×
login
അട്ടപ്പാടി‍യിലെ നിശ്ശബ്ദ നരഹത്യകള്‍

അട്ടപ്പാടിയിലെ ജനങ്ങളും മനുഷ്യരാണെന്നും, മറ്റുള്ളവരെപ്പോലെ അവര്‍ക്കും അവകാശങ്ങളുണ്ടെന്നും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യാത്തതില്‍ ഭരണാധികാരികളും പൊതുസമൂഹവും ഒരുപോലെ കുറ്റക്കാരാണ്

ട്ടപ്പാടിയില്‍ നാല് ദിവസത്തിനിടെ പട്ടികവര്‍ഗത്തില്‍പ്പെടുന്ന നാല് ശിശുക്കള്‍ മരിക്കാനിടയായത് ഏറെ ദുഃഖകരവും വേദനാജനകവുമാണ്. അമ്മമാര്‍ക്ക്  മതിയായ പോഷകാഹാരം ലഭിക്കാത്തതും, യഥാസമയം ചികിത്സ ലഭിക്കാത്തതുമാണ് അത്യന്തം ദയനീയമായ ഈ സ്ഥിതിവിശേഷത്തിന് കാരണമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അഞ്ചുമാസത്തിനിടെ 30 നവജാത ശിശുക്കള്‍ക്കാണ് അട്ടപ്പാടിയില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 18 മാസത്തിനിടെ മരിച്ചത് 52 പേരും. എട്ട് വര്‍ഷത്തെ കണക്കു പരിശോധിക്കുമ്പോള്‍ 121 കുട്ടികള്‍ മരിച്ചതായാണ് കണക്കുകളില്‍ കാണുന്നത്. ഒരു വര്‍ഷം മാത്രം 42 കുട്ടികള്‍ മരിച്ചു എന്നറിയുമ്പോഴാണ് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുക. ശിശു മരണ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കുറച്ചു കൊണ്ടുവരാന്‍ കേരളത്തിന് കഴിഞ്ഞുവെന്ന് അവകാശപ്പെടുകയും അഭിമാനിക്കുകയും  ചെയ്യുമ്പോഴാണ് അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയാവുന്നത്. അഞ്ചു ദിവസത്തിനിടെ ഒരു അമ്മയും നാല് കുട്ടികളും മരിക്കാനിടയായത്  എന്തുകൊണ്ടാണെന്ന് കണ്ടെത്തി വിശദീകരിക്കാന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ട്. പോഷകാഹാരത്തിന്റെ കുറവു മൂലമുള്ള രോഗങ്ങളെ  തുടര്‍ന്നാണിത്. ആദിവാസിക്കുട്ടികള്‍ മരിക്കുന്നത് അത്ര വലിയ പ്രശ്‌നമായി അധികൃതര്‍ കാണുന്നില്ല എന്നതാണ് വാസ്തവം. ഇത് അവര്‍ക്ക് ഒന്നോ രണ്ടോ ദിവസത്തെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന അലോസരം മാത്രമാണ്. തീര്‍ത്തും മനുഷ്യത്വരഹിതമായ ഈ സമീപനം മാറിയാലല്ലാതെ ഈ മരണങ്ങള്‍ക്ക് അറുതിയുണ്ടാവില്ല.

