×
login
തരംഗമായി തിരംഗ

ഭാരതം സ്വാതന്ത്ര്യം നേടിയത് അംഗീകരിക്കാതിരുന്ന കമ്യൂണിസ്റ്റുകള്‍ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിക്കുകയും ദേശീയപതാക കത്തിക്കുകയും ചെയ്തിട്ടുള്ളവരാണ്. ഓരോ സ്വാതന്ത്ര്യദിനത്തിലും ചിലര്‍ അശ്രദ്ധമായും മറ്റു ചില ശക്തികള്‍ ബോധപൂര്‍വമായും ദേശീയപതാകയോട് അനാദരവ് കാണിക്കാറുണ്ട്. ദേശീയപതാകയെ ആദരിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം ജനങ്ങള്‍ ഏറ്റെടുത്തതോടെ നിഷേധാത്മകമായ ഈ അന്തരീക്ഷത്തിന് മൗലികമായ മാറ്റം വന്നിരിക്കുകയാണ്.

സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം അമൃത മഹോത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ദേശീയപതാകയുടെ മഹത്വം ഉദ്‌ഘോഷിക്കുകയും, അതില്‍ പൗരന്മാര്‍ക്കുള്ള അഭിമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്ന പ്രചാരണം 'ഹര്‍ ഘര്‍ തിരംഗ'(എല്ലാ വീട്ടിലും ത്രിവര്‍ണ പതാക) എന്ന പേരില്‍ രാജ്യവ്യാപകമായി നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായി സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയുടെ ത്രിവര്‍ണമാക്കണമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിന് വന്‍ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ദേശീയപതാക രൂപകല്‍പ്പന ചെയ്ത ആന്ധ്രാ സ്വദേശി പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ആഗസ്ത് രണ്ടു മുതല്‍ സ്വാതന്ത്ര്യദിനമായ പതിനഞ്ച് വരെ സാമൂഹികമാധ്യമങ്ങളിലൂടെ ദേശീയപതാകയെ ആദരിക്കണമെന്ന ആഹ്വാനം രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും അക്കാദമികരംഗത്തുള്ളവരും വിദ്യാര്‍ത്ഥികളും സിനിമാതാരങ്ങളും മറ്റും ആഹ്ലാദത്തോടെ ഏറ്റെടുത്തു. ഹര്‍ ഘര്‍ തിരംഗയില്‍ പങ്കുചേര്‍ന്ന് ഓരോ വീട്ടിലും ദേശീയ പതാക ഉയര്‍ത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനുവേണ്ടി ചിലതു ചെയ്യാന്‍ ത്രിവര്‍ണ പതാക നമ്മെ ഒരുമിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്നും മോദി അഭിപ്രായപ്പെട്ടത് ജനങ്ങളില്‍ ആവേശം നിറച്ചിട്ടുണ്ട്.  

ഭാരതത്തിന്റെ ത്രിവര്‍ണപതാക ആദ്യമായി ഒരു വിദേശമണ്ണില്‍, ജര്‍മ്മനിയില്‍, ഉയര്‍ത്തിയ സ്വാതന്ത്ര്യസമര സേനാനി മാഡം കാമയെ പ്രധാനമന്ത്രി മന്‍ കീ ബാത്തിലൂടെ അനുസ്മരിക്കുകയും ചെയ്തു. അതോടൊപ്പം സുപ്രധാനമായ മറ്റൊരു കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗലി വെങ്കയ്യയുടെ ജന്മശതാബ്ദി വര്‍ഷമാണിത്. ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായിരുന്ന വെങ്കയ്യ,  ഗാന്ധിയന്‍ ആശയാദര്‍ശങ്ങളില്‍ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തില്‍ ചേരുകയായിരുന്നു. വെങ്കയ്യ രൂപകല്‍പ്പന ചെയ്ത ത്രിവര്‍ണ പതാകയാണ് പിന്നീട് നേരിയ മാറ്റങ്ങളോടെ ദേശീയപതാകയായി രാജ്യം  സ്വീകരിച്ചത്. സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികവും വെങ്കയ്യയുടെ ജന്മശതാബ്ദി വര്‍ഷവും ഒരുമിച്ചുവന്നത് യാദൃച്ഛികമാണെങ്കിലും അതിലെ പ്രതീകാത്മകത ശ്രദ്ധേയമാണ്. സ്വതന്ത്രഭാരതത്തില്‍ ജീവിതകാലം മുഴുവന്‍ നിസ്വനായി കഴിഞ്ഞ വെങ്കയ്യയുടെ സ്മരണക്കായി തപാല്‍ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കും. ദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെങ്കയ്യ രൂപകല്‍പ്പന ചെയ്ത ത്രിവര്‍ണ പതാക പ്രദര്‍ശിപ്പിക്കും. ക്ഷണമനുസരിച്ച് പരിപാടിയില്‍ പങ്കെടുക്കുന്ന വെങ്കയ്യയുടെ കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും അവരെ ആദരിക്കുകയും ചെയ്യുന്നുണ്ട്. സ്വതന്ത്രഭാരതത്തില്‍ പതിനാറ് വര്‍ഷം ജീവിച്ച വെങ്കയ്യയ്ക്ക് ഇങ്ങനെയൊരു ആദരം ലഭിച്ചിരുന്നില്ല. ആദ്യമായി വെങ്കയ്യയുടെ പങ്ക് യഥോചിതം അനുസ്മരിക്കുമ്പോള്‍ രാജ്യത്ത് വന്നിരിക്കുന്ന മാറ്റമാണ് പ്രകടമാകുന്നത്.  

