×
login
ഈ കമ്യൂണിസ്റ്റ് മുഷ്‌ക്ക് കേരളത്തിന് ശാപം

മാതമംഗലത്തെ സംഭവം ഒറ്റപ്പെട്ടതല്ല. കണ്ണൂരിലെ ആന്തൂരില്‍, പ്രവാസിയായ സാജന്‍ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്യുകയുണ്ടായി. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ചവിട്ടുപടിക്ക് പൊക്കം കൂടുതലാണെന്ന കാരണം കണ്ടെത്തിയായിരുന്നു അനുമതി നിഷേധിച്ചത്.

കണ്ണൂരിലെ മാതമംഗലത്ത് സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയു ഉപരോധം നടത്തിയും ഭീഷണിപ്പെടുത്തിയും വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിച്ചു എന്ന വാര്‍ത്ത കേരളത്തെ ഒരിഞ്ചുപോലും മുന്നോട്ടു പോകാന്‍ അനുവദിക്കില്ല എന്നതിന്റെ പ്രഖ്യാപനമാണ്. പ്രവാസിയായ റബീ മുഹമ്മദ് ആറുമാസം മുന്‍പ് തുടങ്ങിയ ഹാര്‍ഡ്‌വെയര്‍ കടയില്‍ കയറ്റിറക്കിന് കോടതി വിധിയെത്തുടര്‍ന്ന് നാല് ജീവനക്കാരെ നിയമിച്ചതാണ് മാതമംഗലത്ത് സിഐടിയു ഉപരോധത്തിനു കാരണം. ഈ കടയില്‍ നിന്ന് സാധനം വാങ്ങിയെന്ന കാരണം പറഞ്ഞാണ് മറ്റൊരാളുടെ കടയും ഭീഷണിപ്പെടുത്തി പൂട്ടിച്ചത്. ഹാര്‍ഡ്‌വെയര്‍ കടയില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ അന്‍പത് ദിവസമായി ഉപരോധം തുടരുകയാണ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഇതിന് കടകവിരുദ്ധമായ പ്രവൃത്തി സ്വന്തം പാര്‍ട്ടിക്കാരില്‍നിന്നുതന്നെ ഉണ്ടായിരിക്കുന്നത്. അമേരിക്കന്‍ ചികിത്സ കഴിഞ്ഞ് ദുബായിയിലേക്കുപോയ മുഖ്യമന്ത്രി അവിടെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുകയും, കേരളത്തില്‍ നിക്ഷേപം നടത്താന്‍ അവര്‍ ഒരുക്കമാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ സംഭവിച്ചാലുണ്ടാകാന്‍ പോകുന്ന അപകടത്തിന്റെ മുന്നറിയിപ്പാണ് കണ്ണൂരിലെ സിഐടിയുക്കാര്‍ നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചല്ല, ദുബായിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് വ്യവസായികള്‍ മുഖ്യമന്ത്രിയോട് സംസാരിച്ചതെന്ന വിവരവും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

മാതമംഗലത്തെ സംഭവം ഒറ്റപ്പെട്ടതല്ല. കണ്ണൂരിലെ ആന്തൂരില്‍, പ്രവാസിയായ സാജന്‍ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്യുകയുണ്ടായി. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ചവിട്ടുപടിക്ക് പൊക്കം കൂടുതലാണെന്ന കാരണം കണ്ടെത്തിയായിരുന്നു അനുമതി നിഷേധിച്ചത്. സിപിഎം നേതാവും ഇപ്പോഴത്തെ മന്ത്രിയുമായ എം.വി. ഗോവിന്ദന്റെ ഭാര്യ അധ്യക്ഷയായ മുനിസിപ്പാലിറ്റിയാണ് സാജന്റെ ജീവിതത്തിനു മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചത്. സിപിഎം നേതൃത്വത്തിലെ വിഭാഗീയതയുടെ ഇരയാവുകയായിരുന്നുവേ്രത ഈ യുവസംരംഭകന്‍. പുനലൂരില്‍ സുഗതന്‍ ആചാരിയെന്ന പ്രവാസിക്ക് താന്‍ തുടങ്ങാന്‍ തീരുമാനിച്ച വര്‍ക്ക്‌ഷോപ്പിന്റെ സ്ഥലത്ത് സിപിഐയുടെ യുവജന സംഘടന കൊടികുത്തിയതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടി വന്നു. ആലപ്പുഴ തകഴിയില്‍ 'വില്ലേജ് മാള്‍' എന്ന സ്ഥാപനം തുടങ്ങാന്‍ ആഗ്രഹിച്ച സംരംഭകനെയും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് സിപിഎമ്മുകാര്‍ കെട്ടുകെട്ടിച്ചു. സംരംഭകരാരും കേരളത്തിലേക്ക് വരരുതെന്നാണ് നിരാശയും അമര്‍ഷവുംകൊണ്ട് ഈ സംരംഭകന്‍ പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ വ്യാപകമായി കേരളത്തില്‍ അരങ്ങേറുകയാണ്. എല്ലായിടങ്ങളിലും ഭരണത്തിന്റെ തണലില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് സിപിഎമ്മുകാരോ മറ്റ് ഇടതുപക്ഷക്കാരോ ആണ്. അസെന്റ് എന്ന പേരില്‍ 2020 ല്‍ കൊച്ചിയില്‍ നടന്ന നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി പറഞ്ഞത് ഒരുലക്ഷം കോടിയുടെ നിക്ഷേപം കേരളത്തിലേക്ക് വരുത്തുമെന്നാണ്. യഥാര്‍ത്ഥത്തില്‍ 3500 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യവസായ മന്ത്രി പി. രാജീവിനു സമ്മതിക്കേണ്ടി വരികയും ചെയ്തു. മേല്‍ വിവരിച്ചതുപോലുള്ള സംഭവങ്ങളാണ് ഈ പ്രതികൂലാവസ്ഥയ്ക്ക് കാരണം.

