login
ഒരു അതികായന്റെ വിയോഗം

ശാന്തമായ കടല്‍പ്പരപ്പ് കപ്പിത്താന്റെ വൈദഗ്ദ്ധ്യം വര്‍ധിപ്പിക്കില്ല എന്നൊരു ചൊല്ലുണ്ട്. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതത്തോട് ചേര്‍ത്തുവയ്ക്കാവുന്നതാണിത്. പ്രതിസന്ധികളെയും വെല്ലുവിളികളെയും ഭയക്കാതിരുന്ന നേതാവായിരുന്നു പിള്ള.

 

ആര്‍. ബാലകൃഷ്ണ പിള്ളയുടെ വിയോഗത്തില്‍ കേരള രാഷ്ട്രീയത്തിന് നഷ്ടമാകുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു അതികായനെയാണ്. ആറുപതിറ്റാണ്ടുകാലത്തെ സംഭവബഹുലമായ പൊതുജീവിതത്തിന് ഉടമയായ പിള്ള, പലപ്പോഴും രാഷ്ട്രീയ രംഗത്തെ ഗതിവിഗതികളെ നിയന്ത്രിച്ച കരുത്തനാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന പിള്ള യുവാവായിരിക്കെ കോണ്‍ഗ്രസ്സിലെത്തി. സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്‍ കൈപിടിച്ച് എന്‍എസ്എസിന്റെ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്ന പിള്ള ജീവിതാവസാനം വരെ സമുദായ സ്‌നേഹിയായി തുടര്‍ന്നു. പില്‍ക്കാലത്ത് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ വന്ന പലരോടും അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും വര്‍ഷംതോറും ജയന്തിദിനത്തില്‍ മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി പ്രതിബദ്ധത തെളിയിച്ചു. കോണ്‍ഗ്രസ്സുകാരനായിരിക്കെ ആര്‍. ശങ്കറിനെതിരെ പടനയിച്ച് മന്നത്തിന്റെ ആശീര്‍വാദത്തോടെ കേരളാ കോണ്‍ഗ്രസ്സ് രൂപീകരിച്ചപ്പോള്‍ ബാലകൃഷ്ണപിള്ള അതിന്റെ സെക്രട്ടറിയായി. പിന്നീട് മന്ത്രിയായ കെ.എം. മാണി  കെ.എം. ജോര്‍ജിനോട് വിയോജിച്ച് കേരളാ കോണ്‍ഗ്രസ്സ് വിടുകയും സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തപ്പോള്‍ പിള്ള മാതൃസംഘടനയില്‍ ഉറച്ചുനിന്നു.  വളരെക്കഴിഞ്ഞാണ് ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്സ്-ബി രൂപംകൊള്ളുന്നത്. ഒറ്റയാള്‍ പട്ടാളമായി പാര്‍ട്ടിയെ നയിച്ച പിള്ള ഒരിക്കല്‍പ്പോലും ആര്‍ക്കുമുന്നിലും തലകുനിച്ചില്ല, കീഴടങ്ങിയില്ല.

ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ബാലകൃഷ്ണപിള്ളയുടെ ട്രാക് റെക്കോര്‍ഡുള്ളവര്‍ അപൂര്‍വമാണ്. പഞ്ചായത്തംഗം മുതല്‍ പാര്‍ലമെന്റംഗം വരെയായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് പഞ്ചായത്തുകളുടെ  പ്രസിഡന്റായി. എട്ടുതവണ എംഎല്‍എയായ പിള്ള നിരവധി തവണ മന്ത്രിയുമായി. ഗതാഗതം, എക്‌സൈസ്, ജയില്‍ വകുപ്പ്, വൈദ്യുതി വകുപ്പ് തുടങ്ങിയവ ഭരിച്ചു. ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊണ്ടുവന്ന അടിയന്തരാവസ്ഥയ്‌ക്കെതിരെ ജയിലില്‍ പോയ പിള്ള ഇടയ്ക്കുവച്ച് ജയില്‍മോചിതനായി സി. അച്ചുതമേനോന്റെ മന്ത്രിസഭയില്‍ ജയില്‍ വകുപ്പ് മന്ത്രിയായി. മന്ത്രിയെന്ന നിലയ്ക്ക് സഹതടവുകാരായിരുന്നവരെ ജയിലില്‍ സന്ദര്‍ശിച്ചതുമൊക്കെ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് സൂക്ഷിക്കുന്ന കൗതുകകരമായ ഓര്‍മകളാണ്. മന്ത്രിയെന്ന നിലയില്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞയാളാണ് പിള്ള. കൂറുമാറ്റ നിയമപ്രകാരം കേരളത്തില്‍ ആദ്യമായി ശിക്ഷിക്കപ്പെട്ടയാള്‍, മന്ത്രിയായിരുന്നപ്പോഴത്തെ അഴിമതിക്കേസില്‍ ആദ്യമായി കോടതി ശിക്ഷിച്ചയാള്‍ എന്നതൊക്കെ പിള്ളയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായിരുന്നു. വൈദ്യുതി മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് പിള്ള നടത്തിയത്. ഇടുക്കി രണ്ടാം ഘട്ടം, ലോവര്‍ പെരിയാര്‍, ഇടമലയാര്‍, കക്കാട്, കുറ്റിയാടി എന്നിങ്ങനെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ ആരംഭിച്ചത് പിള്ളയുടെ കാലത്താണെന്ന് പലരും ഓര്‍ക്കാറില്ല. മുന്നണികള്‍ മാറുന്നതിനനുസരിച്ച് രാഷ്ട്രീയ നിലപാടുകള്‍ മാറ്റാനും, അത് പാര്‍ട്ടി അണികളെയും ഒരു പരിധിവരെ പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താന്‍ അസാമാന്യമായ വൈഭവമാണ് പിള്ള പ്രകടിപ്പിച്ചത്. എതിരാളികള്‍ പോലും ഇക്കാര്യം സമ്മതിക്കും.

ശാന്തമായ കടല്‍പ്പരപ്പ് കപ്പിത്താന്റെ വൈദഗ്ദ്ധ്യം വര്‍ധിപ്പിക്കില്ല എന്നൊരു ചൊല്ലുണ്ട്. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതത്തോട് ചേര്‍ത്തുവയ്ക്കാവുന്നതാണിത്. പ്രതിസന്ധികളെയും വെല്ലുവിളികളെയും ഭയക്കാതിരുന്ന നേതാവായിരുന്നു പിള്ള. തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ മാത്രമല്ല, അതനുസരിച്ച് പ്രവര്‍ത്തിക്കാനും മടിച്ചില്ല. ഇത് പലപ്പോഴും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി. കെ. കരുണാകരന്റെ മന്ത്രിസഭയില്‍ അംഗമായിരിക്കെ നടത്തിയ 'പഞ്ചാബ് മോഡല്‍' പ്രസംഗം വിവാദക്കൊടുങ്കാറ്റുയര്‍ത്തി. മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. കേരളത്തിനു ലഭിക്കേണ്ടിയിരുന്ന റെയില്‍വെ കോച്ച് ഫാക്ടറി പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ താല്‍പ്പര്യപ്രകാരം പഞ്ചാബിലേക്ക് കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് എറണാകുളം രാജേന്ദ്ര മൈതാനത്ത് നടത്തിയ പ്രസംഗമാണ് വിവാദമായത്. വിഘടനവാദം കൊടികുത്തിവാണിരുന്ന പഞ്ചാബിലേതുപോലെ ഇവിടെയും നടക്കണമെന്നായിരുന്നു പിള്ള പ്രസംഗിച്ചത്. തന്റെ പാര്‍ട്ടിയുടെ താല്‍പ്പര്യം പിള്ളയ്ക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. അതിനുവേണ്ടി ആരുമായും പടവെട്ടി. മകന്‍ കെ.ബി. ഗണേഷ് കുമാറിനെപ്പോലും ഇതില്‍നിന്ന് ഒഴിവാക്കിയില്ല. മാറ്റങ്ങള്‍ പലതുകണ്ട കേരള രാഷ്ട്രീയത്തിന്റെ നാള്‍വഴിയില്‍ ആര്‍ക്കും കീഴടങ്ങാത്ത നായകനായി നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ബാലകൃഷ്ണപിള്ളയുടേത്. രാഷ്ട്രീയമായ ചേരിതിരിവുകള്‍ക്കും അഭിപ്രായഭിന്നതകള്‍ക്കുമപ്പുറം ആധുനിക കേരളത്തിന്റെ രാഷ്ട്രീയ-ഭരണരംഗത്തെ കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ആ അതികായന് ഞങ്ങളുടെ ആദരാഞ്ജലി.

 

 

 

 

  comment
  • Tags:

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.