അട്ടപ്പാടിയിലെ പാവപ്പെട്ട ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്നു കണ്ടെത്തുന്നതില്‍ കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ആദിവാസിക്ഷേമത്തിന്റെ പേരില്‍ ആരെയൊക്കെയോ ബോധിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുകയെന്നതാണ് രീതി. അട്ടപ്പാടിയിലെ ജനങ്ങളും മനുഷ്യരാണെന്നും, മറ്റുള്ളവരെപ്പോലെ അവര്‍ക്കും അവകാശങ്ങളുണ്ടെന്നും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യാത്തതില്‍ ഭരണാധികാരികളും പൊതുസമൂഹവും ഒരുപോലെ കുറ്റക്കാരാണ്. വിശപ്പടക്കാന്‍ ഒരുപിടി അരിയെടുത്തതിന് മധുവെന്ന യുവാവിനെ നിഷ്‌കരുണം തല്ലിക്കൊന്നതിനോടും വളരെ ഉദാസീനമായാണ് പൊതുസമൂഹം പെരുമാറിയത്. ഇതുസംബന്ധിച്ച കേസ് ഇഴഞ്ഞുനീങ്ങുകയാണ്. പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നതിന് യാതൊരു ഉറപ്പുമില്ല. അട്ടപ്പാടിയില്‍ ജീവിച്ചിരിക്കുന്നവരോടും ഇത്തരമൊരു സമീപനമാണ് അവരുടെ വികസനം ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരായവര്‍ക്കുള്ളത്. ആദിവാസികളുടെ രോഗ ദാരിദ്ര്യപീഡകള്‍ അകറ്റുന്നതിന് അവരുടെ ചുറ്റുപാടുകളും ജനിതകഘടനയുമൊക്കെ പഠിച്ചുകൊണ്ടുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. എന്നാല്‍ ഇതിനുള്ള സന്നദ്ധതയോ സാവകാശമോ സര്‍ക്കാര്‍ തലത്തിലോ ഉദ്യോഗസ്ഥതലത്തിലോ ഉണ്ടാവാറില്ല. ഇതിനു പകരം ആദിവാസികളെ മതപരമായും മറ്റും ചൂഷണം ചെയ്യുന്നവര്‍ക്ക് സഹായകമാവുന്ന വിധത്തിലാണ് അധികൃതരുടെ പെരുമാറ്റം. വ്യവസ്ഥാപിതമായ രീതിയില്‍ അഴിമതിയും നടത്തുന്നു. ആരും ചോദിക്കാനില്ലാത്തവരോട് എന്തുമാവാമെന്ന ഈ രീതിയാണ് ആദിവാസികളെ നാശത്തിലേക്ക് നയിക്കുന്നത്.


അട്ടപ്പാടിയിലെ പട്ടിണിപ്പാവങ്ങള്‍ വര്‍ഷങ്ങളായി അത്യന്തം ശോചനീയമായ നിലയില്‍ കഴിഞ്ഞുകൂടുമ്പോഴും അതിനെക്കുറിച്ച് ആരും ഒന്നും മിണ്ടിക്കൂടാ എന്നതാണ് രാഷ്ട്രീയ യജമാനന്മാരുടെ നിലപാട്. അട്ടപ്പാടിയിലെ പട്ടിണിയെ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ പട്ടിണിയോട് ഉപമിച്ചപ്പോള്‍ ആകാശം ഇടിഞ്ഞുവീണതുപോലെയാണല്ലോ സിപിഎമ്മും പിണറായി സര്‍ക്കാരും പ്രതികരിച്ചത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയും അവഗണനയും മാത്രമല്ല, കുറ്റകരമായ പ്രവൃത്തികള്‍ കൂടിയാണ് അവിടുത്തെ ദുഃസ്ഥിതിക്ക് കാരണം. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുപോലും പിണറായി സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണെന്ന വിമര്‍ശനം പല ഘട്ടത്തിലും ഉയരുകയുണ്ടായി.  ആദിവാസികളായ ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്ന ജനനീ ജന്മരക്ഷാ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ മൂന്നുമാസമായി നടപ്പാക്കിയിട്ടില്ല. ഇതിനുള്ള ഫണ്ട് മുടക്കുകയായിരുന്നു. വളരെ ഗുരുതരമായ വീഴ്ചയാണിത്. സംഘടിത ശക്തികളുടെ വോട്ടുബാങ്കിനെ പ്രീ

ണിപ്പിക്കാന്‍ ഏതറ്റം വരെയും പോകുന്ന സര്‍ക്കാര്‍ സാധുക്കള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം ബോധപൂര്‍വം ഇല്ലാതാക്കുന്നു. ആരെങ്കിലും ഇക്കാര്യം ചൂണ്ടിക്കാണിച്ചാലും അവഗണിക്കും. ഇതിന്റെ ഫലമായുണ്ടാകുന്ന നിശ്ശബ്ദ കൊലപാതകങ്ങള്‍ക്കാണ് അട്ടപ്പാടി സാക്ഷ്യം വഹിക്കുന്നത്. ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഫലപ്രദമായ നടപടികളുണ്ടാകണം. കേന്ദ്ര ഫണ്ട് മുഴുവനായും സമയബന്ധിതമായും ചെലവഴിക്കണം. മരണമടഞ്ഞ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കുടുംബങ്ങള്‍ക്ക് ഒട്ടും വൈകാതെ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ തുടരുന്നവര്‍ക്ക് അട്ടപ്പാടിയിലെ പ്രശ്‌നമെങ്കിലും പരിഹരിക്കാന്‍ കഴിയേണ്ടതല്ലേ.

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.