×
login
ഇനിയും പിറക്കാത്ത പ്രബുദ്ധ കേരളം

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഗുരുവായൂര്‍ സത്യഗ്രഹം അരങ്ങേറിയത് ഐക്യകേരളം ഉണ്ടാകുന്നതിനും രണ്ട് പതിറ്റാണ്ടു മുന്‍പായിരുന്നു. ഈ മഹാസംഭവത്തിന്റെ നവതിദിനവും കേരളപ്പിറവി ദിനവും ഒന്നിച്ചുവരുന്നത് ഒരു താരതമ്യ പഠനത്തിനുള്ള അവസരം നല്‍കുന്നുണ്ട്‌

ഐക്യകേരളം പിറന്നിട്ട് ഇന്ന് ആറര പതിറ്റാണ്ടായിരിക്കുന്നു. നവംബര്‍ ഒന്ന് കേരളപ്പിറവിയായി കൊണ്ടാടുമ്പോള്‍ പലര്‍ക്കുമുള്ള ഒരു തെറ്റിദ്ധാരണ അതിനു മുന്‍പ്  കേരളമില്ലായിരുന്നു എന്നാണ്. ചിലര്‍ ഇത്തരമൊരു തെറ്റിദ്ധാരണ ബോധപൂര്‍വം  സൃഷ്ടിക്കാന്‍ ശ്രമിച്ചുവരുന്നുണ്ട്. കേരളപ്പിറവിയുടെ മഹത്വം ഘോഷിക്കാന്‍ ഒരു നാടിന്റെ ചരിത്രവും സംസ്‌കാരവും പൈതൃകവുമൊക്കെ തമസ്‌കരിക്കുകയാണിന്ന്. തിരുവിതാംകൂറും കൊച്ചിയും മലബാറുമൊക്കെയായി വേര്‍തിരിഞ്ഞു കിടന്ന പ്രദേശങ്ങള്‍ ഭരണസൗകര്യത്തിനുവേണ്ടി ഒരൊറ്റ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു എന്നതു മാത്രമാണ് സംഭവിച്ചത്. ഐക്യകേരളത്തിന്റെ ആറര പതിറ്റാണ്ടുകാലവും നാം  പാടിപ്പുകഴ്ത്തുന്ന പുരോഗമനാശയങ്ങളും നന്മകളുമൊക്കെ യഥാര്‍ത്ഥത്തില്‍ നാട്ടുരാജ്യങ്ങളുണ്ടായിരുന്ന കാലത്തുതന്നെ രൂപപ്പെട്ടതാണ്. അടിസ്ഥാനപരമായ ചില വികസനപദ്ധതികളും അന്നുതന്നെ ഉണ്ടായിരുന്നു. സാക്ഷരത, വിദ്യാഭ്യാസം, വ്യവസായം, സാമൂഹ്യപരിഷ്‌കരണം, സാംസ്‌കാരിക മുന്നേറ്റം എന്നിവകളിലൊക്കെ ശ്രദ്ധേയമായ ചുവടുവയ്പുകള്‍ ഐക്യകേരളത്തിന് മുന്‍പ് നടന്നിരുന്നു. കേരളപ്പിറവിക്കുശേഷം മാറിമാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെയും, അവയെ നയിച്ച ഭരണാധികാരികളുടെയും ചരിത്രം പരിശോധിച്ച് മൂല്യനിര്‍ണയം നടത്തിയാല്‍ അധികമൊന്നും അഭിമാനിക്കാനില്ലെന്നു കാണാം. സ്വാതന്ത്ര്യം ലഭിച്ച നിമിഷം റദ്ദായിപ്പോകേണ്ടിയിരുന്ന മുല്ലപ്പെരിയാര്‍ കരാര്‍ പിന്നെയും മാറ്റമില്ലാതെ തുടര്‍ന്ന ഒറ്റക്കാര്യം മാത്രം നോക്കിയാല്‍ മതി നമ്മെ ഭരിച്ചവര്‍ എത്ര മണ്ടന്മാരായിരുന്നു എന്നു മനസ്സിലാക്കാന്‍. ഇതില്‍ ചിലര്‍ മഹാന്മാരായി അറിയപ്പെടുന്നു എന്നത് ഒരു വിരോധാഭാസം തന്നെയാണ്.

