×
login
പ്രതിപക്ഷത്തിന് ഇരട്ട പ്രഹരം

രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് പ്രകടമായ അനൈക്യം ഇനിയങ്ങോട്ട് കൂടുതല്‍ രൂക്ഷമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഗവര്‍ണറെന്ന നിലയ്ക്ക് കടുത്ത എതിരാളിയായിരുന്നിട്ടും ധന്‍കറെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മമത എതിര്‍ക്കാതിരുന്നത് പ്രതിപക്ഷത്ത് പുതിയ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ഭാരതത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ ധന്‍കറുടെ വിജയം സുനിശ്ചിതമായിരുന്നെങ്കിലും ഇത്ര വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചതല്ല. ആകെ പോള്‍ ചെയ്തതിന്റെ എഴുപത്തിമൂന്നു ശതമാനം വോട്ടും ധന്‍കറിന് നേടാനായത് സ്വാഭാവികമായും ഭരണപക്ഷത്തെ ആഹഌദിപ്പിക്കുകയും, പ്രതിപക്ഷത്തെ നിരാശപ്പെടുത്തുകയും ചെയ്തിരിക്കുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ദ്രൗപദി മുര്‍മു നേടിയ തിളക്കമാര്‍ന്ന വിജയം പ്രതിപക്ഷ കക്ഷികള്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുകയും, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയുടെ ഭാഗവുമായ ചില കക്ഷികളും മുര്‍മുവിന് വോട്ടുചെയ്തതാണ് ഇതിനു കാരണം. ഇങ്ങനെയൊരു വിജയം ആവര്‍ത്തിക്കാതിരിക്കാനും രാഷ്ട്രപതി തെരഞ്ഞെടുപ്പിലേറ്റ പരിക്ക് കുറച്ചെങ്കിലും പരിഹരിക്കാനുമാണ് കോണ്‍ഗ്രസ്‌നേതാവും മുന്‍കേന്ദ്രമന്ത്രിയും രാജസ്ഥാനില്‍ ഗവര്‍ണറുമായിരുന്ന മാര്‍ഗരറ്റ് ആല്‍വയെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയത്. പ്രതിപക്ഷത്തിന് ലഭിക്കാവുന്നതില്‍ മികച്ച സ്ഥാനാര്‍ത്ഥിയായിരുന്നു ആല്‍വയെങ്കിലും  സ്വപക്ഷത്തുനിന്നുള്ള പിന്തുണ പോലും അവര്‍ക്ക് നേടാനായില്ല. വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനംതന്നെ ആല്‍വയ്ക്ക് തിരിച്ചടിയാവുകയും, പ്രതിപക്ഷത്ത് കനത്ത വിള്ളലുണ്ടാക്കുകയും ചെയ്തു.

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഉപരാഷ്ട്രപതിസ്ഥാനാര്‍ത്ഥിയാവുകയും ജയിക്കുകയും ചെയ്തിരിക്കുന്ന ജഗ്ദീപ് ധന്‍കര്‍ ആ പദവിയില്‍ എത്താന്‍ എല്ലാ അര്‍ഹതയും യോഗ്യതയുമുള്ള വ്യക്തിയാണ്. രാജസ്ഥാനിലെ ജുന്‍ജുനുവില്‍ ജനിച്ച ധന്‍കര്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്യുകയുമുണ്ടായി. ജനതാദളിലൂടെ രാഷ്ട്രീയത്തിലെത്തുകയും, ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രിയാവുകയുംചെയ്തു. കോണ്‍ഗ്രസ് അംഗമായിരുന്ന ധന്‍കര്‍ പിന്നീട് ബിജെപിയിലെത്തി. നല്ലൊരു നിയമജ്ഞനായാണ് അറിയപ്പെടുന്നത്. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കാര്യമായി പഠിച്ചിട്ടുള്ളയാളും, രാജസ്ഥാനിലെ ജാട്ട് സമുദായത്തിന് ഒബിസി പദവി നല്‍കുന്നതില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ പശ്ചിമബംഗാളിലെ ഗവര്‍ണറായി ധന്‍കറെ നിയമിച്ചത് പലരെയും അത്ഭുതപ്പെടുത്തി. മമതാ ബാനര്‍ജിയുടെ ഏകാധിപത്യ ശൈലി വകവയ്ക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ നിരന്തരം ചോദ്യംചെയ്തതോടെ ധന്‍കര്‍ വാര്‍ത്തകളില്‍ നിറഞ്ഞു. ഭരണഘടനയെക്കുറിച്ചും ഗവര്‍ണറുടെ അധികാരത്തെക്കുറിച്ചും അവഗാഹമുള്ള ധന്‍കര്‍ നടത്തിയ ഇടപെടലുകള്‍ മമതയെ വെള്ളം കുടിപ്പിച്ചു എന്നുതന്നെ പറയാം. പലരും കരുതുന്നതുപോലെ ഗവര്‍ണര്‍പദവി ഒരു റബ്ബര്‍സ്റ്റാമ്പല്ലെന്നും, ഭരണഘടനയുടെ കാവല്‍ഭടന്മാരായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാരുകളെ നേര്‍വഴിക്ക് നടത്താന്‍ കഴിയുമെന്നും ധന്‍കര്‍ തെളിയിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ നേടിയ വിജയം 2024 ലെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രഷ്ട്രപതി ദ്രൗപദി മുര്‍മു ആദിവാസി വിഭാഗത്തില്‍പ്പെടുന്നയാളാണെങ്കില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ 'കര്‍ഷകപുത്രന്‍' ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ അങ്ങനെ വിശേഷിപ്പിക്കുകയുണ്ടായി. രണ്ട് വര്‍ഷക്കാലം നീണ്ടുനിന്ന 'കര്‍ഷകസമര'ത്തിലൂടെ കേന്ദ്രസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ചില ശക്തികള്‍ നടത്തിയ ശ്രമത്തിന് ഉചിതമായ മറുപടിയായാണ് കര്‍ഷകപുത്രനും ജാട്ട് സമുദായത്തില്‍പ്പെടുന്നയാളുമായ ധന്‍കര്‍ ഉപരാഷ്ട്രപതിയുടെ പദവിയിലെത്തുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് പ്രകടമായ അനൈക്യം ഇനിയങ്ങോട്ട് കൂടുതല്‍ രൂക്ഷമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഗവര്‍ണറെന്ന നിലയ്ക്ക് കടുത്ത എതിരാളിയായിരുന്നിട്ടും ധന്‍കറെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മമത എതിര്‍ക്കാതിരുന്നത് പ്രതിപക്ഷത്ത് പുതിയ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചിരിക്കുകയാണ്. കനത്ത തോല്‍വി ഏറ്റുവാങ്ങിയ മാര്‍ഗരറ്റ് ആല്‍വതന്നെ പ്രതിപക്ഷ പാര്‍ട്ടികളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നു. ദേശീയ രാഷ്ട്രീയത്തിന്റെ മാറിയ സാഹചര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ബദലാവാന്‍ അടുത്തകാലത്തൊന്നും മറ്റു പാര്‍ട്ടികള്‍ക്ക് കഴിയില്ലെന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്. ഉപരാഷ്ട്രപതി രാജ്യസഭാ അധ്യക്ഷന്‍കൂടിയാണ്. ഭരണഘടനയിലുള്ള അവഗാഹവും പാര്‍ലമെന്ററികാര്യങ്ങളിലുള്ള പരിജ്ഞാനവും രാജ്യസഭയെ നയിക്കാന്‍ ധന്‍കറിന് കരുത്തു പകരും. രാജ്യസഭയുടെ ചരിത്രത്തില്‍ അത് പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.