ഏതൊരു രാജ്യത്തിനും സ്വന്തം ദേശീയപതാക അഭിമാനത്തിന്റെ പ്രതീകമാണ്. അതിനെ ആദരിക്കാതിരിക്കുന്നതും അവഹേളിക്കുന്നതും ആ രാജ്യത്തെ ജനത സഹിക്കില്ല. ഭാരതത്തിന്റെ ദേശീയ പതാകയെയും ഏതെങ്കിലും തരത്തില്‍ അനാദരിക്കുന്നത് കുറ്റകരമാണ്. ദേശീയ പ്രതീകങ്ങളെ അപമാനിക്കുന്നവരെ ശിക്ഷിക്കാന്‍ പ്രത്യേക നിയമം തന്നെയുണ്ട്. പക്ഷേ, ഈ രാജ്യത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളാത്തവര്‍ ദേശീയപതാകയെ അപമാനിക്കുന്നത് പതിവാക്കിയവരാണ്. ജമ്മുകശ്മീരിലെ പലയിടങ്ങളിലും അടുത്തകാലം വരെ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കുമായിരുന്നില്ല. ഈ വിലക്ക് മറികടന്ന് ശ്രീനഗറില്‍ ദേശീയപതാക ഉയര്‍ത്തുന്നതിനുവേണ്ടിയായിരുന്നു ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഏകതായാത്ര നടത്തിയത്. ഈ യാത്രയുടെ പ്രമുഖ സംഘാടകനായിരുന്നു അന്ന് ബിജെപി നേതാവായിരുന്ന നരേന്ദ്ര മോദി. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ജോഷിക്കൊപ്പം പതാക ഉയര്‍ത്താന്‍ മോദിയുമുണ്ടായിരുന്നു. ഭാരതം സ്വാതന്ത്ര്യം നേടിയത് അംഗീകരിക്കാതിരുന്ന കമ്യൂണിസ്റ്റുകള്‍ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിക്കുകയും ദേശീയപതാക കത്തിക്കുകയും ചെയ്തിട്ടുള്ളവരാണ്. അവരും ഇന്ന് ദേശീയ പതാക ഉയര്‍ത്തുന്നത് സന്തോഷകരം തന്നെ. ഓരോ സ്വാതന്ത്ര്യദിനത്തിലും ചിലര്‍ അശ്രദ്ധമായും മറ്റു ചില ശക്തികള്‍ ബോധപൂര്‍വമായും ദേശീയപതാകയോട് അനാദരം കാണിക്കാറുണ്ട്. ഇത് ചര്‍ച്ചയാവുമ്പോള്‍ ന്യായീകരിച്ച് രംഗപ്രവേശം ചെയ്യുന്ന ഒരു വിഭാഗം സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. ദേശീയപതാകയെ ആദരിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം ജനങ്ങള്‍ ഏറ്റെടുത്തതോടെ നിഷേധാത്മകമായ ഈ അന്തരീക്ഷത്തിന് മൗലികമായ മാറ്റം വന്നിരിക്കുകയാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.