വ്യവസായ സംരംഭകര്‍ കേരളത്തിലേക്ക് വരാത്തതും, ഇവിടെയുള്ള ചെറുകിട സംരംഭങ്ങള്‍ പോലും പച്ചപിടിക്കാത്തതും ഇടതുപക്ഷത്തിന്റെ മിലിറ്റന്റ് ട്രേഡ് യൂണിയനിസംകൊണ്ടാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളെയും കൃഷിയെയും തകര്‍ത്തതും മറ്റൊന്നല്ല. കഴിഞ്ഞ ദിവസമാണല്ലോ കേരളം എല്ലാ രംഗത്തും വലിയ മുന്നേറ്റത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് മറുപടി നല്‍കിയത്. 35 ലക്ഷം തൊഴിലന്വേഷകരാണ് കേരളത്തിലുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെയപേക്ഷിച്ച് കേരളം വളരെ മുന്നിലാണ്. ഇതിനെക്കുറിച്ച് എന്താണ് പിണറായി വിജയന് പറയാനുള്ളത്. മൂലധന നിക്ഷേപത്തിലൂടെയും വികസന പ്രവര്‍ത്തനങ്ങളിലൂടെയും കേരളം പുരോഗമിക്കുന്നതിലല്ല, പാര്‍ട്ടിയുടെ മൂലധനം വര്‍ധിപ്പിക്കുന്നതിലാണ് ഇടതു പാര്‍ട്ടികള്‍ക്ക് താല്‍പ്പര്യം. വികസനത്തിന്റെ ശത്രുക്കളായി ട്രേഡ് യൂണിയനുകളെ വളര്‍ത്തിയെടുക്കുകയാണ് ഇടതുപാര്‍ട്ടികള്‍ ചെയ്തത്. രണ്ട് തൊഴിലാളികളെ വച്ച് അവരിലൊരാളായി ചെറിയ ഒരു കട തുടങ്ങുന്നവനും പാര്‍ട്ടിയുടെ കണ്ണില്‍ മുതലാളിയും വര്‍ഗശത്രുവുമാണ്.  കോടതി വിധികള്‍ വന്നിട്ടുപോലും അക്രമാസക്തമായ രീതികള്‍ അവസാനിപ്പിക്കാന്‍ ഇടതു ട്രേഡ് യൂണിയനുകള്‍ തയ്യാറാവുന്നില്ല. ഏറെ പ്രതീക്ഷയോടെ സംരംഭം തുടങ്ങുന്ന ചെറുകിട സംരംഭകനുപോലും എന്താണ് കേരളത്തില്‍ സംഭവിക്കുന്നത്? സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പ്പ് സിനിമയെ ഉദാഹരിച്ച് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി പറയുകയുണ്ടായി. ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് ആരംഭിച്ച ബസ് സര്‍വീസ്, തൊഴിലാളികളുടെ മുഷ്‌ക്കുകൊണ്ട് പൊളിഞ്ഞതാണ് ഈ സിനിമയുടെ കഥ. ഇതേ അവസ്ഥയില്‍നിന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കേരളം ഒട്ടും മുന്നേറിയിട്ടില്ലെന്നതാണ് മാതമംഗലം സംഭവം ചൂണ്ടിക്കാട്ടുന്നത്.

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.