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഗുരുവായൂര്‍ സത്യഗ്രഹം അരങ്ങേറിയത് ഐക്യകേരളം ഉണ്ടാകുന്നതിനും രണ്ട് പതിറ്റാണ്ടു മുന്‍പായിരുന്നു. ഈ മഹാസംഭവത്തിന്റെ നവതിദിനവും കേരളപ്പിറവി ദിനവും ഒന്നിച്ചുവരുന്നത് ഒരു താരതമ്യ പഠനത്തിനുള്ള അവസരം നല്‍കുന്നുണ്ട്. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കു മുന്നില്‍ ആരാധനാലയങ്ങളുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കാന്‍ ഇടയാക്കിയത് ഗുരുവായൂര്‍ സത്യഗ്രഹമാണ്. തൊണ്ണൂറു വര്‍ഷമാകുമ്പോഴും ആ സാമൂഹ്യവിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ പൂര്‍ണമായ തോതില്‍ ബഹുജനങ്ങള്‍ക്ക് ലഭ്യമായിട്ടില്ല എന്നറിയുമ്പോള്‍ ഐക്യകേരളത്തിന്റെ ആറരപ്പതിറ്റാണ്ടുകാലം നവോത്ഥാനത്തിന്റെ പാതയിലൂടെയല്ല സഞ്ചരിച്ചതെന്ന് വ്യക്തമാവും. ആദിശങ്കരനും അയ്യാ വൈകുണ്ഠസ്വാമികളും നാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും കുമാരഗുരുദേവനുമൊക്കെ നാന്ദികുറിക്കുകയും നയിക്കുകയും ഗുണപുഷ്‌കലമാക്കുകയും ചെയ്ത നവോത്ഥാനത്തെ ആദ്യം ഹൈജാക്ക് ചെയ്യുകയും, പിന്നീട് അട്ടിമറിക്കുകയും ചെയ്ത ഇടതുപക്ഷവും വലതുപക്ഷവും ജാതിമത വിഭാഗങ്ങളായി സമൂഹത്തെ വേര്‍തിരിച്ചു. കാര്‍ഷിക മഹിമയും സാമൂഹ്യനീതിയുമൊക്കെ വോട്ടുബാങ്കിന്റെ ബലത്തില്‍ നിര്‍ണയിക്കപ്പെട്ടു. അധികാരം ലഭിക്കുമെങ്കില്‍ ഏത് അധര്‍മത്തിനും കൂട്ടുനില്‍ക്കുന്നത് മതേതരത്വത്തിന്റെ പേരില്‍ ന്യായീകരിച്ചുപോന്നു. സംസ്‌കാരത്തിന്റെ കരുത്തിനെ ചോര്‍ത്തിക്കളയുകയും വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും തദ്ദേശീയവും വൈദേശികവുമായ ശക്തികളെ സമസ്ത മേഖലയിലും കുടിയിരുത്തുകയും ചെയ്തു.

പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത തിന്മകള്‍ പ്രബുദ്ധ കേരളത്തിന്റെ മറവില്‍ തഴച്ചുവളര്‍ന്നു. കുടിയൊഴിക്കപ്പെടുകയാണെന്ന് തോന്നിച്ച ജാതി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സാമൂഹ്യജീവിതത്തില്‍ പല രൂപഭാവങ്ങല്‍ പ്രത്യക്ഷപ്പെടുകയാണ്. ഒരുകാലത്ത് പൊതുസമൂഹം അറപ്പോടെയും വെറുപ്പോടെയും കണ്ടിരുന്ന പലതും പലതരം വര്‍ണാവരണങ്ങളണിഞ്ഞ് സ്വീകാര്യത നേടുകയാണ്. കൃഷിയുടെയും വ്യവസായത്തിന്റെയുമൊക്കെ ശവപ്പറമ്പുകളാക്കി സംസ്ഥാനത്തെ മാറ്റിയവര്‍ കേരള മോഡലിന്റെ പേരില്‍ ഇപ്പോഴും ഊറ്റം കൊള്ളുന്നു. അന്യനാടുകളില്‍നിന്നുള്ള പണമില്ലെങ്കില്‍, അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്ന് കിട്ടുന്ന കടമില്ലെങ്കില്‍ കേരളം പട്ടിണി കിടക്കുന്ന അവസ്ഥയാണ്. ജനങ്ങളെ ഒരിക്കലും രക്ഷപ്പെടാനാവാത്ത കടക്കെണിയില്‍ അകപ്പെടുത്തിയതാണ് കേരളം നേടിയ സാമ്പത്തിക സ്വയംപര്യാപ്തത! വികസന പദ്ധതികള്‍ അഴിമതി നടത്താനുള്ള അവസരങ്ങള്‍ മാത്രം. പരിസ്ഥിതി സംരക്ഷണത്തിന് അധരവ്യായാമം മാത്രം നടത്തി പ്രളയങ്ങളും ഉരുള്‍പൊട്ടലുകളും ക്ഷണിച്ചുവരുത്തുന്നു. മനുഷ്യരുടെ ദുഃഖദുരിതങ്ങള്‍ പോലും ഭരണാധികാരികള്‍ പണമുണ്ടാക്കാനുള്ള അവസരങ്ങളായി കാണുന്നു. കേരളത്തനിമ എന്നത് അത്യന്തം വിഷലിപ്തമായ ആശയമായി പരുവപ്പെടുത്തുകയാണ്. കേരള ബാങ്ക്, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, കെ റെയില്‍, കെ ഫോണ്‍, കേരളരത്ന എന്നൊക്കെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് വിഘടനവാദത്തിന് വളംവയ്ക്കുന്നു. കേരളത്തിന് സ്വന്തമായ ഗീതവും പതാകയുമൊക്കെ വേണമെന്ന് അടക്കം പറയാന്‍ തുടങ്ങിയിരിക്കുന്നു. നാം സ്വപ്നം കണ്ട കേരളം ഇതല്ലെന്ന് ഐക്യ കേരളത്തിന്റെ ഇതുവരെയുള്ള ചരിത്രം ഒരു സംശയവും അവശേഷിപ്പിക്കാതെ നമ്മെ ബോധ്യപ്പെടുത്തുകയാണ്. നവോത്ഥാനത്തിന്റെ നന്മകളിലേക്ക് ഒരു മടക്കയാത്ര അനിവാര്യമായിരിക്കുന്നു. എത്ര വേഗം അതുണ്ടാകുന്നുവോ അത്രയും നല്ലത്.


 

 

 

 

  comment
  • Tags:

  LATEST NEWS


  ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട; കള്ള്ഷാപ്പിലെ ഭൂഗർഭ ടാങ്കിൽ സൂക്ഷിച്ചിരുന്നത് 2000 ലിറ്റര്‍ സ്പിരിറ്റ്, റെയ്ഡ് രഹസ്യവിവരത്തെ തുടർന്ന്


  കള്ളാറില്‍ മൂന്ന് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത സ്കൂള്‍ കെട്ടിടത്തില്‍ ചെറിയ മഴയില്‍ തന്നെ വെള്ളക്കെട്ടും, ചോര്‍ച്ചയും; പാഴായത് രണ്ടരക്കോടി


  തൃക്കാക്കരയില്‍ ഏറ്റുമുട്ടുന്നവര്‍ തിരുവന്‍വണ്ടൂരില്‍ കൂട്ടുമുന്നണി; ഉപാധ്യക്ഷ സ്ഥാനം സിപിഎമ്മിന്, കോണ്‍ഗ്രസ് പിന്തുണച്ചു


  കേന്ദ്രമന്ത്രിയായിരിക്കേ റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് ഭൂമിയും പണവും കൈപ്പറ്റി; ലാലു പ്രസാദ് യാദവിന്റെ വസതിയില്‍ സിബിഐ തെരച്ചില്‍


  നടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി, ഇന്റര്‍പോള്‍ വഴി യുഎഇയെ അറിയിക്കും


  ''കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് പള്ളിയാക്കി''; ഭാവിയില്‍ പ്രശ്നമാകും, വെട്ടൂര്‍ രാമന്‍ നായരുടെ പുരി മുതല്‍ നാസിക് വരെയെന്ന പുസ്തകം ചര്‍ച്ചയാവുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.