×
login
ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി

കേന്ദ്രം തീരുവ കുറച്ചതിനെത്തുടര്‍ന്ന് സ്വാഭാവികമായി സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവു വന്നിട്ടുണ്ട്. ഇത് സംസ്ഥാനം കുറച്ചതാണെന്നു പറഞ്ഞ് ബഹുമതി നേടാന്‍ ശ്രമിക്കുകയാണ് ധനമന്ത്രി ബാലഗോപാല്‍

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ തീരുവ വലിയതോതില്‍ കുറച്ചതോടെ ഇന്ധനവില ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. പണപ്പെരുപ്പം കുറച്ചുകൊണ്ടുവന്ന് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സ്വീകരിച്ചിട്ടുള്ള ഈ നടപടി രാജ്യമെമ്പാടും ജനങ്ങള്‍ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെ ഇന്ധനവില കാര്യമായി കുറഞ്ഞിരുന്നു. ഈ രീതി പിന്തുടര്‍ന്നുകൊണ്ടാണ് ഒരിക്കല്‍ക്കൂടി തീരുവയില്‍ കുറവു വരുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ആദ്യ പരിഗണന ജനങ്ങളാണെന്നും, ഇന്ധനവില കുറച്ചത് വിവിധ മേഖലകളില്‍ പ്രതിഫലിക്കുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നതാണ്. ഇന്ധനവില വെട്ടിക്കുറച്ചതിനൊപ്പം വിലക്കയറ്റം കുറയ്ക്കാനുതകുന്ന മറ്റു ചില നടപടികളും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. പ്ലാസ്റ്റിക്, ഇരുമ്പ്, ഉരുക്ക് എന്നിവയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ തീരുവയും, ചില ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവയും കുറച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാവപ്പെട്ടവര്‍ക്ക് പന്ത്രണ്ട് സിലിണ്ടറുകള്‍ക്കുവരെ 200 രൂപ സബ്സിഡി നല്‍കാനും തീരുമാനിച്ചിരിക്കുന്നു. ഈ വകയിലും ഇന്ധന തീരുവ കുറച്ചതിലും ഒരു ലക്ഷത്തി ആറായിരം കോടി രൂപയുടെ വരുമാന നഷ്ടമാണ് കേന്ദ്രസര്‍ക്കാരിനുണ്ടാവുക. ജനക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനാലാണ് ഇത്തരം നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്.

ഇന്ധനവിലവര്‍ധനവിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. കേന്ദ്രം ഏകപക്ഷീയമായി വില വര്‍ധിപ്പിക്കുകയായിരുന്നില്ല, അന്താരാഷ്ട്ര വിപണിയില്‍ നവംബര്‍ മുതല്‍ എണ്ണവില കുതിച്ചുയുര്‍ന്നതാണ് ഇന്ധനവില വര്‍ധനക്ക് ഇടവരുത്തിയത്. ഇക്കാര്യം മറച്ചുപിടിച്ച് പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ കയറ്റി വിചാരണ ചെയ്യുകയായിരുന്നു ചില മാധ്യമങ്ങള്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയപ്രേരിതമായ പ്രസ്താവനകള്‍ക്ക് അമിതപ്രാധാന്യം നല്‍കി ജനങ്ങളെ സര്‍ക്കാരിനെതിരാക്കാനാവുമോ എന്നാണ് ഈ മാധ്യമങ്ങള്‍ നോക്കിയത്. സ്വന്തം ഭരണകാലത്ത് പെട്രോളിന്റെ വില നിര്‍ണയത്തിനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കി വിലവര്‍ധനയ്ക്ക് വഴിയൊരുക്കിയ കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ ഇക്കാര്യത്തില്‍ ആത്മവഞ്ചനയാണ് നടത്തിയത്. മന്‍മോഹന്‍സിങ്ങിന്റെ ഭരണം എണ്ണക്കമ്പനികള്‍ക്ക് കടപ്പത്രം നല്‍കിയതിന്റെ ബാധ്യത പോലും മോദി സര്‍ക്കാരാണ് കൊടുത്തുതീര്‍ക്കുന്നത്. അവര്‍ക്ക് ഇന്ധന വിലവര്‍ധനവിന്റെ പേരില്‍ മോദിസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ യാതൊരു അവകാശവുമില്ല. പക്ഷേ തത്വദീക്ഷയോ രാഷ്ട്രീയ സദാചാരമോ പുലര്‍ത്താത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും കുപ്രചാരണം നടത്തുകയാണ്. കേന്ദ്രം പ്രഖ്യാപിച്ച ഇന്ധന വിലക്കുറവ് ജനങ്ങളെ കബളിപ്പിക്കാനാണെന്ന കണ്ടുപിടിത്തമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്.

കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ കുറവുവരുത്തിയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആനുപാതികമായി വില കുറച്ചില്ല. ഇന്ധനവില കുറയ്ക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പിന്നീട് വാക്കുമാറ്റി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പത്ത് രൂപ വച്ചാണ് കുറച്ചത്. ആരുടെ ഭരണമാണ് ജനപക്ഷത്തുള്ളതെന്ന് ഇതില്‍നിന്ന് വ്യക്തമാവുകയുണ്ടായി. കഴിഞ്ഞതവണ നികുതി കുറയ്ക്കാത്ത സര്‍ക്കാരുകളടക്കം നികുതി കുറയ്ക്കണമെന്ന് തീരുവ കുറച്ച തീരുമാനം പുറത്തുവിട്ട കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതൊന്നും സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ല. കേന്ദ്രം തീരുവ കുറച്ചതിനെത്തുടര്‍ന്ന് സ്വാഭാവികമായി സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവു വന്നിട്ടുണ്ട്. ഇത് സംസ്ഥാനം കുറച്ചതാണെന്നു പറഞ്ഞ് ബഹുമതി നേടാന്‍ ശ്രമിക്കുകയാണ് ധനമന്ത്രി ബാലഗോപാല്‍. ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന തീരുമാനങ്ങളെടുക്കുന്നതിനു പകരം അവരെ നുണ പറഞ്ഞു കബളിപ്പിക്കാന്‍ യാതൊരു മടിയുമില്ലാത്ത ഇത്തരമൊരു ധനമന്ത്രിയെ കേരളം കണ്ടിട്ടില്ല. ധാര്‍ഷ്ട്യം മാത്രം കൈമുതലാക്കിയുള്ള ഈ മന്ത്രിയുടെ നിലവാരത്തകര്‍ച്ചയാണ് ഇതിലൂടെ തെളിയുന്നത്. ഒരു വസ്തുവിനും വില വര്‍ധിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് അധികാരത്തില്‍ വന്നവരുടെ ഭരണത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മാനം മുട്ടുകയാണ്. എന്നിട്ടും പിന്നെയും വാഗ്ദാനം വാരിവിതറുകയാണ്. ജനങ്ങളെ മാനിക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് എന്തൊക്കെയാണ് പറയാന്‍ പാടില്ലാത്തത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇതിന്റെ തിരിച്ചടി ഉറപ്പാണ്.

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.