×
login
അഴിമതിവാഴ്ചയ്ക്ക് നിയമ ഭേദഗതിയും

ഈ ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണ്. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിലവില്‍ വന്ന ഒരു നിയമം ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ഇതില്‍ ഒപ്പുവയ്‌ക്കേണ്ട യാതൊരു ബാധ്യതയും ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്കില്ല. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങരുത്.

അധികാരം ഉപയോഗിച്ച് നടത്തിയ ആസൂത്രിതവും സംഘടിതവുമായ അഴിമതികള്‍ക്ക് നടുവിലിരുന്നുകൊണ്ട് തങ്ങള്‍ അഴിമതിക്കെതിരാണെന്നു പറയുന്ന സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും തനിനിറം പുറത്തുകൊണ്ടുവരുന്നതാണ് ലോകായുക്തയുടെ അധികാരം എടുത്തുകളഞ്ഞ ഓര്‍ഡിനന്‍സ്. മുഖ്യമന്ത്രി രാജ്യത്തില്ലാത്ത അവസരത്തില്‍ മുന്നണിയോഗത്തിലോ നിയമസഭയിലോ ചര്‍ച്ച ചെയ്യാതെ യുദ്ധകാലാടിസ്ഥാനത്തില്‍ കൊണ്ടുവന്നിട്ടുള്ള ഈ ഓര്‍ഡിനന്‍സിലൂടെ ഫലത്തില്‍ ലോകായുക്തയെ വെറും നോക്കുകുത്തിയാക്കിയിരിക്കുകയാണ്. ലോകായുക്തയുടെ വിധി തള്ളാനോ കൊള്ളാനോ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുമെന്ന ഭേദഗതിയാണ് വരുത്തിയിട്ടുള്ളത്. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് കത്തെഴുതിയത് നിയമവിരുദ്ധമാണെന്നു കാണിച്ച് ലഭിച്ച പരാതിയില്‍, കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ് തിടുക്കത്തില്‍ ഇങ്ങനെയൊരു ഓര്‍ഡിനന്‍സ് ഇറക്കാനുള്ള പശ്ചാത്തലം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തിരിമറി നടത്തി എന്നൊരു പരാതി പിണറായി വിജയനെതിരെയും ലോകായുക്തയിലുണ്ട്. ലോകായുക്തയുടെ വിധിയുണ്ടായി മന്ത്രി ബിന്ദു രാജിവയ്‌ക്കേണ്ടി വന്നാല്‍ അടുത്തത് പിണറായി ആയിരിക്കുമെന്ന സര്‍ക്കാരിന്റെ ഭയമാണ് ഓര്‍ഡിനന്‍സിലേക്ക് നയിച്ചതെന്ന് വ്യക്തമാണ്.  

സര്‍ക്കാര്‍ എന്തോ ഭരണഘടനാ താല്‍പ്പര്യം സംരക്ഷിക്കാന്‍ അടിയന്തരമായി ഇടപെട്ടിരിക്കുന്നു എന്ന മട്ടിലാണ് ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്ക് അയച്ചിരിക്കുന്നതിനെക്കുറിച്ച് നിയമമന്ത്രി പി. രാജീവ് സംസാരിക്കുന്നത്. ഈ അവകാശവാദം തീര്‍ത്തും പരിഹാസ്യമാണ്. സര്‍ക്കാരിന്റെ മനസ്സിലിരുപ്പ് എന്താണന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ തിരിച്ചറിയാം. പിണറായിയുടെ മുന്‍ഗാമി ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തിലിരുന്നപ്പോള്‍ നിയമനിര്‍മാണത്തിലൂടെ നിലവില്‍ വന്നതാണ് ലോകായുക്ത. പൊതുപ്രവര്‍ത്തകരുടെ അഴിമതിയും സ്വജനപക്ഷപാതവും മറ്റും അന്വേഷിക്കുന്നതിനായിരുന്നു ഇത്. സിപിഐയുടെ ഇ. ചന്ദ്രശേഖരന്‍ നായര്‍ നിയമമന്ത്രിയായിരിക്കെ നടത്തിയ ഈ നിയമനിര്‍മാണത്തെ ജി. സുധാകരനടക്കം അന്നത്തെ എംഎല്‍എമാരും സിപിഎം നേതാക്കളും വാനോളം പുകഴ്ത്തിയതാണ്. ലോകായുക്തയുടെ വിധിയില്‍ കുറ്റക്കാരായി കണ്ടെത്തുന്നവര്‍ രാജിവയ്‌ക്കേണ്ടിവരുമെന്നതാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലേതെന്ന് ഈ നേതാക്കള്‍ പുകഴ്ത്താന്‍ കാരണം. ലോകായുക്തയുടെ ഈ സവിശേഷാധികാരമാണ് യുക്തിസഹമായ ഒരു വിശദീകരണവും നല്‍കാതെ പിണറായി സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുന്നത്. മന്ത്രി ചന്ദ്രശേഖരന്‍ നായരില്‍ നിന്ന് പി.  രാജീവിലേക്ക് എത്തുമ്പോഴുള്ള ഇടതുമുന്നണിയുടെ അധഃപതനമാണ് ഇവിടെ തെളിയുന്നത്. ലാവ്‌ലിന്‍ അഴിമതി മുതല്‍ പിണറായിയുടെ വലംകയ്യായി പ്രവര്‍ത്തിക്കുന്ന രാജീവില്‍ നിന്ന് ഇങ്ങനെയൊക്കെ ഉണ്ടാവുന്നതില്‍ അദ്ഭുതമില്ല.  

