×
login
ക്ഷേത്ര ഭൂമിയില്‍ 'വിളവ്' ഇറക്കരുത്

ശബരിമല, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം തുടങ്ങി വരുമാനം ഏറെയുള്ള ക്ഷേത്രങ്ങളെയാണ് സര്‍ക്കാര്‍ ആദ്യം നോട്ടമിട്ടത്. ക്ഷേത്ര ചുമതലകളില്‍ പാര്‍ട്ടി അനുഭാവികളെ തിരുകിക്കയറ്റി തോന്നുംപടി കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് രീതി. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളേയും വിടാന്‍ ഭാവമില്ല. ഭഗവാന് ഭക്തര്‍ സമര്‍പ്പിച്ച ഓട്ടുപാത്രങ്ങളും

ക്ഷേത്ര സങ്കേതങ്ങളെ ഒന്നാകെ കച്ചവടവത്കരിക്കാനും ക്ഷേത്ര ധര്‍മ്മപരിപാലനത്തിന് വിഘാതം സൃഷ്ടിക്കാനും തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. അതിന് സാധ്യമായതെല്ലാം ചെയ്തുകൂട്ടുന്നുമുണ്ട് ദേവസ്വം ബോര്‍ഡ്. ക്ഷേത്ര ഭൂമി പാട്ടത്തിന് നല്‍കുക എന്നതാണ് അതില്‍ ഒന്ന്. ഇതിനിപ്പോള്‍ ഹൈക്കോടതിയുടെ പിടിയും വീണു. ദേവസ്വം ഭൂമി കപ്പ കൃഷിക്ക് പാട്ടത്തിന് നല്‍കിയതിനെ രൂക്ഷമായാണ് ഹൈക്കോടതി വിമര്‍ശിച്ചിരിക്കുന്നത്. ഭഗവാന് നിവേദ്യം കപ്പയോ എന്നതാണ് ഹൈക്കോടതിയുടെ പ്രസക്തമായ ചോദ്യം. അതില്‍ ഒളിഞ്ഞിരിക്കുന്ന പരിഹാസം ഇടതുപക്ഷ ബുദ്ധി ജീവികള്‍ക്ക് മനസ്സിലാകണമെന്നില്ല. ക്ഷേത്ര ഭൂമി ക്ഷേത്ര ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതുമാണ്. അതിന്റെ പ്രത്യക്ഷ ലംഘനമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്.

ശബരിമല, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം തുടങ്ങി വരുമാനം ഏറെയുള്ള ക്ഷേത്രങ്ങളെയാണ് സര്‍ക്കാര്‍ ആദ്യം നോട്ടമിട്ടത്. ക്ഷേത്ര ചുമതലകളില്‍ പാര്‍ട്ടി അനുഭാവികളെ തിരുകിക്കയറ്റി തോന്നുംപടി കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് രീതി. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളേയും വിടാന്‍ ഭാവമില്ല. ഭഗവാന് ഭക്തര്‍ സമര്‍പ്പിച്ച ഓട്ടുപാത്രങ്ങളും, നിലവിളക്കുകളും അങ്ങനെ അമൂല്യമായ പലതും ലേലം ചെയ്ത് വില്‍ക്കുന്നതിനായി അടുത്ത നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മൂവായിരത്തോളം ഏക്കര്‍ ഭൂമിയില്‍ ദേവഹരിതം എന്നപേരില്‍ പദ്ധതി നടപ്പിലാക്കുകയെന്നതാണ് മറ്റൊരു തീരുമാനം. ഫലത്തില്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള എല്ലാ ഇടങ്ങളിലും സര്‍ക്കാരിന്റെ കണ്ണുപതിഞ്ഞു കഴിഞ്ഞു.

ഭക്തര്‍ക്കും ക്ഷേത്ര വിശ്വാസികള്‍ക്കും അല്ലാതെ ക്ഷേത്ര ഭൂമിയില്‍ കൃഷി ചെയ്യാന്‍ അനുമതി നല്‍കില്ല എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ നയം. എന്നാല്‍ ഭക്തരെന്ന പേരില്‍ കൃഷി ചെയ്യാന്‍ ഇറക്കിയിരിക്കുന്നതാവട്ടെ പാര്‍ട്ടി അനുഭാവികളേയും. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ സനാതന മൂല്യങ്ങളില്‍ അടിയുറച്ച് നിലകൊള്ളുന്ന ക്ഷേത്രസങ്കേതങ്ങള്‍ അനാഥമാകുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലും മറ്റുമായി ഏക്കറ് കണക്കിന് ക്ഷേത്രഭൂമിയാണ് അന്യാധീനപ്പെട്ട് കിടക്കുന്നത്. ഇതൊന്നും തിരിച്ചുപിടിക്കാന്‍ ശ്രമിക്കാത്ത ദേവസ്വം ബോര്‍ഡുതന്നെയാണ് ഉള്ള ഭൂമി കൂടി കൃഷിയ്‌ക്കെന്ന പേരില്‍ പാട്ടത്തിന് നല്‍കി അന്യാധീനപ്പെടുത്താന്‍ ശ്രമിക്കുന്നതും.  

