും സമ്മതവുമില്ലാതെയാണ്  ഇതൊക്കെ സംഭവിച്ചതെന്ന് സാമാന്യബോധമുള്ള ഒരാളും വിശ്വസിക്കില്ല. മുഖ്യമന്ത്രിയുടെ സത്യസന്ധതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ആ പദവിയില്‍ തുടരാനുള്ള അര്‍ഹത ഇനിയില്ല.

മുഖ്യമന്ത്രി പിണറായി വിജയനും ശിവശങ്കറും, സ്വര്‍ണ കള്ളക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്‌നയും തമ്മില്‍ അഭേദ്യബന്ധമാണുള്ളത്. മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള അധികാരമാണ് മറ്റ് രണ്ടുപേരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത്. പിടിയിലായതോടെ സ്വപ്‌നയോട് ശിവശങ്കര്‍ അകലംപാലിച്ചതുപോലെയാണ് ശിവശങ്കര്‍ മുഖ്യമന്ത്രിക്ക് അനഭിമതനായതും! ഇത് പരസ്പര ധാരണയോടെയായിരുന്നു. ആരോപണവിധേയനായ ശിവശങ്കറിനെ ആദ്യം മാറ്റി നിര്‍ത്തിയതും, പിന്നീട് സസ്‌പെന്‍ഡു ചെയ്തതുമൊക്കെ ഒത്തുകളിയുടെ ഭാഗമാണ്. ഈ നടപടി മുഖ്യമന്ത്രിയുടെ വിശ്വാസ്യതയ്ക്കും നിരപരാധിത്വത്തിനും തെളിവാകുന്നില്ല. ശിവശങ്കറിനെ തള്ളിപ്പറയുമ്പോഴും ആ ഉദ്യോഗസ്ഥന്റെ കയ്യിലാണ് തന്റെ ഭാവിയെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. ശിവശങ്കറിന്റെ ഒറ്റവാചകത്തില്‍ പിണറായിയുടെ ലോകം ഇടിഞ്ഞുപൊളിഞ്ഞു വീഴും. സര്‍ക്കാരിന്റെ പിന്തുണയോടെ ഇതുവരെ പിടിച്ചുനിന്നതുപോലെ ഇനി ശിവശങ്കറിനാവില്ല. അണിയറക്കഥകള്‍ ഒന്നൊന്നായി പുറത്തുവരും. അവിടെ കൂട്ടുപ്രതിയല്ല, യഥാര്‍ത്ഥ വില്ലനായിരിക്കും പിണറായി. അതുവരെ  കാത്തുനില്‍ക്കാതെ മുഖ്യമന്ത്രിപദം രാജിവയ്ക്കുകയാണ് പിണറായിക്ക് നല്ലത്. ഇതിന് തയ്യാറല്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന ജനരോഷത്തില്‍ എല്ലാം ഒലിച്ചുപോകും. ഭരണം മാത്രമല്ല, പാര്‍ട്ടി പോലും.

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.