×
login
മുഖ്യമന്ത്രിക്ക് മതിയാക്കാം

പിണറായിയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുകയാണ്. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഇതിന് യാതൊരു തടസ്സവുമില്ല. അതിനു കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണ് പിണറായി വിജയന്‍ ചെയ്യേണ്ടത്

ണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിലൂടെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസ് വഴിത്തിരിവിലെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ  ക്ലിഫ് ഹൗസിലേക്ക് പലതവണ ബിരിയാണിച്ചെമ്പില്‍ ലോഹക്കട്ടികള്‍ കടത്തിയിട്ടുണ്ടെന്നും, മുഖ്യമന്ത്രി ദുബായിലായിരിക്കെ ഒരു പെട്ടി കറന്‍സി കടത്തിയെന്നുമാണ് സ്വപ്‌ന വെളിപ്പെടുത്തിയിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റുവഴി വന്ന ലോഹക്കട്ടികള്‍ സ്വര്‍ണമാണെന്നും, അത് മുഖ്യമന്ത്രി കൈപ്പറ്റിയിട്ടുണ്ടെന്നുമുള്ള വ്യക്തമായ സൂചന സ്വപ്‌ന നല്‍കിയിരിക്കുകയാണ്. കോണ്‍സുലേറ്റില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ കറന്‍സിയാണെന്നു വ്യക്തമായ പെട്ടി ദുബായിലായിരുന്ന മുഖ്യമന്ത്രിക്കു തന്നെയാണ് ലഭിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 164 പ്രകാരം മാറ്റിപ്പറയാനാവാത്ത കുറ്റസമ്മത മൊഴിയാണ് പ്രതിയായ സ്വപ്‌ന എറണാകുളം ജില്ലാ കോടതിയില്‍ നല്‍കിയിരിക്കുന്നത്. കേസില്‍ ജാമ്യം ലഭിച്ചിരിക്കുന്ന തന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് ഇങ്ങനെയൊരു മൊഴി നല്‍കിയിട്ടുള്ളതെന്നും, ഇതു സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്നും സ്വപ്‌ന പറയുമ്പോള്‍ ആരുടെയൊക്കെ നെഞ്ചിടിപ്പാണ് വര്‍ധിക്കുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കേസിനാസ്പദമായ സംഭവം ആദ്യം വെളിപ്പെട്ട സമയത്ത് പരക്കം പാഞ്ഞ ആരോപണവിധേയര്‍ വീണ്ടും കള്ളപ്രചാരണം ആവര്‍ത്തിച്ചും കണ്ണടച്ചിരുട്ടാക്കിയും പോലീസിനെ കയറൂരിവിട്ടും പിടിയിലകപ്പെടാതിരിക്കാന്‍ ശ്രമിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നതായി പറയപ്പെടുന്ന സ്വര്‍ണക്കടത്തുകേസില്‍ തുടക്കം മുതല്‍ ഉയര്‍ന്ന സംശയത്തിന്റെ മറയാണ് ഇപ്പോള്‍ നീങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമൊക്കെ ആരോപണവിധേയരാവുകയും പ്രതിയാവുകയും, അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതുമായ കേസില്‍ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ലെന്നാണ് സര്‍ക്കാരും സിപിഎമ്മും ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ശിവശങ്കറിനെ സസ്‌പെന്റു ചെയ്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയും ചെയ്തു. അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കുപ്രചാരണം നടത്തി കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടത്തി. പ്രതികളെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും തെളിവുകള്‍ പുറത്തുവരാതിരിക്കാന്‍  


പോലീസിനെ ദുരുപയോഗിക്കുകയും ചെയ്തു. അധികാരത്തുടര്‍ച്ച ലഭിച്ചതോടെ എല്ലാം ഭദ്രമായെന്ന് കരുതിയിരിക്കുമ്പോഴാണ് സ്വപ്‌ന കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിക്ക് മാത്രമല്ല, ഭാര്യയ്ക്കും മകള്‍ക്കുംകൂടി കറന്‍സി കടത്തിലും സ്വര്‍ണക്കടത്തിലുമൊക്കെ ബന്ധമുണ്ടെന്നാണ് സ്വപ്‌ന പറഞ്ഞുവയ്ക്കുന്നത്. സംഭവത്തില്‍ ഇവര്‍ക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് വാര്‍ത്തകള്‍ വരികയുണ്ടായി. ഇനി അന്വേഷണ ഏജന്‍സികള്‍ക്ക്, പ്രത്യേകിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ധൈര്യമായി മുന്നോട്ടുപോകാം. സ്വപ്‌നയുടെ മൊഴിപ്പകര്‍പ്പ് നിയമപ്രകാരം ലഭിക്കുന്നതിനനുസരിച്ച് തുടര്‍നടപടികളുണ്ടാവും.

സ്വപ്‌ന വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്ന പതിവുപല്ലവി ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ചെയ്യുന്നത്. ഇതൊന്നും ഇനി വിലപ്പോവില്ല. ഏതെങ്കിലും തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതുകൊണ്ട് ആരും കുറ്റവിമുക്തരാകുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ശിക്ഷാ നിയമങ്ങളും അന്വേഷണ സംവിധാനവും കോടതികളുമൊന്നും ആവശ്യമില്ലെന്നുവരുമല്ലോ. ലാവ്‌ലിന്‍ അഴിമതിക്കേസില്‍ പ്രതിയായപ്പോഴും ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്ന ബാലിശമായ വാദം പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു. സ്വപ്‌ന പറയുന്നത് പഴങ്കഥകളാണെന്ന് വരുത്താന്‍ എകെജി സെന്ററില്‍നിന്ന് ക്യാപ്‌സൂള്‍ സ്വീകരിക്കുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്. കോടതിക്ക് താന്‍ നല്‍കിയ മൊഴി മുഴുവന്‍ വെളിപ്പെടുത്താന്‍ നിയമപരമായ പരിമിതിയുണ്ടെന്നു മാത്രമല്ല, ഇനിയും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നുമാണ് സ്വപ്‌ന പറയുന്നത്. ക്രൈംബ്രാഞ്ചിനെയും വിജിലന്‍സിനെയും വച്ചുള്ള കളികള്‍ ഇനി വിജയിക്കാന്‍ പോകുന്നില്ല. പിണറായിയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുകയാണ്. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഇതിന് യാതൊരു തടസ്സവുമില്ല. അതിനു കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണ് പിണറായി വിജയന്‍ ചെയ്യേണ്ടത്. ഇതിനുപകരം അധികാരം ദുരുപയോഗിച്ച് പദവിയില്‍ അള്ളിപ്പിടിച്ചിരിക്കാനാണ് ഭാവമെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ ഏറ്റവും വെറുക്കപ്പെട്ടവനായി മാറി ഇറങ്ങിപ്പോകേണ്ടിവരും.

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.