വിത്തിറക്കലും, വിളവെടുപ്പും ഉത്സവമായി കൊണ്ടാടുന്നവരാണ് നമ്മള്‍. കാര്‍ഷികാഭിവൃദ്ധിക്കുവേണ്ടി, ഐശ്വര്യത്തിന് വേണ്ടി നിറപുത്തരി( ഇല്ലംനിറ) ആഘോഷം വരെ നമ്മുടെ ക്ഷേത്രങ്ങളില്‍ നടക്കുന്നു. കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമാണ് ക്ഷേത്രങ്ങള്‍ എന്നതിന് ഇതില്‍പരം ആഖ്യാനവും വേണ്ട.

ദേവസ്വം ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കില്ല എന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്നാണ് ബോര്‍ഡ് അഭിഭാഷകന്‍  കോടതിയെ അറിയിച്ചിരിക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ സമര്‍ത്ഥരാണ് ഇപ്പോഴത്തെ ഭരണകര്‍ത്താക്കള്‍. അതിനാല്‍ത്തന്നെ ആ നിലപാടില്‍ വെള്ളം ചേര്‍ത്തേക്കാമെന്ന കരുതല്‍ ക്ഷേത്ര വിശ്വാസികള്‍ക്ക് വേണം. തരിശായി കിടക്കുന്ന ഭൂമിയില്‍ കൃഷി എന്നത് നല്ല ആശയമാണ്. അത് എങ്ങനെ നടപ്പാക്കുന്നു എന്നതാണ് പ്രശ്നം. കച്ചവടക്കണ്ണല്ല അതിനു പിന്നില്‍ വേണ്ടത്. നിവേദ്യ വിഭവങ്ങള്‍ക്കും പൂക്കള്‍ക്കുമാണു മുന്‍ഗണന നല്‍കേണ്ടത്. ക്ഷേത്ര ഭൂമിയില്‍ കൃഷി ചെയ്യേണ്ടത് കപ്പയോ, റബ്ബറോ ഒന്നും അല്ല. പൂജക്ക് ആവശ്യമായ പുഷ്പങ്ങള്‍ വരെ വിലകൊടുത്ത് വാങ്ങുന്ന ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. പൂജാപുഷ്പങ്ങള്‍, കദളിവാഴ, ഔഷധ സസ്യങ്ങള്‍, നക്ഷത്ര വൃക്ഷങ്ങള്‍, വിളവെടുപ്പ് സാധ്യമാകുമെങ്കില്‍ നെല്ല്, നാളികേരം, കരിമ്പ് തുടങ്ങിയവയാണ് ക്ഷേത്രഭൂമിയില്‍ കൃഷി ചെയ്യേണ്ടത്. ക്ഷേത്രങ്ങള്‍ സ്വയംപര്യാപ്തമാകുന്നതിന് ഇത് സഹായിക്കും. അല്ലാതെ വിപണിയില്‍ വില്‍പന നടത്തുന്നതിനുള്ള കൃഷിക്കാവരുത് മുന്‍തൂക്കം.

പക്ഷേ, അവസാനം ഒട്ടകത്തിന് കിടക്കാന്‍ സ്ഥലം കൊടുത്തതുപോലെ, കൃഷി ചെയ്യാന്‍ വന്നവന്‍ ഭൂമിയുടെ ഉടമസ്ഥനാകുന്ന ഗതികേടുണ്ടാകരുത്. ക്ഷേത്ര ഭൂമി കൈവശപ്പെടുത്താനുള്ള കുടില തന്ത്രങ്ങളുടെ ഭാഗമായുള്ള ഒരു വിളവ് ഇറക്കലും അനുവദിക്കുകയുമരുത്. ഹൈന്ദവ വിശ്വാസികളുടേയും ഭക്തരുടേയും തീരുമാനങ്ങള്‍ക്കാവണം ക്ഷേത്ര കാര്യങ്ങളില്‍ മുന്‍തൂക്കം. ക്ഷേത്രോചിതമായ കാര്‍ഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ ക്ഷേത്രം കേന്ദ്രീകരിച്ചും മാതൃസമിതികള്‍ രൂപീകരിക്കുക എന്നത് നല്ലൊരു ആശയമാണ്. ഹിന്ദു ഐക്യവേദി പോലെയുള്ള ഹൈന്ദവ സംഘടനകള്‍ വേണം ഇതിനു മുന്നിട്ടിറങ്ങാന്‍. അമ്പലം നശിച്ചാല്‍ അന്ധവിശ്വാസം കുറയും എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നവരുടെ വലയില്‍ വീണ് നമ്മുടെ ക്ഷേത്രങ്ങള്‍ നാശോന്മുഖമാകാന്‍ ഇടവരരുത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.