മറ്റ് സംസ്ഥാനങ്ങളിലെ ലോകായുക്തയില്‍ നിന്ന് വ്യത്യസ്തമായി കുരയ്ക്കുക മാത്രമല്ല കടിക്കുകയും ചെയ്യുന്ന പട്ടിയാണ് കേരളത്തിലെ ലോകായുക്ത എന്നാണ് പിണറായി വിജയന്‍ തന്നെ അവകാശപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസമന്ത്രിയായിരുന്ന കെ.ടി.ജലീലിന് ഈ പട്ടിയുടെ കടിയേല്‍ക്കേണ്ടിവന്നതാണ് മുഖ്യമന്ത്രി പിണറായി മലക്കംമറിയാന്‍ കാരണം. സ്വന്തക്കാരനെ സര്‍ക്കാര്‍ പദവിയില്‍ നിയമിച്ചതില്‍ കുറ്റം ചെയ്തു എന്നു ലോകായുക്തയുടെ വിധിയുണ്ടായപ്പോള്‍ ജലീലിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. ഈ വിധിക്കെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീല്‍ പോയെങ്കിലും ഫലമുണ്ടായില്ല. സമാനമായ സാഹചര്യമാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ബിന്ദുവും അഭിമുഖീകരിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് രണ്ടുപേര്‍ക്കും ഉറപ്പുണ്ട്. ലോകായുക്തയുടെ വിധിയുണ്ടാവുകയും ചെയ്യും. ഇക്കാരണത്താലാണ് ജലീലിന് രാജിവയ്‌ക്കേണ്ടി വന്ന സന്ദര്‍ഭത്തില്‍ അഡ്വക്കേറ്റ് ജനറലില്‍നിന്ന് വാങ്ങിവച്ചിരുന്ന ഉപദേശം അനുസരിച്ച് രണ്ടു വര്‍ഷത്തോളമാകുമ്പോള്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സിറക്കാന്‍ പ്രേരിപ്പിച്ചത്. ലോകായുക്ത വിചാരിച്ചാല്‍ സര്‍ക്കാരിനെ താഴെയിറക്കാനാവുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തുറന്നുപറച്ചിലില്‍ നിന്നു തന്നെ മുഖ്യമന്ത്രി പിണറായിക്ക് രാജിവയ്‌ക്കേണ്ട സാഹചര്യമാണുള്ളതെന്ന് വ്യക്തമാണല്ലോ. പിണറായിയുടെ പിണിയാളുകള്‍ എന്തുതന്നെ പറഞ്ഞാലും ഈ ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണ്. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിലവില്‍ വന്ന ഒരു നിയമം ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ഇതില്‍ ഒപ്പുവയ്‌ക്കേണ്ട യാതൊരു ബാധ്യതയും ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്കില്ല. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങരുത്.  

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.